ഹരികുമാര്‍ കുളിച്ചുകൊണ്ടു നിന്നപ്പോള്‍ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു. ദേഹത്ത് സോപ്പ് തേച്ചതിനാല്‍ പുറത്തിറങ്ങി വരാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. അയാള്‍ ധൃതിയില്‍ ദേഹമാസകലം ഒന്നോടിച്ച് സോപ്പ് തേച്ച് വെള്ളമൊഴിച്ച് തോര്‍ത്തി പുറത്തിറങ്ങി. ആരാണ് വന്നിട്ടുള്ളതെന്ന് പുറത്തു നില്‍ക്കുന്നയാള്‍ കാണാതെ കര്‍ട്ടന്‍ മാറ്റി ജനല്‍ ചില്ലിലൂടെ നോക്കി. ശിവപ്രസാദാണ്. വേഷം മാറ്റാന്‍ നില്‍ക്കാതെ കതകു തുറന്നു.
' ഹ , നീയായിരുന്നോ'
' എനിക്ക് മനസ്സിലായി ഹരി കുളിക്കുകയായിരിക്കുമെന്ന്'' എന്തേ ,വേറെ ആരെയെങ്കിലും പ്രതീക്ഷിച്ചോ'
' ഏയ്, വല്ല വനിതാ രത്‌നങ്ങളൊക്കെയാണെങ്കില്‍ ഈ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട് അവരെ വിരട്ടുന്നത് ശരിയല്ലല്ലോ'
' പണ്ടത്തെപ്പോലെ ഹരിക്കിപ്പോഴും വനിതാ ആരാധകര്‍ക്ക് പഞ്ഞമില്ല അല്ലേ. അതൊരു കഴിവു തന്നെയാ'
' എന്തടേ നീ അര്‍ത്ഥം വച്ച് സംസാരിക്കുന്നെ'
ഒരു പ്രത്യേക ചിരിയോടെ ' ഏയ് ഒന്നുമില്ല' ശിവപ്രസാദ് പറഞ്ഞു
' എടാവേ അതിന് ഞാന്‍ ആരെയും കറക്കാനൊന്നും പോകുന്നില്ലടേ. ആരാധനയോടെ ആരെങ്കിലും വന്നാല്‍ തള്ളിക്കളയാന്‍ പറ്റുമോ?'
'ഏയ് അതു പാടില്ല.'
' ഏടാവേ നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്. നീയന്ന് ഞാനും ഷെല്‍ജയും കൂടി ടാഗോറില് സിനിമയ്ക്ക് കേറിയപ്പോ കടന്നു കളഞ്ഞതെന്ത്'
' ഓ, അതോ. മോനെങ്ങാനും അവിടുണ്ടായാല്‍ അവനൊരു ബുദ്ധിമുട്ടാകാണ്ടെന്നു കരുതി'
' എടാവേ, നീ ഏതു കാലത്തടാ ജീവിക്കുന്നെ. ഫിലിം ഫെസ്റ്റിവലല്ലേടാ.'
' അതു ശരിയാ. എന്നാലും അവനും ഞാനും കൂടി ഒന്നിച്ചൊരു സിനിമ കാണുമ്പോ അതിനകത്ത് വല്ലാതെ എ ആക്ഷന്‍ ഉണ്ടെങ്കി അതവനും എനിക്കും ബുദ്ധിമുട്ടാകില്ലേ.'
' എന്തു ബുദ്ധിമുട്ടെടാ. നീയെവിടുത്തുകാരനടാ.
'അല്ല, എനിക്കും അവനും ആസ്വദിക്കാന്‍ പറ്റാതെ വന്നാലോ എന്നൊരു ചിന്ത പെട്ടെന്നു വന്നു. പിന്നെ അത്തരം സിനിമകളൊന്നും കാണാനുള്ള മൂഡിലുമായിരുന്നില്ല ഞാന്‍'
' ശിവാ , നമ്മുടെ മൂഡ് മോശമായിരിക്കുമ്പോഴല്ലേ അതു നന്നാക്കാന്‍ ശ്രമിക്കണ്ടേ. അതോ അതേ മൂഡ് അതേ പോലെ തുടരാനാണോ. അത് കൂടുതല്‍ വഷളാക്കില്ലേ. വഷളാകുന്നതിനനുസരിച്ച് നമ്മള് ശ്രമിക്കുന്നത് അതില്‍ നിന്നു പുറത്തു വരാനായിരിക്കും. അല്ലേ. അപ്പോ നമ്മള്‍ ബോധപൂര്‍വ്വം അങ്ങനെ പുറത്തു വരാന്‍ കിട്ടുന്ന അവസരങ്ങളില്‍ അതു പ്രയോജനപ്പെടുത്തണം'
' ഒക്കെ ശരിയാണ്. ഹരിക്കറിയില്ല, എന്റവസ്ഥ.'
' നിന്റവസ്ഥയെക്കുറിച്ച് ഏകദേശമൊക്കെയൊരു പിടി കിട്ടിയിട്ടുണ്ട്. അന്ന് നീ ആശുപത്രിയില്‍ കിടന്നപ്പോള്‍ ആ വിവരം അറിയിക്കാന്‍ ഞാനും രമേഷും കൂടി നിന്റെ വീട്ടില്‍ ചെന്നിരുന്നല്ലോ. അന്ന് ഞങ്ങള്‍ നിന്റെ പ്രമീളയുടെ കൈയ്യില്‍ നിന്ന് കഷ്ടിച്ചാ രക്ഷപെട്ടത്. പുള്ളിക്കാരത്തി ഞങ്ങളെ കൈകാര്യം ചെയ്യുമോന്നു വരെയൊന്നു ഭയന്നു.പ്രമീളയ്‌ക്കെന്തു പറ്റിയടേ'
' അതു പറയാതിരിക്കുവാ നല്ലത് . അറിയാമോ ആ വീട്ടില്‍ ഒരു നിമിഷം പോലും എനിക്ക് സ്വസ്ഥമായി ജീവിക്കാന്‍ പറ്റുന്നില്ല. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ഒരു പ്രോഗ്രാമുണ്ടായിരുന്നു. കണിയാപുരം വിശ്വന്റെ കഥാപ്രസംഗം.ഷറഫും കൂട്ടരും എന്നെ വിളിക്കാനായി എത്തിയപ്പോ എന്തു ചെയ്താലും കീബോഡെടുക്കാന്‍ പ്രമീള സമ്മതിക്കില്ല. അതെടുക്കുകയാണെങ്കില്‍ വെട്ടിക്കീറുമെന്നും പറഞ്ഞ് ഒരു വെട്ടുകത്തിയുമായി എത്തി. എന്തു ചെയ്യാനാ. ഭാഗ്യത്തിന് വിശ്വനോട് മെയിന്‍ റോഡില്‍ നിന്നാല്‍ മതി, ഞാനെങ്ങെത്തിക്കോളാമെന്ന് പറഞ്ഞതുകൊണ്ട് അയാളാ പൂരം കണ്ടില്ല. പിന്നെ രാത്രിയില്‍ എവിടെയെല്ലാം കറങ്ങിയിട്ടാ ഒരു കീബോര്‍ഡുമൊപ്പിച്ച് അവിടെയെത്തിയതെന്നറിയുവോ. പരിപാടിക്കെത്തിയപ്പോ വല്ലാതെ വൈകുകയും ചെയ്തു. കമ്മറ്റിക്കാര്‍ പറയാനൊന്നുമില്ല. അവര്‍ക്ക് കഥാപ്രസംഗം കഴിഞ്ഞ് നാടകം ഉള്ളതായിരുന്നു. '
' എന്താ അതെടുക്കാന്‍ സമ്മതിക്കാതിരുന്നേ'
' അതു പറയാതിരിക്കുന്നതാ നല്ലത്. പണ്ട് കേസ്സും വഴക്കുമൊക്കെ കഴിഞ്ഞപ്പോ പ്രമീളയുടെ ഓഹരി വിറ്റ് കുറേ കാശു കിട്ടി. അത്യാവശ്യം മോശമില്ലാത്ത തുകയുണ്ടെന്നാ തോന്നുന്നെ. ഞാനതൊന്നും അന്വേഷിക്കാന്‍ പോയില്ല. ഹരിക്കറിയാമല്ലോ അവള് ഉടുത്തസാരിയുമായും ബ്ലൗസുമായിട്ടാ എന്നോടൊപ്പം ഇറങ്ങിവന്നതെന്ന്.കേസ്സു മുഴുവന്‍ ഞാനാ നടത്തിയത്. കോടതിക്കേസ്സ് മാത്രമല്ല. പോലീസ് കേസ്സുകളെത്രയായിരുന്നുവെന്നറിയുമോ? ഒടുവില്‍ അതൊക്കെ തീര്‍ന്ന സമയത്ത്, എന്റെ കൈയില്‍ പഴഞ്ചന്‍ കീബോര്‍ഡായിരുന്നു ഉണ്ടായിരുന്നത്. അങ്ങനെ ഒരു പുതിയ കീബോര്‍ഡ് പുള്ളിക്കാരി വാങ്ങിത്തന്നതാ. അതുകൊണ്ട് പരിപാടിക്കുപോവുകയാണെങ്കില്‍ അന്ന് കിട്ടുന്ന കാശ് അവള്‍ക്ക് കൊടുക്കണമെന്നാ പറയുന്നേ. '
' ഹ, കിട്ടുന്നതില്‍ കുറച്ച് കാശ് കൊടുക്കാന്‍ പാടില്ലേ. '
'ഏയ്. അതെങ്ങനെ ശരിയാകും. വീട്ടിലെ ചെലവ് നടക്കണ്ടേ. അവള്‍ക്ക് കാശ് മാത്രമേ നോട്ടമുളളൂ. അതെത്ര കിട്ടിയാലും പോരാ. ആവശ്യമുണ്ടെങ്കില്‍ കൊടുക്കുന്നതിന് കുഴപ്പമില്ല. മാത്രമല്ല, അവരുടെ കൈയ്യില്‍ നിന്ന് ആ കരമന ശോഭ ചില്ലറയല്ല കാശ് തട്ടിക്കൊണ്ടിരിക്കുന്നത്. '
' ആരാടേ ഈ ശോഭ'
'ഏതോ മ പ്രസിദ്ധീകരണത്തിന്റെ പേജിലെ വരയില്‍ നിന്നോ സീരിയലിലെ കഥാപാത്രങ്ങള്‍ക്കിടയില്‍ നിന്നോ ജീവന്‍ വച്ച് ഇറങ്ങി വന്നപൊലൊരു സാധനമാ. മണ്ടയ്ക്കാട്ടമ്മയുമായി നേരിട്ട് ആ പെണ്ണുംപിള്ളയ്ക്ക് ഏര്‍പ്പാടുള്ളപോലാ. ഒരുമാതിരി വെടക്ക് സാധനം. അവരോട് സംസാരിക്കാന്‍ മാത്രമാ പ്രമീള മോബൈല്‍ ഉപയോഗിക്കുന്നേ. അതെവിടെച്ചെന്ന് അവസാനിക്കുമെന്നറിയില്ല. അവരുടെ ഉപദേശമാകും കീബോര്‍ഡ് കൊണ്ടുപോയാല്‍ ആ പരിപാടിയുടെ കാശ് വാങ്ങണമെന്നുള്ളത്. എന്റെ കൈയില്‍ കാശുണ്ടാകാന്‍ പാടില്ല. കാശ് വന്നാല്‍ ഞാന്‍ ഏതെങ്കിലും പെണ്ണുങ്ങള്‍ക്ക് കൊണ്ടുപോയി കൊടുക്കുമെന്നാ അവളുടെ തോന്നല്‍'
' എന്തടേ ഈ ശോഭ അമേരിക്കക്കാരിയെങ്ങാനുമാണോടേ'
' ഏയ് , വെറും കൊണ്ണി. അവരുടെ ഭര്‍ത്താവിന്റെ വീടാ കരമനയില്‍.എന്തേ അങ്ങനെ ചോദിച്ചത്'
' അല്ല, അമേരിക്ക യു എന്നിനെ ഉപയോഗിച്ചു ചെയ്യുന്ന പരിപാടിയാ .സാംക്ഷന്‍സ്. ശത്രു രാജ്യങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തി ഞെരുക്കുന്ന പരിപാടിയേ'
' ആ സാധനത്തിന്റെ ചുണ്ടു കണ്ടാ ഏതാണ്ട് ട്രംപിന്റെ ചുണ്ടുപോലാ. ഒരുമാതിരി വരച്ചു വച്ചിരിക്കുന്നതു പോലെ. ചില സമയത്ത് സംസാരിക്കുമ്പോ ആ ട്രംപിന്റെ ചുണ്ട് കാണുന്നതുപോലെ അറപ്പു വരും'
' അതിലതിശയിക്കാനില്ലടാ. രണ്ടും ജനിച്ചത് ഒരേ രാശിയിലായിരിക്കും. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി. അത്രയേ ഉള്ളൂ. രണ്ടുപേരുടെയും സ്വഭാവം ഒരുപോലെയല്ലേ. '
' അവളുടെ കെട്ടിയവനെ കൊള്ളാഞ്ഞിട്ടാ നല്ല രണ്ടെണ്ണം കൊടുത്തുകഴിഞ്ഞാ തീരുന്നതേ ഉള്ളു ഈ മണ്ടയ്ക്കാട്ടു സേവയും ആളെപ്പറ്റിക്കലും. ശ്ശൊ, അതെങ്ങനാ പറയുക? അയാളുടെ അവസ്ഥ എന്താണെന്നറിയില്ലല്ലോ.
'നമ്മടെവസ്ഥയേക്കാള്‍ മെച്ചമായിരിക്കും. ചിലപ്പോ അവര് ഈ കാശ് അടിച്ചു മാറ്റുന്നതൊന്നതൊക്കെ അയാള്‍ക്കുകൂടിയായിരിക്കും. '
' എടേ ശിവാ ജന്മസമയമാ നമ്മുടെയൊക്കെ ജീവിതം നിശ്ചയിക്കുന്നത് . അതുകൊണ്ട് ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. നമ്മള്‍ നിശ്ചയിക്കുന്നതു പോലെയാണോടോ ജീവിതം മുന്നോട്ട് പോകുന്നേ? നമ്മള് കാല്‍ നൂറ്റാണ്ടിനടുപ്പിച്ച് കാണാതിരുന്നിട്ട് കണ്ടുമുട്ടുകയും, ഇപ്പോ പഴയതു പോലെ വീണ്ടും ഇടുപഴകുന്നതുമൊക്കെ നമ്മള് നിശ്ചിയിച്ചിട്ടാണോടാ. അതുകൊണ്ട് നമ്മക്ക് ഒന്നും പറയാന്‍ പറ്റില്ല. അവരുടെ ജീവിതത്തെ പിടിച്ചു നിര്‍ത്തുന്നത് ചിലപ്പോ മണ്ടയ്ക്കാട്ടമ്മയായിരിക്കും. നിന്റെ ജീവിതത്തെപ്പോലും ഈ രീതിയില്‍ താങ്ങി നിര്‍ത്തുന്നതും ചിലപ്പോ അവരുടെ വിശ്വാസവും പ്രാര്‍ത്ഥനയുമൊക്കെയായിരിക്കുമെടേ. നിന്റെ ആ വീഴ്ചയില്‍ വേണമെങ്കില്‍ എന്തും സംഭവിക്കാമായിരുന്നു. അതിന് ശേഷം നിന്റെ ഭാര്യ, മകന്‍ എല്ലാവരും അപകടത്തിന്റെ വക്കില്‍ നിന്ന് രക്ഷപ്പെട്ടു വന്നതു കണ്ടില്ലേ. അതുകൊണ്ട് നീ അങ്ങനെയൊന്നും അതിനെ അടച്ചാക്ഷേപിക്കരുത്.'
' എന്റെ ഹരി, നീ എങ്ങനയാ ഇങ്ങനെ മാറിയത്. പണ്ട് നിരീശ്വരവാദത്തിന് വേണ്ടിപ്പറഞ്ഞ ന്യായീകരണങ്ങളൊക്കെ എവിടെപ്പോയി? ഞങ്ങള്‍ സംഗീതത്തെയാ ഈശ്വരനായി കാണുന്നത്. സംഗീതത്തില്‍ മുഴുകിയിരിക്കുമ്പോ അതറിയാനും കഴിയും. തെമ്മാടിത്തരത്തേയും തോന്ന്യാസത്തേയുമൊക്കെ വെറുതേ ജന്മരാശിയും നക്ഷത്രവും എന്നു പറഞ്ഞ് തള്ളിക്കളയരുത്'
' നിന്നെ ഞാനൊന്ന് ചിത്രാംഗദന്‍ സാറിന്റെയടുത്ത് കൊണ്ടുപോകാം. സാറിനോട് നീ കുറച്ച് നേരം സംസാരിച്ചു കഴിയുമ്പോ നിന്റെ സംശയമൊക്കെ മാറും. ഒന്നും ഈ പ്രപഞ്ചത്തില്‍ യാദൃശ്ചികമില്ല ശിവാ, ഇപ്പോ നീ ഇങ്ങനെ സംസാരിക്കുന്നതു പോലും. '
' അങ്ങനെയാണേ പിന്നെ പോലീസും പട്ടാളവും നിയമവും കോടതിയുമൊന്നും വേണ്ടല്ലോ?'
' കറക്ട് .അതു തന്നെയാ ഉദാഹരണം. സൊമാലിയയിലും ഇതെല്ലാമില്ലെ. നീ മൊസ്സൂളിന്റെ ചിത്രം കണ്ടില്ലേ. എന്നിട്ട് നീ നമ്മുടെ നാട്ടിലേക്ക് ഒന്നു നോക്ക്. നമ്മുടെ നാട്ടിന്‍പുറത്തൊക്കെ പോലീസും പട്ടാളവും നിന്നാണോ ജീവിതത്തെ നിയന്ത്രിക്കുന്നത്. എടേ നഗരവത്ക്കരിച്ച ഈ കേരളത്തിന്റെ പല ഗ്രാമങ്ങളിലും പോലീസ് എത്തിനോക്കാറു പോലുമില്ല. അവിടെയൊക്കെയാണ് ശാന്തവും സുഖവുമായി മനുഷ്യന്‍ ജീവിക്കുന്നേ. ഇന്നാള് ഞാന്‍ നമ്മുടെ ഒരു സുഹൃത്തുമായി ഷൊര്‍ണ്ണൂരിനടുത്ത് കോതക്കുറിശ്ശിയില്‍ പോയി. എടേ നമ്മളതിശയിച്ചു പോകും. ഇപ്പോഴും ഇത്രയും ശാന്തമായ ഗ്രാമം കേരളത്തിലുണ്ടല്ലോ എന്ന്. അവിടെ പോലീസല്ല ശാന്തി കൊണ്ടുവരുന്നത്. ഇതൊക്കെ യാദൃശ്ചികമാണെന്നാണോ നീ കരുതുന്നത്. ഒരിക്കലുമല്ല. ഓരോ രാശിയില്‍ മുജ്ജന്മ സുകൃതത്താല്‍ ആള്‍ക്കാര്‍ പിറന്നുവീണ് സമൂഹമായി മാറുന്നത് കൊണ്ടാ. '
' അപ്പോ അവിടെയെങ്ങും ഒരു പ്രശ്‌നവുമില്ലെന്നാണോ പറയുന്നത്.'
' അവിടെയും പ്രശ്‌നങ്ങളുണ്ടാകും. പക്ഷേ അതു വല്ലപ്പോഴുമായിരിക്കും. അതവിടുത്തെ ശാന്തതയെ തകര്‍ക്കുന്നതാകില്ല. ചില സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ പറയില്ലേ, ആ ഭാഗത്തേക്ക് സൂക്ഷിച്ചു പോകണമെന്ന്. അവിടെയൊക്കെ അശാന്തിയുടെ ഇടവേളകള്‍ മാത്രമായിരിക്കും ശാന്തി'
' നമ്മള്‍ക്ക് എപ്പോഴും തോന്നുക, നമ്മുടേതായിരിക്കും വന്‍ പ്രശ്‌നമെന്ന്. അന്ന് കഥ കഴിഞ്ഞ് വരുന്ന വഴി കണിയാപുരം വിശ്വന്‍ പറഞ്ഞതോര്‍ത്താ നമ്മളൊക്കെ സ്വര്‍ഗ്ഗത്തിലാ ജീവിക്കുന്നതെന്നു തോന്നും. പുതിയ എഴുത്തുകാരിയില്ലേ കാഞ്ചന. അവര് വിശ്വന്റെ മോളാ.'
' ഓ, എടേ രണ്ടു ദിവസം മുന്‍പ് രാവിലെ ടിവിയില്‍ വന്നിരുന്നു വന്‍ വീശ് വീശുന്നതു കണ്ടല്ലോ. മാധവിക്കുട്ടിക്കും സുഗതകുമാരിക്കുമൊക്കെ ഒന്നിച്ചു പഠിക്കുന്നപോലൊരു കക്ഷി'
' അയ്യോ ഇപ്പോ വലിയ സാഹിത്യകാരിയാ'
' അതു മനസ്സിലായി. ജീവിതത്തേ പറ്റിയൊക്കെ വച്ചു കാച്ചുന്നുണ്ടായിരുന്നു. മുടിയെല്ലാം മദാലസമായി വിടര്‍ത്തി അഴിച്ചിട്ട് ഒരു പ്രത്യേക ചിരി സ്ഥായീഭാവമാക്കി നില നിര്‍ത്തിക്കൊണ്ടുള്ള വീശല്‍. പുള്ളിക്കാരത്തിയുടെ അപ്പീലുകണ്ട് ഞാന്‍ നോക്കിയിരുന്നതാ. ആരോ പുള്ളിക്കാരത്തിയുടെടുത്ത് പല്ല് കൊള്ളാമെന്നെങ്ങാനും പറഞ്ഞ ലക്ഷണം കാണുന്നുണ്ട്. അത് എപ്പോഴും പ്രത്യേക അനുപാതത്തില്‍ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. സംഗതി പല്ലിനൊരു മുല്ലപ്പൂപരത്വമൊക്കെയുണ്ട്'
' വളരെ കുറഞ്ഞ സമയം കൊണ്ടാ ആശാത്തിയമ്മ സാഹിത്യകാരിയും അവാര്‍ഡ് ജേതാവുമൊക്കെയായത്. ഒരു പ്രധാനപ്പെട്ട സാഹിത്യകാരനെ കൈയ്യിലെടുത്താണ് സംഗതി സാധിപ്പിച്ചതെന്നാ വിശ്വന്‍ പറയുന്നെ. കഴിഞ്ഞ ഒരു കൊല്ലം മുന്‍പായിരുന്നു കല്യാണം. സിങ്കപ്പൂരെങ്ങാണ്ടുള്ള ഒരു പാവമായിരുന്നു ഭര്‍ത്താവ്. ഒരു മാസം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് സ്റ്റാന്‍ഡേര്‍ഡില്ലെന്നും പറഞ്ഞ് ഉപേക്ഷിച്ചു പോന്നു. പരസ്യമായിട്ട് പകല്‍ കേരളം ബഹുമാനിക്കുന്ന ഈ സാഹിത്യകാരനെ വീട്ടില്‍ വിളിച്ചു വരുത്തി രണ്ടു പേരും കൂടി മുറിയില്‍ കതകടച്ചിരിക്കുമത്രെ. ഒരിക്കല്‍ വിശ്വന്‍ അതിനെ ചോദ്യം ചെയ്തപ്പോ' താന്‍ മിണ്ടാതിരിക്കടോ , തന്നെ ഞാന്‍ പാഠം പഠിപ്പിക്കുന്നത് കാണണോ എന്നു ചോദിച്ചു വിരട്ടി. അന്ന് കഥാപ്രസംഗത്തിന് വന്നതു തന്നെ ഒരു വന്‍ സംഭവത്തിനു ശേഷമായിരുന്നു. ഉച്ചയ്ക്ക് തന്റെ വീട്ടിലേക്ക് എസ്.ഐയും പോലീസുകാരും വീട്ടില്‍ വന്നു ഇളയ മോനെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി. തന്റെ മുറിയില്‍ വച്ചിരുന്ന പതിനായിരം രൂപ കാണാനില്ലെന്ന് പോലീസില്‍ കേസ്സുകൊടുത്തത്രെ. '
'എടേ ഞാന്‍ ടിവിയില്‍ കണ്ട കക്ഷിയുടെ കാര്യം തന്നെയാണോ താനീ പറയുന്നത്'
' സംഗതി അതു തന്നെ . ഇവിടെ ഏതോ ഒരു പബ്ലിക് സ്‌കൂളില്‍ ആര്‍ട്‌സ് ടീച്ചറാ. ആ സ്‌കൂളിലെ സൂപ്പര്‍ സ്റ്റാറാ അവരിപ്പോ. പ്രിന്‍സിപ്പലിനും മറ്റദ്ധ്യാപകര്‍ക്കുമൊക്കെ അവരെ പേടിയാണത്രെ. വന്‍ പിടിപാടാ.കാണാന്‍ നല്ല ഗെറ്റപ്പാ ആരും വീണുപോകും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. തന്റെ അച്ഛനും അമ്മയും അനുജനും ചേര്‍ന്ന് അപായപ്പെടുത്തി കൊല്ലാനുള്ള ശ്രമമാണെന്ന് വലിയൊരു പരാതി എഴുതി അവരെ വായിച്ചു കേള്‍പ്പിച്ചു. അച്ഛന്‍ ലൈംഗികമായി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നുകൂടി എഴുതിച്ചേര്‍ത്തിട്ടായിരിക്കും പോലീസിന് കൊടുക്കുകയെന്നും പറഞ്ഞു'
' എടാ , പറഞ്ഞു കേട്ടിടത്തോളം ഇതു വട്ടു കേസ്സാണല്ലോടോ.'
'ഈ സാഹിത്യകാരികള്‍ അറിഞ്ഞോണ്ട് ഇത്തിരി വട്ട് കാണിക്കാറുണ്ട്. പക്ഷേ ഇതതുപോലല്ല. വിശ്വന്‍ പറയുന്നത് താന്‍ ഒരു കണ്ണു തുറന്നുകൊണ്ടാണ് രാത്രിയില്‍ ഉറങ്ങുന്നതെന്നാണ്. അത്രയ്ക്ക് പേടിച്ചാണു പോലും അയാളും ഭാര്യയും വീട്ടില്‍ കഴിയുന്നത്. ഇളയ ചെറുക്കന്‍ ചേച്ചീടെ ശല്യം കാരണം വല്ലപ്പോഴുമേ വീട്ടിലെത്താറുള്ളൂ. അവന്‍ അല്ലറചില്ലറ ഇലക്ട്രിക് കോണ്‍ട്രാക്ട് വര്‍ക്കുമായി നടക്കുവാണെന്നു തോന്നുന്നു. അന്നത്തെ രാവിലത്തെ കാര്യം പറയുന്നതു കേള്‍ക്കണമായിരുന്നു. രാവിലെ അമ്മ ഉപ്പുമാവുണ്ടാക്കി. പക്ഷേ മേശപ്പുറത്ത് കഴിക്കാന്‍ വന്നിരുന്നപ്പോള്‍ അമ്മയെ വിളിച്ചു വരുത്തി തന്റെ പാത്രത്തിലെ ഉപ്പുമാവ് അമ്മയെക്കൊണ്ട് കഴിപ്പിച്ചതിനു ശേഷമാണു പോലും അവര്‍ കഴിച്ചത്. എന്താടേ വിശ്വാ, എല്ലാരും ഇങ്ങനെ എരിപിരി കൊള്ളാന്‍ കാരണമെന്താ.അതിനെന്തെങ്കിലും രാശിക്കണക്കുണ്ടോ'
' എടാ നീ കളിയാക്കണ്ടാ. കണക്കു തന്നെയാ യുഗത്തിനെ നിര്‍ണ്ണയിക്കുന്നത്. ചുമ്മാതല്ല ഇത് കലിയുഗമെന്നു പറയുന്നത്'
'അതു പോട്ടെ, ഞാനിപ്പോ ഒരു ചെറിയ വിഷയവുമായിട്ടാ വന്നിരിക്കുന്നെ. അന്നു നിങ്ങള്‍ സിനിമയ്ക്ക് കേറിയപ്പോ ഞാന്‍ നേരേ മ്യൂസിയത്തിലേക്ക് പോയി. അവിടെ മണ്ഡപത്തിനടുത്തിരുന്ന് ചെറുതായൊന്നു പ്രാക്ടീസ് ചെയ്യുകയായിരുന്നു. അവിടെ വച്ച് ഒരു പഴയ സുഹൃത്തിനെ കണ്ടു. നമ്മടെ ചിദംബരം മാസ്റ്ററുടെ ട്രൂപ്പിലുണ്ടായിരുന്നയാളാ. മാഷിന് എന്നെയൊന്ന് കാണണമെന്ന് മുന്‍പെങ്ങോ അയാളുടെയടുത്ത് പറഞ്ഞിരുന്നെന്ന്. രണ്ടു ദിവസം മുന്‍പ് ഞാന്‍ മാഷിനെ കാണാന്‍ പോയി. മാഷിനിപ്പോ വയ്യാണ്ടായിരിക്കുന്നു. പുറത്തെങ്ങും പോകാറില്ല. മാഷുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോ പഴയ നടി റോസ്മി അവിടെ വന്നു '
' അവളിപ്പോ എവിടടേ . സിനിമ കംപ്ലീറ്റ് വിട്ടോ '
'റോസ്മിക്കു വേണ്ടി ഒരു ഹെല്‍പ്പിനാ ഞാനിപ്പോ വന്നത്. ഹൊ, അതിനെ കാണുന്നതു തന്നെ കഷ്ടമാ. ആ മുഖ ഭംഗിയൊക്കെ പഴയതു പോലുണ്ട്. ശരിക്കും പറഞ്ഞാ ഒരു മാര്‍ബിള്‍ ശില്‍പം പോലെ. കണ്ണുകള്‍ക്കും മുഖത്തിനുമൊന്നും ഒരു ചലനവുമില്ല. വല്ലാത്ത ഗതികേടിലാ. അവരുടെ അമ്മയിപ്പോഴുമുണ്ട്. എന്തോ ഒരുതരം രോഗം പിടിച്ച് കുറച്ച് വര്‍ഷങ്ങളായി കിടപ്പിലാ. അതിന്റെ ആങ്ങളമാരാരും തിരിഞ്ഞു നോക്കില്ല. അല്ല, നോക്കണമെന്നു വിചാരിച്ചാലും നടക്കില്ല. തള്ളേം മോളും അടുക്കളയിലൊതുങ്ങി മറ്റ് മുറികള്‍ വാടകയ്ക്ക് കൊടുത്തിരിക്കുവാ. അതില്‍ നിന്നുള്ള വരുമാനമേ ഉള്ളൂ. ആ തള്ളേടെ ഒരാഴ്ചത്തെ മരുന്നിനു പോലും അത് തികയില്ല. ഹരി വിചാരിച്ചാ മുഖ്യമന്ത്രീടെ ഏതെങ്കിലും ഫണ്ടില്‍ നിന്നോ അല്ലാതെയോ ഉള്ള വല്ല സഹായവും ഒപ്പിച്ചു കൊടുക്കാന്‍ പറ്റുമോ. അത്രയ്ക്ക് ഗതികേടാ. ചിദംബരന്‍ മാഷിന്റവിടെ നിന്ന് എന്നോടൊപ്പമാ ഇറങ്ങിയെ. പുറത്തിറങ്ങിയപ്പോ ശിവാ ,എനിക്ക് വല്ലാതെ വിശക്കുന്നു, എന്തെങ്കിലും വാങ്ങിത്തരുമോ എന്നു ചോദിച്ചു. അന്നവര് പറഞ്ഞ കഥകള്‍ എഴുതുവാണെങ്കില്‍ ഒന്നാന്തരം ഒരു നോവലാകും.''
' ശിവാ ,നിനക്കോര്‍മ്മയുണ്ടോ പണ്ട് സെനറ്റ് ഹാളില്‍ അവതരിപ്പിച്ച ഡാന്‍സ്. ഞങ്ങള്‍ക്ക് അന്ന് ഏറ്റവും പുറകില്‍ നിന്നേ കാണാന്‍ പറ്റിയൊള്ളൂ. പിറ്റേന്ന് പത്രത്തില്‍ പടം കണ്ടപ്പഴാ കണ്ണു തള്ളിപ്പോയെ '
' ആ പടമാ അവളുടെ ലൈഫില്‍ ഒരു വഴിത്തിരിവായത്. ആ പടം കണ്ടതോടെ ചിദംബരം മാസ്റ്റര്‍ അതിനെ മാഷിന്റെ ട്രൂപ്പില്‍ നിന്നു പുറത്താക്കി. അതോടു കൂടി നൃത്ത പഠനവും അവസാനിച്ചു. ആ തള്ള ഒപ്പിച്ച പണിയായിരുന്നു അത്. അന്നതിന് പതിന്നാലോ പതിനഞ്ചോ വയസ്സേ ഉള്ളൂ. ഒരു ജട്ടിയും ബ്രായും അതിന്റെ മേല്‍ സ്ഫടികം പോലുള്ള കൊച്ചു കുപ്പായയുമിടീച്ച് ആ തള്ള അതിനെ മാര്‍ക്കറ്റിലേക്കിറക്കുവായിരുന്നു.'
' ഇപ്പോഴും അവര് തയ്യാറാണേ നല്ല റോളുകളൊക്കെ സിനിമയില്‍ കിട്ടാന്‍ ചാന്‍സ് ഇഷ്ടംപോലില്ലേടെ'
' സിനിമയെന്നു കേള്‍ക്കുന്നതു തന്നെ അവര്‍ക്കിപ്പോ സഹിക്കാന്‍ വയ്യ. ഞാന്‍ പറഞ്ഞു നോക്കി. അവരുടെ അമ്മ മരിച്ചുകിട്ടുകയാണെങ്കില്‍ തനിക്ക് പ്രശ്‌നമില്ലെന്നാ പറയുന്നെ. എങ്ങനെയാണ് ഈ അവസ്ഥയിലിട്ടിട്ട് പോകുന്നതെന്നാ അവര്‍ ചോദിക്കുന്നത്. അവര്‍ക്കാണെങ്കില്‍ നല്ല ബോധവുമുണ്ട്. ഒരുതരം പകരം വീട്ടലുമുണ്ടോ അമ്മയെ നോട്ടത്തിലെന്നു സംശയമില്ലാതില്ല. അതാണെങ്കിലും അവരെ നോക്കുന്നു എന്നുള്ളത് വലിയ കാര്യം'
'അവരുടെ കല്യാണമൊക്കെ കഴിഞ്ഞതല്ലേ. അന്ന് പത്രത്തില്‍ വാര്‍ത്ത വന്നതായി ഓര്‍ക്കുന്നു.'
' വ്വ്, ഏതോ അത്യാവശ്യം നല്ല വീട്ടിലെ ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്നു. അയാള് കളഞ്ഞിട്ടു പോയി. ഒരു മകനുമുണ്ട്. മകനും തള്ളയെ ഇഷ്ടമില്ല. അച്ഛനും മകനും നഗരത്തില്‍ തന്നെ നല്ല രീതിയില്‍ ജീവിക്കുന്നുണ്ട്. അവരന്ന് മുഴുവന്‍ കഥയും പറഞ്ഞു. ഒരു ഭാവവ്യത്യാസവുമില്ലാതെ. അവരെ ചെറുപ്പകാലത്ത് പരിചയപ്പെട്ടിട്ടിളളതില്‍ ഞാന്‍ മാത്രമേ ലൈംഗികമായി ഉപയോഗിക്കാത്തതുള്ളൂ എന്നാ അവര്‍ പറഞ്ഞെ. പ്രൈമറി സ്‌കൂളില്‍ പഠിക്കുമ്പോള്‍, ബോധം വരുന്നതിനു മുന്‍പ് തന്നെ പരിസരത്തുളള മുതിര്‍ന്നവരും പിള്ളേരുമെല്ലാം അതിനെ ലൈംഗികമായി ഉപയോഗിക്കുമായിരുന്നു. പ്രായപൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ തള്ള പലര്‍ക്കും വലിയ കാശിനു കൊണ്ടു കൊടുക്കുമായിരുന്നു. സിനിമയിലഭിനയിപ്പിച്ചതു തന്നെ വിറ്റ് കാശുണ്ടാക്കാന്‍ വേണ്ടിയായിരുന്നു. അല്ലാതെ സിനിമയിലൂടെ കാശുണ്ടാക്കാനായിരുന്നില്ല. പക്ഷേ അവരു കേറി താരമായപ്പോഴും തള്ളേടെ ശ്രദ്ധ താരപദവി ഉയര്‍ത്തിക്കാട്ടി വില്‍ക്കാനായിരുന്നു. അവരുടെ നൃത്തപരിപാടിയും വളരെ പേരുകേട്ടതായിരുന്നുവല്ലോ. '
' അവരുടെ അച്ഛനാരാ. '
'അങ്ങേരെ അവര് അടിച്ചിറക്കി. ഈ കൊച്ചിന് രണ്ടുമൂന്നു വയസ്സാകുന്നതിനു മുന്‍പ് അയാളെ കാണാന്‍ കൊള്ളത്തില്ലെന്നും പറഞ്ഞാ വേണ്ടാന്ന് വച്ചത്. പക്ഷേ അവര് റോസ്മിയേ പോലെയുമായിരുന്നില്ല. റോസ്മിയേക്കാള്‍ അതിസുന്ദരിയായിരുന്നു. അവരെ കെട്ടിക്കൊണ്ടു വന്നപ്പോള്‍ ആ പ്രദേശത്തെ പെണ്ണുങ്ങളൊക്കെ കുറേ ദിവസം അവരുടെ ഭംഗി കാണാനായി എത്താറുണ്ടായിരുന്നുവെന്നാ പറയുന്നെ. അവരറിയപ്പെടുന്നതു തന്നെ ചെന്താമരേന്നാ. വിടര്‍ന്നു വരുന്ന ചെന്താമരപ്പൂ പോലെയായിരുന്നു അവരെ കല്യാണം കഴിച്ചു കൊണ്ടു വന്നപ്പോ. ആ നാട്ടിലെ പെണ്ണുങ്ങളുടെ സൗന്ദര്യ വര്‍ണ്ണനയില്‍ നിന്നാ അവര്‍ക്ക് ആ പേര് വീണത്. ഇപ്പോഴും അവരറിയപ്പെടുന്നത് ചെന്താമാരേന്നാ. '
' ഇപ്പോ സര്‍ക്കാരിനെ സമീപിക്കുന്നത് എന്താണെന്നും പറഞ്ഞാ. വളരെ ധനികയായിരുന്ന സ്ത്രീയല്ലായിരുന്നോ അവര്‍'
' കുറച്ചു സമയം കോണ്ട് രണ്ടു മൂന്നു തലമുറയ്ക്കുള്ള കാശുണ്ടാക്കിയതാ. അതെല്ലാം ആങ്ങളമാര് സിനിമാ പിടിച്ചും ബിസിനസ്സ് നടത്തിയുമൊക്കെ കളഞ്ഞു കുളിച്ചു . '
' വേണമെങ്കില്‍ നമുക്ക് കുറേ ഫണ്ട് സ്വരൂപിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല'
'അതവര് സ്വീകരിക്കുമോ എന്നറിയില്ല. കാരണം ഞാന്‍ പോരാന്നേരത്ത് എന്റെ കൈയ്യിലുണ്ടായിരുന്ന രൂപ എടുത്തു നീട്ടി. പക്ഷേ അവരതു വാങ്ങിയില്ല.'
'അവരുടെ മോനും വലുതായിക്കാണില്ലേ. '
' പിന്നെ. അവനു പത്തിരുപത്തിയേഴ് വയസ്സെങ്കിലും ഉണ്ടാകും. ജീവിതത്തിലൊരിക്കല്‍ പോലും അവനെ കാണരുതെന്നാതാണ് തന്റെ ആഗ്രഹമെന്നാറോസ്മി പറഞ്ഞേ. ഇന്നുണ്ടായ ബോധം അല്‍പ്പമെങ്കിലും അന്നുണ്ടായിരുന്നെങ്കില്‍ ഒരിക്കലും താന്‍ ഒരു കുഞ്ഞിന് ജന്മം നല്‍കില്ലായിരുന്നുവെന്ന് അവര്‍ പറഞ്ഞപ്പോഴാണ് ചെറുതായൊന്ന് വിങ്ങിയതു പോലെ തോന്നിയത്. ആ തള്ള മരിച്ചാല്‍ തലയൊക്കെ മുണ്ടനം ചെയ്ത് കാശിയിലെങ്ങാനും പോയി ജീവിക്കോണോന്നത്രെ അവരുടെ ഇപ്പോഴത്തെ തീരുമാനം.'
' സര്‍ക്കാര്‍ ഫണ്ട് കിട്ടിയാ അവരു വാങ്ങുമോ. '
'ചിദംബരം മാസ്റ്ററാ എന്റെയടുത്തു പറഞ്ഞത് അങ്ങനെയെങ്ങാനും ഒന്നു സഹായിച്ചേ മതിയാകൂ എന്ന്. ഇപ്പോള്‍ അവരാകെ വെളിയിലേക്കു പോകുന്നത് മാസ്റ്ററുടെയടുത്താ. മാസ്റ്റര്‍ക്കും വിഷമമുണ്ട്. കുഞ്ഞു പ്രായത്തില്‍ തള്ള ചെയ്ത വൃത്തികേടിന് മോളെ ശിക്ഷിച്ചതിന്റെ പേരില്‍. ഒരു പക്ഷേ അന്നു അവരെ തന്റെയൊപ്പം നിര്‍ത്തിയിരുന്നെങ്കില്‍ ഇങ്ങനെ ആകില്ലായിരുന്നു എന്നൊരു തോന്നല്‍ മാസ്റ്ററിനെ അലട്ടുന്നുണ്ട്. നൃത്തത്തോട് അപാര ലാവണ്യവും വാസനയുമായിരുന്നു റോസ്മിക്കെന്നാ ചിദംബരം മാസ്റ്റര്‍ പറയുന്നെ. ഒരു പക്ഷേ തനിക്ക് അവളെ അപാര നര്‍ത്തകിയാക്കി വളര്‍ത്താന്‍ കഴിയുമായിരുന്നുവെന്നുള്ള ചിന്തയും മാസ്റ്ററിലൊരു കുറ്റബോധം പോലെ നില്‍ക്കുന്നുണ്ട്. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും റോസ്മി മാസ്റ്ററെ ചെന്നു കണ്ട് കുറച്ചു നേരം അടുത്തിരുന്നിട്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റു പോകും'
' എന്ത് വിചിത്രമായിരിക്കുന്നു'
'എന്താ ഹരി'
' ആദ്യം റോസ്മിയുടെ പേരു കേട്ടപ്പോ അന്നു നമ്മുടെ ഞരമ്പുകളില്‍ തീ പടര്‍ത്തിയ ചിത്രവും പിന്നെ അവരുടെ സിനിമകളിലൂടെ കേരള യുവത്വത്തെ അസ്വസ്ഥമാക്കിയ മാദകത്വവുമെല്ലാമാണ് ഓര്‍മ്മ വന്നത്. ഇപ്പോ അവരുടെ ചിത്രം നീ വരിച്ചിട്ടതു കണ്ടിട്ട് പഴയ ചിത്രങ്ങളിലേക്കു നോക്കിയപ്പോള്‍ എന്തോ പോലെ. ശ്ശെ , രാവിലെ മൂഡ് പോയല്ലോടെ. നീയാണെങ്കില്‍ കഴിക്കുകയുമില്ല. ഒറ്റയ്ക്കിരുന്ന് കഴിക്കാനും തോന്നുന്നില്ല. '
' ഹും, അവരുടെ കഥ ഞാന്‍ പറഞ്ഞത് കേട്ടിട്ട് ഹരിയുടെ മൂഡ് പോയി. അപ്പോ അവരുടെ അവസ്ഥയെന്തായിരിക്കും. ആ തളളയാ ഇതിനെല്ലാം ഉത്തരവാദി.'
'എങ്ങനെ പറയാന്‍ പറ്റും ശിവാ. അവരും ഒരമ്മയുടെയും അച്ഛന്റെയും മകളായി വളര്‍ന്നതല്ലേ. കുറച്ചു കഴിഞ്ഞപ്പോ കാണാന്‍ കൊള്ളാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെ അടിച്ചു പുറത്താക്കിയെന്നുള്ളതൊക്കെ നമ്മളറിയുന്ന കഥകളല്ലേ. യഥാര്‍ഥ കഥയെന്താവും. എന്തുകൊണ്ട് ഇത്രയും സുന്ദരിയായ സ്ത്രീ അവര്‍ക്കിഷ്ടപ്പെടാത്ത ഒരാളെ കെട്ടാന്‍ തയ്യാറായി. അതോ കെട്ടിയതിനു ശേഷമാണോ ഇഷ്ടക്കേടു വന്നത്. അവരുടെ കഥ അവര്‍ പറയാത്തിടത്തോളം കാലം നമുക്കെങ്ങനെ അറിയാന്‍ പറ്റും. ശ്ശെ, ഒറ്റയ്ക്കിരുന്ന് മദ്യപിക്കാനും തോന്നുന്നില്ല. '
ഹരികുമാര്‍ ഫോണെടുത്ത് ഡയല്‍ ചെയ്തു. മറുതലയ്ക്കല്‍ ഫോണെടുത്തപ്പോള്‍ ഹരികുമാര്‍ ചോദിച്ചു' ഷെല്‍ജ, എവിടെയുണ്ട്. തിരക്കിലാണോ. പറ്റുമെങ്കില്‍ ഇതുവഴി വാ. നമുക്കൊന്നു കൂടാം. അത്യാവശ്യമാണ്. ഞാന്‍ വല്ലാത്തൊരു മൂഡിലാ. നേരിട്ടുകാണുമ്പോ പറയാം.'(തുടരും)