പുതുക്കൊച്ചിയായ കാക്കനാട്ടു നിന്ന് പഴയ കൊച്ചിയിലേക്കൊരു യൂബര്‍ യാത്ര. നല്ല സുഖകരമായ ഡ്രൈവിംഗായിരുന്നു ഡ്രൈവര്‍ യുവാവിന്റേത്. വിദ്യാഭ്യാസമുള്ള ലക്ഷണവുമുണ്ട്. ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടേറെ യുവാക്കള്‍ പകല്‍ സമയത്ത് യൂബര്‍ടാക്‌സി ഓടിക്കാന്‍ പോകാറുണ്ട്. യാത്ര കഴിഞ്ഞ് ഡ്രൈവര്‍ക്ക് എത്ര നക്ഷത്രം കൊടുക്കുന്നുവെന്ന് യൂബര്‍ ആപ്പ് ചോദിക്കുന്നു. സംശയമില്ല. മുഴുവന്‍ നക്ഷത്രങ്ങളും കൊടുക്കാം. അത്രയ്ക്ക് സുഖകരമായിരുന്നു. അതു കഴിഞ്ഞ് വല്ല നല്ലവാക്കും അദ്ദേഹത്തിന് സമ്മാനിക്കുന്നോ എന്നും ആപ്പ് ചോദിക്കുന്നുണ്ട്. അതില്‍ ആദ്യത്തേത് സംഭാഷണത്തിന്റേതാണ്. ഒടുവില്‍ ഡ്രൈവിംഗിനെക്കുറിച്ചുമുണ്ട്. അതിനാല്‍ മനസ്സില്ലാമനസ്സോടെ ഡ്രൈവിംഗ് കേമം കൊടുത്തു.
രാവിലെ നല്ല ഉഷാറായി കാറില്‍ കയറിയതാണ്. നല്ല ഡ്രൈവിംഗ് ആയിരുന്നിട്ടും അറിയാതെ മനസ്സില്ലാമനസ്സ് വന്നു പോയി. എന്നുവെച്ചാല്‍ ശാരീരികമായി ഡ്രൈവിംഗ് സുഖമായിരുന്നിട്ടും മനസ്സിന് അത്ര സുഖം തോന്നിയില്ല. വിശാലകൊച്ചിയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് പുതുക്കൊച്ചിയിലാണ്. അതിനാല്‍ ഇടറോഡുകളാണ് കാര്‍ഡ്രൈവര്‍മാര്‍ തിരഞ്ഞെടുക്കുക. മാസങ്ങളായി ഒരു ഇടറോഡ് അടച്ചിരിക്കുകയാണ്. ഒരു വയലിന്റെ നടുക്കുകൂടിയുളള റോഡ്, ഒരു വശം ഇടിഞ്ഞതിനെത്തുടര്‍ന്നാണ് അതടച്ചത്. അന്നു മുതല്‍ പണി നടക്കുന്നുവെന്നാണ് വയ്പ്. പക്ഷേ തീര്‍ന്നിട്ടില്ല. അതിനാല്‍ ആ റോഡിലേക്കു തിരിഞ്ഞപ്പോള്‍ ഡ്രൈവറോട് ചോദിച്ചു,' ഈ റോഡ് തുറന്നോ' എന്ന്. ' ഓ ഇല്ല, എന്നാലും അരികിലൂടെ കഷ്ടിച്ച് എടുത്തോണ്ടു പോകാം.' അതു പറഞ്ഞതിന് ശേഷം ഒരു മൂക്കില്‍ പിടുത്തം. എന്നിട്ട് തുടര്‍ന്നു' എത്ര നാളായി ഇങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്. മനുഷ്യന്മാര് അനുഭവിക്കുന്ന ബുദ്ധിമുട്ടെത്രയാ. ഈ ഉദ്യോഗസ്ഥരെയും മന്ത്രിയെയുമൊക്കെ രാവിലെയും വൈകീട്ടുമൊന്നുവിടെ കൊണ്ടു നിര്‍ത്തണം. ഈ റോഡ് നേരെയായിരുന്നുവെങ്കില്‍ മെയിന്‍ റോഡ് ഇത്ര കഷ്ടമാകുമായിരുന്നില്ല. ആരോട് പറയാനാ. ഇവിടെ ആര്‍ക്കും ഒന്നിനും സമയമില്ലല്ലോ. ആ പെണ്ണുങ്ങളെ മല കയറ്റിക്കാന്‍ നോക്കുന്നതിന്റെ നൂറിലൊന്നു കാശും സമയവും മതിയായിരുന്നു ഈ റോഡ് നന്നാക്കാന്‍. എന്തിന് വേണേല്‍ പുതിയ റോഡ് തന്നെ ഉണ്ടാക്കാമായിരുന്നു. നമ്മളിതൊക്കെ സഹിച്ചോളുമെന്ന് സര്‍ക്കാരിനറിയാം.' യുവാവ് തുടര്‍ന്നുകൊണ്ടിരുന്നു.
പരിഭാഷയ്ക്ക് വേണ്ടി പ്രാസംഗികര്‍ പ്രസംഗം നിര്‍ത്തി പരിഭാഷകനെ നോക്കും പോലെ, ഈ യുവാവ് ചില വാചകങ്ങള്‍ കഴിഞ്ഞ് കുഞ്ഞ് ഇടവേള കൊടുത്തു. യാത്രക്കാരന്റെ മൂളലോ തന്റെ അഭിപ്രായത്തെ അനുകൂലിച്ചുകൊണ്ടുള്ള പ്രതികരണത്തിനോ വേണ്ടി. ഈ ഡ്രൈവര്‍ രാവിലത്തെ നല്ല അന്തരീക്ഷം കളയുമെന്നു കരുതി ഒന്നും പ്രതികരിച്ചില്ല. എന്തായാലും കുറേ ദൂരം ചെന്നപ്പോള്‍ യുവാവ് താനേ സംഭാഷണം അവസാനിപ്പിച്ചു. പക്ഷേ കാറിനുള്ളില്‍ അദ്ദേഹം സൃഷ്ടിച്ച അന്തരീക്ഷം വിട്ടുപോയില്ല.
ആ ഡ്രൈവര്‍ അങ്ങനെ സംഭാഷണം നടത്തിയതില്‍ ഒരു അസ്വാഭാവികതയുമില്ല. കാരണം മലയാളിയുടെ സ്ഥായീസ്വഭാവമായി മാറിക്കഴിഞ്ഞിരിക്കുന്നു, രണ്ടു പേര്‍ തമ്മില്‍ കണ്ടാല്‍ എന്തെങ്കിലും കുറ്റങ്ങള്‍ പറഞ്ഞ് പരസ്പരം ഐക്യപ്പെടുക എന്നത്. അതില്‍ ഏറ്റവും കമ്പോളനിലവാരമുള്ളത് പൊതുവിഷയങ്ങള്‍ക്കാണ്. കാറിലാണെങ്കില്‍, കൂടുതലും റോഡും ഗതാഗതക്കുരുക്കും ഫ്‌ളൈഓവര്‍ പണി ഇഴഞ്ഞു നീങ്ങുന്നതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും തുടങ്ങി നീണ്ടു പോകുന്നു പട്ടിക. അതുമല്ലെങ്കില്‍ ആളും തരവും അഭിരുചിയും മതവും ജാതിയുമൊക്കെ മനസ്സിലാക്കി ഏതെങ്കിലും പൊതുവ്യക്തികളെയായിരിക്കും കരുവാക്കുക. എന്തായാലും ഒന്നുകില്‍ സാഹചര്യത്തിന്റെയോ അവസ്ഥയുടെയോ പോരായ്മ. അല്ലെങ്കില്‍ വ്യക്തികളുടെ പോരായ്മ. പണ്ട് നമ്മുടെ നാട്ടിലെ രാജാക്കാന്മാര്‍ പോലും സഞ്ചരിച്ചിരുന്നത് വില്ലുവണ്ടിയിലും പൊടിമൂടിയ ടാറിടാത്ത റോഡിലൂടെയുമൊക്കെയായിരുന്നു. ആ രാജക്കാന്മാര്‍ പോലും അനുഭവിച്ചിട്ടില്ലാത്ത രീതിയിലുളള സുഖത്തില്‍ ആധുനികമായ എ.സി കാറില്‍ പോകുമ്പോഴാണ് ഈ പോരായ്മാ പട്ടിക നിരത്തി കുറ്റം പറഞ്ഞ് ഐക്യപ്പെടല്‍.
എവിടെ രണ്ട് മലയാളികള്‍ കൂടിയാലും സംഭാഷണം ഇവ്വിധം കുറ്റം പറച്ചിലും പോരായ്മാ പറച്ചിലുമായി മാറിയിട്ടുണ്ട്. കാരണം ഇപ്പോള്‍ അത് മലയാളിയുടെ വീട്ടിലെ അന്തരീക്ഷവുമായിക്കഴിഞ്ഞിരിക്കുന്നു. അതില്‍ മുഖ്യ പങ്ക് ചാനലുകളിലെ അന്തിച്ചര്‍ച്ചകളാണ്. ആ ചര്‍ച്ചകള്‍ കാണുന്നത് പുതുതായി എന്തെങ്കിലും വിവരം ലഭിക്കാന്‍ വേണ്ടിയല്ല. അതു ലഭിക്കുകയുമില്ല. കാരണം ഒരാള്‍ മറ്റൊരാളെ തറപറ്റിക്കുന്നതും ആക്ഷേപിക്കുന്നതും കുറ്റം പറയുന്നതുമാണ് ആ ചര്‍ച്ചയില്‍. അതിന്റെ ജയപരാജയങ്ങളാണ് ഒരു കളി ആസ്വദിക്കുന്നത് പോലെ ആള്‍ക്കാര്‍ കാണുന്നത്. നാം ആസ്വദിക്കുന്നത് അത് നമ്മുടെ രീതിയായി മാറും. അത് ശീലവും പിന്നെ അത് അഭിരുചിയുമായി മാറുന്നു. അതിനാലാണ് പരിചയമില്ലാത്ത രണ്ടു പേര്‍ തമ്മില്‍ കണ്ടാല്‍ ഇവ്വിധം കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങുന്നത്.
ഈ ഡ്രൈവര്‍ ഇത്തരം സംഭാഷണപ്രിയനാണ്. അദ്ദേഹം തന്റെ കാറില്‍ കയറുന്നവരുമായി ഇവ്വിധം സംസാരിക്കാറുണ്ടെന്നുള്ളതും ആ സംഭാഷണരീതിയില്‍ നിന്നു വ്യക്തം. പല യാത്രക്കാരും അദ്ദേഹത്തിന്റെ സംഭാഷണം കേമം എന്ന അഭിനന്ദനം ആപ്പില്‍ കൊടുത്തിട്ടുമുണ്ടാകും. അതില്‍ നിന്ന് താനൊരു സംഭാഷണ വിദഗ്ധനാണെന്നും അദ്ദേഹം ധരിച്ചിട്ടുണ്ടാകും. അതില്‍ അദ്ദേഹത്തെ കുറ്റം പറയാന്‍ പറ്റില്ല. കാരണം ഇന്നത്തെ മലയാളിയുടെ സ്വഭാവരീതി അതായിരിക്കുന്നു. ഇത് വ്യക്തിയിലും സമൂഹത്തിലും ഉണ്ടാക്കുന്ന ദോഷ ഫലങ്ങള്‍ അളന്നാല്‍ തീരത്തുമില്ല, തിട്ടപ്പെടുത്താനും കഴിയില്ല.