അദ്ധ്യായം മൂന്ന്: ബോഞ്ചിയും കപ്പപ്പഴവും

മീനാക്ഷി
Tue, 17-10-2017 03:47:33 PM ;

reality novel, passbook  

മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് വെളിയില്‍ കാത്തിരുന്ന ഹരികുമാര്‍ മണക്കാടുള്ള ചില സുഹൃത്തുക്കളെ വിളിച്ചു. ആര്‍ക്കും ശിവപ്രസാദിനെക്കുറിച്ച് വിവരമില്ല. പലരും അവിടെ നിന്ന് താമസം മാറിപ്പോയിരിക്കുന്നു. പെട്ടന്നാണ് പാങ്ങപ്പാറയിലെ രമേഷിനെ വിളിച്ച് തനിക്ക് പ്രഭാത ഭക്ഷണത്തിന് എത്താന്‍ കഴിയാതിരുന്നതിന്റെ കാരണമറിയിച്ചില്ലെന്നോര്‍ത്തത്. ഉടന്‍ രമേഷിനെ വിളിച്ചു. അപ്പോഴാണറിയുന്നത് രമേഷിന്റെ വീട്ടിലേക്കുള്ള വരവിനിടയിലാണ് ശിവപ്രസാദ് അപകടത്തില്‍ പെട്ടതെന്ന്. രമേഷിന്റെ മകളെ വര്‍ഷങ്ങളായി സംഗീതം പഠിപ്പിക്കുന്നത്  ശിവപ്രസാദാണ്. രമേഷില്‍ നിന്ന് ഹരികുമാറിന് ശിവപ്രസാദിന്റെ വീട്ടിലെ ലാന്‍ഡ്‌ലൈന്‍ നമ്പര്‍ കിട്ടി.താന്‍  ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്താമെന്നും രമേഷ് അറിയിച്ചു.
     

ഹരികുമാര്‍ ശിവപ്രസാദിന്റെ വീട്ടിലേക്കു വിളിച്ചു. ഫോണടിക്കുന്നുണ്ട്, പക്ഷേ എടുക്കുന്നില്ല. ഹരികുമാര്‍ രമേഷിനെ വീണ്ടും വിളിച്ച് നമ്പര്‍ ശരിയാണോ എന്നുറപ്പാക്കി. എന്നിട്ട് വീണ്ടും വിളിച്ചു. താനും ശ്രമിക്കാമെന്ന് രമേഷും പറഞ്ഞു. തന്റെ ബാല്യ കൗമാര യൗവ്വനങ്ങളിലെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിന്റെ വീട്ടില്‍ വിവരമറിയിക്കാന്‍ കഴിയാതെ വന്നതിലെ അപകര്‍ഷതാബോധം ഒരു കഴിവുകേടോ അതോ ഗതികേടോ എന്ന് ഹരികുമാര്‍ ആലോചിച്ചു. എന്തായാലും രമേഷ് വന്നു കഴിഞ്ഞാല്‍ മണക്കാട്  പോയി നേരിട്ട് വീടു കണ്ടെത്തി വിവരമറിയിക്കാമെന്ന് അയാള്‍ മനസ്സിലുറപ്പിച്ചു.
       

കാഷ്വാലിറ്റിയിലെ മൂലയിലെ കട്ടിലില്‍ യുവതി മുറിവുകളില്‍ മരുന്നു കെട്ടിവെച്ച് കിടക്കുകയാണ്. ഹരികുമാറിനെ കണ്ടപ്പോള്‍ അവര്‍ എഴുന്നേറ്റിരുന്നു. എച്ച് ഡി എഫ് സി ബാങ്കിലെ റിലേഷന്‍ഷിപ്‌സ് മാനേജരാണ് ഷെല്‍ജ. ഹരികുമാറിനെ കണ്ടമാത്രയില്‍ അവരുടെ ചിന്തയുടെ തുടര്‍ച്ചയെന്നോണം ശിവപ്രസാദിന്റെ അവസ്ഥയാരാഞ്ഞു. അവരുടെ പരിക്ക് അവരെ തെല്ലും വേദനിപ്പിക്കുന്നുണ്ടായിരുന്നില്ല. ശിവപ്രസാദിന്റെ അവസ്ഥ എന്താകുമെന്ന ആകാംഷ തന്നെയായിരുന്നു അവരുടെ ദൈന്യതയുടെ കാരണം.

 

' ഡോക്ടറെ പിന്നെ കണ്ടിരുന്നോ?'
' കണ്ടു. ഇപ്പോഴും ഐ സി യുവില്‍ തന്നെ. ബോധം വീണിട്ടില്ല. എന്തായാലും വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. '

 വെന്റിലേറ്റര്‍ എന്നു കേട്ടതും ഷെല്‍ജ ബോധം മറിഞ്ഞ് പിന്നാക്കം മലര്‍ന്ന് തല ഭിത്തിയിലിടിച്ചു. ഷെല്‍ജയുടെ തലയിടിക്കുന്ന ശബ്ദവും ഹരികുമാറിന്റെ പരിഭ്രമശബ്ദവും കേട്ട് ഡ്യൂട്ടി നഴ്‌സ് അവിടേക്ക് ഓടിയെത്തി. അവര്‍ പെട്ടന്ന് മടങ്ങിപ്പോയി ഒരു പഞ്ഞികൊണ്ട് ഷെല്‍ജയുടെ മൂക്കില്‍ മണപ്പിച്ചതും ഷെല്‍ജയുടെ ബോധം തിരികെ വന്നു. പെട്ടന്ന് ബോധം പോയതിന്റെ കാരണങ്ങള്‍ അവര്‍ തിരക്കി. അപകടസമയത്ത് തല എവിടെയെങ്കിലും ഇടിച്ചിട്ടുണ്ടോ എന്ന് അവര്‍ ഒന്നുകൂടി തിരക്കി. ഇല്ലെന്ന് ഷെല്‍ജ ഉറപ്പിച്ചു പറഞ്ഞു.
'സിസ്റ്റര്‍ ഈ കുട്ടിക്ക് സ്ട്രെസ്സ് കൊണ്ടാണ് പെട്ടന്നിങ്ങനെയുണ്ടായതെന്നു തോന്നുന്നു. ശിവപ്രസാദ് വെന്റിലേറ്ററിലാണെന്ന് കേട്ടപ്പോഴാണിങ്ങനെ വന്നത്.' ഹരികുമാര്‍ പറഞ്ഞു.
 

ഷെല്‍ജ സ്ഥലകാലബോധം മറന്ന് കരയാന്‍ തുടങ്ങി. മൂവാറ്റുപുഴക്കാരിയായ ഷെല്‍ജ ടെക്‌നോ പാര്‍ക്കില്‍ ജോലിയുള്ള തന്റെ സുഹൃത്തുക്കളോടൊപ്പം കഴക്കൂട്ടത്തിനടുത്തുള്ള ഫ്‌ളാറ്റിലാണ് താമസം. നഴ്‌സും ഹരികുമാറും ആശ്വാസ വാക്കുകള്‍ പറഞ്ഞു നോക്കി. എന്നിട്ടും അവരുടെ കരച്ചില്‍ വിങ്ങലായി കൂടിയതല്ലാതെ കുറഞ്ഞില്ല. താന്‍ പോയി കുടിക്കാന്‍ വല്ലതും വാങ്ങിവരാമെന്നു പറഞ്ഞ് ഹരികുമാര്‍ പുറത്തേക്കിറങ്ങി. റോഡ് മുറിച്ചുകടന്ന് എതിര്‍ വശത്തുള്ള കട ലക്ഷ്യമാക്കി നടന്നു. വര്‍ഷങ്ങളായി അയാള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാല്‍കുത്തിയിട്ട്. അടുപ്പമുള്ള പലരും അവിടെ കിടന്നിട്ടു പോലും അയാള്‍ കാണാന്‍ പോയിട്ടില്ല. കാരണം ഡോ.സീനത്ത് അവിടെയുണ്ട്. സീനത്തുമായി പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഒരേ നഗരത്തിലായിട്ടും പിരിഞ്ഞതിനു ശേഷം ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഓരോ തവണ വീടിനു പുറത്തിറങ്ങുമ്പോഴും സീനത്തിനെ കണ്ടുമുട്ടാതിരിക്കാനുള്ള അജ്ഞാതമായ ശ്രദ്ധ അയാളില്‍ അറിയാതെയുണ്ടാകാറുണ്ട്.
       

ശിവപ്രസാദിനെയും കൊണ്ട് അതിവേഗം വരുമ്പോള്‍ ഉള്ളൂരെത്തിയപ്പോള്‍ അറിയാതെയെന്നോണമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോയത്. സീനത്തിന്റെ കാര്യമോര്‍ത്തപ്പോള്‍ ഡെര്‍മറ്റോളജി വിഭാഗത്തിലായതിനാല്‍ കാഷ്വാലിറ്റിയില്‍ ഉണ്ടാവില്ലെന്ന്  ഹരികുമാര്‍ ആശ്വസിച്ചു.മാത്രവുമല്ല കാഷ്വാലിറ്റിയിലും പരിസരത്തും താന്‍ ചെലവഴിച്ചപ്പോള്‍ ബോധപൂര്‍വ്വം മോബൈലില്‍ നോക്കിയിരിക്കുകയോ മൊബൈലില്‍ സംസാരിക്കുകയോ ചെയ്യുകയായിരുന്നു.സീനത്ത് കണ്ടാലും താന്‍ അവരെ കാണാതിരിക്കാന്‍.

 

റോഡ് മുറിച്ചുകടന്ന് നാരങ്ങാവെള്ളത്തിന് ഓര്‍ഡര്‍ കൊടുത്തപ്പോള്‍ അവിടെ തൂങ്ങിക്കിടന്ന കപ്പപ്പഴക്കുല ശ്രദ്ധയില്‍ പെട്ടു. ബോഞ്ചിയും കപ്പപ്പഴവും . തിരുവനന്തപുരംകാരുടെ പ്രിയപ്പെട്ട, ശിവപ്രസാദിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മോഹനരാഗവും ത്രിപുടതാളവും. ഒരു കപ്പപ്പഴവും അതിന്റെ പുറത്ത് ഒറ്റയടിക്ക് ബോഞ്ചിയും കുടിച്ചാല്‍ നല്ലൊരൂണ് കഴിച്ചു വയറു നിറയുന്നതുപോലെയായിരുന്നു ശിവപ്രസാദിന്. ഇതാലോചിച്ചു നില്‍ക്കുന്നതിനിടയില്‍ പേപ്പര്‍ ഗ്ലാസ്സില്‍ അടപ്പോടെ നാരങ്ങാവെള്ളം എന്ന് ഉറക്കെ വിളിച്ചുകൊണ്ട് കടക്കാരന്‍ നീട്ടി. അതുമായി റോഡ് മുറിച്ചു കടക്കുമ്പോള്‍ ഹരികുമാര്‍ ഓര്‍ത്തു, ഇപ്പോള്‍ നാരങ്ങാവെള്ളത്തിന്  ബോഞ്ചിയെന്നു പറയുന്ന തിരുവനന്തപുരത്തുകാര്‍ വളരെ കുറവായിരിക്കുന്നു. ബോഞ്ചിയും കപ്പപ്പഴവും എന്ന ശിവപ്രസാദിന്റെ ആ ശബ്ദത്തിലെ സ്‌നേഹം ഹരികുമാറിന്റെ ഉള്ളില്‍ തെളിഞ്ഞുവന്നു. അതിനോട് അയാള്‍ക്കുള്ള സ്‌നേഹം അതിന്റെ രുചിയുടേതല്ലായിരുന്നു. അതു രണ്ടും കൂടി അയാളുടെ വയറു നിറയ്ക്കുന്നതിന്റെ സുഖം നല്‍കുന്നതിന്റേതായിരുന്നു.
       

കാഷ്വാലിറ്റിയിലെ കട്ടിലില്‍ അപ്പോഴും ഷെല്‍ജ വിങ്ങിക്കൊണ്ടുള്ള ഇരിപ്പിലാണ്. ഹരികുമാറിന്റെ കയ്യില്‍ നിന്നും നാരങ്ങാവെള്ളം യാന്ത്രികമായി വാങ്ങിക്കൊണ്ട് ആവര്‍ത്തിച്ചുള്ള ഉത്തരം കേള്‍ക്കാനെന്നവണ്ണമുള്ള ചോദ്യത്തോടെ അവള്‍ അയാളെ നോക്കി. ഹരികുമാര്‍ വീണ്ടും ആവര്‍ത്തിച്ചു. ' വെന്റിലേറ്ററില്‍ ഇട്ടതുകൊണ്ട് അപകടമുണ്ടെന്നല്ല. ഇത് മെഡിക്കല്‍ കോളേജ് ആശുപത്രിയല്ലേ. സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ കിടത്തല്‍ പ്രയോഗം കൊണ്ടാണ് നമുക്ക് അങ്ങനെയൊരു തോന്നല്‍. ഇവിടിപ്പോ ഇങ്ങനെയുള്ള കേസ്സുകള്‍ വന്നാല്‍ ഉടന്‍ വെന്റിലേറ്ററിലിട്ടേക്കും. ഒരു തമിഴ്‌നാട്ടുകാരന്‍ മരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ക്കെതിരെ കേസ്സും അന്വേഷണവുമൊക്കെയായില്ലേ. അതിനുശേഷമുള്ള ഏര്‍പ്പാടാ. അതുകൊണ്ട് അതിന്റെ പേരില്‍ പേടിക്കേണ്ട. ബോധം വന്നാല്‍ ഉടന്‍ അറിയിക്കാമെന്ന് ഐ സി യുവില്‍ നിന്നറിയിച്ചിട്ടുണ്ട്.
      

ഹരികുമാറിന്റെ ഫോണ്‍ ചിലച്ചു. നോക്കിയപ്പോള്‍ വിളി രമേഷിന്റേത്. കാഷ്വാലിറ്റിക്ക് വെളിയിലുണ്ടെന്നറിഞ്ഞ് ഹരികുമാര്‍ പുറത്തേക്കു നടന്നപ്പോള്‍ രമേഷ് അകത്തേക്കു കയറി വന്നു. ഹരികുമാറിനൊപ്പം രമേഷും ഷെല്‍ജയുടെ കിടക്കയ്ക്കരികെയെത്തി.

 

' ഇതു രമേഷ്. രമേഷിന്റെ വീട്ടിലേക്കു പോവുകയായിരുന്നു ശിവപ്രസാദ്' രമേഷിനെ പരിചയപ്പെടുത്തിക്കൊണ്ട് ഹരികുമാര്‍ ഷെല്‍ജയോട് പറഞ്ഞു. ഷെല്‍ജ എവിടെ ജോലി ചെയ്യുന്നുവെന്നും സ്വദേശം എവിടെയാണെന്നുമൊക്കെ ഹരികുമാര്‍ രമേഷിനോട് പറഞ്ഞു.
'വീട്ടില്‍ അറിയിച്ചോ?' രമേഷ് ഷെല്‍ജയോട് വഴിപാടു പോലെ ചോദിച്ചു.
' ഇല്ല . വീട്ടില്‍ അമ്മ ഒറ്റയ്‌ക്കേ ഉള്ളു. അറിഞ്ഞാല്‍ വിഷമിക്കും.'
'മാരീടാണോ' രമേഷ് ആരാഞ്ഞു.
'ഞാന്‍ ഡിവോഴ്‌സിയാ'
'ഓ സോറി'
അതു പറയുമ്പോഴും ഷെല്‍ജയുടെ കണ്ണുകള്‍ ഹരികുമാറിന്റെ മുഖത്താണ്.
'രണ്ടായാലും കുട്ടി റെസ്റ്റ് എടുക്കൂ. ഞങ്ങള്‍ ശിവപ്രസാദിന്റെ വീട്ടില്‍ വിവരമറിയിച്ചിട്ട് വരാം. '

 

ഹരികുമാറും രമേഷും കാഷ്വാലിറ്റി നഴ്‌സിന്റെ നേര്‍ക്കു നടന്നിട്ട് വിവരം പറഞ്ഞു. ഹരികുമാറിന്റെ നമ്പരും വിലാസവും കൊടുത്തിട്ടുണ്ടല്ലോ എന്ന് ഒന്നുകൂടി നഴ്‌സ് ഉറപ്പാക്കി. അവര്‍ പുറത്തേക്കിറങ്ങി. രമേഷിന്റെ കാറില്‍ മണക്കാട്ടേക്കു പുറപ്പെട്ടു. കുമാരപുരം പട്ടം വഴി മെയിന്‍ റോഡിലൂടെയാണ് രമേഷ് പോയത്. കണ്ണമ്മൂല വഴി പേട്ട,വഞ്ചിയൂര്‍  പടിഞ്ഞാറേക്കോട്ട വഴി മണക്കാട്ടേക്കുള്ള റൂട്ടായിരുന്നു ഹരികുമാറിന്റെ മനസ്സിലുണ്ടായിരുന്നത്. പക്ഷേ സംഭാഷണത്തിനിടയില്‍ കുമാരപുരം കഴിഞ്ഞ് പൊട്ടക്കുഴിയില്‍ നിന്ന് പട്ടത്തേക്ക് തിരിഞ്ഞപ്പോഴാണ് മെയിന്‍ റോഡ് വഴിയാണ് രമേഷ് പോകുന്നതെന്ന് ഹരികുമാര്‍ മനസ്സിലാക്കിയത്. പെട്ടെന്ന് അയാള്‍ ചോദിച്ചു.
' അല്ല, രമേഷേ . ശിവപ്രസാദെന്താ ശ്രീകാര്യം വഴി നിന്റെ വീട്ടിലേക്ക് വന്നെ. അതോ അവിടെവിടെയെങ്കിലും രാവിലെയെങ്ങാനും പാട്ടുക്ലാസ്സുണ്ടോ. '
'ഉണ്ടാകാനിടയില്ല. മോള്‍ക്ക് എന്‍ട്രസ് കോച്ചിംഗുള്ളതിനാല്‍ ചിലപ്പോഴൊക്കെ അസൗകര്യമുണ്ടാകും. അതുകൊണ്ട് വിളിച്ചു ചോദിച്ചിട്ടേ വരാറുള്ളൂ. ഇന്നും രാവിലെ വീട്ടില്‍ നിന്നാ വിളിച്ചു ചോദിച്ചത്. ഇന്നു രാവിലെ നടക്കാന്‍ പോയിട്ടു വന്നപ്പോള്‍ ലേശം താമസിച്ചു പോയെന്നും പറയുകയുണ്ടായി. ഇല്ല മിക്കവാറും ശിവന്‍ മാഷ് അതുവഴിയാ വരുന്നത്.'

 

' ടേയ് , ഇനി ശിവന്‍ മണക്കാട്ടൂന്ന് താമസം മാറ്റിയിട്ടുണ്ടോ?  എന്തായാലും മണക്കാട്ട് പോയി അന്വേഷിച്ചാലറിയാമല്ലോ. അവന്റെ അനിയനൊക്കെ എവിടെയാണോ ആവോ. അവന്റെ ചേച്ചിയെ കെട്ടിച്ചിരിക്കുന്നത് തിരുവല്ലത്താ. ഞാനുമങ്ങോട്ട് പോകാറില്ല. മണക്കാടുമായുള്ള എന്റെ ബന്ധം ഏതാണ്ടില്ലെന്നു തന്നെ പറയാം. നിനക്കറിയാലോ ഞാന്‍ പറയേണ്ടതില്ലല്ലോ. അമ്മ മരിക്കുന്നതുവരെ വല്ലപ്പോഴും രാത്രിയില്‍ പോയി രാത്രിയില്‍ തന്നെ മടങ്ങി വരുമായിരുന്നു. ഇന്നിപ്പോ എന്നെ അറിയാവുന്ന ആരെങ്കിലുമൊക്കെ അവിടെയുണ്ടാകുമോ എന്നു സംശയമാ. അന്നു അവിടെയുണ്ടായിരുന്ന മിക്കവരും സ്ഥലമൊക്കെ വിറ്റ് വെള്ളായണി തിരുമല ഭാഗത്തേക്കൊക്കെ പോയി. '

 

വെട്ടിമുറിച്ച കോട്ട കടന്ന് മണക്കാടെത്തിയപ്പോള്‍ ഏതു ദിശയിലേക്ക് പോകണമെന്ന ഒരു സംശയം പോലെ രമേഷിന്. മുന്നോട്ടു പോയി വലത്തേക്കുള്ള മുടുക്കിലേക്ക് തിരിക്കാന്‍ രമേഷിനോട് പറഞ്ഞു. കാര്‍ കോഴിയൂട്ട് മുടുക്കിലേക്ക് കയറി നേരേ ഓടിച്ചു പോയി. അവിടെ മാത്രം വലിയ മാറ്റങ്ങളൊന്നും കാണാതെ വഴിക്കിരുവശവും കുഞ്ഞുകുഞ്ഞു വീടുകള്‍ .ചില പുതിയ വീടുകളും വലുതല്ലെങ്കിലും വന്നിട്ടുണ്ട്. ഹരികുമാറിന് ശിവപ്രസാദിന്റൈ വീടിന് സമീപമെത്തിയെന്നറിയാം. എന്നിരുന്നാലും തിട്ടക്കുറവ്. ചില്ല് താഴ്ത്തി വഴിവക്കിലെ വീട്ടിന്റെ പടിയിലിരുന്നുകൊണ്ട് മൊബൈല്‍ നോക്കുന്ന യുവാവിനോട് ചോദിച്ചു, പാട്ടു പഠിപ്പിക്കുന്ന ശിവപ്രസാദിന്റെ വീട് ഇവിടെയാണോയെന്ന്. അയാള്‍ മോബൈലില്‍ നിന്ന് കണ്ണെടുക്കാതെ തന്നെ ഏതിര്‍ വശത്തുള്ള വീട് ചൂണ്ടിക്കാണിച്ചു. മതില്‍ക്കെട്ടിനുള്ളിലെ ഇടത്തരം വാര്‍ക്കവീട്. ബൈക്കിനു മാത്രം കയറാവുന്ന ഗേറ്റ്. അടച്ചിട്ടിരിക്കുകയാണ്.ഗേറ്റില്‍ തൊട്ടപ്പോള്‍ ഉള്ളില്‍ നിന്ന് ഡോബര്‍മാന്റെ കുരയും ചങ്ങലപൊട്ടിക്കാനുള്ള ശ്രമം പോലെയുള്ള ഭൂമിയിളക്കുന്ന അഭ്യാസപ്രകടനവും.
        

reality novel, passbook

ഗേറ്റിലെ ശബ്ദവും പട്ടിയുടെ കുരയും കേട്ടുകൊണ്ട് ഉള്ളില്‍ നിന്ന് ശിവപ്രസാദിന്റെ ഭാര്യ ഇറങ്ങി വന്നു. കല്യാണസമയത്ത് കണ്ടതിന് ശേഷം പിന്നെ ഇപ്പോഴാണ് അവരെ അയാള്‍ കാണുന്നത്. മധ്യവയസ്സിലേക്ക് പ്രവേശിച്ചിട്ടുണ്ടെങ്കിലും യൗവ്വനം സജീവമായിത്തന്നെയുണ്ട്.
' ഇവിടാളില്ല. പാട്ട് ക്ലാസ്സിനു പോയിരിക്കുവാ. ' ചോദിക്കാതെ തന്നെ ശിവപ്രസാദിന്റെ ഭാര്യ പറഞ്ഞു.
'ഞങ്ങള്‍ ശിവനെ കാണാന്‍ വന്നതല്ല. എന്നെ മനസ്സിലായില്ലേ'
'ഇയ്യാളാരായെലെന്താ. എന്നെക്കാണാനാണോ വന്നെ'
' ഞാന്‍ ഹരികുമാറാണ്. ഞങ്ങളെത്തിയത് ഒരു വിവരം പറയാനാ. ശിവന് രാവിലെ ഒരാക്‌സിഡന്റ് പറ്റി ശ്രീകാര്യത്ത് വച്ച്'
' ഓ എന്നിട്ടയാള് ചത്തോ. എവിടെവെച്ചാ ചത്തേന്ന് പറഞ്ഞെ'
' ഇല്ല ,ഇതുവരെ ഒന്നും പറ്റിയിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐ സി യുവില്‍ കിടക്കുവാ. ബോധം തെളിഞ്ഞിട്ടില്ല.'
' അയാക്കെന്നാ പിന്നെ ബോധമുണ്ടായിട്ടുള്ളെ. കള്ള വൃത്തികെട്ടവന്‍. രാവിലെ പാങ്ങപ്പാറപ്പോകുന്നെന്നും പറഞ്ഞ് ഇവിടെ നിന്നിറങ്ങിയതാ. എന്നിട്ടിപ്പോ ശ്രീകാര്യത്തെത്തി ചാകാന്‍ നോക്കിയിരിക്കുന്നു.'
    

എന്തു ചെയ്യണമെന്നറിയാതെ തിരിഞ്ഞു നോക്കിയപ്പോള്‍ വീടു കാണിച്ചു തന്ന യുവാവ് മൊബൈല്‍ ഫോണില്‍ തന്നെ നോക്കിയിരിപ്പാണ്. പരിസരത്തേക്കും നോക്കി ശിവപ്രസാദിന്റെ ഭാര്യ പറഞഞത് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നറിയാന്‍ . രമേഷ് പെട്ടന്ന് കാറില്‍ കയറി മുന്നോട്ടെടുത്തു. തൊട്ടുമുന്നിലുള്ള മുടുക്കിലിട്ടു തിരിക്കാനായി. അപ്പോള്‍ ശിവപ്രസാദിന്റെ വീടിന്റെ മുന്നില്‍ ഒരു യുവാവ് ബൈക്കിലെത്തി .അയാള്‍ ഹെല്‍മറ്റ് ഊരി ഹരികുമാറിനെ നോക്കി, തന്റെ വീട്ടില്‍ വന്നതാണോ എന്ന സംശയത്തോടെ. ഹരികുമാര്‍ ആ യുവാവിന്റെയടുത്തേക്ക് അറിയാതെ ചെന്നു. ശിവപ്രസാദിന്റെ ഇളയ മകനാണെന്ന് മനസ്സിലായി. അച്ഛന് പറ്റിയ അപകടത്തെ പറ്റി പെട്ടെന്ന് പറഞ്ഞു. അപ്പോഴേക്കും രമേഷ് കാര്‍ തിരിച്ചുകൊണ്ടു വന്നു. താന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു തന്നെ പോവുകയാണെന്നു പറഞ്ഞ് ഹരികുമാര്‍ രമേഷിന്റെ കാറില്‍ കയറി (തുടരും)