സുഹൃത്തിന്റെ വിളി ( ബോബിയച്ചനും ആക്ടിവിസ്റ്റും ഭാഗം-7 )

കെ ജി ജ്യോതിര്‍ഘോഷ്
Tue, 09-02-2021 05:03:54 PM ;

തിരുവനന്തപുരത്തെ എന്റെ വാസം അവസാനിക്കുന്നത്‌ 1993ലാണ്‌. അതിനു ശേഷം ഇടവേളകളില്‍ മാത്രമേ എന്റെ സഹൃത്തിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളു. ആ ഇടവേളകള്‍ പലപ്പോഴും വളരെ ദീര്‍ഘിക്കുകയും ചെയ്യും. വളരെ നാളുകള്‍ക്കു ശേഷമാണ്‌ വീണ്ടും അടുപ്പിച്ചുള്ള വിളികള്‍. സുഹൃത്തിനിപ്പോള്‍ ഔദ്യോഗിക ഉത്തരവാദിത്വങ്ങള്‍ കഴിഞ്ഞാല്‍ സമയം അത്യാവശ്യം ഉണ്ട്‌. മക്കള്‍ രണ്ടു പേരും മുതിര്‍ന്നു. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ തുടക്കത്തിലും നിരന്തരം കാണുകയും ബന്ധപ്പെട്ടുകൊണ്ടിരുന്നവരുമാണ്‌ ഞങ്ങള്‍. എണ്‍പത്തിയൊമ്പതില്‍ ഞാന്‍ കുടുംബസ്ഥനായി തിരുവനന്തുപുരത്ത്‌ താമസിക്കുമ്പോള്‍ സുഹൃത്തും ആനന്ദും വീട്ടിലെ നിത്യസന്ദര്‍ശകര്‍. അവരുടെ പ്രണയം കൊടുമ്പിരികൊണ്ട കാലവും. ഈ സുഹൃത്തിന്റെ ക്ഷമ എനിക്കുണ്ടാകുമോ എന്നു സംശയമാണ്‌. കാരണം വിളിച്ചിട്ട്‌ ഫോണ്‍ എടുത്തില്ലെങ്കില്‍ ഒരു പരിഭവുമില്ല. അത്‌ എത്ര തവണയാണെങ്കിലും. ഞങ്ങള്‍ തമ്മിലുള്ള ഒരു സമവാക്യമായിട്ടുണ്ട്‌. അത്‌ സുഹൃത്ത്‌ എന്നോട്‌ കാട്ടുന്ന വലിയ സ്‌നേഹവും അംഗീകാരവുമായാണ്‌ ഞാനതിനെ കാണുന്നത്‌. ഞാന്‍ അയാളെ ഒരു കാരണവശാലും ഇന്‍സള്‍ട്ട്‌ ചെയ്യില്ല എന്ന ഉറച്ച ബോധം ഉള്ളതുകൊണ്ടു തന്നെയാവണമത്‌. ആവണമല്ല. ആണ്‌.
ഫോണ്‍ വിളിച്ചാല്‍ എടുക്കാതിരുന്നാലുണ്ടാകുന്ന അസ്‌കിത വളരെ വലുതാണ്‌. എന്നില്‍ അത്‌ വളരെ കലശലായി ഉണ്ടായിരുന്ന സംഗതിയാണ്‌. അതിന്റെ പേരില്‍ ഞാനും എന്റെ ശ്രീമതി മീനയുമായി പലതവണ(ഇപ്പോഴല്ല) നല്ല ഒന്നാന്തരം ശണ്‌ഠ വരെ വീണിട്ടുണ്ട്‌. ഇപ്പോള്‍ ആരെയെങ്കിലും വിളിച്ചിട്ട്‌ കിട്ടിയില്ലെങ്കില്‍ ശരീരം ചൂടാകുന്ന പ്രശ്‌നമില്ല. അതില്‍ നിന്ന്‌ പുറത്തു വരാന്‍ സഹായിച്ചത്‌ മീന തന്നെയാണ്‌. മീനയെ ഇപ്പോഴും വിളിച്ച്‌ കിട്ടിയാല്‍ ഭാഗ്യം. ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഇടയ്‌ക്കിടെ ഉണ്ടാകുമെങ്കിലും എനിക്ക്‌ അക്ഷമയും ദേഷ്യവും ശരീരം ചൂടാകലും വരുന്നതിന്‌ പകരം രസം പകരുന്ന ചിരി വരാറുണ്ട്‌. ആ ചിരി എന്റെ പഴയ അവസ്ഥയെ ഓര്‍ക്കുകയും ഇപ്പോഴനുഭവിക്കുന്ന സുഖവും അനുഭവിക്കുമ്പോഴാണ്‌. സുഹൃത്ത്‌ ആവേശത്തിലോ അത്യാവശ്യത്തിലോ ആണെങ്കില്‍ അറിയാം. അടുപ്പിച്ച്‌ രണ്ടു മൂന്നു വളികള്‍ ഉണ്ടാകും. ഇതാ വരുന്നു, സുഹൃത്തിന്റെ വിളി.

ഈത്തലയ്‌ക്കല്‍: ഹലോ, അതേ ഞാന്‍ ഇങ്ങനെ കുറിച്ചുകൊണ്ടിരുന്നതിനിടയിലാണ്‌ താങ്കളുടെ വിളിയെത്തിയിരിക്കുന്നത്‌
മറുതലയ്‌ക്കല്‍: എനിക്ക്‌ തോന്നി. എന്തെങ്കിലും കുന്നായ്‌മ കുറിച്ചുകൊണ്ടിരിക്കുകയായിരിക്കുമെന്ന്‌. എങ്കീപ്പിന്നൊന്ന്‌ വിളിച്ചേക്കാമെന്ന്‌ കരുതി. എന്താണ്‌ ഇക്കുറി കണ്ടെത്തുന്ന എന്റെ കുറ്റം. അല്ലേ വേണ്ട. വായിക്കാം. അതാ നല്ലത്‌. അല്ലേ പിന്നെ ഞാനായി താങ്കളുടെ സ്വാത്ര്രന്ത്യം കെടുത്തിയെന്നു വേണ്ടാ
ഈത്ത: അതൊക്കെ ശരി. ഇടതടവില്ലാതെ ഒരു വനിതാരത്‌നത്തിന്റെ വിളിയിലൂടെ എന്റെ രത്‌നമ്മയ്‌ക്ക്‌ പ്രശ്‌നമുണ്ടാക്കി കുടുംബം കലക്കരുത്‌.
മറുത: അതൊരു ഐഡിയ ആണല്ലോ. എന്താ രസമെന്നറിയാമോ ഒരു കുടുംബമൊക്കെ ഒന്നു കലക്കിയെടുക്കുമ്പോ. ഗ്രേറ്റ്‌ ഇന്ത്യന്‍ കിച്ചന്‍ സംവിധായകന്‍ ജിയോ ബേബി പറഞ്ഞത്‌പോലെ. ഒരു പത്തു കുടുംബം ഡൈവേഴ്‌സിലൂടെ പൊട്ടിപ്പോയാല്‍ കിട്ടുന്ന ഒരു സുഖം. മാത്രമല്ല, താങ്കളുടെ മനോബലമെത്രയുണ്ടെന്ന്‌ ഞാനൊന്നു നോക്കട്ടെ. മീനേച്ചേച്ചിയെ കളിപ്പിക്കുകയാണോ എന്നോന്നു നോക്കുകയും വേണമല്ലോ.
ഈത്ത: അപ്പോ രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കുകയാണല്ലേ. ദേ , കുറച്ചുമുന്‍പ്‌ എന്റെ രണ്ടാമത്തെ ചേട്ടന്‍ വിളിച്ചിട്ട്‌ വച്ചതേയുള്ളു. ഞങ്ങളുടെ അകന്നയൊരു ബന്ധുവിന്റെ മകന്റെ കാര്യം പറയാനായി. അയാള്‍ക്ക്‌ പ്ലസ്‌ടൂവിന്‌ പഠിക്കുന്ന മകളുള്‍പ്പടെ മൂന്നു കുട്ടികളുണ്ട്‌. കുറച്ചു ദിവസം മുന്‍പ്‌ ആശാന്‍ വേറൊരു സ്‌ത്രീയുമായി ജീവിക്കാന്‍ തീരുമാനിച്ചു. ആ സ്‌ത്രീക്കും രണ്ടും കുട്ടികളുണ്ട്‌. ബന്ധു വീട്ടില്‍ വന്നപ്പോള്‍ തന്റെ മോന്‍ അങ്ങനെ പോയതിനെ ന്യായീകരിച്ചുവത്രെ.
മറുത: അതിപ്പോ കേരളത്തിലൊരു വാര്‍ത്തയേ അല്ലല്ലോ. ഞങ്ങളുടെ കോളനിയില്‍ തന്നെ എത്ര കേസ്സാണെന്നോ അതുപോലുള്ളത്‌. ഈ അടുത്ത്‌ നടന്ന ഒരു സംഭവം ഞങ്ങളെയൊക്കെ ഞെട്ടിച്ചുകളഞ്ഞു. മൂവായിരത്തിയഞ്ഞൂറ്‌ സ്‌ക്വയര്‍ഫീറ്റുള്ള വീടൊക്കെ വച്ച്‌ അതിഗംഭീരമായി പാലുകാച്ചു കഴിഞ്ഞു. ഏക മോളുടെ കല്യാണവും കഴിഞ്ഞു. അയാള്‍ക്ക്‌ ചെന്നെയിലായിരുന്നു ജോലി. മോള്‌ കാണാന്‍ നല്ല സുന്ദരിക്കുട്ടി. ഐടി പ്രൊഫഷണലാ ബാംഗ്ലൂരില്‍. അവളുടെ കൂടെ ജോലി ചെയ്യുന്ന പയ്യനുമാ. മോളുടെ കല്യാണം കഴിഞ്ഞ്‌ കുറച്ചു ദിവസം കഴിഞ്ഞപ്പോ കേള്‍ക്കുന്ന്‌ ചേച്ചീടെ ആ ചേട്ടന്‍ ചെന്നെയില്‍ മറ്റൊരു സ്‌ത്രീയോടൊപ്പം താമസം തുടങ്ങിയെന്ന്‌. പാവം ആ ചേച്ചി. ഇപ്പോ ആ വലിയ വീട്ടില്‍ ഒറ്റയ്‌ക്ക്‌ താമസിക്കുന്നു. ഇടയ്‌ക്കിടയക്ക്‌ മോളും ഭര്‍ത്താവും വന്നു കൂടെ നില്‍ക്കും. ഈ ലോക്‌ഡൗണ്‍ കാലത്ത്‌ വര്‍ക്ക്‌ ഫ്രം ഹോമായതിനാല്‍ ഇപ്പോ അവരുള്ളതുകൊണ്ട്‌ പുള്ളിക്കാരത്തി ഉഷാറിലാ. വൈകുന്നേരം അമ്പലത്തിപ്പോക്കൊക്കെ തുടങ്ങിയിട്ടുണ്ട്‌. അവരുതമ്മില്‍ ഒന്നിച്ചു കണ്ടപ്പോഴൊക്കെ എന്തു രസമായിരുന്നന്നോ. ആ വീടിന്റെ പണിയിലൊക്കെ ഓരോ കട്ട വയ്‌ക്കുന്നതു പോലും രണ്ടുപേരുടെയും നോട്ടത്തിലായിരുന്നു. ഇടിയും പൊളിയുമായിരുന്നു അവസാനം വരെ. ആ കോണ്‍ട്രാക്ടറുടെ പ്രാക്കാണ്‌ ഇവര്‍ക്ക്‌ ഇങ്ങനെ സംഭവിച്ചതെന്നാ ചിലര്‌ പറയുന്നെ. വേണ്ട, നമുക്ക്‌ വേറെ നല്ല കാര്യോം വല്ലോം സംസാരിക്കാം
ഈത്ത: എങ്കീപിന്നെ നമുക്ക്‌ രാമായണത്തേ കുറിച്ചോ മഹാഭാരതത്തേ കുറിച്ചോ സംസാരിക്കാം
മറുത: വലിയ കൊമ്പത്തെ വാചകമടിയാ. ഈ ആള്‍ക്കാരെ ഐസാക്കുന്ന സംസാരത്തിനൊന്നും കുറവില്ല അല്ലേ? മഹാഭാരതത്തിന്റെ കാര്യം പറഞ്ഞപ്പഴാ ഓര്‍ത്തെ. ഇന്നലെ എനിക്കൊരു ഫോര്‍വേഡ്‌ കിട്ടി. സുനില്‍ പി ഇളയിടത്തിന്റെ ഒരു പ്രസംഗം. എന്തു രസവാ പുള്ളിയുടെ പ്രസംഗം കേള്‍ക്കാന്‍ അല്ലേ.അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാറില്ലേ?
ഈത്ത: വ്വ്‌.
മറുത: വല്ലാത്തൊരു ഫീലാ അല്ലേ. അഴീക്കോട്‌സാറ്‌ പോയപ്പോ പിന്നെയതുപോലെയൊരാളുണ്ടാകുമോ എന്നു ചിന്തിച്ചതാ. എന്തായാലും അഴീക്കോട്‌ സാറിന്റെ ആ ഗ്യാപ്പ്‌ നന്നായി ഫില്ല്‌ ചെയ്‌ത്‌ ആരെങ്കിലുമൊക്കെ ഇങ്ങനെ വേണം. മാതൃഭൂമി സണ്‍ഡേ സപ്ലിമെന്റില്‍ ഒന്നുരണ്ടാഴ്‌ചയ്‌ക്ക്‌ മുന്‍പ്‌ രണ്ടുമൂന്നു പേരുടെ മഹാഭാരതവായാനാനുഭവം ഉണ്ടായിരുന്നു. കണ്ടു കാണമല്ലോ അല്ലേ?
ഈത്ത: വ്വ്‌ , കണ്ടിരുന്നു.

മറുത: എന്തേ ഒരു ബലം പിടിത്തം. താങ്കള്‍ക്ക്‌ സുനില്‍ പി ഇളയിടത്തിന്റെ പ്രസംഗം ഇഷ്ടമല്ലേ. ഇല്ലാതിരിക്കാന്‍ വഴിയില്ലല്ലോ?
ഈത്ത; ഏയ്‌ അങ്ങനെയൊന്നുമില്ല
മറുത: എന്തുപറ്റി. അങ്ങേരെ ഇഷ്ടമുള്ള ലക്ഷണമില്ലല്ലോ?
ഈത്ത: നമ്മളുടെ ഇഷ്ടവും അനിഷ്ടവുമൊക്കെ അപ്രസക്തമല്ലേ. അദ്ദേഹത്തിന്‌ ബോധ്യമായ കാര്യങ്ങള്‍ അദ്ദേഹം തന്റെ കേള്‍വിക്കാരും വായനക്കാരുമായി പങ്കുവയ്‌ക്കുന്നു. സുനിലിന്‌ ബോധ്യമായതാണ്‌ ശരിയെന്ന്‌ അദ്ദേഹത്തിന്‌ തോന്നുന്നു.അതിനെ ഒരാള്‍ക്ക്‌ ഇഷ്ടപ്പെടാം. ഇഷ്ടപ്പെടാതിരിക്കാം. അതുമല്ലെങ്കില്‍ അതിലുള്ള അറിവിനെ സ്വീകരിക്കാം.അല്ലാതെ ഇപ്പോ അതില്‍ എന്താ പറയാനുള്ളത്‌.
മറുത: അത്‌ അദ്ദേഹത്തെ അംഗീകരിക്കാനുള്ള വൈഷമ്യം കൊണ്ടല്ലേ. അല്ലാതെ മറ്റൊരു കാരണം ഞാന്‍ കാണുന്നില്ല.
ഈത്ത: ചിലപ്പോള്‍ താങ്കള്‍ പറയുന്നത്‌ ശരിയായിരിക്കാം. എങ്കിലും ഞാന്‍ അദ്ദേഹത്തെ സ്വീകരിച്ചതുകൊണ്ടാണ്‌ ഇവ്വിധം പറയുന്നത്‌.
മറുത; എനിക്ക്‌ മനസ്സിലാകുന്നില്ല, താങ്കള്‍ പറയുന്നത്‌.
ഈത്ത: ഇപ്പോഴത്തെ താങ്കളുടെ പ്രശ്‌നം ശരിക്കും എന്താണ്‌?
മറുത: എനിക്കെന്താ പ്രശ്‌നം. എനിക്ക്‌ ഒരു പ്രശ്‌നവുമില്ല. കേരളത്തില്‍ വളരെ ശ്രദ്ധേയനായ ഒരു പ്രാസംഗികന്‍. അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ നല്ല രസം. അതുകൊണ്ടു തന്നെയാണ്‌ അദ്ദേഹത്തിന്റെ പ്രസംഗം ലക്ഷക്കണക്കിന്‌ ആള്‍ക്കാര്‍ യൂട്യൂബില്‍ കേള്‍ക്കുന്നതും. താങ്കള്‍ക്ക്‌ അതിനോട്‌ യോജിപ്പില്ലെന്നു തോന്നുന്നു. എന്തുകൊണ്ട്‌ ഇത്രയും പ്രഗത്ഭനായ പ്രാസംഗികന്റെ പ്രസംഗം താങ്കള്‍ക്ക്‌ ഇഷ്ടപ്പെടുന്നില്ല എന്നറിയാനുള്ള ഒരു ഇത്‌. അത്രയേ ഉള്ളു.
ഈത്ത: താങ്കളുടെ അഭിപ്രായം ഞാന്‍ ശരിവയ്‌ക്കുകയാണെങ്കില്‍ താങ്കള്‍ക്കൊരു സുഖം. അത്രയല്ലേ ഉള്ളു. അതുപോലെ തന്നെ താങ്കളുടെ അഭിപ്രായത്തെ ഞാന്‍ സ്വീകരിക്കുന്നില്ല എന്നു തോന്നിയപ്പോള്‍ താങ്കള്‍ക്കൊരു അസുഖം. അസുഖമായി കഴിഞ്ഞാല്‍ നാം എപ്പോഴും സുഖത്തിലെത്താന്‍ ശ്രമിക്കും. അതല്ലേ ഇപ്പോള്‍ സംഭവിക്കുന്നത്‌. താങ്കളുടെ ബോസ്സുമായിട്ടുള്ള പ്രശ്‌നവും ഒരു പരിധിവരെ ഇതല്ലേ?
മറുത: അപ്പോ ഞാന്‍ അങ്ങേരു നടത്തുന്ന അഴിമതിക്ക്‌ കൂട്ടു നില്‍ക്കണോ? അഴിമതി കണ്ടാല്‍ എനിക്കതംഗീകരിക്കാന്‍ പറ്റില്ല.
ഈത്ത: താങ്കള്‍ അഴിമതിക്കെതിരെയാണോ നിലപാടെടുത്തിരിക്കുന്നത്‌, അതോ ബോസ്സിനെതിരെയാണോ?
മറുത: അതിനെന്താ സംശയം. അഴിമതിക്കെതിരെ തന്നെ
ഈത്ത: താങ്കളുടെ ഈ സ്ഥാപനത്തില്‍ മാത്രമാണോ അഴിമതിയുളളത്‌. അങ്ങനെയെങ്കില്‍ സര്‍ക്കാര്‍ സംവിധാനമല്ലേ രാജ്യത്തെ ഏറ്റവും വലിയ അഴിമതി കേന്ദ്രം. ആ സംവിധാനം അഴിമതി മുക്തമായാല്‍ പിന്നെ എവിടെ ആര്‍ക്കാണ്‌ അഴിമതി നടത്താന്‍ കഴിയുക.
മറുത: അപ്പോള്‍ താങ്കള്‍ പറയുന്നത്‌ അഴിമതിക്കെതിരെ പോരാടേണ്ടതില്ലെന്നാണോ?
ഈത്ത: ഒരു നിമിഷം ഒന്നാലോചിച്ചു നോക്കൂ. എന്തിനൊക്കെ എതിരെ ഈ കൊച്ചു കേരളത്തില്‍ വന്‍ പോരാട്ടം നടന്നിട്ടുണ്ട്‌, നടക്കുന്നുണ്ട. അതെല്ലാം വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടുണ്ടോ? കുറയുകയുമില്ല. അഴിമതിക്കെതിരെ പോരാടുന്നതിനനുസരച്ച്‌ വമ്പന്‍ അഴിമതികള്‍ അരങ്ങേറിക്കൊണ്ടിരിക്കും. അതു സ്വാഭാവികം. ഇപ്പോള്‍ നോക്കൂ, അഴിമതിക്കെതിരെ പോരാട്ടം നയമായി സ്വീകരിച്ച്‌ അതിന്റെ കുത്തക ഏറ്റെടുത്തിരുന്ന പ്രസ്ഥാനവും വ്യക്തികളും കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അഴിമതിക്കുണ്ടില്‍ വീണു കിടക്കുന്നതു കാണുന്നില്ലേ.എത്രമാത്രം കുറ്റമറ്റ പ്രോഗ്രാമുകള്‍ തയ്യാറാക്കപ്പെടുന്നുവോ അതിനനുസരിച്ചുള്ള ഹാക്കിംഗ്‌ കഴിവും കൂടിക്കൊണ്ടിരിക്കും. ഹാക്കിംഗിനെ നേരിടാനാണ്‌ പ്രോഗ്രാം ഭദ്രമാക്കുന്നതെന്ന്‌ ഓര്‍ക്കണം. അതു സ്വാഭാവികമായ പ്രക്രിയയാണ്‌. ദേ വാതില്‍പ്പടിക്കല്‍ വിദ്യുഛക്തിബോര്‍ഡ്‌ എന്ന പുതിയ പരിപാടി കണ്ടില്ലേ. സാങ്കേതികവിദ്യയെ മനുഷ്യോപകാരപ്രദമായി ഉപയോഗിക്കുന്നത്‌. അതിലൂടെ എത്രമാത്രം അഴിമതിയാണ്‌ ഇല്ലാതാകാന്‍ പോകുന്നതെന്നറിയുമോ? ഇപ്പോള്‍ സിംഗിള്‍ ഫേസില്‍ നിന്ന്‌ ത്രീഫേസ്‌കണക്ഷന്‍ ആവശ്യവുമായി ഇലക്ട്രിസിറ്റി ഓഫീസിലെത്തിയാല്‍ ഉദ്യോഗസ്ഥര്‍ തൊട്ടടുത്തുള്ള ഏജന്‍സിയിലേക്ക്‌ നയിക്കും. അവര്‍ യഥാര്‍ത്ഥ ഫീസിന്റെ മൂന്നിരട്ടി സര്‍വ്വീസ്‌ ഫീസായി ഈടാക്കും. അതില്‍ നല്ലൊരംശം ഉദ്യോഗസ്ഥര്‍ക്കാണെന്ന്‌ അവര്‍ പറയുകയും ചെയ്യും. ആ അഴിമതി മുഴുവന്‍ ബോര്‍ഡിന്റെ ഈ പുതിയ പരിപാടിയിലൂടെ ഇല്ലാതാകും. എന്തിന്‌ പാസ്‌പ്പോര്‍ട്ടാപ്പീസുകളില്‍ ആവശ്യത്തിനായി ഇപ്പോള്‍ ചെന്നു നോക്കൂ. ഒരുകാലത്ത്‌ രാജ്യത്തെ ഏറ്റവും വലിയ അഴിമതി സങ്കേതമായിരുന്നു പാസ്‌പ്പോര്‍ട്ടാപ്പീസുകള്‍ എന്നോര്‍ക്കണം. സാങ്കേതികവിദ്യയെ സര്‍ഗ്ഗാത്മകമായി ഉപയോഗിച്ചിരിക്കുകയാണ്‌, ഇപ്പോള്‍ വൈദ്യുതിബോര്‍ഡ്‌. ശരിക്കും പറഞ്ഞാല്‍ ആ നടപടി പരോക്ഷമായി വളരെ ശക്തമായ ഒരു രാഷ്ട്രീയ പ്രസ്‌താവന കൂടിയാണ്‌. ജനസേവനത്തിനായി സാങ്കേതികവിദ്യ അതിന്റെ പരമാവധി സാധ്യതയില്‍ വിനിയോഗിക്കണമെന്ന രാഷ്ട്രീയം. സര്‍ഗ്ഗാത്മകത നശിച്ച അവസ്ഥയിലാണ്‌ തൊട്ടതിനും പിടിച്ചതിനും പോരാട്ടമായി ആള്‍ക്കാരായാലും പ്രസ്ഥാനമായാലും ഇറങ്ങുന്നത്‌

മറുത: അപ്പോള്‍ എനിക്ക്‌ സര്‍ഗ്ഗാത്മകതയില്ലെന്നാണോ പറയുന്നത്‌
ഈത്ത: എന്തായാലും ബോസ്സുമായുള്ള താങ്കളുടെ ഇടപാടില്‍ അത്‌ ഇതുവരെ പ്രകടമായി കണ്ടില്ല. ക്ഷോഭത്തിലോ വൈകാരികസമ്മര്‍ദ്ദത്തിലോ സര്‍ഗ്ഗാത്മകത തെല്ലും പ്രവര്‍ത്തനക്ഷമവുമാവില്ല. എത്ര ഉള്ളവര്‍ക്കാണെങ്കിലും അതു സംഭവിക്കാതെ പോവുകയും ചെയ്യും. ബോസ്സിനോടുള്ള ദേഷ്യം ഒഴിവാക്കി, അഴിമതി ഇല്ലാതാക്കുന്നതിന്‌ എന്തു ചെയ്യാന്‍ കഴിയുമെന്ന്‌ ആലോചിച്ചാല്‍ അനായാസം താങ്കളുടെ ഔദ്യോഗികസ്ഥാനം ഉപയോഗിച്ചുകൊണ്ട്‌ ബോസ്സിലൂടെ തന്നെ നടപ്പിലാക്കാവുന്നതേ ഉള്ളു.
മറുത: താങ്കള്‍ക്ക്‌ അയാളെ അറിയാത്തതുകൊണ്ടാണ്‌
ഈത്ത: ഹ....ഹഹ
മറുത: എന്തേ അതുകേട്ടപ്പോ ഒരു പുച്ഛം

ഈത്ത: സംഗതി വളരെ ലളിതം. താങ്കള്‍ക്ക്‌ അയാളെ സഹിക്കാന്‍ പറ്റുന്നില്ല. അത്രയേ ഉള്ളു. ആലങ്കാരികമായി അദ്ദേഹത്തിനോട്‌ വ്യക്തിപരമായി ഒന്നുമില്ലെന്നൊക്കെ പറയാനെളുപ്പമാ. പക്ഷേ .....അതു വിടാം. ദേ ,ഇതു കണ്ടോ, താങ്കളെ വേദനിപ്പിക്കുന്ന രീതിയില്‍ സംസാരിക്കരുതെന്ന്‌ അതിയായ ആഗ്രഹമുള്ള വ്യക്തിയാണ്‌ ഞാന്‍. എന്നിട്ടും പറഞ്ഞുവന്നപ്പോള്‍ അറിയാതെ ഞാന്‍ താങ്കളെ കുറ്റുപ്പെടുത്തുന്ന രീതിയിലേക്ക്‌ സംഭാഷണം പോയതു കണ്ടില്ലേ?
മറുത: ഏയ്‌, എനിക്കങ്ങനെ തോന്നിയില്ല
ഈത്ത: തോന്നില്ല, കാരണം ഞാനായതുകൊണ്ട്‌. എന്നെക്കുറിച്ച്‌ മോശമായി ചിന്തിക്കാന്‍ താങ്കള്‍ക്ക്‌ തോന്നാത്തതുകൊണ്ട്‌. പക്ഷേ എനിക്കു മനസ്സിലായി എന്റെ സംഭാഷണത്തില്‍ മെല്ലെ, താങ്കളെ ഞാന്‍ കുറ്റപ്പെടുത്തിത്തുടങ്ങിയെന്ന്‌. അതിലൂടെ എന്റെ സംഭാഷണത്തിന്റെ സുഖവും എനിക്കു നഷ്ടമായി. ഇപ്പോ, അതു തിരിച്ചറിഞ്ഞപ്പോള്‍ എന്തു സുഖമാണ്‌ ഞാനനുഭവിക്കുന്നതെന്നറിയാമോ?
മറുത: താങ്കള്‍ക്ക്‌ അത്തരമൊരു ചെറിയ കാര്യത്തില്‍ സുഖം നഷ്ടപ്പെടുമെങ്കില്‍ ഞാന്‍ നേരിടുന്ന പ്രശ്‌നത്തെ ഒന്നാലോചിച്ചുനോക്കൂ. ഒരു പരിഹാരവും തെളിഞ്ഞു കാണുന്നതുമില്ല
ഈത്ത: ഇതാണ്‌ പറഞ്ഞത്‌ ,പെണ്ണുങ്ങളും കുറച്ച്‌ സ്‌ത്രൈണത കൈവരിക്കന്നതിനുവേണ്ടി ശ്രമിക്കണമെന്ന്‌. ഒരുമാതിരി യുദ്ധോത്സുകരായ ബോറന്‍ ആണുങ്ങളുടെ സ്വഭാവമാണ്‌ ഏതു പ്രശ്‌നത്തിനും ഉടന്‍ പരിഹാരം വേണമെന്നുള്ള വാശി. ആ ബോറന്‍ ആണ്‍കേസരിക്ക്‌ കുറച്ചു നേരത്തേക്ക്‌ നിര്‍ബന്ധിത അവധികൊടുത്ത്‌ പറഞ്ഞയച്ചാ തീരുന്ന പ്രശ്‌നമേ ഉള്ളു.
മറുത: അപ്പോ ഞാന്‍....
ഈത്ത: വേണ്ട, അതു പറയേണ്ട. അതിനുള്ള ഉത്തരം സ്വയം കണ്ടെത്തിയാല്‍ മതി
സുഹൃത്ത്‌ ചോദ്യം ചോദിക്കുക തന്നെ ചെയ്‌തു. അതിനുള്ള ഉത്തരം എങ്ങനെ കണ്ടെത്താമെന്ന ഒരു തന്ത്രമെന്ന നിലയില്‍ ഞാന്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ ഒരു പരിഹാരം കിട്ടിയതിന്റെ സംതൃപ്‌തിയില്‍ ഞാന്‍ വെറുതെവിടപ്പെട്ടു. സുഹൃത്ത്‌ ചോദിച്ച ചോദ്യം ഇത്തിരി കട്ടി കൂടിയതിനാല്‍ കുറിക്കുന്നില്ല.
(തുടരും)

 

Tags: