അദ്ധ്യായം 18: അര്‍ദ്ധരാത്രിയിലെ സീസോ

മീനാക്ഷി
Thu, 22-03-2018 01:17:17 PM ;

reality novel, passbook

ചാനലിനു വേണ്ടി നടത്തിക്കൊടുത്ത സര്‍വേയുടെയും അതിന്റെയടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ കണ്ടന്റ് ആര്‍ക്കിടെക്ച്ചര്‍ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെയും പ്രതിഫലത്തിന്റെ അവസാന ഗഡുവും ഹരികുമാറിന്റെ സ്ഥാപനത്തിന്  കിട്ടിയ ദിവസം. അന്നു തന്നെ അയാളുടെ സ്ഥാപനത്തിന് മറ്റൊരു സര്‍വേ അടിസ്ഥാന പ്രൊജക്ട് റിപ്പോര്‍ട്ടിനുള്ള കരാറും കിട്ടുകയുണ്ടായി. ചാനല്‍ ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരിലൊരാളായ സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനയുടമയുടെ. അതാകട്ടെ ചാനല്‍ സര്‍വേ പ്രൊജക്ട് റിപ്പോര്‍ട്ടിന്റെ ഇരട്ടി തുകയ്ക്കാണ് കരാര്‍ ഏര്‍പ്പാടാക്കിയിട്ടുള്ളത്. അതും 35 ശതമാനം തുക മുന്‍കൂര്‍ ലഭിക്കണമെന്ന വ്യവസ്ഥയിലും.  ഹരികുമാറിന്റെ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്ന യുവാക്കള്‍ക്ക് കൊടുക്കുന്ന ശമ്പളത്തിന്റെ മൂന്നിലൊന്നു പോലും അയാള്‍ക്ക് തന്റെ സര്‍ക്കാര്‍ ജോലിയില്‍ നിന്നും ലഭിക്കുന്നില്ല. എങ്കിലും അയാള്‍ ആ ജോലി ഉപേക്ഷിക്കാത്തതിനു കാരണം തന്റെ സ്ഥാപനത്തിന്റെ വികാസത്തിന് ആ ജോലി ഒട്ടേറെ മറ്റ് സധ്യതകള്‍ തുറന്നു കൊടുക്കുന്നതിനാലണ്.
     

 

ബില്ല് മാറിക്കിട്ടിയതിന്റെയും പുതിയ വമ്പന്‍ കരാര്‍ ലഭിച്ചതിന്റെയും പശ്ചാത്തലത്തില്‍ അതാഘോഷിക്കാന്‍ ഹരികുമാര്‍ തീരുമാനിച്ചു. കോവളത്തെ കടലിനോടഭിമുഖമായുള്ള ഹോട്ടല്‍ ഷിമ വഴിയാണ് ബുക്ക് ചെയ്തത്. എക്‌സോട്ടിക്ക് ബാള്‍റൂമാണ് ഏര്‍പ്പാടാക്കിയത്. ഷിമ ഏര്‍പ്പാടാക്കിയതിന്റെ പേരില്‍ നല്ല കിഴിവിനാണ് ആ ബാള്‍റും  ലഭിച്ചത്. തന്റെ തന്നെ ഹോട്ടല്‍ ഏര്‍പ്പാടാക്കിയാല്‍ ഷിമയ്ക്ക് സ്വാതന്ത്ര്യത്തോടെ ആഘോഷം പറ്റില്ലെന്നതിനാലാണ് തൊട്ടടുത്ത സ്റ്റാര്‍ ഹോട്ടലിലേക്ക് പരിപാടി മാറ്റിയത്. ഷെല്‍ജയുടെ നേതൃത്വത്തില്‍ നിയ ഫിലിപ്പോസ്, അഞ്ജലി അരവിന്ദ്, നിമിഷ, അമാന്റാ കുര്യാക്കോസ്, ചാനല്‍ ജോര്‍ണലിസ്റ്റ് റിശ എന്നിവര്‍ നേരത്തെ ഹോട്ടലിലെത്തി. പാര്‍ട്ടിക്കുമുമ്പ് പറ്റുമെങ്കില്‍ കടല്‍ത്തീരത്ത് കുറച്ചു സമയം ചെലവഴിക്കണമെന്നുമുണ്ടായിരുന്നു അവര്‍ക്ക്. കടല്‍ത്തീരത്ത് ഇരിക്കാന്‍ നിയയ്ക്കായിരുന്നു ആഗ്രഹം കൂടുതല്‍. നിയയുടെ കല്യാണത്തിനു മുമ്പേയുള്ള മനോരാജ്യത്തിലൊന്നായിരുന്നു കടല്‍ത്തീരത്ത് തന്റെ പുരുഷനുമായി ഉലാത്തുകയും ചെലവഴിക്കുകയുമെന്നുള്ളത്.

 

കല്യാണശേഷം പല തവണ നിയ തന്റെ ആഗ്രഹം ഭര്‍ത്താവിനോട് പ്രകടിപ്പിച്ചിട്ടുള്ളതുമാണ്. പക്ഷേ അയാള്‍ അത് കേട്ട ഭാവം പോലും പ്രകടിപ്പിച്ചിട്ടില്ല. വിവാഹജീവിതവുമായി ബന്ധപ്പെട്ട് താന്‍ കണ്ടിരുന്ന ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നമായിരന്നു അത്. അതൊരു കൗമാരയൗവ്വന സ്വപ്‌നമൊന്നുമായിരുന്നില്ല. കുഞ്ഞുന്നാളില്‍ ഏതോ സിനിമ കണ്ട അന്ന് മുതല്‍ ഉള്ളില്‍ കയറിക്കൂടിയതാണ്. എന്നാണെന്ന് കൃത്യമായി  നിയയ്ക്കറിഞ്ഞുകൂടാ. ഒന്നിലോ രണ്ടിലോ പഠിക്കുമ്പോഴായിരിക്കണം. ആ സ്വപ്‌നം മനസ്സിലുറച്ചതിനാല്‍ കോളേജില്‍ പഠിക്കുമ്പോഴും മറ്റും കടല്‍ത്തീരത്ത് പോകാന്‍ അവസരം കിട്ടിയിട്ടും അവര്‍ കൂട്ടാക്കിയിട്ടില്ല. അതു തന്റെ വിവാഹശേഷ സ്വപ്‌ന സാക്ഷാത്ക്കാരത്തിനായി മാറ്റി വച്ചിരിക്കുകയായിരുന്നു. കുട്ടിയായിരുന്നപ്പോള്‍ ഒരിക്കല്‍ വീട്ടില്‍ നിന്ന് എല്ലാവരും ബീച്ച് കാണാന്‍ പോയപ്പോഴും നിയ തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് ഒഴിവായി ആന്റിയുടെ വീട്ടില്‍ നില്‍ക്കുകയാണുണ്ടായത്. ആ സ്വപ്‌നം എന്തായാലും കരിഞ്ഞു പോയി. അതിനുള്ള സാധ്യതയും ഇനിയില്ല. അതുകൊണ്ട് ടി.വിയിലും സിനിമയിലുമല്ലാതെ ഒരിക്കലെങ്കിലും കടല്‍ നേരിട്ടു കാണാതെ ഭൂമിയില്‍ നിന്നു വിടവാങ്ങുന്നതു ശരിയല്ലല്ലോ എന്നു കരുതിയാണ് നിയ അന്ന് ബീച്ച് സന്ദര്‍ശനം കൂടി പെരുപാടിയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ തന്റെ താല്‍പ്പര്യത്തിന്റെ പിന്നിലെ കഥ നിയ ആരുമായും പങ്കുവച്ചതുമില്ല.
          

 

അവര്‍ ഹോട്ടലിലെത്തിയപ്പോള്‍ ഷിമയും ആ ഹോട്ടലിലെ ജനറല്‍ മാനേജരുമായി ലോബിയിലിരുന്നു സംസാരിക്കുകയായിരുന്നു. അവരെ സ്വീകരിക്കാനായി ഷിമ എഴുന്നേറ്റപ്പോള്‍ ജനറല്‍ മാനേജരും ഒപ്പം കൂടി. ഷിമ ജനറല്‍ മാനേജര്‍ രാജാ കുപ്പുസാമിയെ അവര്‍ക്ക് പരിചയപ്പെടുത്തി.

 

'മാം, നമ്മുടെ വെന്യുവിന്റെ തൊട്ടടുത്തുള്ള 1052, 1053 റൂമുകള്‍ നിങ്ങള്‍ക്കായി ഒഴിച്ചിട്ടുണ്ട്. ഫ്രഷാകാന്‍ ആ റൂമുകള്‍ ഉപയോഗിക്കാം. നാളെ രാവിലെ 11 മണി വരെ. '
' താങ്ക്യൂ രാജ. അതെന്തായാലും വലിയ ഉപകാരമായി. ' ഷിമ പറഞ്ഞു.
 ഷിമ മറ്റുള്ളവരുമായി ബാള്‍ റൂമിലേക്ക് നടക്കാന്‍ തിരിഞ്ഞപ്പോള്‍ ശിവപ്രസാദ് അവിടേക്കു വരുന്നത് ശ്രദ്ധയില്‍ പെട്ടു. ഷെല്‍ജ പെട്ടെന്ന്  തിരിഞ്ഞു നിന്ന് ശിവപ്രസാദിനു വേണ്ടി കാത്തു നിന്നു.
' ഹരികുമാര്‍ സാറെവിടെ മാസ്റ്ററെ. നിങ്ങളൊന്നിച്ചു വരുമെന്നാണല്ലോ സാറ് പറഞ്ഞിരുന്നത്'.ഷെല്‍ജ ചോദിച്ചു.
'ങാ, ഹരിയും ഞാനും ഒന്നിച്ചു വരാനായിരുന്നു പരിപാടി. രമേഷ് സാറിനേയും കൂട്ടി എന്റെ അടുത്തേക്ക് വരുന്ന വഴിയാണ് ഹരിയുടെ ഒരു സുഹൃത്തു വിളിച്ചത്. ആളൊരു ഹൈക്കോടതി ജഡ്ജിയാ. ഹരിയുടെ കൂടെപ്പഠിച്ചയാളാ. പുളളിക്ക് ഔദ്യോഗിക വാഹനത്തില്‍ ഇവിടേക്ക് വരാനൊരു മടി. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു വന്നാല്‍ തിരികെ പോകുന്നത് ബുദ്ധിമുട്ടാകുമല്ലോ. ഡ്രൈവര്‍മാരെ ഹയര്‍ ചെയ്യുന്നതും പുളളിക്കിഷ്ടമല്ല. അതു കാരണം ഹരിയങ്ങോട്ട് പോയിരിക്കുവാ. ഞാന്‍ ബൈക്കിലിങ്ങുപോന്നു.'

 

'ഓ, അങ്ങേര്‍ക്കു ഊബറ് വിളിച്ചു വന്നാ പോരായിരുന്നോ' റിശ ആത്മഗതം പോലെ പറഞ്ഞു.
'ജഡ്ജി ഏമാനല്ലേടി . ക്ഷമിച്ചു കള' ഷെല്‍ജ  പറഞ്ഞു.
' ഇവറ്റകളുടെയൊക്കെ ഒരു തോന്നലുണ്ട് , ജഡ്ജിയായാല്‍ പിന്നെ തറയില്‍ ചവിട്ടാന്‍ പാടില്ലെന്ന്'  റിശ അല്‍പ്പം ഈര്‍ഷ്യയോടെ പറഞ്ഞു.
' ഹ, വിട്ടുകളയെടി. അവര്‍ ദൈവങ്ങളല്ലേ. നമ്മളെപ്പോലെയാണോ അവരൊക്ക' അമാന്റ റിശയെ ചൊടിപ്പിച്ചു.
' ഏയ് , ആള് കുഴപ്പക്കാരനൊന്നുമല്ല. ഹരിയുടെ അടുത്ത സുഹൃത്താ. ' ശിവപ്രസാദ് പറഞ്ഞു.
' എന്തായാലും പുള്ളി വരട്ടെ. ഒരു ജഡ്ജിയേമ്മാനെ സിനിമയിലല്ലാതെ ഇതുവരെ നേരിട്ട് ഞാന്‍ കണ്ടിട്ടില്ല. ഇന്നെന്തായാലും അതു സാധിക്കുമല്ലോ. അഞ്ജലി പറഞ്ഞു.

 

അവര്‍ ബാള്‍ റൂമിലേക്കു കയറിയപ്പോള്‍ എല്ലാം സജ്ജം. ലൈറ്റുകള്‍ കൊണ്ട് ഇരുട്ട് സൃഷ്ടിച്ച ബാള്‍റൂം. എല്ലാം കാണാം. എന്നാല്‍ സ്വകാര്യം. രഹസ്യം പോലും പറയാന്‍ തോന്നുന്നില്ല. അത്രയ്ക്ക് നിശബ്ദം. താഴെയുള്ള പതുപതുത്തെ കാര്‍പ്പെറ്റ് ഫ്‌ളോറില്‍ ചവിട്ടുമ്പോഴുള്ള ശബ്ദം പോലും ചെവിയില്‍ മുഴങ്ങുന്നു. ബാള്‍റൂമിലെ പ്രകാശവീചികള്‍ തങ്ങളുടെ ശ്വാസോഛ്വാസത്തിന്റെ പ്രതിഫലനമാണെന്ന് തോന്നി. അതിസുന്ദരന്മാരും ആറടിയില്‍ കൂടുതല്‍ ഉയരമുള്ളതുമായ വെയിറ്റര്‍മാര്‍. എല്ലാവരുടെയും മുഖത്ത് കുളികഴിഞ്ഞൊരുങ്ങി പുറത്തിറങ്ങുമ്പോഴുള്ള അവസ്ഥ. ഫ്രഡ്ജില്‍ നിന്നെടുത്തു വച്ചതുപോലെ. നാലു ദിവസം മുമ്പ് ശരീരത്തു കയറ്റിയ തന്റെ  ജീന്‍സ് മറ്റൊന്നായിരുന്നെങ്കില്‍ നന്നാകുമായിരുന്നെന്ന് റിശയ്ക്കു തോന്നി. വിശേഷിച്ചും ഷെല്‍ജയുടെ വെളുത്ത ടീഷര്‍ട്ടും  ത്രീഫോര്‍ത്ത് ഡിവൈഡഡ്  സ്‌കര്‍ട്ടും  കണ്ടപ്പോള്‍. തന്റേതൊഴിച്ച് മറ്റുള്ളവരുടെയെല്ലാം വേഷം ആ ബാള്‍റൂം അന്തരീക്ഷവുമായി ചേര്‍ന്നു പോകുന്നുണ്ട്. ജ്യോമട്രിക്കല്‍ സ്‌റ്റൈലിലുള്ള നിയയുടെ സാരിയുടുപ്പ് ആ ബാള്‍റൂമിന്റെ ആര്‍ക്കിടെക്ച്ചറിന്റെ ഗണിതശാസ്ത്ര സൂക്ഷ്മതയെ ഓര്‍മ്മിപ്പിക്കുന്നതുപോലെയും തോന്നി.
           

 

ആര്‍ക്കും ഒന്നും സംസാരിക്കാന്‍ തോന്നിയില്ല.  തന്റെ കടല്‍ത്തീര സന്ദര്‍ശനം ഈയൊരു അവസ്ഥയില്‍ ശരിയാവില്ലെന്ന് തോന്നിയതിനാല്‍ നിയ ആ ഉദ്ദേശ്യം ഉപേക്ഷിച്ചു. ഷിമ തന്റെ പ്രൊഫഷന്റെ പ്രത്യേകതയെ ഓര്‍മ്മിപ്പിക്കും വിധം എഴുന്നേറ്റു പോയി വെയിറ്റേഴ്‌സും മാനേജരുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അധികം താമസിയാതെ പരമശിവന്റെ ഡമരുവിന്റെ ആകൃതിയിലുള്ള  ഗ്ലാസ്സുകളില്‍ നേര്‍ത്ത ജ്യൂസുമായി രണ്ടു വെയിറ്റര്‍മാര്‍ അവരുടെയടുത്തെത്തി. എല്ലാവരും ജ്യൂസ് സ്റ്റര്‍ ചെയ്ത് കുടിച്ചു തുടങ്ങിയപ്പോഴേക്കും തുറന്നു പിടിക്കപ്പെട്ട കതകിലൂടെ ഹരികുമാറും ജഡ്ജിയും രമേഷും കയറി വരുന്നു.
        

 

എല്ലാവരും എഴുന്നേറ്റു. ഹരികുമാറിനെ കണ്ടാണ് എല്ലാവരും എഴുന്നേറ്റതെങ്കിലും ജഡ്ജി കരുതി തന്നെ കണ്ടെതിന്റെ പേരിലാണ് അതെന്ന്. ഏതാണ്ട് കോടതിയിലേക്ക് വരുമ്പോള്‍ എഴുന്നേറ്റു നില്‍ക്കുന്നവരോടുള്ള പ്രത്യഭിവാദനത്തെ ഓര്‍മ്മിപ്പിക്കുന്ന ശിരീരഭാഷ ജഡിജിയില്‍ നിന്നും പുറപ്പെട്ടു.
' എക്‌സ്ട്രീംലി സോറി ഗൈസ്. ശിവന്‍ പറഞ്ഞില്ലെ? ഇത് ജസ്റ്റിസ് സജി. ഞങ്ങള്‍ ഒന്നിച്ച് പഠിച്ചവരാ. ഓരോരുത്തരേയും ഹരികുമാര്‍ ജസ്റ്റിസ്. സജിക്ക് പരിചയപ്പെടുത്തിക്കൊടുത്തു. ഒടുവില്‍ ഹരികുമാര്‍ പറഞ്ഞു' അതേ, സജി , ജസ്റ്റിസ്സായല്ല ഇവിടെ എത്തിയിട്ടുള്ളത്. എന്റെ ആത്മമിത്രമായിട്ടാണ്. അതിനാല്‍ നിങ്ങളുടെയും പ്രിയ സുഹൃത്തായി സജിയെ കാണാം. '
' തീര്‍ച്ചയായും തീര്‍ച്ചയായും.' ജസ്റ്റിസ് സജി പറഞ്ഞു.
' സാര്‍, ഒരു തവണ കുറഞ്ഞുപോയല്ലോ' ഷെല്‍ജ  ചോദിച്ചു
' എന്തു കുറഞ്ഞെന്നാണ്' സജി തിരിച്ചു ചോദിച്ചു.
' സാധാരണ, സത്യം സത്യം സത്യം എന്നു മൂന്നു തവണ കോടതിയില്‍ പറയുന്നത് സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. സാര്‍ തീര്‍ച്ചയായും രണ്ടെണ്ണെത്തില്‍ ഒതുക്കിക്കളഞ്ഞു' എല്ലാവരും ഷെല്‍ജയുടെ തുടക്കവെടിയില്‍ പൊട്ടിച്ചിരിച്ചു.
' എന്റെ ഷെല്‍ജെ!, ഉള്ളതെല്ലാം ഇപ്പോഴേ തീര്‍ക്കല്ലെ. പറ്റുമെങ്കില്‍ നമുക്ക് കോഴി കൂവുന്നതു കേട്ടുകൊണ്ടു വേണം തിരിച്ചു പോകാന്‍'  ഹരികുമാര്‍ പറഞ്ഞു.

 

' അതു കഴിക്കുന്ന കോഴിക്കനുസരിച്ചിരിക്കും ചേട്ടാ.' അമാന്റെ തൊടുത്തു വിട്ടു.
' ഹാവൂ, ഇപ്പോ എനിക്ക് സമാധാനമായി. ഹരി പറഞ്ഞപ്പോ ഇത്രയ്ക്കുഷാറുള്ള സുഹൃത്തുക്കളാവുമെന്നു കരുതിയില്ല. ഇപ്പോ ഈ ഒളിക്കാമറാക്കാലമാണേ.അതുകാരണം ഇത്തരം സംഗതികളില്‍ പോലും ഞങ്ങളെപ്പോലുള്ളവര്‍ പങ്കെടുക്കുന്നത് നാലു പാടും നോക്കിയിട്ടുവേണം.'
' മി ലോര്‍ഡ്, ഇങ്ങനെ പേടിത്തൊണ്ടനായാ എങ്ങനെയാ പിന്നെ നീതി നടപ്പാക്കാന്‍ പറ്റുന്നെ' റിശ ചോദിച്ചു.
റിശയുടെ ചോദ്യം തമാശയായിട്ടുവേണോ അതോ കാര്യമായിട്ടെടുക്കണോ എന്നറിയാതെ ഒരു നിമിഷം കുതറിയ സജി ഒറ്റപ്പൊട്ടിച്ചിരി'
' സജി, സൂക്ഷിച്ചോ, പുള്ളിക്കാരത്തിയെ അറിയില്ലേ.' എന്നു പറഞ്ഞിട്ട് റിശയെ പരിചയപ്പെടുത്തി.
' എന്റെ ഹരി . ഈ ജഡ്ജിയുണ്ടെന്നറിഞ്ഞിരുന്നെങ്കില്‍ ഈ പാവം ജഡ്ജി വരില്ലായിരുന്നല്ലോ'
' ഏയ് പേടിക്കേണ്ടാ മിലോര്‍ഡ് . ഇവള്‍ക്ക്  വിധിപ്രസ്താവിക്കലിനേക്കാള്‍ വിചാരണയിലാ താല്‍പ്പര്യം. പിന്നെ ചിലപ്പോള്‍ വിചാരണയ്ക്കിടയിലൂടെ വിധിയും കാച്ചുമെന്ന കുഴപ്പമേ ഉള്ളൂ' നിമിഷ പറഞ്ഞു.
' ഓര്‍ഡര്‍, ഓര്‍ഡര്‍. നടപടികളിലേക്ക് കടക്കാന്‍ പോവുകയാണ്. ഈ സെഷന്‍ ഞാന്‍ ഗാവല്‍ ചെയ്യാന്‍ പോവുകയാണ്. '

 

reality novel, passbook

' എന്താ സാര്‍ ഗാവലോ. അതെന്തോന്ന്' ഷെല്‍ജ  ചോദിച്ചു.
 അതു കേട്ട് സജിയുടെ മുഖത്തൊരു ചമ്മല്‍.
' അതറിയില്ല അല്ലേ. മോശം. കോടതിയില്‍ ജഡജിയുടെ കൈയ്യിലരിക്കുന്ന ഒരു കൊട്ടൂടി കണ്ടിട്ടില്ലേ. അതിനെയാ ഗാവല്‍ എന്നു പറയുന്നത്.'
' എടേ നീ ആവശ്യമില്ലാതെ കോടതിയേയും ലെജിസ്ലേച്ചറിനെയും കൂട്ടിക്കുഴച്ച് ഭരണഘടനാ പ്രശ്‌നമുണ്ടാക്കരുത്. ഞങ്ങളല്ല എപ്പോഴും ഓര്‍ഡര്‍ ഓര്‍ഡര്‍ പറയുന്നത്. അത് സഭാ സ്പീക്കറാണ്. '  സജി ഓര്‍മ്മിപ്പിച്ചു. അപ്പോഴേക്കും ഓരോരുത്തര്‍ക്കും  ഓരോ വെയിറ്റര്‍ എന്ന നിലയില്‍ ഉത്തരവിനായി കാത്തുനിന്നിരുന്നു. എല്ലാവരും അവരവര്‍ക്കിഷ്ടപ്പെട്ട ബ്രാന്‍ഡ് പറഞ്ഞു. ഹരിയും സജിയും  റമ്മും.
'ഹരിസാര്‍ സ്വര്‍ഗ്ഗ ലോകത്തു പോയാലും റമ്മുണ്ടെങ്കി അതേ എടുക്കത്തുള്ളൂ' ഷെല്‍ജ പറഞ്ഞു.
ഓര്‍ഡര്‍ എടുത്ത് വെയിറ്റര്‍മാര്‍ പിന്മാറിയപ്പോള്‍  ഹരി സിഗററ്റ് കത്തിച്ചു.
' രണ്ടു സിഗററ്റുണ്ട്. രണ്ടു സ്‌മോക്കിന് ശേഷം ഡ്രിങ്ക്‌സെടുത്താ നല്ല ഹരമായിരിക്കും. '
' സാര്‍, ഇന്‍ട്രൊഡകഷന്‍ നല്‍കി  സമയം കളയാതെ. ഫാബ് പാസ്സ് പ്ലീസ്'  ഷെല്‍ജ ധൃതി കൂട്ടി.
'ഡോണ്ട് ബി ഇമ്പേഷ്യന്റ് ഗേള്‍' എന്നു പറഞ്ഞിട്ട് ഹരി സിഗററ്റ് ഷെല്‍ജയ്ക്ക് നേരേ നീട്ടി. ഷെല്ജ ആഞ്ഞ് രണ്ട് വലിയെടുത്തിട്ട് നേരേ സജിക്കു കൈമാറി. സജി പ്രൊഫഷണല്‍ രീതിയില്‍ ഒരു പുകയെടുത്തിട്ട് ശിവപ്രസാദിന് കൈമാറി. ശിവപ്രസാദ് അത് സ്വീകരിക്കാതെ ഒഴിഞ്ഞു.
' സജി, ഇക്കൂട്ടത്തില്‍ ഒരു കന്യാസ്ത്രീയും ഒരു പാതിരിയുമുണ്ട്. ദേ ഇവരു രണ്ടു പേരും' നിയയേയും ശിവപ്രസാദിനെയും ചൂണ്ടിക്കാണിച്ചുകൊണ്ട് ഹരികുമാര്‍ പറഞ്ഞു.

 

 

' എന്റെ ഹരി ഇപ്പോ ഏറ്റവും വലിയ കുഴപ്പക്കാര് ഈ കന്യാസ്ത്രീകളും പാതിരിമാരുമാ. അതു തനിക്കറിയത്തില്ലേ. ഇവറ്റകളെക്കൊണ്ട് ഞങ്ങള്‍ക്ക് കോടതിയില്‍ ഒരു രക്ഷയില്ലാണ്ടായിരിക്കുവാ. ഇവരില്ലാത്ത ഏടാകൂടങ്ങളില്ല.'
' തെറ്റായ സത്യവാങ്മൂലത്തിന് മാപ്പു നല്‍കണം മിലോര്‍ഡ്'
'തന്നിരിക്കുന്നു'
സിഗററ്റ് രണ്ടു റൗണ്ട് കറങ്ങി. ബാള്‍റൂമിലെ ഗന്ധവും പ്രകാശവിന്യാസവും മെല്ലെ മാറി. അപ്പോഴേക്കും വെയിറ്റര്‍മാര്‍ റൗണ്ട് ടേബിളിനു മേല്‍ ഗ്ലാസ്സുകളും അനുബന്ധ ഭക്ഷണങ്ങളും നിരത്തി.
' ഇന്നു ഈ  കൂട്ടായ്മയെ സംഗീതത്തിലാറാടിച്ച് നമ്മുടെ ഈ പാതിരി സംഗീതജ്ഞന്‍ ഈ ബാളിനെ ഒരു സ്വര്‍ഗ്ഗീയ ബാളാക്കി മാറ്റും. എന്റെയും ഹരിയുടെയുമൊക്കെ പ്രായമാണെങ്കിലും എനിക്ക് കലയെ അങ്ങേയറ്റം ബഹുമാനമാ. അതുകൊണ്ട് ഈ കലാകാരനെ ഞാന്‍ മാസ്റ്റര്‍ എന്നേ വിളിക്കൂ.' സജി പറഞ്ഞു.
' അങ്ങനേ വിളിക്കാവൂ' ശിവന്‍ ഇതാ ഇപ്പോ പാടിത്തുടങ്ങും' ഹരികുമാര്‍ പറഞ്ഞു.
'മാസ്റ്ററേ സംഗതി സന്ധ്യയും രാത്രിയുമൊക്കെയാ. പക്ഷേ നമ്മക്കിപ്പോ പ്രഭാതമാ. നല്ല ഭൂപാളരാഗത്തിലുള്ള ഒരു പാട്ട് കാച്ച്.'
' അയ്യോ എന്റെ ജഡ്ജിയദ്ദേഹം, ഭൂപാളം ശോകരാഗമാ' ശിവപ്രസാദ് പറഞ്ഞു.
' എന്നെ പഠിപ്പിക്കുവാണോ മാസ്റ്ററെ. ദേ എനിക്ക് നല്ലവണ്ണം സംഗീതമറിയാം. ഏതു രാഗമാണെങ്കിലും വരി കേട്ടാ ഞാന്‍ പറയും. ഭൂപാളം ശോകമല്ല. മാസ്റ്ററ് എവിടുന്നാ സംഗീതം പഠിച്ചേ. കൗസല്യാ സുപ്രജാ രാമപൂര്‍വ്വാ... ഏതു രാഗത്തിലാ.അതു ഭൂപാളത്തിലാ. അതിരിക്കട്ടെ , ഈ കുട്ടിയെന്തിനാ പൊത്തിച്ചിരിച്ചെ' അമാന്റെയെ ചൂണ്ടി സജി ചോദിച്ചു.
'ഒന്നുമില്ല മിലോര്‍ഡ്. ഞങ്ങളുടെ നാട്ടില്‍ വരീന്ന് വെച്ചാ അണ്‍പാര്‍ലമെന്ററിയാ. അതുകൊണ്ട് ചിരിച്ചുപോയതാ. മാപ്പാക്കണം.കോടതിയലക്ഷ്യമായെടുക്കരുത്. ' അമാന്റ മൊഴിഞ്ഞു.

 

 

' ശരി മാപ്പ് സ്വീകരിച്ചിരിക്കുന്നു. നമുക്ക് ഭൂപാളത്തിലേക്കു വരാം'
' അയ്യോ അതു ഭൂപാളത്തിലൊന്നുമല്ല, ജഡ്ജിസാറെ. അതിന് രാഗം പോലുമുണ്ടെന്ന് പറയാന്‍ പറ്റില്ല. ആകെ മൂന്നു സ്വരം മാത്രമുള്ള മന്ത്രപ്രയോഗം പോലാ അത്.'
' എന്തോന്ന് എന്തോന്ന്, മന്ത്രപ്രയോഗമോ. ഒന്നു പോടോ മാസ്റ്ററെ. ഇയ്യാള് ഏത് കോത്താഴത്തെ മാസ്റ്ററാ. ഇയ്യാക്കൊരു മണ്ണാംങ്കട്ടേം അറിയില്ല. എടേ ഹരി , ഇയ്യാളെ ആരാടേ സംഗീതം പഠിപ്പിച്ചെ. ഇയ്യാക്ക് ഭൂപാള രാഗം പോലും അറിയില്ല.'
' മിലോര്‍ഡ്, അങ്ങ് വിധി പ്രസ്താവിക്കു. ഭൂപാളം പ്രഭാതരാഗമാണെന്ന്. അങ്ങ് വിധി പ്രസ്താവിച്ചു കഴിഞ്ഞാല്‍ പിന്നെ ഭൂപാളം വിചാരിച്ചാല്‍ പോലും ശോകമാകാന്‍ പറ്റില്ല. ' ഷെല്‍ജ ഇടപെട്ടു.
'വിചാരണയില്ലാതെ വിധി പ്രസ്താവിക്കാനിത് റിശയുടെ മാധ്യമക്കോടതിയല്ല. ഇതില്‍ ബഹുമാനപ്പെട്ട ജഡ്ജി വിധി പറയുന്നതായിരിക്കും. കേസ്സ് അടുത്ത സെപ്തംബര്‍ 31ലേക്ക് മാറ്റിവച്ചിരിക്കുന്നു. ഇപ്പോള്‍ ഒരു പ്രഭാതരാഗം നമ്മുടെ സംഗീത കുലപതി ശിവപ്രസാദ് ആലപിക്കുന്നതായിരിക്കും. ഹരികുമാര്‍ വിധി പ്രസ്താവിച്ചു.
' ഏയ് . അതു ശരിയാവില്ല. എനിക്ക് സിനിമാപ്പാട്ടൊന്നും വശമില്ല. '
' എടാ ,ശിവാ പാടടാ. ഗോപാലക പാഹിമാം അനിശം.... പാടടാ'
ജസ്റ്റിസ് സജി അപ്പോള്‍ എഴുന്നേറ്റു, പെട്ടന്ന്  ചമ്രം പടിഞ്ഞ് തറയില്‍ ഇരുന്നിട്ട് ഗോപാലക പാഹിമാം പാടിത്തുടങ്ങി. അപ്പോള്‍ ഷെല്‍ജയും അമാന്റയും എഴുന്നേറ്റ് നൃത്തച്ചുവടുകള്‍ വച്ചു. ഹരികുമാറും അവര്‍ക്കൊപ്പം കൂടി. പെട്ടെന്ന് നിമിഷ മുടിയഴിച്ചിട്ട് നാവും പുറത്തിട്ട് ഒഴിഞ്ഞ് ഒരു സോഡാക്കുപ്പി കത്തിയുടെ രൂപത്തില്‍ പിടിച്ചുകൊണ്ട് ജസ്റ്റിസ് സജിയുടെ മുന്നിലെത്തി ഉറഞ്ഞു തുള്ളി. ഹും ഉം ഉം......... ഇനിപ്പാടിയാല്‍ ഞാന്‍ മഹിഷാസുരമര്‍ദ്ദനം നടത്തുമിവിടെ. പെട്ടെന്ന് കാളിയാല്‍ നിഗ്രഹിക്കപ്പെട്ട മഹിഷാസുരനെപ്പോലെ ജസ്റ്റിസ് സജി പിന്നിലേക്കു വീണു കിടന്നു. തുടര്‍ന്ന്  നിമിഷയും ഷെല്‍ജയും ശിവപ്രസാദിന്റെ അടുത്ത് ചെന്ന് കൈയില്‍ പിടിച്ചു പറഞ്ഞു' മാസ്റ്റര്‍ പാട്. ദേ ജസ്റ്റിസ് മഹിഷാസുരനെ ഞങ്ങള്‍ വകവരുത്തി. '  അപ്പോഴും ശിവപ്രസാദിന് പാടാനൊരു ചമ്മല്‍.

 

' മാസറ്ററെ പാടുന്നതാ നല്ലത്. ഇവളുമാര് വിടില്ല' ശിവപ്രസാദിന്റെ തൊട്ടടുത്തിരുന്ന നിയ ഉപദേശിച്ചു. അതുവരെ ഒന്നും മിണ്ടാതിരുന്ന് ഞൊടിയിടയില്‍ നാലെണ്ണം അകത്താക്കിയ രമേഷ് പറഞ്ഞു' മാസ്റ്ററെ, ഒരു കാര്യം മനസ്സിലാക്കണം. നമ്മള് കഷ്ടപ്പെട്ട് ഇവിടം വരെ വന്നത് ചുമ്മ അനങ്ങാതിരിക്കാന്‍ വേണ്ടിയാ. മാസ്റ്ററും നിയാ മാഡവുമൊക്കെ വന്നത് അതിനാ. ദേ നോക്കൂ, നമ്മുടെ പിള്ളേരെക്കണ്ടില്ലെ. നമ്മുടെ ജഡ്ജിയെ ഈ പിള്ളേര് വധിച്ചിട്ടിരിക്കുന്ന കണ്ടില്ലേ. മാസ്റ്ററ് ഞങ്ങളു വിഴുങ്ങുന്ന വിഷം വിഴുങ്ങാതിരിക്കുന്നതോ വിഴുങ്ങുന്നതോ പ്രശ്‌നമല്ല. മാസ്റ്ററും നിയാ മാഡവും ഇപ്പോ ഞങ്ങളുടെ കൂടെ ഉയരണം.അല്ലെങ്കില്‍ താഴണം.'  ഇതു കേട്ട മാത്രയില്‍ തറയില്‍ മലര്‍ന്നു  കിടന്നിരുന്ന ജസ്റ്റിസ് സജി രമേഷിന്റെ കൈയില്‍ പിടിച്ച് എഴുന്നേറ്റിരുന്നു. സജി എഴുന്നേല്‍ക്കുന്ന കൂട്ടത്തില്‍ രമേഷ് ഉച്ചത്തില്‍ മോങ്ങി. ഷോള്‍ഡര്‍ ബോണ്‍ പൊട്ടിയത്  ശരിയായി വരുന്നതേ ഉള്ളൂ. കാര്യമറിഞ്ഞ ജസ്റ്റിസ് സജി രമേഷിന്റെ കാലില്‍ തൊട്ട് മാപ്പിരന്നു.
           

 

നിയ ഏതാണ്ട് മദ്യപിച്ചവരുടെ ഒരു ലെവലിലേക്കെത്തി, അവരെപ്പോലെ തന്നെ ശിവനെ നിര്‍ബന്ധിച്ചു. ഒടുവില്‍ ശിവപ്രസാദ് ജസ്റ്റിസ് പാടിയ ഗോപാലക പാഹിമാം തന്നെ പാടി. പാട്ട് കസറിയപ്പോള്‍ യുവതികളുടെ നൃത്തത്തിന്റെ വേഗവും കൂടി. തറയില്‍ ഇരിക്കുകയായിരുന്ന സജി യുവതികളുടെ ചാട്ടത്തില്‍ അവരുടെ മുലകളുടെ സ്വതന്ത്രമായ നിമ്‌നോന്നത വിന്യാസം കണ്ട് വാപൊളിച്ചിരുന്നുപോയി. പാട്ട് കഴിഞ്ഞിട്ടും പന്തം കണ്ട പെരുച്ചാഴിയെപ്പോലെ ഇരിക്കുന്ന സജിയെ ചൂണ്ടിക്കൊണ്ട് അമാന്റ പറഞ്ഞു, ' ദേ ഈ ജഡ്ജിയദ്ദേഹം ഞങ്ങളുടെ മുലമേല്‍ തുറിച്ചുനോക്കുന്നു. '
 

 

' നൃത്തത്തില്‍ അധികം പങ്കെടുക്കാതിരുന്ന ഷിമ തിരുത്തി. ' അല്ലെടീ ജഡ്ജിയേമ്മാന്‍ ആലോചിക്കുവായിരിക്കും ഇവളുമാരൊന്നും ബ്രായിട്ടിട്ടില്ലേന്ന്. എന്റെ ജഡ്ജിയദ്ദേഹം രാത്രിയിലൊക്കെ ആരെങ്കിലുമിതുടുവോ. ഇന്നാളൊരു സ്റ്റിംഗ് ഓഡിയോയില്‍ ഒരു വലിയ ഉദ്യോഗസ്ഥന്‍ ഒരു വനിതാ റിപ്പോര്‍ട്ടറെ ഉപദേശിക്കുന്ന കേട്ടില്ല്യോ. രാത്രിയില്‍ അതൊക്കെയിട്ടു കിടക്കരുതെന്നും അങ്ങനെ കിടക്കുവാണേ രക്തചംക്രമണം നടക്കില്ലെന്നുമൊക്കെ. അതിന് ശേഷം കേരളത്തില്‍ പിന്നെ ആരും രാത്രിയില്‍ അതിടാറില്ല മിലോര്‍ഡ്. മിലോര്‍ഡ്, പൊതുജനാരോഗ്യത്തെ പരിഗണിച്ച് ഒരു സുവോമോട്ടോ കേസ്സെടുത്ത് അതു നിര്‍ബന്ധമാക്കിക്കൊണ്ട് ഒരു ജഡ്ജ്‌മെന്റ് നടത്താന്‍ പറ്റുവോ'

 

' ദേ ഒരു കാര്യം പറയാം. കോടതിയലക്ഷ്യം നടത്തിയാല്‍ എല്ലാത്തിനേയും ഞാന്‍ ശിക്ഷിച്ചുകളയും. അറിയാമല്ലോ. ജഡ്ജിയിരിക്കുന്നിടം കോടതിയാ. ഇത് കോടതിയാ ഇപ്പോ' സജി പറഞ്ഞു. ഇതു കേട്ട മാത്രയില്‍ നിമിഷ പിന്നിലൂടെ വന്ന് സജിയെ പിടിച്ച് മലര്‍ത്തിക്കിടത്തി.' ഇരിക്കുന്നിടമല്ലേ കോടതിയാവൂ. കിടക്കുന്നിടം കോടതിയാകുമോ. ഇല്ലല്ലോ' നിമിഷ ചോദിച്ചു.
' ഒരു കാരണവശാലും കിടക്കുന്നിടം കോടതിയാവില്ല. ' ഹരികുമാര്‍ പ്രഖ്യാപിച്ചു.
' നിങ്ങളൊരുകാര്യം മനസ്സിലാക്കണം. കോടതിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ വേണ്ടിയാ ഞാനീ കിടക്കുന്നത്. അപ്പോള്‍ റിശ സജിയുടെ കണ്ണിന്റെ നേര്‍ക്കെത്തി. റിശയുടെ ഇറുകിക്കിടക്കുന്ന ജീന്‍സിലേക്ക് നോക്കി സജി അങ്ങനെ കുറേ നേരം കിടന്നു. എന്നിട്ട് മുഖത്തേക്കു നോക്കി. ' ഈ മാധ്യമപ്രവര്‍ത്തകയ്ക്ക് എന്തോ ചോദിക്കാനുണ്ട്. ചോദിച്ചോളൂ. ഞാന്‍ കിടക്കുകയാ. എന്തുവെണമെങ്കിലും ചോദിച്ചോ'
 ' മിലോര്‍ഡ് , ഞാനൊരുത്തനെ കൊന്നിട്ടു വന്നാല്‍ എന്നെ വെറുതെ വിടാന്‍ പറ്റുമോ. '
' എന്റെ മോളേ നീ ആരേലും കൊന്നോ.പോയി ധൈര്യപൂര്‍വ്വം ചെയ്യ്. ഞാനില്ലേ ഇവിടെ.
എനിക്കൊരു സംശയം. വിചാരണയായിക്കണക്കാക്കരുത്. സംശയം മാത്രമാ. അതിനുള്ള ശരിയായ ഉത്തരം കിട്ടുകയാണെങ്കില്‍ ചിലപ്പോള്‍ അത് നാടിന്നുപകരിക്കും. അതുകൊണ്ടാ. ചോദിക്കട്ടെ' സജി പറഞ്ഞു.
' എന്റെ കോടതി സ്വാതന്ത്ര്യത്തിന്റെ കോടതിയാ. എന്തു വേണമെങ്കിലും ചോദിക്കാം. ഹരിസാര്‍ ആ രണ്ടാമത്തെ സിഗററ്റുകൂടെ കത്തിച്ചെ.' റിശ പ്രതികരിച്ചു.
' വളരെ സത്യസന്ധമായ ഒരു സംശയമാ. ഈ ജീന്‍സിട്ടുകൊണ്ട് ബാത്ത് റൂമില്‍ പോയാല്‍ കഴുകാറുണ്ടോ ?
 സജിയുടെ ചോദ്യം ഉയര്‍ന്നയുടന്‍ തന്നെ വലിയൊരു കൈയടി. തുടക്കം കുറിച്ചത് നിയയാണ്. ' ഇന്നത്തെ മാന്‍ ഓഫ് ദ നൈറ്റ് നമ്മുടെ സജിസാര്‍'  നിയ പ്രഖ്യാപിച്ചു. അതു കേട്ട മാത്രയില്‍ നിമിഷയും അഞ്ജലിയും ചേര്‍ന്ന്  സജിയെ എഴുന്നേല്‍പ്പിച്ച് ഇരുത്തി. എഴുന്നേറ്റിരുന്നപ്പോള്‍ റിശയുമായി മുഖാമുഖം.
' ഉത്തരം കിട്ടിയില്ല, മാധ്യമപ്രവര്‍ത്തകെ'
' മിലോര്‍ഡ്, യു ലാക്ക് കോമണ്‍സെന്‍സ്'
'വൈ'
' ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍, ചോദ്യം ചോദിക്കാറേ ഉള്ളൂ. ഉത്തരം പറയാറില്ല. ഇറ്റീസ് നണ്ണോഫ് ഔവര്‍ ബ്ലഡി ബിസിനസ്സ് യുവര്‍ ഹോണര്‍'
' മിലോര്‍ഡ്, എനിക്കൊരു സംശയം. നിങ്ങള്‍ ജഡ്ജിയാകുമ്പോള്‍ പേര് മാറ്റാറുണ്ടോ?'
' പേര് മാറ്റുകയോ.ഏയ്. അങ്ങനൊരേര്‍പ്പാട് ഇല്ലേ ഇല്ല.''
'പിന്നെങ്ങനാ മിലോര്‍ഡ്  മിക്ക ജഡ്ജിമാരും സഹസ്രനാമന്മാരാകുന്നത്' നിമിഷ ചോദിച്ചു.
'അതൊരു ഒന്നൊന്നര ചോദ്യമാ. ഗവേഷണം നടത്തി കണ്ടുപിടിക്കാന്‍ ഈ കോടതി ഇതിനാല്‍ ഉത്തരവിടുന്നു. .മതിയോ'
'തൃപ്തിയായി'

 

 

അപ്പോഴേക്കും ഹരികുമാര്‍ കത്തിച്ച സിഗററ്റ് സജിക്ക് അടുത്തെത്തി. സജി രണ്ട് നീണ്ട പുകയെടുത്തു. പെട്ടെന്നയാള്‍  പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും ഒരു നൂറു രൂപയും ഒറ്റരൂപാകോയിനുമെടുത്ത് ശിവപ്രസാദിന്റെ കൈയില്‍ വച്ചിട്ട് പറഞ്ഞു' മാസ്റ്ററെ, അങ്ങാണ് യഥാര്‍ത്ഥ സംഗീതജ്ഞന്‍. സംഗീതം അറിയുന്നവര്‍ക്കേ നല്ല സംഗീതം കേട്ടാല്‍ തിരിച്ചറിയാന്‍ പറ്റൂ. അവിടുന്ന് ഈ ദക്ഷിണ സ്വീകരിച്ചുകൊണ്ട് എനിക്ക് ശിഷ്യത്വം തരണം. ഞാനിതാ വിധി പ്രഖ്യാപിക്കുന്നു. ഭൂപാളരാഗം അങ്ങ് പറഞ്ഞതാണ് ശരി. എനിക്കൊരു സംശയവും കൂടിയുണ്ട്. ഗോപാലക പാഹിമാം മാസ്റ്റര്‍ പാടിയ ആ രാഗമേതായിരുന്നു.'
മദ്യപിച്ച് ലക്കു കെട്ടയാളിന്റെ മുന്നില്‍ രാഗത്തെക്കുറിച്ചു പറയുന്നത് അര്‍ത്ഥശൂന്യമെന്ന് കണ്ട് ശിവപ്രസാദ് ചിരിച്ചുകൊണ്ടിരുന്നു. സജി വീണ്ടും നിര്‍ബന്ധിച്ചു.
' മാസറ്റര്‍ അറിയാമെങ്കില്‍ പറയണം. ഞങ്ങള്‍ മദ്യപിച്ചവരെ വെറും കോഞ്ഞാട്ടകളായി കാണരുത്. പ്ലീസ്. എനിക്കും ആഗ്രഹമുണ്ട് ആ രാഗമറിയാന്‍' രമേഷ് പറഞ്ഞു.
' അതു രേവഗുപ്തിയാ'
' ഹോ, എത്ര മനോഹരമായ പേര്. അല്ലേ മിലോര്‍ഡ്. എനിക്കൊരു മകളുണ്ടാവുകയാണെങ്കില്‍ അവള്‍ക്ക്  ഞാന്‍ രേവഗുപ്തിയെന്നു പേരിടും' അമന്റാ പറഞ്ഞു.
വീണ്ടും തൊഴുകൈയ്ക്കുള്ളില്‍ നൂറ്റൊന്നുരൂപാ ഒതുക്കി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സജി ശിവപ്രസാദിന്റെ പാദനമസ്‌കാരത്തിനായി കുനിയുന്ന ഭാവം കാട്ടിയപ്പോള്‍ ശിവപ്രസാദ് തടഞ്ഞു. അന്നേരമാണ് ആ ബാള്‍റൂമിനെ നടുക്കിക്കൊണ്ട് അമാന്റയുടെ അത്യുച്ചത്തിലുള്ള കീഴ്ശ്വാസപ്രയോഗം. അതു കേട്ട് സ്പ്രിംഗില്‍ നിന്നെന്നോണം സജി എഴുന്നേറ്റു. പേടിച്ചരണ്ടപോലെ അമാന്റയെ നോക്കി. നിയയ്ക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ല. ഒപ്പം അവര്‍ മൂക്കും പൊത്തി. ഇതു കണ്ട് തറയില്‍ ഇരിക്കുകയായിരുന്ന റിശ പണിപ്പെട്ട് ഇളകി ജീന്‍സിനെ വെല്ലുവിളിച്ച് ദീനരോദനം പോലെ ഒരു അധോവായുരാഗം പ്രയോഗിച്ചു.

 

 

' ഹരി, സിഗററ്റിനീം ഉണ്ടോടാ' സജി ചോദിച്ചു.
' ഇല്ലെടാ മച്ചാ തീര്‍ന്നു. സാധാരണ സിഗററ്റുണ്ട് അതു വേണ്ടല്ലോ'  ഹരികുമാര്‍ പറഞ്ഞു.
' കണ്ടോ , ഇവിടെ സംഭവിച്ചത് കൃത്യമായ ജെന്‍ഡര്‍ ഇഷ്യൂവാ. ഇത് മെയില്‍ ഷോവനിസമാണ്. ഈ വൃത്തികെട്ട സമീപനത്തേക്കാള്‍ എത്രയോ ഉദാത്തമാണ് ഞങ്ങള്‍ വിടുന്ന വളി. ഇത്രയും നാള്‍ നിങ്ങള്‍ സ്ഥലവും കാലവും നോക്കാതെ ഇതു വിട്ട് നിങ്ങളുടെ ആഢ്യത്വത്തിന്റെ ലക്ഷണം പ്രകടിപ്പിച്ചു. അപ്പോഴും ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കും  ഇതൊക്കെയുണ്ടായിരന്നു. അത് ഞങ്ങളടക്കി വച്ചിരുന്നു. ആ ശൂന്യതിയിലാണ് നിങ്ങള്‍ അത് പ്രയോഗിച്ച്  നിങ്ങളുടെ കേമത്വം ഉറപ്പിച്ചത്. ഞങ്ങളിനി നിശബ്ദമാകില്ല. നിങ്ങള്‍ സഹിച്ചേ പറ്റൂ. ഇതു നീതി നിഷേധമാണ്. ഒരു ന്യായാധിപനായ വ്യക്തി പോലും കണ്ടില്ലേ. എന്തൊരു വിവേചനമാണ്. അമാന്റയ്ക്കും എനിക്കും പകരം ഹരികുമാര്‍ സാറോ രമേഷ് സാറോ ആണ് ഈ വളി വിട്ടിരുന്നതെങ്കില്‍ ഈ ന്യായാധിപന്‍ ഇങ്ങനെ പെരുമാറുമായിരന്നോ. കണ്ടില്ലേ കോടതികള്‍ പോലും ഈ വിവേചനമസ്സില്‍ ഉറയ്ക്കപ്പെട്ടു പോയിരിക്കുന്നു.' ജീന്‍സിന്റെ ബട്ടന്‍ ഊരിയിട്ട് വയറിന് സ്വാതന്ത്ര്യം കൊടുത്തുകൊണ്ട് റിശ ആക്രോശിച്ചു.
' റിശ, പറഞ്ഞതു ശരിയാ. നമുക്ക് എന്തുകൊണ്ട് ചുംബനസമരം നടത്തിയതു പോലെ കേരളത്തില്‍ മൂന്നു നഗരങ്ങളില്‍ ഒരു വളിവിടല്‍ മത്സരം നടത്തിക്കൂടാ'. ഹരികുമാര്‍ നിര്‍ദേശിച്ചു.

 

'നിങ്ങളുടെ നിശബ്ദവിപ്ലവത്തിന് പെന്‍സിലിന്റെ അറ്റം കൊണ്ട് തുടയിലെ തൊലി ചൂഴ്‌ന്നെടുക്കപ്പെടലിന് ഇരയായ വ്യക്തിയാണ് ഞാന്‍. ശരിക്കും ഞങ്ങള്‍ ആണുങ്ങളാണ് പീഡിപ്പിക്കപ്പെടുന്നത്. നാലാം ക്ലാസ്സില്‍ ഉച്ചകഴിഞ്ഞ് കണക്ക് സാറ് വന്നപ്പോള്‍ ക്ലാസ്സില്‍ നാറ്റമുണ്ടായതിന് എന്റെ തുടയിലെ തൊലിയാണ് പോയത്. പക്ഷേ ഞാന്‍ മനസ്സാ വാചാ കര്‍മ്മണാ അറിഞ്ഞ കാര്യമല്ലായിരുന്നു. ഒരിക്കല്‍ പോലും ക്ലാസ്സില്‍ നാറ്റിയതിന് സാറന്മാര്‍ പെണ്‍കുട്ടികളെ സംശയിച്ചിട്ടുമില്ല , പിടിച്ചിട്ടുമില്ല. അന്ന് ക്ലാസ്സില്‍ നാറ്റിയത് തടിച്ചി രാധാമണിയായിരന്നു. അവളുടെയടുത്തിരുന്ന രാജേശ്വരിയാ എന്നോട് ഇന്റെര്‍വെല്‍ ടൈമില്‍ പറഞ്ഞത്, തടിച്ചി രാധാമണിയാ ഈ നാറ്റത്തിന്റെ ഉറവിടമെന്ന്. പെണ്ണുങ്ങള്‍ നാറ്റുന്നതിന്റെ മുഴുവന്‍ വേദന അനുഭവിച്ചതും, അനുഭവിച്ചുകൊണ്ടിരിക്കുന്നതും ഈ പാവങ്ങളായ ഞങ്ങള്‍ ആണുങ്ങളാണ്' രമേഷ് പറഞ്ഞു.

 

'അതൊക്കെ മുടന്തന്‍ ന്യായങ്ങളാ. കുടവയറും കഷണ്ടിയും അധോവായുവും ഈ ത്രയങ്ങളായിരുന്നില്ലേ നിങ്ങളുടെ അന്തസ്സിന്റെ ലക്ഷണം. ഇനി ഞങ്ങളുമൊന്ന് അന്തസ്സിലേക്ക് വരട്ടെ. അതു കഴിഞ്ഞിട്ടു മതി ന്യായാന്യായനിശ്ചയമൊക്കെ' റിശ പറഞ്ഞു. തറയിലിരിക്കുകയായിരുന്ന അഞ്ജലി കഷ്ടപ്പെട്ട് എഴുന്നേറ്റു. ഒരു വെയിറ്ററെ കൈകാട്ടി വിളിച്ചു. അഞ്ജലിക്ക് നേരേ നില്‍ക്കാന്‍ പറ്റുന്നില്ല. വെയിറ്റര്‍ അടുത്തു വന്നപ്പോള്‍ അവള്‍ അയാളോട് പറഞ്ഞു' എന്നെ ടോയിലറ്റു വരെ കൊണ്ടു പോകണം. അതു പറഞ്ഞുകൊണ്ട് അഞ്ജലി വെയിറ്ററുടെ കൈയില്‍ പിടിക്കാന്‍ ശ്രമിച്ചു. പടികിട്ടാതെ വീഴാന്‍ പോയ അവളെ വെയിറ്റര്‍ വളരെ ആദരപൂര്‍വ്വം  ടോയിലറ്റിലേക്കു കൊണ്ടു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഭൂമി പിളര്‍ന്നു  താഴേക്കു പോകുന്ന വിധമുള്ള ഹുംങ്കാരശബ്ദം അകലെ നിന്നെന്നവണ്ണം ബാള്‍റൂമില്‍ പ്രതിധ്വനിച്ചു. രമേഷ് കൈ കൊട്ടി ഒരു വെയിറ്ററെ വിളിച്ചു.വെയിറ്റര്‍ ഓടിയെത്തി.
' അനിയാ, ഇനീ പൊട്ടറ്റോ, ഗ്രൗണ്ട്‌നട്ട് എന്നിവയുടെ ഐറ്റംസ് ഒന്നും വേണ്ട. കേട്ടോ' . അതു കേട്ട വെയിറ്റര്‍ നിസ്സാഹയതയും കൗതുകവും കലര്‍ന്ന ചിരിയോടെ നിന്നു.
' വെയിറ്റര്‍, ഓരോരുത്തര്‍ക്കും വേണ്ടത് അവരവര്‍ ഓര്‍ഡര്‍ ചെയ്തുകൊള്ളും. ' റിശ വെയിറ്ററെ ഓര്‍മ്മിപ്പിച്ചു.
' എന്റെ രമേഷ്ജി ഇനി നടപ്പില്ല നിങ്ങടെ പഴയ പരിപാടി. കാലം മാറിയതറിയൂ. ഇല്ലെങ്കില്‍ അറിയും. അല്ലെങ്കില്‍ അറിയുക്കുക തന്നെ ചെയ്യും' ഇതു പറഞ്ഞതിനു ശേഷവും ദീനരോദനം പോലെ കഴുത്തു ഞെരിച്ച വിധത്തിലുള്ള കീഴ്ശ്വാസം വിട്ട് റിശ തന്റെ സമത്വപ്രഖ്യാപനം നടത്തി.
 വളിച്ചര്‍ച്ചകളും അതിന്റെ വെളിച്ചത്തിലുള്ള ലിംഗനീതിയും സംബന്ധിച്ച തര്‍ക്കം പൊടിപൊടിച്ചു.  അതിനിടയില്‍ നിയയും ശിവപ്രസാദും ഇവരുടെ സംഭാഷണം കൗതുകപൂര്‍വ്വം ശ്രദ്ധിച്ചുകൊണ്ടിരുന്നു.

 

 

' മാസ്റ്റര്‍ക്ക്  ബോറടിച്ചോ?' നിയ ചോദിച്ചു.
' ഏയ് , ഞാന്‍ ഇത്തരം പാര്‍ട്ടികളില്‍ ധാരാളം പങ്കെടുക്കാറുണ്ട്. ചിലപ്പോ ഇവരുടെ ഛര്‍ദ്ദിയുമൊക്കെ കോരിയ സന്ദര്‍ഭമുണ്ടായിട്ടുണ്ട്. '
' എന്തായാലും താങ്ക്‌സ് മാസ്റ്ററെ. എന്തൊരു രസമായിട്ടാ മാസ്റ്ററ് പാടിയത്. എനിക്ക് വല്ലാതിഷ്ടപ്പെട്ടു. ഇതൊക്കെ ഒരനുഗ്രഹമാ. എനിക്കും ചെറു പ്രായത്തില്‍ സംഗീതം പഠിക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പക്ഷേ വീട്ടീന്ന് വിട്ടില്ല. പള്ളിപ്പാട്ടു പഠിച്ചാ മതിയെന്ന് പറഞ്ഞു. ആ ദേഷ്യത്തിന് ഞാന്‍ മനപ്പൂര്‍വ്വം പള്ളിപ്പാട്ടും പഠിച്ചില്ല. കാതോട് കാതോരം എന്ന് ലതിക പാടിയ ആ പാട്ടില്ലെ. അതെനിക്കു വലിയ ഇഷ്ടമാ'
' മാഡത്തിന് സംഗീതം പഠിക്കാന്‍ ഇഷ്ടമാണെങ്കില്‍ ഇനിയും പഠിക്കാവുന്നതേ ഉള്ളൂ. ' ശിവപ്രസാദ് സൂചിപ്പിച്ചു
' ഓ അതൊക്കെ ഇനി എങ്ങനെ ശരിയാകാനാ മാസ്റ്ററെ'
' വിചാരിച്ചാ നടക്കാത്ത കാര്യമേതാ മാഡം'
പെട്ടെന്ന് ഒരു ബലമില്ലാത്ത അമറല്‍ പോലൊരലര്‍ച്ച.
' എന്താടീ, ' അലറിയ റിശയോട് ഷെല്‍ജ ചോദിച്ചു.
' എനിക്ക് സെക്‌സ് ചെയ്യണം'
' എടീ , നിനക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും  അതൊക്കെ വേണമെന്നുണ്ട്. ഇവിടെയാരാടീ ആ മാസ്റ്ററല്ലാതെ നേരേ നില്‍ക്കുന്നെ.' ഷെല്‍ജ ചോദിച്ചു.
' ഐയാം റെഡി' സജി പ്രസ്താവിച്ചു
' യുവര്‍ ഓണര്‍  ആ റെഡിയെന്ന് ഒന്നുകൂടെ പറഞ്ഞെ. റെഡിയെന്ന് പറയാന്‍ തന്നെ പറ്റുന്നില്ല. പിന്നല്ലെ' ഷെല്‍ജ  പറഞ്ഞു.

 

 

'ഇതിനെയാണോ ഹരിസാറേ ഈ ഡയലക്ടിക്കല്‍ മെറ്റീരിയലിസമെന്ന് പറയുന്നെ. എന്തൊരു ഗതികേടാ കേരളമേ ഇത്. ഈ ബീവറേജസില്‍ നിന്ന് ചെലവാകുന്നതിന്റെ തോതു വെച്ചു നോക്കുകയാണെങ്കില്‍ ഈ കേരളത്തിലെ പെണ്ണുങ്ങളൊക്കെ എന്തു ചെയ്യും. മദ്യം ചെല്ലുമ്പോള്‍ സ്ത്രീശക്തി ഉണരുന്നു. പുരുഷശക്തി അണയുന്നു. ഇതാണ് ഡയലക്ടിക്കല്‍ മെറ്റീരിയലിസം.' ഷിമ പറഞ്ഞു.
' ചുമ്മാതല്ല, ലോകം മുഴുവന്‍ കമ്മ്യൂണിസം തകര്‍ന്നിട്ടും കേരളത്തില്‍ കമ്മ്യൂണിസം തകരാതെ നില്‍ക്കുന്നത്, രഹസ്യം ഇപ്പോഴാ മനസ്സിലായേ. ഇതൊരു തീസിസ്സാണ്. ഹരിസാറേ നിങ്ങള്‍ സര്‍വേ നടത്തിയാല്‍ പോലും കണ്ടെത്താന്‍ പറ്റാത്ത കാര്യമാ ഇത്. ഈ ഗവേഷണഫലം സാറെടുത്തു വിറ്റു കാശാക്കരുത്. ഇത് യഥാര്‍ത്ഥത്തില്‍ ഷിമ വന്തപ്ലാവിന്റെ തിയറിയാ. ഡോ. ഷിമാ വന്തപ്ലാവില്‍ . കണ്ടില്ലേ എക്‌സ്.എല്‍.ആര്‍. ഐയുടെ ഗുണം.' അഞ്ജലി പറഞ്ഞു.
      

 

reality novel, passbook

നേരം രണ്ടു മണിയോടടുത്തു. എല്ലാവരും ഓരോ വശത്ത് ചരിഞ്ഞു. ഷിമയുടെ ഏര്‍പ്പാടായതു കാരണം ബാള്‍റൂമില്‍ അതേ പടിയോ അല്ലെങ്കില്‍ റൂമിലോ പോയിക്കിടക്കാമെന്ന് വെയിറ്റര്‍മാര്‍ പറഞ്ഞു. ആരെയും ഡിസ്റ്റര്‍ബ് ചെയ്യേണ്ടെന്ന് ഹരികുമാര്‍ പറഞ്ഞു.  ശിവപ്രസാദ് വീട്ടിലേക്ക് പോകാനായി എഴുന്നേറ്റു. ബുദ്ധിമുട്ടാവില്ലെങ്കില്‍ തന്നെ ഡ്രോപ്പ് ചെയ്യാമോ എന്ന് നിയ ശിവപ്രസാദിനോട് ചോദിച്ചു. ശിവപ്രസാദ് സന്തോഷപൂര്‍വ്വം  ഏല്‍ക്കുകയും ചെയ്തു.
    

 

ശ്രീകാര്യത്തെത്തിയപ്പോള്‍ പോലീസ് വാഹനമോടിക്കുന്നവരെ ഊതിക്കന്നു. ശിവപ്രസാദിനെയും നിര്‍ത്തിച്ചു. ശരീരത്തില്‍ നിന്ന് ലഹരി ഗന്ധം പുറപ്പെട്ടതിനാലാകാം രണ്ടു തവണ ശിവപ്രസാദിനെക്കൊണ്ട് ഊതിച്ചു. എന്നിട്ട് പേരും സ്ഥലവും ചോദിക്കുകയുണ്ടായി. പേര് പ്രസാദ് എന്നു പറഞ്ഞിട്ട് സ്ഥലപ്പേര് കഴക്കൂട്ടത്തുള്ള നിയയുടെ ഫ്‌ളാറ്റിന്റെ വിലാസം കൊടുത്തു. തുടര്‍ന്ന് അവരെ വിട്ടയക്കുകയും ചെയ്തു.  കാര്യവട്ടമെത്തിയപ്പോഴാണ് ശിവപ്രസാദിന്റെ നെഞ്ചിടിപ്പ് നേരേ വീണത്. അതും തനിക്ക് മുമ്പ് അപകടമുണ്ടായ സ്ഥലമെത്തിയപ്പോള്‍. ആ അപകടത്തെത്തുടര്‍ന്നുണ്ടായ സൗഹൃദങ്ങളിലൂടെയാണ് താനിപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതെന്നും അയാള്‍ ഓര്‍ത്തു.
' മാസ്റ്റര്‍ എന്തേ, പേര് പ്രസാദെന്നു മാത്രം പറഞ്ഞിട്ട് ഞങ്ങളുടെ ഫ്‌ളാറ്റിന്റെ അഡ്രസ്സ് കൊടുത്തത്.' നിയ ചോദിച്ചു.
' എന്റെ മുഴുവന്‍ പേര് പറഞ്ഞതിന് ശേഷം മാഡത്തിന്റെ പേര് കേട്ടാല്‍ അവര്‍ക്ക്  സംശയം തോന്നില്ലേ. മാത്രവുമല്ല മണക്കാട് വീടുള്ള ഞാന്‍ ഈ നേരത്ത് എങ്ങോട്ടു പോകുന്നുവെന്ന് ചോദിച്ചാ ഞാനെന്തു പറയും. ഇതിപ്പോ നമ്മള് ഭാര്യാഭര്‍ത്താക്കന്മാരാണെന്ന് കരുതിയിട്ടുണ്ടാവും. അതുകൊണ്ട് വലിയ ചോദ്യം ചെയ്യലുമുണ്ടായില്ല. നമ്മളെയും മദ്യവും പുകയുമൊക്കെ മണക്കുന്നുണ്ടാകും. ' ശിവപ്രസാദ പറഞ്ഞു.

 

കഴക്കൂട്ടം ഫ്‌ളാറ്റിന്റെ മുന്നിലെത്തിയപ്പോള്‍ പെട്ടന്ന് യാത്ര പറയാന്‍ ഇരുവര്‍ക്കും ഒരു മടിപോലെ തോന്നി. നിയ ചോദിച്ചു,
' മാസ്റ്റര്‍ പറഞ്ഞത് ശരിയാണോ. എനിക്ക് ഇനി സംഗീതം പഠിക്കാന്‍ പറ്റുമോ. സ്വരസ്ഥാനമൊക്കെ ഉറച്ചുകിട്ടുമോ'
' മാഡം. സംഗീതം പഠിക്കുന്നതിന് പ്രായം ഒരു പ്രശ്‌നമേ അല്ല. പിന്നെ കുട്ടികളാകുമ്പോ എന്തും പെട്ടെന്ന് പഠിക്കുമല്ലോ. ഇതിപ്പോ ഇത്തിരി കൂടുതല്‍ മനസ്സിരുത്തിയാ മതി. ഒരു സംശയവുമില്ല മാഡത്തിന് സുഖമായി പഠിക്കാം. താല്‍പ്പര്യമുണ്ടെങ്കില്‍'
'എങ്കില്‍ മാസറ്റര്‍ക്ക്  ബുദ്ധിമുട്ടാകുമോ ഇവിടെ വന്ന് എന്നെയൊന്നു പഠിപ്പിക്കാന്‍ . '
' എനിക്കെന്തു ബുദ്ധിമുട്ട് മാഡം. എന്റെ പണിയതല്ലേ. മാഡം പറഞ്ഞാ മതി എപ്പോ വേണേലും തുടങ്ങാം' ശിവപ്രസാദ് പറഞ്ഞു. തിരികെ പോരുന്ന വഴി തന്റെ പിന്‍ഭാത്ത് കാറ്റടിച്ചപ്പോള്‍ ശിവപ്രസാദിന് വല്ലാത്ത തണുപ്പനുഭവപ്പെട്ടു. പിന്നില്‍ ഉടുപ്പില്ലാത്തതുപോലെ തോന്നി. നിയയുമായി പോയപ്പോള്‍ അനുഭവപ്പെട്ട ചൂടിന്റെ ഓര്‍മ്മയില്‍ ശിവപ്രസാദ് ബൈക്ക് യാത്ര തുടര്‍ന്നു. പെട്ടെന്ന് കാര്യവട്ടത്ത് അപകടം നടന്ന സ്ഥലമെത്തിയപ്പോള്‍ സ്വപ്‌നത്തില്‍ നിന്നെന്നപോലെ ശിവപ്രസാദ് ഉണര്‍ന്നു .(തുടരും)

 

 

Tags: