കുസൃതിക്കാരന്‍ മകന്റെ രക്ഷകനച്ഛന്‍

Glint Staff
Tue, 20-11-2018 06:40:00 PM ;

father-son

representational image

സന്ധ്യ. അച്ഛനും മൂന്നു വയസ്സുകാരന്‍ മകനും കൂടി കൊച്ചി നഗരത്തിലെ പച്ചാളം ഭാഗത്തുള്ള ആളൊഴിഞ്ഞ ഇടറോഡിലൂടെ നടന്നു വരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞുള്ള വരവാണ്. മകന്റെ നെറ്റി നിറയെയാണ് ചന്ദനം. കുഞ്ഞദ്ദേഹം വളരെ ഉത്സാഹത്തിലാണ്. റോഡിന്റെ ഓരത്തു കൂടിയാണ്  നടക്കുന്നത്. അതും നല്ല വേഗതയില്‍. മകനൊപ്പം എത്താന്‍ അച്ഛന് വേഗത കൂട്ടി നടക്കേണ്ടി വരുന്നുണ്ട്. നടക്കുന്നതിന്റെ കൂട്ടത്തില്‍ മകന്‍ ചില കാര്യങ്ങള്‍ സംസാരിക്കുന്നുമുണ്ട്. പക്ഷേ അച്ഛന് ഒരു കാര്യമേ പറയാനുള്ളൂ.' മോനേ കുസൃതി കാണിക്കാതെ. അച്ഛന്റെ കൈയില്‍ പിടിച്ച് നടക്ക്. വല്ല വാഹനവും വരും. പറയുന്ന കേക്ക് (ഇതൊരു വല്ലാത്ത കേക്കാണേ)' എന്നിങ്ങനെ. അച്ഛന്‍ അതാവര്‍ത്തിച്ചുകൊണ്ടിരന്നു. അതനുസരിച്ച് മകന്‍ വേഗത കൂട്ടി. കാരണം അച്ഛന്‍ ഓടിവന്ന് അവന്റെ കൈയില്‍ പിടിച്ചുകളയുമോ എന്ന് കുട്ടി സംശയിക്കുന്നു. മാത്രമല്ല അവന്റെ ഒറ്റയ്ക്കുളള നടത്തത്തിന്റെ ഉത്സാഹവും ഒന്നു വേറെയായിരുന്നു.
           

 

അച്ഛന്‍ കൗതുകത്തോടെയാണ് മകനുമായി ക്ഷേത്രത്തില്‍ പോയത്. ആ പോക്കൊക്കെ മകന്‍ ആസ്വദിക്കുകയും ചെയ്തതിന്റെ ലക്ഷണങ്ങളുമുണ്ട്. ഒരു പക്ഷേ മകന്‍ തന്റെ കൈയില്‍ പിടിച്ചു നടക്കുന്നത് അച്ഛന് കൂടുതല്‍ സുഖം നല്‍കിയേനെ. മാത്രവുമല്ല, നടത്തത്തിനിടയില്‍ മറിഞ്ഞുവീഴുകയോ, എങ്ങാനും ഏതെങ്കിലും വാഹനങ്ങള്‍ വന്നാല്‍ പേടിക്കേണ്ട കാര്യമോ ഒന്നുമില്ല. അതുകൊണ്ടാവണം കുസൃതി കാട്ടാതെ കൈയില്‍ പിടിച്ചു നടക്കാന്‍ ആ അച്ഛന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ മകന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. ഭൂമിയിലെത്തി നടന്നും ഓടിയുമൊക്കെ പഠിച്ച് ജീവിതാനുഭവങ്ങളിലേക്ക് അവന്‍ നീങ്ങുകയാണ്. അതിലൂടെ കുട്ടി ആഗ്രഹിക്കുന്നത് തന്റെ ചിറക് വിരിക്കാന്‍ തന്നെയാണ്. പ്രകൃതി എല്ലാ കുട്ടികളിലും ഈ ചിറകുവിരിക്കല്‍ വാസന നിക്ഷേപിച്ചിട്ടുണ്ട്. കുഞ്ഞിലേ മുതലേ ആ ചിറകിന് സ്വാതന്ത്ര്യം ഉണ്ടെങ്കിലേ ചിറകു മുറ്റുമ്പോള്‍ അതിന് സ്വതന്ത്രമായ രീതിയില്‍ പറക്കാന്‍ പറ്റുകയുള്ളൂ. ആ സ്വാതന്ത്ര്യ വാഞ്ച മൂലമാണ് ഒറ്റയ്ക്ക് റോഡിലൂടെ നടക്കാന്‍ കുട്ടി ഉത്സാഹം കാണിച്ചത്. സ്വാതന്ത്ര്യം ഉപയോഗിച്ച്  താനും മുതിരുകയാണെന്നും തനിക്കും അതിന് കഴിയുമെന്നുള്ള സ്വയം ഉറപ്പു വരുത്തല്‍. അപ്പോഴാണ് അച്ഛന്‍ പറയുന്നത് തന്റെ കൈയില്‍ പടിച്ചില്ലെങ്കില്‍ അപകടം വരുമെന്ന്. സ്വാതന്ത്ര്യത്തിലേക്കും സ്വയം ഉത്തരവാദിത്വത്തിലേക്കും കുതിക്കാനൊരുങ്ങുന്ന നിഷ്‌കളങ്കരായ കുട്ടികളോട് ഇങ്ങനെ പറയുമ്പോള്‍ അത് അവരുടെ ആത്മധൈര്യത്തിന്റെ കടയ്ക്കല്‍ വീഴുന്ന വെട്ടുകളായി ഭവിക്കും.

 

കുഞ്ഞുങ്ങള്‍ ഇതുപോലെ സ്വാതന്ത്ര്യമെടുക്കുമ്പോള്‍ മുതിര്‍ന്നവരില്‍ പേടിയുണ്ടാകും. അപ്പോള്‍ ആദ്യം അവര്‍ ഉപദേശ രൂപേണ പറയും. കുസൃതി കാട്ടല്ലേ, ഓടല്ലേ, താഴെയിറങ്ങ് എന്നിങ്ങനെ. കുട്ടികള്‍ കൂടുതല്‍ സ്വാതന്ത്ര്യത്തോടെ തങ്ങള്‍ മുഴുകുന്നതില്‍ തുടരുമ്പോള്‍ മുതിര്‍ന്നവര്‍ പറച്ചില്‍ ശാസനാരൂപത്തിലാക്കും. ചിലര്‍ അടികൊള്ളുമെന്ന് ഭീഷണിപ്പെടുത്തും. ചില രക്ഷിതാക്കള്‍ ചെറിയ അടി കൊടുത്തെന്നുമിരിക്കും. അങ്ങനെ കുഞ്ഞുങ്ങളില്‍ പേടി ജനിപ്പിച്ച് അവരുടെ നീക്കത്തെ നിയന്ത്രിക്കാന്‍ തുടങ്ങും. കുറേകഴിയുമ്പോള്‍ ഈ പേടി കുട്ടികളെ നിയന്ത്രിക്കും. അവരുടെ സ്വഭാവത്തിന്റെ സമസ്ഥതലങ്ങളെയും. ആ പെരുമാറ്റം കാണുമ്പോള്‍ രക്ഷിതാക്കള്‍ അസ്വസ്ഥരാകും. അവിടെ രക്ഷിതാക്കള്‍ക്കറിയാത്ത ലോകത്തിലൂടെ കുഞ്ഞുങ്ങള്‍ തങ്ങളുടെ സ്വാതന്ത്ര്യം ആസ്വദിക്കാനുള്ള വഴികള്‍ തേടും. അത് ഏതു വിധവുമാകാം. തുടക്കത്തിലെ ചില ചെറിയ കളവു പറച്ചിലില്‍ തുടങ്ങി ഏതറ്റവും വരെ അതു പോകാം. സ്വഭാവവൈകല്യങ്ങള്‍ക്ക് പുറമേ ഈ കുട്ടികളിലെ സവിശേഷമായ കഴിവ് പ്രകാശം ചെയ്യപ്പെടാതെയും പോകും. അതവരില്‍ വിപരീതാത്മകതയായി രൂപം കൊളളുകയും ചെയ്യും. കുട്ടികളെ സ്വതന്ത്രമായി വിട്ടിട്ട് അവരെ ശ്രദ്ധിക്കുക മാത്രമേ മുതിര്‍ന്നവര്‍ ചെയ്യേണ്ടതുള്ളൂ. ആ ശ്രദ്ധയില്‍ മുതിര്‍ന്നവര്‍ക്ക് ആസ്വാദനവും ലഭ്യമാകും. അവര്‍ ചെയ്യുന്നതും പെരുമാറുന്നതുമൊക്കെ കൗതുകം ജനിപ്പിക്കുകയും ചെയ്യും. തങ്ങളുടെ സ്വാതന്ത്ര്യത്തിന് അച്ഛനും അമ്മയും കൂട്ടാണെന്ന ധാരണ കുഞ്ഞുനാളില്‍ അവരിലുണ്ടായാല്‍ അവരുടെ ചക്രവാളം അവര്‍ തന്നെ കണ്ടെത്തുന്നതിന് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല.

 

കുസൃതി എന്നാല്‍ എന്താണ്. മുതിര്‍ന്നവര്‍ക്ക് അര്‍ത്ഥശൂന്യമെന്നു തോന്നുന്നതിനാല്‍ നിസ്സാരമെന്ന് വിധിക്കുന്ന കാര്യങ്ങളാണ്. എന്നാല്‍ കുട്ടികള്‍ ഏര്‍പ്പെടുന്ന കുസൃതികളാകട്ടെ, പുറത്തിറങ്ങി ഒറ്റയ്ക്ക് നടക്കാന്‍ ശ്രമിക്കുന്നതാകട്ടെ അത് അവരുടെ ജീവിതത്തിലെ ആദ്യാനുഭവങ്ങളാണ്. അവരുടെ സ്വപ്നത്തിന്റെ സാക്ഷാത്ക്കാരവുമാണ്. തങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കപ്പെടുന്നതാണ് എന്ന് കുഞ്ഞുനാളിലേ തോന്നലുണ്ടായാല്‍ പിന്നെ ആ കുട്ടിക്ക് ജീവിതത്തില്‍ ഒന്നും അസാധ്യമായതില്ല. ആ തോന്നലിനെയാണ് മുതിര്‍ന്നവര്‍, വിശേഷിച്ചും അച്ഛനും അമ്മയും ഇടപെട്ട് ഇല്ലാതാക്കുന്നത്. അങ്ങനെ ഇടപെടലുണ്ടാകുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന ഞെരുങ്ങലിന്റെ അസ്വസ്ഥത അവര്‍ക്ക് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതും പുത്തന്‍ അനുഭവമായി അവര്‍ കരുതും. കുറേ കഴിയുമ്പോള്‍ സ്വാതന്ത്ര്യം എന്താണെന്നുപോലുമറിയാതെ വരും. അതുകൊണ്ടാണ് നിയന്ത്രണം ലംഘിക്കുന്നതാണ് സ്വാതന്ത്ര്യമെന്ന അബദ്ധ ധാരണയില്‍ അവര്‍ എത്തിച്ചേരുന്നത്.
        

 

ഇവിടെ വിജനമായ റോഡില്‍ സ്വാതന്ത്ര്യത്തോടെ ഓരം ചേര്‍ന്നു നടക്കുന്ന കുഞ്ഞിനെ കൗതുക പൂര്‍വ്വം നോക്കി കൂടെ നടക്കുകയേ ആ അച്ഛന്‍ ചെയ്യേണ്ടിയിരുന്നുള്ളൂ. അങ്ങിനെയെങ്കില്‍ അവന്‍ അച്ഛനോടൊപ്പം സുഹൃത്തിനെപ്പോലെ സാവധാനം നടക്കുമായിരുന്നു. അപ്പോള്‍ അവനില്‍ നിറയുമായിരുന്ന ഔന്നത്യബോധവും പരിഗണന കിട്ടുന്നതിന്റെ അനുഭവവുമൊക്കെ വലുതായിരിക്കും. മറിച്ചാണെങ്കില്‍ വിപരാതാത്മകതയിലൂടെയെ സ്വാതന്ത്ര്യത്തെ കാണാന്‍ കഴിയുകയുള്ളൂ. മറ്റാരുടെയെങ്കിലും പക്കലാണ് തന്റെ സ്വാതന്ത്ര്യമെന്ന ബോധം അവരില്‍ രൂഢമൂലമാകും. അവിടെയാണ് അവരില്‍ നിന്ന് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം തുടങ്ങുന്നത്.  സ്വയം ഉത്തരവാദിത്വമില്ലാത്ത കാഴ്ചപ്പാട് അവരില്‍ രൂപപ്പെടും. ഇപ്പോഴത്തെ മുതിര്‍ന്ന നേതാക്കന്മാരെയും ബുദ്ധിജീവികളെയും ആക്ടിവിസ്റ്റുകളെയുമൊക്കെ നോക്കിയാല്‍ ആ ലക്ഷണം യഥേഷ്ടം കാണാന്‍ കഴിയും. സ്വാതന്ത്ര്യത്തില്‍ മാത്രമേ സര്‍ഗ്ഗാത്മകത ഉണ്ടാവുകയുള്ളൂ. സര്‍ഗ്ഗാത്മകതയില്ലാത്ത സമൂഹം ക്രമേണ ജീര്‍ണ്ണതയിലേക്ക് നീങ്ങും. സംശയമില്ല.

 

Tags: