ടാഗോര്‍ തിയേറ്ററില്‍ നിന്ന് നേരെ വഴുതയ്ക്കാട്ടെ എത്‌നിക് കഫേയിലെത്തി ഒരു മൂലയിലെ സീറ്റ് നോക്കി ഹരികുമാറും ഷെല്‍ജയും ഇരുന്നു.എന്തെങ്കിലും കഴിക്കാമെന്ന അവസ്ഥയിലാണ് ഹരികുമാര്‍. പക്ഷേ ഷെല്‍ജ കോഫി മാത്രം ഓര്‍ഡര്‍ ചെയ്തു. ഷെല്‍ജ കഴിക്കുന്നില്ലെങ്കില്‍ താനും ഒന്നും കഴിക്കുന്നില്ലെന്ന് ഹരികുമാര്‍ തീരുമാനിച്ചു. അയാള്‍ ഒരു ലൈംടീക്ക് ഓര്‍ഡര്‍ നല്‍കി.
' ഷെല്‍ജ, ഒരു കോഫീ ലവര്‍ ആണെന്നു തോന്നുന്നല്ലോ'
'ഏയ്, അല്ലേ അല്ല. പക്ഷേ എന്തുകൊണ്ടോ ഇന്നാ സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ മുതല്‍ എനിക്ക് കോഫിയല്ലാതെ ഒന്നും കഴിക്കണമെന്നു തോന്നുന്നില്ല. അതും ചൂടു കോഫി. അത് ഉള്ളില്‍ ചെല്ലുമ്പോള്‍ വല്ലാത്തൊരു തണുപ്പ് അനുഭവപ്പെടുന്നതുപോലെ. എന്താണെന്നറിയില്ല. ബട്ട് എ വെരി പ്ലസന്റ് എക്‌സ്പീരിയന്‍സ്. ഐ ജസ്റ്റ് കാണ്ട് എക്‌സപ്ലെയിന്‍ ഇറ്റ്'
' കോഫീ ഈസ് എ റോമാന്റിക് ഡ്രിങ്ക്' ഹരികുമാര്‍ പറഞ്ഞു
' ഡോണ്ട് നോ വെതര്‍ ഇറ്റീസ് റോമാന്റിക് ഓര്‍ സെക്‌സി ,ഓര്‍ ബോത്ത്'
' ഹ ഹ ഹ ഹ... ദേര്‍ ഇസ് നോ റോമാന്‍സ് വിത്തൗട്ട് സെക്‌സ്'
' ശരിയാ. ബട്ട്, ഏതാ കൂടുതല്‍ രസം. ' ഷെല്‍ജ ചോദിച്ചു
' അത് കുഴയ്ക്കുന്ന ചോദ്യമാ എങ്കിലും എത്തപ്പെടുക സെക്‌സിലാണ്'
' ആയിരിക്കാം. എനിക്കു തോന്നുന്നു, കോഫി സ്ത്രീയും ചായ പുരുഷനുമാണെന്ന്. ചായ ഈസ് സെക്‌സ് വിത്തൗട്ട് റൊമാന്‍സ്.'
' ചായ പുരുഷനാണെങ്കില്‍ ഷെല്‍ജയ്ക്ക് കൂടുതല്‍ ഇഷ്ടപ്പെടേണ്ടിയിരുന്നത് അതായിരുന്നില്ലേ.'
'ബട്ട്, ചായ റോമാന്റിക്കല്ലല്ലോ.'
' എങ്കിലും ഷെല്‍ജയും കോഫീം സ്ത്രീയായിരിക്കുമ്പോള്‍ അവിടെ ഒരു റോമാന്‍സിന്റെ സാധ്യത കാണുന്നില്ല'
' സാറിന്റെ ചോദ്യം എനിക്കു മനസ്സിലായി. ഞാന്‍ ലെസ്ബിയനാണോയെന്നല്ലേ. നോ. കേള്‍ക്കുമ്പോള്‍ തന്നെ എനിക്ക് മനംമടുപ്പാണ്. ഹോസ്റ്റലുകളിലൊക്കെ ഇപ്പോ അതു വളരെ കോമണാ. പക്ഷേ എനിക്ക് ഓര്‍ക്കാന്‍ കൂടി പറ്റുന്നില്ല. കോഫി ,റോമാന്റിക്കാണ്. എനിക്കു തോന്നുന്നു കോഫിയുടെ മണം സുന്ദരവും പ്രൗഢവുമായ പൗരുഷത്തിന്റേതാണെന്ന്. സ്ത്രീയില്‍ പുരുഷനുമുണ്ടല്ലോ. '
' ചായയിലെ സെക്‌സ് സ്ത്രീയെ പുരുഷന്റെ വീക്ഷണത്തിലെന്നപോലെ' എന്ന ഹരികുമാറിന്റെ പെട്ടെന്നുളള പ്രതികരണം കേട്ട് ഷെല്‍ജ പിന്നാക്കം മലര്‍ന്ന് പൊട്ടിച്ചിരിച്ചു പോയി. അവളുടെ ചിരി ഏതോ എത്‌നിക് സംഗീതത്തിന്റെ വിദൂരതയില്‍ നിന്ന് കേള്‍ക്കുന്ന ആദിതാളത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു. ചിരിയ്‌ക്കൊത്ത് അവളുടെ മാറിടവും തുള്ളിച്ചാടി. കണ്ണുമടച്ചുള്ള പിന്നാക്കം മറിയലില്‍ അവളുടെ മാറിടം സ്വകാര്യതയില്‍ തന്നോടെന്തോ സംവദിക്കുന്നതു പോലെ ഹരികുമാറിന് തോന്നി. കഫേറ്റീരിയയിലെ മുഴുവന്‍ ആളുകളും തങ്ങളുടെ നേര്‍ക്കാണ് നോക്കുന്നത്. ഷെല്‍ജയ്ക്ക് ചിരി നിയന്ത്രിക്കാന്‍ പറ്റുന്നില്ല. അതിനോട് ചേര്‍ന്ന് ചിരിക്കാന്‍ ഹരികുമാറിന് കഴിയുന്നതുമില്ല. ചിരിയൊന്നു നിര്‍ത്താന്‍ പറയണമെന്ന് ഹരികുമാറിന് തോന്നി. എന്നാല്‍ ,ഷെല്‍ജയുമായുള്ള സംവദിക്കലും അവളുടെ ചിരിയൊരുക്കിയ അന്തരീക്ഷവും അങ്ങനെ പറയാന്‍ ഹരികുമാറിനെ അനുവദിച്ചില്ല.
നൂറായിരം ചിന്തകള്‍ ഞൊടിയിടകൊണ്ട് ഹരികുമാറിലൂടെ കടന്നു പോയി. എന്തൊരു വ്യത്യാസമാണ് കോര്‍പ്പറേറ്റുമേഖലയിലെയും സെക്രട്ടേറിയറ്റിലെയും സ്ത്രീകള്‍ തമ്മില്‍.സെക്രട്ടേറിയറ്റിലെ ശീതള്‍ ചിരിക്കുകയാണെങ്കില്‍ ടെലിഫോണ്‍ ശബ്ദിക്കുമ്പോള്‍ ടെലിവഷന്‍ സ്‌ക്രീന്‍ മ്യൂട്ടാക്കുന്നതുപോലെയാണ്. അതുപോലെ ഓരോരുത്തരുടെ ചിരി ഹരികുമാറിന്റെ മനസ്സിലൂടെ കടന്നു പോയി. സെക്രട്ടേറിയറ്റില്‍ റിട്ടയര്‍ ചെയ്യാറായ സ്ത്രീകളുടെ ചിരി മാത്രമാണ് അല്‍പ്പം ഉച്ചത്തില്‍ .അതും തൊണ്ടകൊണ്ടുള്ള പ്രത്യേക തരം ചിരി. ശീതളിന്റെ ചിരിയില്‍ കാപ്പിയോ ചായയോ? ഹരികുമാര്‍ ആലോചിച്ചു. ' കോഫിയുമില്ല, ചായയുമില്ല. ലൈംജ്യൂസ്. ഒരു കുമിളപോലെ അയാളുടെ ഉള്ളില്‍ പൊന്തിവന്നു.
' ശ്ശൊ, സാറിന്റെ കൂടെ ഞാന്‍ കുറച്ച് ടൈം ചെലവഴിച്ചതേ ഉള്ളു. ഞാന്‍ ഒരു ബുദ്ധിജീവിയായോ എന്നൊരു സംശയം. ഇതുവരെ ചിന്തിച്ചിട്ടില്ലാത്തതും പറഞ്ഞിട്ടില്ലാത്തതുമായതൊക്കെ ഞാന്‍ പറയുന്നു. എന്തായാലും ഫിലിം ഫെസ്റ്റിവല്‍ അവസാനം വരെ കാണാന്‍ തീരുമാനിച്ചു.' ,ഷെല്‍ജ പറഞ്ഞു.' സാര്‍, എനിക്ക് ഇതു കഴിഞ്ഞ് ഒരു ലൈംടീ കൂടി കുടിക്കണമെന്നു തോന്നുന്നു. ലൈംടീക്ക് വല്ലാത്തൊരു റോമാന്റിക് ഫീല്‍'
' ലൈംടീ സ്ത്രീയോ പുരുഷനോ' ഹരികുമാര്‍ അല്‍പ്പം പേടിയോടെ ചോദിച്ചു. കാരണം നേരത്തേ പോലെയെങ്ങാനും ഷെല്‍ജ ചിരിക്കുകയാണെങ്കില്‍ അത് തനിക്ക് താങ്ങാനാവില്ലെന്ന ഒരു തോന്നല്‍ അയാളിലെവിടെയോ കറങ്ങി നടന്നിരുന്നു.
' സ്ത്രീശരീരമായ ടീയില്‍ പുരുഷന്റെ ഗന്ധവും ശ്വാസവും കൊണ്ട് നെയ്തതെന്ന പോലെയുള്ള സൂപ്പര്‍ബായ ഒരവസ്ഥ ലൈം ടീയില്‍ സൃഷ്ടിക്കുന്നുണ്ടെന്നു തോന്നുന്നു. '
' ന്റമ്മോ, ഷെല്‍ജ എന്തൊക്കെയാ ഈ പറേണെ. ലോകസാഹിത്യത്തില്‍ ഇതുവരെ ആരും ഉപയോഗിക്കാത്ത പ്രയോഗങ്ങളാണല്ലോ ഇതൊക്കെ.'
' സാര്‍ എന്നെ കളിയാക്കരുത്. എനിക്ക് സാഹിത്യമൊന്നുമറിയില്ല. ആള്‍ക്കാരെ കറക്കി അവരുടെ കൈയ്യിലിരിക്കുന്ന കാശ് ഞാന്‍ ജോലിചെയ്യുന്ന ബാങ്കിലേക്ക് വഴിതിരിച്ചു വിടാന്‍ പണിയെടുക്കുന്ന ഒരു പാവം സ്ത്രീയാണ് ഞാന്‍. '
' ഷെല്‍ജേ, ഞാന്‍ കളി പറഞ്ഞതല്ല. ഇമ്മാതിരി ഒരു പ്രയോഗം ഞാനാദ്യമാ കേള്‍ക്കുന്നെ. '
' സാര്‍ , ഇന്നു നമ്മള്‍ കണ്ട സിനിമയില്‍ ആ കമിതാക്കള്‍ വയലിന്റെ സംഗീതം കൊണ്ട് അവര്‍ വസ്ത്രം ധരിക്കുന്നതു കണ്ടില്ലേ?'
' അതേതു സീനാ ഷെല്‍ജേ'
' സാര്‍ അവര്‍ രണ്ടു പേരും ലവ് മേക്കിംഗിനു തൊട്ടു മുന്‍പ് നേക്കഡായി നില്‍ക്കുമ്പോള്‍ അവന്‍ വയലിന്‍ വായിക്കുന്ന ഒരു രംഗം കണ്ടില്ലേ. നമ്മള്‍ ആ നേരം അവരുടെ നഗ്നത കാണുന്നില്ല. വസ്ത്രം നാണം മറയ്ക്കാനല്ലേ. നാമപ്പോള്‍ അവരുടെ നഗ്നത കാണാതിരുന്നത് സംഗീതം അവിടെ മറയായിരുന്നതുകൊണ്ടല്ലേ. അപ്പോള്‍ സംഗീതം അവിടെ വസ്ത്രമായി മാറുകയായിരുന്നില്ലേ. '
' ഗ്രേറ്റ്. ഞാന്‍ ഒട്ടും തമാശ പറയുകയല്ല. ഷെല്‍ജ എഴുതണം. ഇങ്ങനെ മനസ്സിലൂടെ വരുന്ന കാര്യങ്ങള്‍ എഴുതുന്നതാണ് സാഹിത്യം. നോക്കൂ. ഞാനും ആ സിനിമ കണ്ടതാ. പക്ഷേ എനിക്ക് ഷെല്‍ജയ്ക്ക് തോന്നിയതു പോലെ തോന്നിയില്ല'
' അത് ആണുങ്ങള്‍ക്ക് ക്ഷമയില്ലാത്തതുകൊണ്ടാ' ഒരു കള്ളച്ചിരിയോടെ ഷെല്‍ജ പറഞ്ഞു
' അവിടെവിടെയാ ക്ഷമയുടെ വിഷയം വരുന്നെ. '
' അവര്‍ ലവ് മേക്കിംഗ് തുടങ്ങിയപ്പോഴേ സാറ് അവസാനത്തേത് അക്ഷമയോടെ കാത്തിരുന്നു. അതുകൊണ്ടാ സംഗീതം വസ്ത്രമായി മാറിയത് സാറിന് കാണാന്‍ കഴിയാതെ പോയത്. ഈ ആണുങ്ങളുടെയൊക്കെ പ്രശ്‌നമിതല്ലേ'. ഇക്കുറി നിഗൂഢമായ നോട്ടത്തോടെ ഷെല്‍ജ പറഞ്ഞു.
' ഞങ്ങള്‍ ആണുങ്ങള്‍ പാവങ്ങള്‍ . കണ്‍മുന്നിലുള്ളത് മാത്രം കാണുന്നവര്‍. നേരേ വാ നേരേ പോ. നിങ്ങള്‍ പെണ്ണുങ്ങളല്ലേ, വളഞ്ഞ നോട്ടമുളളവര്‍. അല്ലെങ്കില്‍ ആരും കാണാത്ത കാഴ്ച ഷെല്‍ജ കാണുമായിരുന്നോ?':
' സാര്‍ വളഞ്ഞ കാഴ്ച നേര്‍ക്കാഴ്ചയാവില്ല . എന്നാല്‍ നേരായ കാഴ്ച വളഞ്ഞ കാഴ്ചയാണ്'
' എന്റെ മുമ്പിലിരിക്കുന്നത് തത്വചിന്തകയോ റിലേഷന്‍ഷിപ്‌സ് മാനേജരോ അതോ ഹൈക്കു കവയിത്രിയോ?' ഹരികുമാര്‍ ചോദിച്ചു.
അപ്പോഴേക്കും വെയിറ്റര്‍ ഒരു ട്രൈയില്‍ കോഫിയും ലൈംടീയുമായെത്തി.
' സാര്‍, കോഫി കുടിക്കാറുണ്ടോ?'
'എനിക്ക് കാപ്പിയും ഇഷ്ടമാ'
' എങ്കില്‍ ഒരു സ്വാപ്പിംഗ് നടത്തിയാലോ. സാര്‍ കോഫി കഴിക്ക് .ഞാന്‍ ചായ കഴിക്കാം. എനിക്കിപ്പോ ചായ കുടിക്കാന്‍ തോന്നുന്നു. ഹരികുമാറിന് ചായ കഴിക്കണമെന്ന് ശ്ക്തമായി തോന്നിയിരുന്ന സമയത്താണ് ഷെല്‍ജയുടെ ഈ ചോദ്യമുണ്ടായത്. കോഫി കുടിക്കുന്ന കാര്യം ആലോചിക്കാന്‍ തന്നെ പറ്റുന്നില്ല. എങ്കിലും അയാള്‍ മനസ്സില്ലാ മനസ്സോടെ കോഫി കുടിച്ചുകൊണ്ട്, ആസ്വദിച്ച് ചായ കഴിക്കുന്ന ഷെല്‍ജയെ അയാള്‍ നോക്കിയിരുന്നു. ,ഷെല്‍ജയുടെ പിന്നാക്കം മറഞ്ഞുള്ള ചിരിയും അവളുടെ സംവദിക്കുന്ന മാറിടങ്ങളുമായുള്ള സ്വകാര്യ സൗഹൃദവും എന്തുകൊണ്ടാണ് ഒരേ സമയം തനിക്ക് പേടിയും കൗതുകവും ജനിപ്പിക്കുന്നതെന്ന് അയാള്‍ ചിന്തിച്ചു. ഇത്രയും വര്‍ഷത്തെ സക്രട്ടേറിയറ്റ് ജീവിതത്തില്‍ ഒരിക്കല്‍പോലും ഇതുപോലെ ചിരിക്കുന്ന സ്ത്രീയെ കാണാനായിട്ടില്ല. എന്തുകൊണ്ടാണ് സെക്രട്ടേറിയറ്റിനുള്ളിലുള്ളവര്‍ സ്വതന്ത്രമായി ചിരിക്കാത്തത്. അതോ അവര്‍ അവിടെ നിന്ന് പുറത്തിറങ്ങിയാല്‍ ചിരിക്കുമോ. ' ഇല്ല' അയാളുടെ ഉള്ളില്‍ നിന്ന് ആരോ വിളിച്ചു പറയുന്നതുപോലെ കേട്ടു. തനിക്കറിയാവുന്ന സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞിട്ടുള്ള ആരും തന്നെ ഇങ്ങനെ പരിസരത്തേക്കും മറ്റുള്ളവരിലേക്കും പടരുന്ന ചിരി, ചിരിക്കുന്നത് കണ്ടിട്ടില്ല. സര്‍വ്വീസില്‍ നിന്നു വിരമിച്ചവര്‍ , തങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും ചിരിച്ചിട്ടില്ല എന്ന് അറിയിക്കാന്‍ വേണ്ടി ചിരിക്കുന്നതു പോലെയാണ് ചിരിക്കുക.
' പേടികൊണ്ടാണോ? അതോ മന്ത്രിമാരെ ഭയന്നിട്ടാണോ? അതുമല്ല സെക്രട്ടറിമാര്‍ ചിരിക്കാത്തതുകൊണ്ടാണോ? ' ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ഹരികുമാറിന്റെ ഉള്ളില്‍ പൊന്തി വന്നു. സെക്രട്ടേറിയറ്റിന്റെ ഒരോ മുക്കിലും മൂലയിലൂടെയും ഹരികുമാറിന്റെ മനസ്സ് ഒരു സ്‌കാനിംഗ് ഉപകരണം പോലെ കയറിയിറങ്ങി. ഇല്ല, എങ്ങും സ്വതന്ത്രമായുള്ള ചിരി കാണാനേ ഇല്ല. കാല്‍പ്പെരുമാറ്റത്തില്‍ മുങ്ങിപ്പോകുന്ന സംഭാഷണങ്ങളുടെ രഹസ്യാരവം മാത്രമേ സെക്രട്ടേറിയറ്റിനുള്ളില്‍ നിന്ന് ഉയരുന്നുള്ളൂ. ചിരിക്കാത്ത ജീവിതങ്ങള്‍. സംസ്ഥാനത്തിന്റെ ഭരണയന്ത്രം തിരിക്കുന്നവര്‍ ചിരിക്കാത്തവരെങ്കില്‍ എങ്ങനെ മലയാളിയുടെ ജീവിതത്തില്‍ ചിരി വരും. ചിത്രാംഗദന്‍ സാര്‍ പറഞ്ഞത് വീണ്ടും ഹരികുമാര്‍ ഓര്‍ത്തു. ഒരു പ്രദേശത്ത് ഒരേ സംസ്‌കാരം, ഒരേ ദുരന്തം എന്നിവ ഏറ്റുവാങ്ങുന്നവര്‍ ജാതകവശാല്‍ ഒരേ രാശിയില്‍ ജനിച്ചവരും ഒരേ ഫലക്കാരുമായിരിക്കും. ഭാവിയില്‍ ചിരിയെ പേടിക്കുന്നവരോ, ചിരിക്ക് വിലങ്ങിടണമെന്ന് ജാതകവശാല്‍ ആഗ്രഹിക്കുന്നവരോ ആയിരിക്കും സെക്രട്ടേറിയറ്റില്‍ ജോലി തേടിയെത്തുന്നവര്‍. ഹരികുമാര്‍ തന്റെ സ്വന്തം ചിരിയിലേക്കൊന്നു നോക്കി. താനും ചിരിക്കുന്നത് തന്റെ കേമത്വം മറ്റുള്ളവരെ ഒരുതരം പുച്ഛത്തിലൂടെ അറിയിക്കാനാണ്. താന്‍ ഷെല്‍ജയെ കണ്ട ആദ്യനിമിഷം മുതല്‍ ചിരിക്കുന്നത് തനിക്ക് തന്നേക്കുറിച്ചുള്ള ഇമേജ് അതേ രൂപത്തില്‍ ഷെല്‍ജയില്‍ നിക്ഷേപിക്കാന്‍ വേണ്ടിയാണ്. തന്റെ മുന്‍പിലിരുന്നു ഷെല്‍ജ ചിരിച്ചപ്പോള്‍ അവളില്‍ നിന്ന് ചിന്ത പറന്നു പോകുന്നത് താന്‍ കണ്ടതു പോലെ ഹരികുമാറിന് അനുഭവപ്പെട്ടു. ആ ചിന്ത പറന്നു പോയതിന്റെ സ്വാതന്ത്ര്യത്തില്‍ ശരീരം ആസ്വദിച്ച സ്വകാര്യതയിലാണ് അവളുടെ മാറിടങ്ങള്‍ താനുമായി സംവദിച്ചതെന്നും ഹരികുമാറിനു തോന്നി.
തന്റെ സഹപ്രവര്‍ത്തക ശീതള്‍ ഷെല്‍ജയെപ്പോലെ ചിരിക്കുന്നത് ഒരു നിമിഷം ഹരികുമാര്‍ സങ്കല്‍പ്പിച്ചു. പുച്ഛം ചുണ്ടുകള്‍ കോണിച്ചുള്ള ചിരിയായി ഹരികുമാറില്‍ ജന്മമെടുത്തത് അയാളറിഞ്ഞു. അതുകണ്ട് ഷെല്‍ജ ചോദിച്ചു എന്താണ് അര്‍ത്ഥം വച്ചതുപോലെ ചിരിക്കാനെന്ന്.
' ചിരിക്കുന്നത് അര്‍ത്ഥം കളയാനാണെന്ന് ആലോചിച്ചപ്പോ ചിരി വന്നതാ'
' എന്റെ പൊന്നു സാര്‍, എന്നെപ്പോലെ പാവങ്ങള്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ സംസാരിക്കൂ'
' എന്റെ ഷെല്‍ജെ , ഷെല്‍ജ സംസാരിക്കുന്നതും ചിരിക്കുന്നതുമൊക്കെയാണ് മനസ്സിലാക്കാന്‍ പ്രയാസം. നമുക്കു വിട്ടാലോ'
രണ്ടു പേരും എഴുന്നേറ്റു. ഷെല്‍ജ നേരേ വാഷിലേക്ക് നടന്നു.
' ഒരു ചായ കുടിച്ചതിന് ബുദ്ധിമുട്ടി വായ് കഴുകിയാലേ പറ്റൂ'
' ചായ കുടിക്കുമ്പോള്‍ രസമാ. പക്ഷേ കുടിച്ചു കഴിഞ്ഞ് വായ കഴുകിയില്ലെങ്കില്‍ കുറച്ചു കഴിയുമ്പോ, ഒരുമാതിരി നാറ്റമാ. സഹിക്കാന്‍ പറ്റില്ല. പക്ഷെ പാല്‍ച്ചായയുടെ അത്രയും നാറ്റം ലൈംടീക്ക് വരില്ല' .
ഷെല്‍ജ വാഷിലേക്ക് പോയ നേരത്ത്, തന്റെ നെയ്യാറ്റിന്‍കരയിലുള്ള തറവാട്ടിലെ വീട്ടുമുറ്റത്തുണ്ടായിരുന്ന കാപ്പിമരത്തിലെ കുരുവുണക്കി പൊടിപ്പിച്ച് കാപ്പിയുണ്ടാക്കുന്ന കാര്യം കുഞ്ഞുന്നാളില്‍ മുത്തശ്ശി പറഞ്ഞത് ഹരികുമാറിന്റെ ഓര്‍മ്മയിലുണര്‍ന്നു. കേരളത്തില്‍ പണ്ട് മുറുക്കാന്‍ കടകള്‍ എന്നറിയപ്പെട്ടിരുന്ന ഏറുമാടങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന പ്രയോഗമായിരുന്നു കാപ്പിക്കട. പേര് കാപ്പിക്കട എന്നായിരുന്നുവെങ്കിലും മുറുക്കാന്‍ കടകളെ പോലെ കാപ്പി മാത്രമായിരുന്നില്ല അവിടെ കിട്ടിക്കൊണ്ടിരുന്നത്. പണ്ടു കാലത്ത് തറവാട്ടില്‍ വേനലവധിക്കാലത്ത് പോയി നില്‍ക്കുമ്പോള്‍ വീടിനടുത്തുള്ള ബാലന്‍പിള്ളയുടെ കാപ്പിക്കടയില്‍ കൊണ്ടുപോയി അമ്മാവന്‍ വാങ്ങിത്തന്ന പൊടിക്കാപ്പിയുടെയും വെട്ടുകേക്കിന്റെയും രുചി ഹരികുമാറിന്റെ നാവിന്‍തുമ്പില്‍ പൊടിഞ്ഞു. സാധാരണ ചായഗ്ലാസ്സില്‍ നിന്നു വ്യത്യസ്തമായി നീളമുള്ള ഒഴുക്കന്‍ ഗ്ലാസ്സിലായിരുന്നു കാപ്പി അവിടെ നിന്നു കിട്ടിയിരുന്നത്. അതും നല്ലതുപോലെ പാലൊഴിച്ച കാപ്പി. ബാലന്‍പിള്ള ഗ്ലാസ്സിന്റെ പുറത്ത് ഇടതു കൈകൊണ്ട് തടവി വെള്ളം വാര്‍ത്ത് കാപ്പി മേശപ്പുറത്ത് വയ്ക്കുമ്പോള്‍ കാപ്പിയിലെ പൊടി കറങ്ങിത്താഴുന്നത് കാണാനും ഒപ്പം മൂക്കിലേക്ക് പ്രവേശിക്കുന്ന ചൂട് മണവും വളരെ പ്രത്യേകതയുള്ളതായിരുന്നു. ഒരിക്കല്‍ പോലും അത്രയും വലിയ ഒഴുക്കന്‍ ഗ്ലാസ്സിലോ ആ സാന്ദ്രതയിലോ കാപ്പി വേറെങ്ങുനിന്നും കുടിക്കാന്‍ കഴിഞ്ഞിട്ടില്ല. വേനലവധി തുടങ്ങുന്നതിന് മുമ്പ് തന്നെ തങ്ങളെ തറവാട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തുന്ന അമ്മാവനെ കാത്തിരിക്കുന്നത് ബാലന്‍പിള്ളയുടെ കടയിലെ കാപ്പിക്കും വെട്ടുകേക്കിനും വേണ്ടിയായിരുന്നു. അരയ്ക്കു താഴെ നീളത്തില്‍ വരകളുള്ള ചായഗ്ലാസ്സില്‍ ചായ ഉയര്‍ത്തി ഒഴിച്ച് ടപ്പോന്നരടിയോടു കൂടിയായിരുന്നു ബാലന്‍പിള്ള മേശപ്പുറത്ത് വച്ചിരുന്നത്. അതേ ബാലന്‍പിള്ള കാപ്പി മേശപ്പുറത്തു വയ്ക്കുന്നത് ശബ്ദം പോലും കേള്‍ക്കാതെ.ശരിയാണ് കാപ്പി മൃദുലമാണ്. ചായയാണെങ്കില്‍ മര്‍ദ്ദനത്തിലൂടെ മെച്ചമാകുന്നതും. ബാലന്‍പിള്ളയുടെ ചായയടി എന്ന കലയുടെ കാഴ്ചയും കാപ്പിയെപോലെ ഹരികുമാറിന് പ്രിയമായിരുന്നു. അധികം ഉയരമില്ലാത്ത ചായക്കടയുടെ മച്ചില്‍ മുട്ടുന്നിടത്തോളം ഉയര്‍ന്നിട്ട് താഴെ തറയ്ക്കടുത്തുവരെ എത്തുന്ന നീളത്തിലായിരുന്നു പിള്ള ചായ അടിച്ചിരുന്നത്. ആ പൊടിക്കാപ്പിയുടെ മണം ഷെല്‍ജയ്ക്ക് പരിചയമുണ്ടാകുമോ ആവോ.കാപ്പിക്കട മാറി ഇന്ന് ചായക്കടകള്‍ ആധിപത്യം നേടിയതും ഹരികുമാര്‍ ഓര്‍ത്തുപോയി.
യൂബര്‍ ടാക്‌സിയെത്തി, അവര്‍ ചെമ്പഴന്തിയിലേക്ക് പുറപ്പെട്ടു. ഷെല്‍ജയും താനുമായി ദീര്‍ഘകാലത്തെ പരിചയം ഉള്ളതു പോലെ ഹരികുമാറിന്് അനുഭവപ്പെട്ടു. മസ്‌ക്കറ്റ് ഹോട്ടലിന് എതിര്‍വശത്ത് സ്റ്റുഡന്റ്‌സ് സെന്ററിന്റെ മുന്നില്‍ വച്ച് ഒരു മധ്യവയസ്‌ക ടാക്‌സിക്ക് കുറുക്കു ചാടി. പെട്ടന്നിട്ട ബ്രേക്കില്‍ പിന്‍സീറ്റിലിരുന്ന ഹരികുമാറും ഷെല്‍ജയും മുന്നോട്ടാഞ്ഞു. മുന്‍സീറ്റിന്റെ പിന്നില്‍ രണ്ടുപേരും കൈയ്യൂന്നി ആഘാതത്തെ തടഞ്ഞു.'ഓരോന്ന് വന്ന് കേറിക്കൊള്ളും മനുഷ്യന് ബുദ്ധിമുട്ടുണ്ടാക്കാന്‍. ഇതിനൊക്കെ വല്ല റെയില്‍പ്പാളത്തിലും പോയി തലവെച്ചൂടെ' ഡ്രൈവര്‍ ഗിയര്‍ മാറ്റിക്കൊണ്ട് പ്രത്യേക ആംഗ്യഭാഷകാട്ടി ചോദിച്ചു. ' നതിംഗ് ഈസ് ആക്‌സിഡന്റ് ഇന്‍ ദിസ് വേള്‍ഡ് ഹരി' ചിത്രാംഗദന്‍ സാറിന്റെ വാക്കുകള്‍ ഹരികുമാറിന്റെ ചെവിക്കുള്ളില്‍ മുഴങ്ങി. ശ്രീകാര്യത്ത് വച്ചുണ്ടായ ആക്‌സിഡന്റിലൂടെയാണ് ഹരികുമാര്‍ ഷെല്‍ജയെ പരിചയപ്പെടുന്നത്. ആതുപോലും ആക്‌സിഡന്റല്ലായിരുന്നെന്ന് ഹരികുമാറിന് ഒരിക്കല്‍ കൂടി വ്യക്തമായി. ഷെല്‍ജയുമായുള്ള സൗഹൃദത്തിന് ആ അപകടം നിമിത്തമായന്നേ ഉള്ളൂ. ശിവന്‍ അവിടെ ബോധരഹിതനായി കിടന്നതിനാലാണ് അയാളെയും ഷെല്‍ജയേയും തന്റെ കാറില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. അപ്പോള്‍ തന്റെ ജാതകത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നു ഷെല്‍ജയുമായി ഈ ഘട്ടത്തില്‍ പരിചയപ്പെടണമെന്ന്'
'സാര്‍, നമുക്ക് മസ്‌ക്കറ്റ് ഹോട്ടലില്‍ കയറണോ'
' എന്താ ഷെല്‍ജ.'
' ഐ ആം ബാഡ്‌ലി ഇന്‍ നീഡ് ഓഫ് എ ഡ്രിങ്ക്'
' കുഴപ്പമില്ല. വീട്ടിലേക്കല്ലേ പോകുന്നത്. അവിടെയുണ്ട്. '
'ഓക്കെ സാര്‍. '
ഹരികുമാര്‍ ആദ്യമായിട്ടാണ് ഒരു യുവതിയുമായി തനിച്ചിരുന്ന് മദ്യപിക്കാന്‍ പോകുന്നത്. ആദ്യമായി ഒരു സ്ത്രീ വെള്ളമടിക്കുന്നത് ഹരികുമാര്‍ കാണുന്നത് 2002ലെ ഫിലിം ഫെസ്റ്റിവലില്‍ വച്ചാണ്, പഴയകാല ഹിന്ദി നടിയിലൂടെ.ആ മേളയുടെ ഹോസ്പിറ്റാലിറ്റി കമ്മിറ്റിയിലുണ്ടായിരുന്ന ഹരികുമാറിന്റെ ഉത്തരവാദിത്വം അന്യസംസ്ഥാനങ്ങളില്‍ നിന്നും വന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ താമസവും യാത്രയും മറ്റ് ക്ഷേമകാര്യങ്ങളുമായിരുന്നു. എണ്‍പതുകളിലെ പ്രമുഖ ഹിന്ദി നടിക്ക് അവരുടെ കേരളത്തിലെ ചില പഴയകാല സുഹൃത്തുക്കള്‍ ഒരുക്കിയ ഡിന്നറായിരുന്നു സൗത്ത് പാര്‍ക്ക് ഹോട്ടലില്‍. പങ്കെടുത്തവരില്‍ മിക്കവരും കേരളവും ഇന്ത്യയും ആദരിക്കുന്നവര്‍. ഒരു സേവകനെപ്പോലെ ഡിന്നറിന്റെ തുടക്കത്തില്‍ ഹരികുമാര്‍ ഈ പാര്‍ട്ടിയുടെ ഓരത്ത് മാറി നിന്നു. അതില്‍ ഭാരവാഹിത്വ സ്വഭാവമുണ്ടായിരുന്ന പ്രമുഖര്‍ തുടക്കത്തില്‍ ഹരികുമാറിനെ അടുത്തു വിളിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. നടി ഡിന്നറിനെത്തിയത് കേരളത്തിന്റെ പരമ്പരാഗത സെറ്റുമുണ്ട് ധരിച്ചായിരുന്നു. വന്ന വരവു കാണേണ്ടതായിരുന്നു. സെവന്റി എം എം സ്‌ക്രീനിലെ അവരുടെ എന്‍ട്രിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഡിന്നറിലേക്കുള്ള അവരുടെ കടന്നു വരവ്.
ആദ്യമൊക്കെ വളരെ ഗാംഭീര്യത്തോടും ആദരവോടുമൊക്കെ തുടങ്ങിയ ആ ഡിന്നര്‍ രണ്ടു പെഗ്ഗു കഴിഞ്ഞപ്പോള്‍ ഔപചാരികതകളെല്ലാം വഴിമാറി. പിന്നൊരു കൊണ്ടുകേറലായിരുന്നു. പഴയകാല സുഹൃത്തും, അയാളുടെ സുഹൃത്തുക്കളായ നാട്ടിലെ സാംസ്‌കാരിക നായകരുമെല്ലാം നടിയുമായി കെട്ടിപ്പിടിയും ഉമ്മ വയ്പും ഒക്കെയായിരുന്നു. സാംസ്‌കാരിക നായകരില്‍ ചിലര്‍ സെവന്റി എം എം സ്‌ക്രീനിലെ നടിയെ ഉമ്മ വയ്ക്കുന്ന ഭാവത്തിലായിരുന്നു. അന്ന് ഒരു വശത്ത് ഒതുങ്ങി നിന്നിരുന്ന തന്റെ കൈയില്‍ ഗ്ലാസ്സുമെടുത്തുകൊണ്ടു വന്ന് സ്മാള്‍ പകര്‍ന്നു തന്ന് തന്നെക്കൊണ്ട് കുടിപ്പിച്ചത് ആ മഹാനടിയായിരുന്നു. ഒരു നിമിഷം കോപിഷ്ടയായിട്ടാണ് അവര്‍ എന്നെ വിളിച്ചുകൊണ്ടുപോയി മദ്യം പകര്‍ന്നു തന്നത്. മനുഷ്യനും മനുഷ്യനും തമ്മില്‍ അകലം പാലിക്കുന്നതാണോ നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാരുടെ രീതിയെന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു അവര്‍ ഒതുങ്ങി നിന്ന തന്നെ ശ്രദ്ധിച്ചത്.
ലോകത്തുള്ള മിക്ക കാര്യങ്ങളും അവര്‍ ചര്‍ച്ച ചെയ്തു. വാര്‍ധക്യത്തിന്റെ വരവുമായി യുദ്ധം പ്രഖ്യാപിച്ചുകൊണ്ട് മേക്കപ്പിന്റെ ബലയൗവ്വനത്തില്‍ ചര്‍ച്ച ചെയ്ത മിക്ക വിഷയങ്ങളും സെക്‌സുമായി ബന്ധപ്പെട്ടതായിരുന്നു. തന്റെ ഭര്‍ത്താവിന്റെ കാമുകിമാരും അവരുടെ സെക്‌സ് താല്‍പ്പര്യങ്ങളുമെല്ലാം അവര്‍ തുറന്നു ചര്‍ച്ച ചെയ്തു. സെക്‌സിനെ കേന്ദ്രീകരിച്ചുള്ള മൂല്യവ്യവസ്ഥയാണ് ഇന്ത്യ രക്ഷപെടാത്തതിന്റെ മുഖ്യ കാരണമെന്ന് അവര്‍ ഒരു ഗവേഷണ പ്രബന്ധമവതരിപ്പിക്കുന്ന തരത്തില്‍ എന്നോട് പറഞ്ഞു. ശീലാവതി ചമയുന്ന ചില പെണ്ണുങ്ങളെ തനിക്ക് വെറുപ്പും അറപ്പുമാണെന്ന് അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഏതു ശീലാവതിയും വരട്ടെ. രണ്ട് പെഗ്ഗകത്താക്കിക്കൊണ്ട് മൂല്യം മുറുകെപ്പിടിച്ചുകാണിച്ച് തരികെയാണെങ്കില്‍ ഇവറ്റകള്‍ പറയുന്ന എന്തും താന്‍ ചെയ്യാമെന്ന് അവര്‍ വെല്ലുവിളിക്കുകയും ചെയ്തു. അവരുടെ പ്രഭാഷണം മൂക്കുന്നതിനിടയില്‍ മലയാളത്തിലെ ഒരു കവി ഉച്ചത്തില്‍ ഒരു പ്രഖ്യാപനം നടത്തി. താന്‍ ഒരു നിമിഷ കവിത ചൊല്ലും. മറ്റൊരു സാഹിത്യകാരന്‍ ഉടന്‍ തന്നെ അതു തര്‍ജ്ജമ ചെയ്യും. നടിയുടെ സൗന്ദര്യത്തെയും തന്റെ യൗവ്വനത്തിന്റെ ചിറകുകളില്‍ തീപിടിപ്പിച്ചതുമെന്നര്‍ഥം വരുന്ന വരികള്‍ കവി ഒച്ചത്തില്‍ പാടി. പിന്നാലെ തര്‍ജ്ജമയും. നടി ആടിപ്പോയി കവിയെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് അതേ പടി കുറേ നിന്നു പോയി.
രാത്രി രണ്ടു മണിയായപ്പോള്‍ അവരെ ഒരു പാവാടയും ബ്ലൗസും മാത്രമിട്ട് സെറ്റ് മുണ്ടിന്റെ രണ്ടു പാളികളും രണ്ടു തോളിലുമിട്ട അവസ്ഥയില്‍ സൗത്ത് പാര്‍ക്കില്‍ നിന്നും കാറില്‍ കയറ്റി. അവര്‍ താമസിക്കുന്ന ഹോട്ടലില്‍ ഭദ്രമായി കൊണ്ടെത്തിക്കേണ്ട ഉത്തരവാദിത്വം ഹരികുമാറിനായിരുന്നു. ഹോട്ടല്‍ എത്തുന്നിടം വരെ ഹരികുമാറിനെ ഡിന്നറില്‍ കാഴ്ചക്കാരനായി നിര്‍ത്തിയ വിവേചനത്തെക്കുറിച്ചായിരുന്നു അവര്‍ ഇടയ്ക്കിടയ്ക്ക് ഓരോ വാക്കുകളായി പറഞ്ഞുകൊണ്ടിരുന്നത്. ഹോട്ടല്‍ എത്താറായപ്പോഴേക്കും അവര്‍ പിന്‍സീറ്റില്‍ കിടപ്പായി. ഒടുവില്‍ ഹരികുമാര്‍ അവരെ ഒറ്റയ്ക്ക് എടുത്താണ് മുറിയില്‍ എത്തിച്ചത്. കഴുക്കോലുകള്‍ തുണിയില്‍ പൊതിഞ്ഞത് എടുത്തുകൊണ്ടുപോകുന്ന അനുഭവമായിരുന്നു അത് ഹരികുമാറില്‍ അവശേഷിപ്പിച്ചത്. എന്നാല്‍ അവരുടെ വാക്കുളും സ്വരവും നിശ്വാസങ്ങളും മുഴുവന്‍ യൗവ്വനത്തിന്റേതായിരുന്നു. രണ്ടു പെഗ്ഗു ഉള്ളില്‍ ചെന്നാല്‍ മൂല്യം പിടിച്ചുവെയ്ക്കുന്ന പെണ്ണിനെ കാട്ടിത്താ എന്ന് വെല്ലുവിളിച്ച അവരുടെ ശ്ബദ്ം, ആ ആംഗലേയ മൊഴിയുടെ ആഴവും തിരയും എന്നും ഹരികുമാറിനുള്ളില്‍ തരതല്ലിക്കൊണ്ടിരുന്നു. അതിനു ശേഷം സമീപകാലത്ത് പല സന്ദര്‍ഭങ്ങളിലും സ്ത്രീകളുമായി ഇരുന്ന് മദ്യപിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ആ നടിയുടെ വാക്കുകള്‍ ഹരികുമാറിനൊപ്പമുണ്ടായിരുന്നു. പക്ഷേ ആദ്യമായാണ്് ഒരു യുവതിയുമായിരുന്ന് താന്‍ സ്വകാര്യതയില്‍ മദ്യപിക്കാന്‍ പോകുന്നതെന്ന് ആലോചിച്ചപ്പോള്‍ ഹരികുമാറിന്റെ ഉള്ളില്‍ വീണ്ടും ചിത്രാംഗദന്‍ സാറിന്റെ വാക്കുകള്‍ മുഴങ്ങി- നതിംഗ് ഈസ് ആക്‌സിഡന്റല്‍ ഇന്‍ ദിസ് വേള്‍ഡ്.(തുടരും)