വെളിച്ചപ്പൊക്കത്തില്‍ വൈകാരികത്തിര ആഞ്ഞടിക്കുമ്പോള്‍

Glint Staff
Tue, 13-11-2018 04:00:45 PM ;

രാവിലെ നാലര മണി. കൊച്ചി സീ പോര്‍ട്ട് എയര്‍ പോര്‍ട്ട് റോഡിലൂടെ തൃപ്പൂണിത്തുറ റെയില്‍വേസ്‌റ്റേഷനിലേക്ക് പോകുന്നു. ഡ്രൈവര്‍ജിയുടെ സുഹൃത്തിനെ വഞ്ചിനാട് എക്‌സ്പ്രസ്സില്‍ കയറ്റിവിടാനായി. റോഡില്‍ വലിയ ട്രാഫിക്കില്ല. അതുകൊണ്ടുതന്നെ പോകുന്ന വാഹനങ്ങള്‍ അമിതവേഗത്തില്‍. ഇതുവരെ ഫലപ്രദമായ ക്യാമറാസംവിധാനം സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വന്നിട്ടില്ല. അപൂര്‍വ്വം ചില സ്ഥലങ്ങളൊഴിച്ചാല്‍ റോഡ് അമിതവേഗതയെടുക്കാന്‍ ഉതകയിതും. ഇരുമ്പനത്തെത്തി. ഓയില്‍ ടാങ്കറുകള്‍ റോഡിന്റെ ഇരുവശത്തും നീളത്തില്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. അതാ വരുന്നു, എതിരെ ഒരു കാര്‍ . ഹൈബീം ലൈറ്റിട്ടുകൊണ്ട്. ഡ്രൈവര്‍ജിയുടെ കണ്ണഞ്ചിച്ചു. റോഡ് ഒട്ടും കാണാന്‍ വയ്യാത്ത അവസ്ഥ. എതിരെ വരുന്ന ഡ്രൈവര്‍ജിയെ ഓര്‍മ്മിപ്പിക്കുന്നതിനായി ഈ ഡ്രൈവര്‍ജി വേഗത്തില്‍ പലതവണ ലൈറ്റ് ഡിപ് ചെയ്തു കാണിച്ചു. പക്ഷേ എതിരെ വരുന്ന ഡ്രൈവര്‍ജി അത് കണ്ട ലക്ഷണം പോലും കാട്ടിയില്ല. ഈ ഡ്രൈവര്‍ജിക്ക് കാര്‍ നിര്‍ത്തേണ്ടി വന്നു. കാരണം ഓരത്ത് പാര്‍ക്ക് ചെയ്തിട്ടുള്ള ചില ടാങ്കര്‍ ലോറികള്‍ നേരേ ചൊവ്വേ അല്ല ഇട്ടിട്ടുള്ളത്. പോരാത്തതിന് ചാറ്റല്‍ മഴയുമുണ്ടായിരുന്നു. വൈപ്പറിന്റെ സഞ്ചാരവും കാഴ്ചയെ അലോസരപ്പെടുത്തി. എതിരെ വന്ന കാര്‍ ഹൈബീമില്‍ തന്നെ ചീറിപ്പോയി.
             

 

എന്തായാലും അപകടമുണ്ടായില്ലല്ലോ എന്ന ആശ്വാസത്തില്‍ ഡ്രൈവര്‍ജി കാറ് മുന്നോട്ടെടുത്തു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് തിരിച്ചു പോയി ഹൈബീമിട്ട കാറുകാരനെ തേടിപ്പിടിച്ച് രണ്ട് കൊടുക്കണമെന്ന അവസ്ഥ. ആ അജ്ഞാത ഡ്രൈവര്‍ജിയെ സുഹൃത്ത് കണക്കിന് പറഞ്ഞു. ആ അജ്ഞാതന്‍ അതൊക്കെ കേട്ടിരുന്നെങ്കില്‍ കുത്തും കൊലയും വരെ നടന്നേക്കാമായിരുന്ന സംഗതികള്‍. വളരെ മനോഹരമായ പ്രഭാതമായതിനാല്‍ ഈ ഡ്രൈവര്‍ജി ആ സുഖം കളയേണ്ടെന്നു കരുതി റോഡില്‍ നോക്കി മുന്നോട്ടു നീങ്ങി. സുഹൃത്തിന്റെ ഉള്ളില്‍ ചുഴലിക്കാറ്റുപോലെ രൂപംകൊണ്ട ന്യൂനമര്‍ദ്ദം പെയ്തു തോരട്ടെ എന്ന് ഈ ഡ്രൈവര്‍ജി ഉറപ്പിച്ചു. അല്ലാതെ അയാളെ ആ ദേഷ്യത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഈ ഡ്രൈവര്‍ജിയുടെ സുഖവും ശ്രദ്ധയും തെറ്റിപ്പോകും. എന്തായാലും ഈ ഡ്രൈവര്‍ജിയുടെ പ്രതികരണം ചില മൂളലുകളില്‍ ഒതുക്കി.  അദ്ദേഹം ഡ്രൈവു ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ വളരെ നിഷ്‌കര്‍ഷ പാലിക്കാറുണ്ടെന്നും മറ്റുള്ളവര്‍ക്ക് അങ്ങനെയുള്ള ഒരു ശീലമേ ഇല്ലെന്നുമൊക്കെ അദ്ദേഹം പ്രസ്താവിച്ചുകൊണ്ടിരുന്നു. അതിന് മൂളിക്കൊടുത്തില്ലെങ്കില്‍ അദ്ദേഹം കൂടുതല്‍ അസ്വസ്ഥമാകും. കുറച്ചു കഴിഞ്ഞപ്പോള്‍ വഞ്ചിനാടിനെക്കുറിച്ചൊരു ചോദ്യം ചോദിച്ച് ആ സുഹൃത്തിനെ ഡ്രൈവര്‍ജി ഒരു യൂടേണെടുപ്പിച്ചു. അതുവഴി പ്രഭാതത്തിന്റെ ശീതളിമ വീണ്ടും കാറിനുള്ളിലേക്ക് ആവാഹിച്ചെടുത്തു.
            

 

ഹൈബീം ഡിപ്പു ചെയ്യാത്തവര്‍ക്ക് അതുപോലെ തിരിച്ചും ഹൈ ബീം ഇട്ടുകൊടുക്കുകയാണ് വേണ്ടതെന്നൊക്കെ അദ്ദേഹം ആക്രോശങ്ങള്‍ക്കിടയില്‍ നിര്‍ദേശിക്കുകയുണ്ടായി. എതിരെ വന്ന ഡ്രൈവര്‍ജി സുഖമായി പാഞ്ഞുപോയത് ഈ ഡ്രൈവര്‍ജി വെളിച്ചം താഴ്ത്തിക്കൊടുത്തതുകൊണ്ടാണ്. മറിച്ച് ഹൈംബീം ഇട്ടുകൊടുത്തിരുന്നെങ്കില്‍ ആ ഡ്രൈവര്‍ജി വന്ന വേഗതയില്‍ എവിടെയെങ്കിലും ഇടിച്ച് അപകടം ഉണ്ടാകാവുന്നതുമായിരുന്നു. ഒരുപക്ഷേ ഈ ഡ്രൈവര്‍ജിയുടെ കാറും ആ അപകടത്തില്‍ നിന്നു ഒഴിവാകണമെന്നില്ല. ഈ ഡ്രൈവര്‍ജിയുടെ ഉള്ളില്‍ ആ ഡ്രൈവര്‍ജിയുടെ ഹൈബീം പ്രകാശം അസ്വസ്ഥത ഉളവാക്കി. മുന്നോട്ടു പോകുന്നതിന് തടസ്സം അനുഭവപ്പെട്ടു. അത് സുഹൃത്തില്‍ തടയപ്പെട്ടതിന്റെ വികാരമുണര്‍ത്തി, ബുദ്ധിമുട്ടുളവാക്കി. ആ ബുദ്ധിമുട്ടിനു കാരണം എതിരെ വന്ന ഡ്രൈവര്‍ജിയാണ്, അതുകൊണ്ട് അയാളെ നോവിക്കണം. അയാളെ നോവിച്ചാലേ തനിക്കു സുഖം കിട്ടുകയുളളൂ എന്ന് സുഹൃത്ത് അറിഞ്ഞു. സാധാരണഗതിയില്‍ വളയത്തിന് പിന്നിലിരിക്കുന്ന ഡ്രൈവര്‍ജിയില്‍ ഉണ്ടാകുന്ന വികാരമാണ് സുഹൃത്തിലുമുണ്ടായത്. വൈകാരിക ഘടനയുടെ ഫലമാണത്. ഒരു നിമിഷം വികാരത്തിന് അടിപ്പെട്ട് എന്തെങ്കിലും ശ്രദ്ധ നഷ്ടമായാല്‍ അപകടമുണ്ടാകാവുന്നതേ ഉള്ളൂ. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ കാര്യം ഓര്‍ത്താല്‍ അതറിയാം. ഒരു സെക്കന്റിന്റെ അര്‍ധാംശം ശ്രദ്ധ പോയാല്‍ മതി. വിശേഷിച്ചും നേരം വെളുക്കുന്നതിന് മുന്‍പ് ചാറ്റല്‍മഴ വേളയില്‍. ഈ ഡ്രൈവര്‍ജി വീട്ടില്‍ നിന്നും ഉണര്‍ന്നെണീറ്റ് ദിവസത്തിലേക്ക് പ്രവേശിച്ചതാണ്. എതിരെ വന്ന ഡ്രൈവര്‍ജി ചിലപ്പോള്‍ വളരെ ദൂരെ നിന്ന് ഓടി വരുന്നതാകാനാണ് സാധ്യത. ആ വേഗത കണ്ടാലറിയാം. ഒരുപക്ഷേ കാല്‍ ഉറക്കത്തിലായിരുന്നിരിക്കും അയാള്‍.
         

 

ഓരോ തവണയും വാഹനവുമായി നിരത്തിലേക്കിറങ്ങുമ്പോള്‍  ഇതുപോലുളള അനുഭവം മിക്കവരും നേരിടുന്നതാണ്. അതു സംഭവിക്കുന്നത് ഇന്ത്യന്‍ റോഡുകളില്‍ അച്ചടക്കത്തോടെയുള്ള ഡ്രൈവിംഗ് ശീലമില്ലാത്തതിന്റെ ഫലമാണ്. അത്തരത്തിലുള്ള ഓരോ സന്ദര്‍ഭത്തില്‍ ഡ്രൈവര്‍ജിമാരുടെ വികാരം ഉയര്‍ന്നാല്‍ അതു രണ്ട് തരത്തിലുള്ള അപകടങ്ങളിലേക്കു വഴിവയ്ക്കും. ഒന്ന്, അശ്രദ്ധമൂലമുള്ള റോഡപകടം. രണ്ട്, സ്വഭാവപരമായ വൈകല്യം. എന്തിനും ഏതിനും ക്ഷുഭിതനാകുന്ന ശീലം. അത് ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ഇല്ലാതാക്കുകയും ചെയ്യും. വാഹനവുമെടുത്ത് നിരത്തിലേക്കിറങ്ങിയാല്‍ രസകരമായ ഡ്രൈവിംഗാണ് ലക്ഷ്യമെങ്കില്‍ സുഖകരമായി പ്രതീക്ഷിക്കുന്നതിലും നേരത്തെ തന്നെ നമുക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയും. അല്ലെങ്കില്‍ കിട്ടുന്ന സ്ഥലത്ത് വാഹനം കുത്തിത്തിരുകി, ഗതാഗത തടസ്സമുണ്ടാക്കി, ഇന്ധനവും കളഞ്ഞ്, സമയവും ആരോഗ്യവും നഷ്ടപ്പെടുത്തുകയാകും ഫലം. കൂട്ടത്തല്‍ അപകടങ്ങളും.
         

 

ആരെങ്കിലും അസൗകര്യമാം വിധം വാഹനം കുറുക്കു വയ്ക്കുകയോ  മറ്റോ ചെയ്താല്‍ അവരുടെ ചെയ്തിയെ ഒന്നു ചിരിച്ചു കളഞ്ഞേക്കാമെന്ന് മുന്‍കൂട്ടി തീരുമാനമെടുക്കുകയാണെങ്കില്‍ അതൊരു രസകരമായ അനുഭവമാണ്. ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അസാധ്യമായ കാര്യം പോലെ തോന്നിയെന്നുമിരിക്കാം. അസാധ്യമായതു ചെയ്യുന്നതാണ് ശക്തിയുള്ളവരുടെ ലക്ഷണം. അതൊന്നോര്‍ത്താല്‍ നമ്മുടെ ശക്തി തെളിയിക്കാന്‍ അത്തരമൊരു അവസരം നാം അറിയാതെ തന്നെ പ്രതീക്ഷിക്കും. ആ അവസരത്തില്‍ മോശമായി ഡ്രൈവ് ചെയ്യുന്ന ഡ്രൈവര്‍ജിമാരോട് പൊറുത്ത് അവരെ കടത്തി വിടുകയോ അവരോട് സൗമ്യഭാവത്തിലോ അല്ലെങ്കില്‍ ചെറുചിരിയോടോ അഭിമുഖീകരിക്കുകയാണെങ്കില്‍ അനുഭവപ്പെടുന്ന ഒരു സുഖമുണ്ട്. അത് മോശമായി ഡ്രൈവ് ചെയ്ത ഡ്രൈവര്‍ജിമാരില്‍ ചിലരെയെങ്കിലും സ്വാധീനിക്കുകയും ചെയ്യും. അവര്‍ക്ക് പിന്നീട് അത്തരം നിമിഷങ്ങള്‍ ഒഴിവാക്കാനും മറ്റുള്ളവരുടെ സമാന ഡ്രൈവിംഗ് കാണുമ്പോള്‍ ഇതുപോലെ പെരുമാറാനുമൊക്കെ പ്രചോദനമാകും. ചെറുതായൊന്നു ശീലിച്ചാല്‍ നിസ്സാരമായി സാധ്യമാക്കാവുന്ന കാര്യമേ ഉള്ളൂ. ഇത് വ്യക്തിപരമായി ദേഷ്യം, കോപം എന്ന വിനാശകരമായ സ്വഭാവവൈകല്യത്തില്‍ നിന്ന് മോചിതമാകാന്‍ കുറച്ചൊക്കെ സഹായിക്കുകയും ചെയ്യും. അങ്ങനെ ജീവിതത്തിന്റെ ഡ്രൈവിംഗിനും റോഡിലെ ഡ്രൈവിംഗ് സഹായകമാകും. അല്ലെങ്കില്‍ റോഡിലെ ഡ്രൈവിംഗും ചിലപ്പോള്‍ ജീവിതത്തിന്റെ ഡ്രൈവിംഗും അവതാളത്തിലായെന്നിരിക്കും.

 

 

Tags: