ഒരു മൂക്കുത്തി തിളക്കം

ദ്വിതീയ
Fri, 26-01-2018 06:46:16 PM ;

nose-ring

ഒരു കൂട്ടം വെള്ളാരംകല്ലുകള്‍ താഴെ വീണ് ചിതറുന്ന പോലെയുണ്ടായിരുന്നു ആ മുറിയിലേക്ക് കയറിയപ്പോള്‍. ഊര്‍ജ്ജസ്വലരായ ഒരു പറ്റം പെണ്‍കുട്ടികള്‍. പിന്നോക്കവിഭാഗക്കാരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ഒരു റസിഡന്‍ഷ്യല്‍ സ്‌കൂളാണ്.  ഒരുപാട് കളികളും കാര്യവും ഉള്‍പ്പെടുത്തിയ ഒരു മൂന്നു മണിക്കൂര്‍ ഞാന്‍ തയ്യാറാക്കി വച്ചിരുന്നു. മിക്കപ്പോഴും എത്ര തയ്യാറെടുപ്പ് നടത്തിയാലും ആ നിമിഷം വായില്‍ നിന്ന് വരുന്ന സരസ്വതിയെ കൂട്ട് പിടിച്ച് പോവുകയാണ് എന്റെ രീതി.. ഒമ്പതു മണിക്ക് തുടങ്ങുമെന്ന് മുന്‍കൂട്ടി അറിയിച്ച പരിപാടിക്ക് ഒമ്പതേകാല്‍ ആയിട്ടും പതുക്കെ കൂട്ടുകൂടി , കളിപറഞ്ഞു നടന്നു വന്ന കുട്ടികളോട്  കോര്‍ഡിനേറ്റര്‍ യുവാവ് അകത്തു കയറാന്‍ ധൃതി  കാണിച്ചപ്പോള്‍ അതിലൊരു മിടുക്കി ഉറക്കെ വിളിച്ചു പറഞ്ഞു, ' ഇന്ന് പൗഡര്‍ രണ്ടു കോട്ട് അധികം ഇടാമെന്നു കരുതി , അതാ വൈകിയത്.' കൂടെയുള്ളവരും ശരിവച്ച് ചിരിച്ചു. പതുക്കെ പതുക്കെ കസേരകള്‍ നിറഞ്ഞു. ഒരു മൂലയില്‍ കാത്തു നിന്ന ഞാന്‍ പതുക്കെ നടുവിലേക്ക് നീങ്ങി . എല്ലാവരുടെയും ശ്രദ്ധ എന്നിലേക്കാണിപ്പോള്‍ . ആ സമയത്തിനുള്ളില്‍ തന്നെ അവരില്‍ ചിലര്‍ പിറുപിറുക്കുന്നത് എനിക്ക് കേള്‍ക്കാമായിരുന്നു. എന്റെ വസ്ത്രത്തിന്റെ നിറം...ചെരുപ്പ് ...മുടി...എന്നെക്കാണാന്‍ ആരെപ്പോലെയൊക്കെയോ  എന്നൊക്കെ അല്‍പായുസ്സുക്കളായ ചര്‍ച്ചകള്‍. അടക്കിചിരികള്‍, വിടര്‍ന്ന കണ്ണുകള്‍, കൗതുകം , ആകെ ബഹളം. എല്ലാം കണ്ടു നിന്ന എനിക്ക്, ആദ്യം മനസ്സില്‍ വന്നത് ശാന്തമായി  പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു ..'നിങ്ങളില്‍ മിടുക്കികളായവര്‍ ഒന്ന് മുന്‍പോട്ടു വരിക'..ഇല്ല ....ആകെ ശ്മശാന മൂകത ..അത് പതുക്കെ അടക്കിപ്പിടിച്ച പിറുപിറുക്കലായി മാറി ..പലരുടെയും ചുണ്ടുകള്‍ തുന്നിക്കൂട്ടിയ മട്ട്..'എന്റെ ചോദ്യം ആസ്ഥാനത്തായോ !!' ഞാനൊന്നു പകച്ചു ..ഊര്‍ജ്ജഗോളങ്ങള്‍ ചാടി വരുമെന്ന് പ്രതീക്ഷിച്ചിടത്തു നിര്‍ജീവമായ കുറേ കണ്ണുകള്‍ ....

 

ഞാന്‍ ചോദ്യം കുറച്ച് മാറ്റങ്ങളോട് കൂടി ആവര്‍ത്തിച്ചു. 'ആട്ടെ , നിങ്ങളില്‍ സുന്ദരികളൊക്കെ ഓടി വന്നാട്ടെ. എന്നാല്‍...' ഇത് പറഞ്ഞതും പുറകിലുള്ള കുറച്ചു പേര്‍ ലേശം ഉറക്കെ തന്നെ പറഞ്ഞു ...'അമൃത... അമൃത ...പോ ..' അത് പിന്നീട് ആര്‍പ്പുവിളി ആയി മാറി. അല്പം കഴിഞ്ഞപ്പോള്‍ മുന്നിലെ കസേരയില്‍ ഇരുന്ന മെലിഞ്ഞ ഇരുനിറക്കാരി അമൃത നാണിച്ച് എഴുന്നേറ്റു വന്നു. ഞാനൊന്നു സദസ്സിലേക്ക് കണ്ണോടിച്ചു. പലതരം മുഖങ്ങള്‍ ..കണ്ണും, മൂക്കും, എല്ലാം ഉണ്ടെങ്കിലും ഒരു കടലോളം വ്യത്യാസങ്ങള്‍ ..എങ്കിലും അവരില്‍ പൊതുവായി ഒന്ന് മാത്രം. ബഹുഭൂരിപക്ഷവും നല്ല കനലിനെ കുളിപ്പിച്ച നിറമുള്ളവര്‍. പറഞ്ഞു പഠിപ്പിച്ച സൗന്ദര്യസങ്കല്പങ്ങള്‍ വച്ച് മിഴിവേറിയ കണ്ണും ഇടതൂര്‍ന്ന മുടിയും, പാല്‍ പോലെ പല്ലും ഒക്കെയുള്ള മറ്റു പലകുട്ടികളെയും കണ്ടു. എന്ത് കൊണ്ട് അമൃത എന്ന എന്റെ ചോദ്യത്തിന് അറുപതോളം പെണ്‍കുട്ടികള്‍ നിരന്ന സദസ്സില്‍ നിന്ന്, 'വെളുത്തത്‌കൊണ്ട്' എന്ന് ഏക സ്വരത്തില്‍ സംശയലേശമന്യേ ഉത്തരം വന്നു. 'ശരി, അമൃത മിടുക്കിയാണോ ?' എന്ന ചോദ്യത്തിന് അമൃതക്കും    ഉത്തരമില്ല.

 

ഒരു നിമിഷം ഞാന്‍ സംസാരിക്കേണ്ട വിഷയം എന്തെന്ന് ചിന്തിച്ചു. സ്വന്തം ശരീരത്തിനെ അറിയുക, സ്‌നേഹിക്കുക ഇതൊക്കെ പറയാന്‍ എളുപ്പമാണെങ്കിലും അവ മനസ്സിലാക്കി കൊടുക്കേണ്ടത് പിറന്നു വീണ കുലവും, വര്‍ണ്ണവും , വിശ്വാസങ്ങളും വിമര്‍ശനാതീതമാണെന്ന്  പറഞ്ഞു പഠിപ്പിച്ച, സ്വന്തം ശരീരത്തിന്റെ അളവുകോല്‍ മറ്റൊരുവന്റെ കൈയില്‍ ആണെന്ന് മനഃപാഠമാക്കിയ ഒരു ലോകത്തില്‍ നിന്നുകൊണ്ടാണെന്നുള്ളത് ഏറെ ശ്രമകരമായ ഒരു ദൗത്യമാണെന്ന് തോന്നി.  ഞാന്‍ എന്നിലേക്ക്  തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും വലിയ പൊളിച്ചെഴുത്തുകളില്‍ ഒന്നായി തോന്നുന്നത് എന്റെ മൂക്ക് തുളച്ചൊരു മൂക്കുത്തി ഇട്ടതാണ്. പൊതുവെ ആഭരണങ്ങളോടും സ്വര്‍ണത്തിനോടും താല്പര്യം കുറഞ്ഞ എനിക്ക് ആകെ മോഹം ഒരു മൂക്കുത്തി ഇടാനായിരുന്നു. കൗമാരവും കടന്ന് ഏറെ പോയിട്ടും, എന്റെ മനസ്സില്‍ മറ്റുള്ളവരെ പോലെ ഭംഗിയുള്ള മുടിയില്ലാത്ത, നിരയൊത്ത പല്ലില്ലാത്ത, സഹോദരനെക്കാള്‍ നിറം കുറഞ്ഞ, മുഖഭംഗി ഇല്ലാത്ത വീര്‍ത്ത മൂക്കുള്ളവള്‍ എന്ന എന്റെ പ്രതിരൂപം തങ്ങി നിന്നു. 'അയ്യോ , മോന് കിട്ടിയ ആ നല്ല വെളുത്ത നിറം മകള്‍ക്കു കിട്ടിയില്ല്യാലോ ആങ്കുട്യോള്‍ക്കെന്തിനാ ഇത്ര നിറം അല്ലെങ്കിലും  ...കഷ്ട്ടായി' എന്ന് അമ്മയോട് അനുശോചനം അറിയിച്ച ആ സ്ത്രീകളുടെ ഓരോരുത്തരുടെയും മുഖവും , അത് കേട്ട് നിന്ന എട്ടു വയസ്സുകാരിയായ എന്റെ മുഖവും ഒരു സിനിമ സ്‌കോപ്പ് വ്യക്തതയില്‍ ഈ മുപ്പതാം വയസ്സിലും കാണാം.

 

അതിലെ തെറ്റിനെ ചോദ്യം ചെയ്യാനുള്ളൊരു കൈ പൊങ്ങി വന്നില്ല.  പിന്നീടെപ്പഴോ  ഇരുപതുകളുടെ ഒടുക്കത്തില്‍  ഒരു കൂട്ടം ആളുകളുടെ (കൂടുതലും പുരുഷന്മാര്‍ ) ഇടയില്‍ എത്തിപെട്ടപ്പോള്‍ , സ്ത്രീ ആണെന്നോ , രൂപം എന്തെന്നോ നോക്കാതെ കഴിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തപെട്ട നിമിഷങ്ങള്‍, ഞാന്‍ എന്റെ ഉള്ളിലെ എന്നെ മാറ്റി വരക്കുകയായിരുന്നു . രൂപവും കടന്നു മനുഷ്യന്‍ അവന്റെ ഉള്ളിലേക്ക് വളരുമെന്ന് തിരിച്ചറിഞ്ഞ ആ കാലമായിരുന്നു ഞാന്‍ എഴുതാന്‍ തുടങ്ങിയത്...വിമര്‍ശനങ്ങള്‍ കൊണ്ടാല്‍ ഉടനെ വെട്ടിമൂടിവെക്കാന്‍ പഠിച്ചു വച്ച എനിക്ക്, വിളിച്ചു പറയല്‍ ഒരു വലിയ വെല്ലുവിളിയായിരുന്നു. മനുഷ്യന്‍ അവന്റെ തന്നെ ചിന്തകളെ കീറിമുറിക്കുമ്പോഴാണ് വളര്‍ച്ച എന്ന് മനസിലാക്കി. ചോദ്യങ്ങളില്ലാതെ വിധേയപ്പെട്ടു ജീവിക്കുന്നതില്‍ വെല്ലുവിളികള്‍ കുറവാണല്ലോ!

 

സ്വന്തം ശരീരം മറ്റൊരുവനെക്കാള്‍ / മറ്റൊരുവളെക്കാള്‍ വില കുറഞ്ഞതായി കാണുന്ന ഒരു സ്ത്രീ, ഗാര്‍ഹിക പീഡനം അവള്‍ അര്‍ഹിക്കുന്ന ഒന്നായല്ലേ കാണൂ? ഇവിടെയാണ് 'ആത്മാഭിമാനം' എന്നതിനെക്കുറിച് ചിന്തിക്കേണ്ടത്. കുട്ടികളുടെ പ്രവൃത്തികളെയോ കഴിവുകളെയോ അവരുടെ  ലിംഗമോ,  വര്‍ണമോ, കുലമോ മാറ്റിവച്ച് വിലയിരുത്താന്‍ മാതാപിതാക്കള്‍ പഠിക്കേണ്ടത് ഇന്നത്തെ ലോകത്തിന്റെ ആവശ്യമാണ്.

 

എന്തിനും ഏതിനും' മറ്റുള്ളവര്‍' എന്ത് കരുതുമെന്ന അവാസ്തവമായ ഒരു ലോകം സൃഷ്ട്ടിക്കാതിരിക്കുക. സ്വന്തം അഭിപ്രായം മറ്റുള്ളവരെ വൃണപ്പെടുത്താതെ തുറന്ന് പറയാന്‍ ആണിനേയും പെണ്ണിനേയും പഠിപ്പിക്കുക. അതിലൂടെ പീഡനങ്ങള്‍ ഏറ്റു വാങ്ങി സര്‍വം സഹയായ ഉത്തമ സ്ത്രീയെന്നതും അവളുടെ മേല്‍ അധികാരം അടിച്ചേല്‍പ്പിച്ചില്ലെങ്കില്‍ ഉടയുന്ന ആണത്തം എന്ന സങ്കല്പവും അടിച്ചുടക്കുക.

 

ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചതിനിടയില്‍ സ്‌കൂളിനോടുള്ള ഇഷ്ടക്കേടും, പ്രായത്തിന്റേതായ സ്വാതന്ത്ര്യാന്വേഷണവും ഒക്കെ കടന്നു വന്നു. അല്‍പ്പ നേരം കണ്ണടച്ചിരിക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷം മനസ്സില്‍ എന്ത് ചിത്രമാണ് വന്നതെന്ന് ചോദിച്ചപ്പോള്‍, പുറകില്‍ ഉറങ്ങി തൂങ്ങി ഇരുന്ന ഒരു കുഞ്ഞു പെണ്‍കുട്ടി പറഞ്ഞു ..' 'വീട്ടില്‍ ഇന്ന് ചോറുണ്ടായിരിക്കുവോ  ...അമ്മ കഴിച്ചിട്ടുണ്ടാവോ എന്ന് ആലോചിക്കാര്‍ന്നു'  

 

കറുപ്പിനും വെളുപ്പിനും ഇടയ്ക്ക് ആയിരം വര്‍ണങ്ങളില്‍ ജീവിതം അലയടിക്കുന്നുണ്ടെന്ന് ആ കുട്ടികളോട് പറയാതെ പറയാന്‍ ഞാന്‍ ഏറെ ശ്രമിച്ചു. ഒടുക്കം സെഷന്‍ അവസാനിപ്പിച്ചു നിര്‍ദേശങ്ങള്‍ എഴുതാന്‍ കൊടുത്ത ഒരു തുണ്ടു കടലാസില്‍ ആ അറുപതില്‍ ഒരു പെണ്‍കുട്ടി എഴുതി...' എനിക്ക് ഞാന്‍ ആയാല്‍ മതി '....ആ ഒരു വരി എനിക്ക് ഒരുപാട് ഊര്‍ജ്ജം തന്നുവെന്ന് പറയേണ്ടതില്ലല്ലോ...പതിയെ പതിയെ ആ അക്ഷരങ്ങള്‍ക്ക് തിളക്കം കൂടി ....എന്റെ മൂക്കുത്തിയില്‍ നിന്ന് ആ താളിലേക്കും തിരിച്ചെന്റെ ഉള്ളിലേക്കും ഒരു മിന്നാമിനുങ്ങു വെട്ടം ...

 

 IMG_20160406_144305_0.jpg (260×426)കണ്‍സള്‍ട്ടന്റ്‌ സൈക്കോളജിസ്റ്റ് ആണ് ദ്വിതീയ.

 


 

Tags: