മുലയെക്കുറിച്ചുമാത്രം ചിന്തിച്ചേക്കരുത്

Glint staff
Mon, 05-03-2018 05:30:30 PM ;

വർത്തമാനകാല സംഭവങ്ങളോട് പോയ കാലത്തെ നേതാക്കള്‍ ഇന്ന്‍ ജീവിച്ചിരുന്നെങ്കില്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ആ നിലയ്ക്ക് നീങ്ങുന്നു,ആയിരുന്നെങ്കില്‍. കുഞ്ഞുപണിക്കന്‍ എന്ന തനി മലയാളിയുമായുള്ള സാങ്കല്പിക അഭിമുഖത്തിലൂടെയാണ് ആയിരുന്നെങ്കില്‍ സരസം പുരോഗമിക്കുക



 

Swami

കുഞ്ഞുപണിക്കന്‍: നമസ്‌കാരം ഗുരുനിത്യ

നിത്യചൈതന്യയതി: ങ് ഹാ, ആരാ കുഞ്ഞുപണിക്കനോ. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍.

കു.പ: വിശേഷങ്ങള്‍ മാത്രമേ ഉള്ളൂ ഗുരോ.

യതി: അപ്പോള്‍ നല്ല കാലമാണല്ലോ.

കു.പ: അതു നിശ്ചയിക്കാന്‍ ഈയുള്ളവന് പ്രാപ്തി കമ്മി.

യതി: അതെന്താണ് പണിക്കാ പതിവില്ലാത്ത ഒരു ദശാസന്ധി.

കു.പ: ദശാസന്ധിയിലായാല്‍ പിന്നെ നിവൃത്തിയില്ലല്ലോ ഗുരോ.

യതി: ദശാസന്ധി  പണിക്കനാണാ അതോ?

കു.പ: ഈയുള്ളവനാണ് ഗുരോ. വിഷയങ്ങള്‍ ഒരുപാട് വന്ന് കൂട്ടിമുട്ടി നില്‍ക്കുന്നു.

യതി: ഏറ്റവുമൊടുവില്‍ വന്ന മുട്ടലേതാണ്?

കു.പ: മുലയാണ് ഗുരോ.

യതി: മുലയോ? അതെന്താ ഇപ്പോ ഇത്ര ഗുരുതരമായത് സ്തന്യാമൃതമുള്ളതാണെങ്കില്‍ അമൃതം. അല്ലാത്തതാണെങ്കില്‍ സ്പര്‍ശാമൃതം. അതെങ്ങനെ ദശാസന്ധിയാകും.

കു.പ: അതുതന്നെയാ ഗുരോ ഈയുള്ളവന്‍ നേരടുന്ന പ്രശ്‌നം.

ഗുരു: മനസ്സിലാകുന്നു പണിക്കാ. അതു ദശാസന്ധി തന്നെ. പരിഹാരത്തിനു വേണ്ടി പരിശ്രമിക്കരുത്. അത് സ്തന്യാമൃതം പോലെ വരും. നമുക്ക് ധ്യാനത്തിലേക്കു പോകാം.

കു.പ: ഈയുള്ളവന്‍ മറ്റൊരു ദശാസന്ധികൂടി നേരിടുന്നു ഗുരോ. അതിന് ഗുരു തന്നെ പരിഹാരം കാണണം. നമ്മുടെ മലയാളി സഹോദരങ്ങള്‍ക്ക് ഔചിത്യം കുറച്ച് കുറവാണെന്നറിയാമല്ലോ?

യതി: സൗന്ദര്യബോധവും സൗന്ദര്യാസ്വാദനവും കുറയുന്നതുകൊണ്ടാ പണിക്കാ അങ്ങനെ സംഭവിക്കുന്നെ.

കു.പ: ഈയുള്ളവനും അത്തരമൊരു അനൗചിത്യവുമായിട്ടാ ഗുരുനിത്യയുടെ അടുത്തെത്തിയിട്ടുള്ളത്. നിവൃത്തിയില്ലാത്തതുകൊണ്ടാ.

യതി: പണിക്കന് അഭ്യാസങ്ങള്‍ കുറവാണെന്നു തോന്നുന്നു. ധ്യാനമൊക്കെ മുടങ്ങുന്നുണ്ട് അല്ലേ? ദിക്കുപോലും മറികടന്നവരല്ലേ നമ്മള്‍. അപ്പോള്‍ ഔചിത്യവും അനൗചിത്യവും ഉണ്ടോ പണിക്കാ. നമ്മള്‍ ഇപ്പോള്‍ ഗുരുവും ശിഷ്യനുമല്ല. അത് മറക്കരുത്. അങ്ങനെ വന്നാല്‍ ദ്വൈതമായി. അദ്വൈതമല്ലേ നമ്മളെ നയിക്കേണ്ടത്. ധ്യാനം നിത്യമാക്കൂ. കുറവ് കാണുന്നു.

കു.പ: ഒരു മാധ്യമന്‍ വന്ന് എന്നെ പിടികൂടിയിട്ട് കുറേ ദിവസമായി. ബാധ പോലെ. പിണക്കിയാ പിന്നെ എന്റെ ജീവിതം ബുദ്ധിമുട്ടിലാകും. മൂപ്പര്‍ക്കിപ്പോ തന്നെ ധ്യാനം പഠിക്കണമത്രെ. ഉടനടി പറ്റില്ലെന്നു പറഞ്ഞപ്പോ അതു സാധ്യമല്ലെന്ന വാശി. അങ്ങനെ ആ മാധ്യമനെയും കൂട്ടിയാണ്  എന്റെ ഈ വരവ്. ഗുരു ഒന്ന് സഹായിക്കണം. എന്റെ ശേഷിയില്‍ ഒതുങ്ങില്ല. ആ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങോട്ടു കൊണ്ടുവന്നത്.

യതി: ങ് ഹ ഹ..... അതു നിസ്സാര പ്രശ്‌നമല്ലേ പണിക്കാ. ആ കുട്ടിയെ വിളിക്കൂ. അവന് ധ്യാനം പഠിക്കുകയല്ലേ വേണ്ടത്. നമുക്ക് ശരിയാക്കിക്കൊടുക്കാം.അതിരിക്കട്ടെ ഈ മാധ്യമന്‍ എന്നുവെച്ചാല്‍ ആരാ? ഞാന്‍ കേരളത്തില്‍ നിന്നു പോരുംവരെ ഇങ്ങനെയൊരു വിഭാഗത്തെപ്പറ്റി കേട്ടിട്ടില്ലല്ലോ.

കു.പ: അവന്‍ സര്‍വ്വവ്യാപിയാണ് ഗുരോ. മാധ്യമപ്രവര്‍ത്തകന്‍. മാധ്യമയാണെങ്കില്‍ ഉശിര് കൂടുതലുമാ. ആ ഭീഷണി ഉണ്ടായപ്പോഴാണ് ഞാന്‍ മുപ്പരേയും കൂട്ടി യാത്ര തിരിച്ചത്. ഞാന്‍ വിളിക്കാം.

യതി: ശരി ഞാനൊന്നു തയ്യാറെടുക്കട്ടെ. പണിക്കന്‍ പറഞ്ഞുകേട്ടിടത്തോളം അല്‍പ്പം സൂക്ഷിക്കേണ്ടതാണെന്നു തോന്നുന്നു. സര്‍വ്വവ്യാപികളെ ഞാന്‍ ഇതുവരെ നേരിട്ടു കണ്ടിട്ടില്ല.
 
ഇത്രയും പറഞ്ഞതിനു ശേഷം അര്‍ധപത്മാസനത്തില്‍ മടിയില്‍ വലത് കൈപ്പത്തിക്കുമേല്‍ ഇടതു കൈപ്പത്തി വച്ച് രണ്ടു തള്ളവിരലുകള്‍ തമ്മില്‍ മുട്ടിച്ചുകൊണ്ട് യതി ധ്യാനത്തിലേക്ക് പ്രവേശിച്ചു. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ മാധ്യമനുമായി കുഞ്ഞുപണിക്കനെത്തി. കാല്‍പ്പെരുമാറ്റം കര്‍ണ്ണപടത്തില്‍ വീണപ്പോള്‍ യതി മെല്ലെമെല്ലെ കണ്ണ് ചിമ്മി വിടര്‍ത്തി.

മാധ്യമന്‍: ഹായ് സ്വാമിജി

യതി: ഗുഡീവനിംഗ് മൈ ഡിയര്‍ ഫ്രണ്ട്. വാട്ട് കാന്‍ ഐ ഡു ഫോര്‍ യൂ

മാധ്യ:  ഡിയര്‍ സ്വാമിജി, ഐ വാണ്ട് ടു ലേണ്‍ മെഡിറ്റേഷന്‍. സ്വാമിയുടെ ശിഷ്യന്‍ , ഹീ ഈസ് വെരി കണ്‍സര്‍വേറ്റീവ്. അങ്ങനെ പഠിക്കാന്‍ പറ്റില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ബട്ട് ഐയാം കോണ്‍ഫിഡന്റ്. പരിചയമില്ലാത്ത വിഷയങ്ങള്‍ ദിവസേനയെന്നോണം കൈകാര്യം ചെയ്ത് ലോകത്തെ അറിയിക്കുന്ന  പണിയാണ് എന്റേത്. അതകൊണ്ടാണ് ഇത് പഠിക്കുന്നതിന് എനിക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്ന് പറയുന്നത്.

യതി: അതു ശരിയാ. അറിവില്ലാത്ത കാര്യങ്ങള്‍ മറ്റുള്ളവരിലേക്ക് അറിവായി പകര്‍ന്നു നല്‍കണമെങ്കില്‍ വളരെ വലിയ കഴിവു തന്നെയാണ് വേണ്ടത്.  അതിരിക്കട്ടെ, ഇപ്പോത്തന്നെ ധ്യാനം പഠിക്കണമെന്ന് നിര്‍ബന്ധമുണ്ടോ ?

മാധ്യ: വേണം സ്വാമിജി. ഞാന്‍ രണ്ടു ദിവസം അതിനായി ലീവെടുത്തു വന്നിരിക്കുകയാണ്. ഒരു ദിവസംകൊണ്ട് പഠിക്കാന്‍ പറ്റിയില്ലെങ്കിലോ എന്നു കരുതിയാണ് രണ്ടു ദിവസത്തെ  അവധിയെടുത്തിട്ടുള്ളത്.

യതി: അതു നന്നായി. ഇപ്പോള്‍ തയ്യാറാണോ?

മാധ്യ: യെസ് സ്വാമിജി. ഞാന്‍ ഉടനെ കുളിച്ചു തയ്യാറായി വരാം.

യതി: അതിന്റെ ആവശ്യമൊന്നുമില്ല. ഇതു വളരെ നിസ്സാരമാണ്.

മാധ്യ: ഓഹോ, ഇറ്റീസ് ഇന്ററസ്റ്റിംഗ്.

യതി: യെസ് ഇറ്റീസ് മൈ ഡിയര്‍. ദേ ഈ ഹാളിന്റെ വടക്കേ അറ്റത്ത് ഒരു മൂലയില്‍ ഒഴിഞ്ഞ ഒരു പ്ലാറ്റ്‌ഫോം കണ്ടില്ലേ.തടികൊണ്ടുളള ഒന്ന്.

മാധ്യ: യെസ് സ്വാമിജി. കണ്ടു

യതി: ഇനി, ഇങ്ങോട്ട് ഒന്നും സംസാരിക്കാന്‍ പാടില്ല. ഞാന്‍ പറയുന്നത് മാത്രം ശ്രദ്ധിക്കുക. സത്യസന്ധമായി മാത്രമേ നമ്മള്‍ രണ്ടു പേരും സംസാരിക്കാന്‍ പാടുളളൂ. ലജ്ജ ഒട്ടും തോന്നാന്‍ പാടില്ല. ഞാന്‍ പറയുന്നത് നൂറു ശതമാനം പാലിക്കാന്‍ ശ്രദ്ധാലുവാകണം. ഞാന്‍ ഒരു വിദ്യ പകര്‍ന്നു തരുകയാണ്, താങ്കളെ ധ്യാനാഭ്യാസത്തിലേക്ക് പ്രവേശിപ്പിക്കാന്‍ പോവുകയാണ്. ശ്രദ്ധിക്കുക. എന്റെ കണ്ണുകളിലേക്കും പിന്നെ ചുണ്ടുകളിലേക്കും നോക്കിക്കൊള്ളുക. ഞാന്‍ നേരത്തേ കാണിച്ച ആ പ്ലാറ്റ്‌ഫോമില്‍ ഇവിടെ നിന്ന് തിരിഞ്ഞുനോക്കാതെ നടന്ന് അതിന്മേല്‍ കയറിയിരിക്കണം. ഇഷ്ടമുള്ള രീതിയില്‍ ഇരിക്കാം. ചാരിയിരിക്കണമെങ്കില്‍ അങ്ങനെ. സുഖകരമായ പോസ്റ്റര്‍ ഏതാണോ ആ രീതിയില്‍ . കാല്‍ എങ്ങനെ വേണമെങ്കിലും വയ്ക്കാം. അങ്ങനെ ഇരുന്നതിന് ശേഷം വലതു കൈപ്പത്തിയുടെ മുകളില്‍ ഇടതു കൈപ്പത്തി വയ്ക്കുക. തള്ളവിരലുകള്‍ പരസ്പരം കൂട്ടിമുട്ടിക്കുക.  പിന്നെ സാവധാനം കണ്ണടയ്ക്കുക. അങ്ങനെ ഇരിക്കുക, പറ്റുന്നിടത്തോളം സമയം. ഒറ്റക്കാര്യം മാത്രം ശ്രദ്ധിച്ചോണം. അതായത് മുലയേക്കുറിച്ചു മാത്രം ചിന്തിച്ചേക്കരുത്.
       
breast

യതിയും കുഞ്ഞുപണിക്കനും ലൈബ്രറിയിലേക്കു പോയി. അവര്‍ പുതിയ പെയിന്റിംഗുകളെക്കുറിച്ചും മറ്റും സംസാരിച്ചിരുന്നു. പിന്നീടവര്‍ കുറച്ചു നേരം ധ്യാനത്തിലുമിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞ് വന്നപ്പോള്‍ മാധ്യമന്‍ അവരെ പ്രതീക്ഷിച്ച് ഹാളില്‍ നില്‍ക്കുന്നു.

യതി: ഹ, പഠിച്ചു കഴിഞ്ഞോ?

മാധ്യ: സ്വാമിജി, ഞാന്‍ സ്വാമിജി പറഞ്ഞ കണക്കെല്ലാം ചെയ്തു. സുഖകരമായ രീതിയില്‍ കണ്ണടച്ചിരുന്നു. പക്ഷേ ഒരു കാര്യം മാത്രം പറ്റിയില്ല.

യതി:  അതെന്താണ് സുഹൃത്തേ?

മാധ്യ: സ്വാമിജി പറഞ്ഞില്ലേ മുലയേക്കുറിച്ചു മാത്രം ചിന്തിക്കരുതെന്ന്. പക്ഷേ കണ്ണടച്ചപ്പോള്‍ മുതല്‍ മുലയല്ലാതെ മറ്റൊന്നും മനസ്സില്‍ വരുന്നില്ല. ഞാന്‍ പരമാവധി ശ്രമിച്ചു നോക്കി . മുല, ചിന്തയില്‍ നിന്നു പോകുന്നതേ ഇല്ല. മുലകളെ ഒഴിവാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ അവ ചിന്തയില്‍ നിന്ന് മാറാതെ തറച്ചു നിന്നു. തുറിച്ചുനോക്കിക്കൊണ്ട്!

യതി: അതെന്താ അങ്ങനെ, സുഹൃത്ത് അതിലേക്കു തുറിച്ചു നോക്കിയോ?

മാധ്യ: സ്വാമിജി, ഞാന്‍ ചിന്തയില്‍ നിന്നൊഴിവാക്കാന്‍ ശ്രമിക്കുന്തോറും മുല എന്നെ തുറിച്ചു നോക്കുന്നതുപോലെയാ തോന്നിയെ. അപ്പോ സ്വാഭാവികമായി ഞാനും തുറിച്ചു നോക്കിപ്പോകുമല്ലോ? ഒടുവില്‍ ഞാന്‍ കുഴഞ്ഞു സ്വാമിജി. എനിക്കിപ്പോ ധ്യാനം പഠിക്കണമെന്നില്ല. എനിക്ക് വന്ന അവസ്ഥയില്‍ തിരിച്ച് പോയാലും മതി. ഇപ്പോഴും മുലകള്‍ എന്നെ വേട്ടയാടുന്നു. വേട്ടയാടപ്പെടുമ്പോള്‍ സ്വാഭാവികമായും പ്രതിരോധത്തിനായി തുറിച്ചു നോക്കിപ്പോവില്ലേ സ്വാമി. എനിക്ക് വന്ന അവസ്ഥയില്‍ തിരിച്ചു പോയാ മതി. അതിനെന്നെ സഹായിക്കണം.

യതി: അനുജന്‍ വന്നത് ഭുതകാലത്തിലല്ലേ. അതിലേക്കു തിരിച്ചു പോവുക അസാദ്ധ്യം. സംഭവിച്ച ഒന്നിനേയും അസംഭവിപ്പിക്കുക സാധ്യമല്ല. ചെറുപ്പമല്ലേ, മുലകളുമായി ജീവിക്കുക. കുറേ കഴിയുമ്പോള്‍  അവയുടെ ആക്രമം നിലച്ചുകൊള്ളും. അവയോട് യുദ്ധം ചെയ്യാന്‍ പോകാതിരുന്നാല്‍ മതി. അതിരിക്കട്ടെ ഏതൊക്കെ വിധമുള്ള മുലകളാണ് കണ്ടത്?

മാധ്യ: അതാണ് സ്വാമിജി പ്രശ്‌നം. എനിക്ക് മുലകള്‍ വളരെ പ്രിയപ്പെട്ടതായിരുന്നു. ഞാന്‍ അഞ്ചു വയസ്സുവരെ അമ്മയുടെ മുല കുടിച്ചിരുന്നു. ആദ്യമായി പരിചയമുള്ള മുല അതായിരുന്നു. അതിനുശേഷം വളര്‍ന്നപ്പോള്‍ ഞാന്‍ പലവിധം മുലകള്‍ കാണാറുണ്ടായിരുന്നു. അതൊക്കെ എനിക്ക് സന്തോഷവും തന്നിരുന്നു. എന്റെ സൗന്ദര്യസങ്കല്‍പ്പങ്ങളിലും അതുണ്ടായിരുന്നു.

യതി: അതൊക്കെ എവിടെപ്പോയി? അതെല്ലാം അവിടെയുണ്ട്. അത് വിശ്വസിക്കുകയല്ല. അറിയുക. അതു പോയി എന്നുള്ളത് തോന്നലാണ് താങ്കള്‍ക്ക്. തോന്നല്‍ വിശ്വാസത്തില്‍ നിന്നു വരുന്നതാണ്. യാഥാര്‍ത്ഥ്യം ഉള്ളപ്പോള്‍ തോന്നലിന് സ്ഥാനം കൊടുക്കേണ്ടതുണ്ടോ? അതിരിക്കട്ടെ ഇപ്പോ എന്തു തരം മുലകളാണ് ധ്യാനത്തിലിരുന്നപ്പോള്‍ സുഹൃത്തിനെ തുറിച്ചു നോക്കിയത്.

മാധ്യ: സ്വാമിജി. കണ്ണടയ്ക്കുമ്പോള്‍ ഇപ്പോള്‍ ഒരു മുല മാത്രമാണ് എന്നെ തുറിച്ചു നോക്കുന്നത്. മുലയോടൊപ്പം കഴുത്തും കക്ഷവും കൈത്തണ്ടയുമൊക്കെ എന്നെ തുറിച്ചു നോക്കുന്നു.  എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു, സ്‌കൂള്‍ വിട്ടു വന്ന് വീടിന്റെ അരത്തിണ്ണയില്‍ കയറി നിന്ന് ഞാന്‍ തന്നെ അമ്മയുടെ മുലപ്പാല്‍ കുടിക്കുന്ന ദൃശ്യം. ഞാനിപ്പോഴും വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ ആദ്യം എന്റെ ഓര്‍മ്മയില്‍ വരുന്നത് ആ ദൃശ്യമാണ്. അതെന്നില്‍ നിന്നും പോയി സ്വാമിജി.

യതി: അതു സാരമില്ല. അമ്മ ജീവിച്ചിരിപ്പുണ്ടോ?

മാധ്യ: ഇല്ല സ്വാമിജി. അതാണെനിക്കു സങ്കടം.

യതി: അതൊന്നും സാരമില്ല. മാറ്റങ്ങള്‍ വരും. പേടി കളയുക. മുല തുറിച്ചു നോക്കിയാലും അതിലേക്കു തുറിച്ചുനോക്കാതിരുന്നാ മതി. അല്ല, ധ്യാനം പരിശീലിച്ചില്ലേ?

മാധ്യ: വേണ്ട സ്വാമിജി. എനിക്കു പേടിയാകുന്നു.

യതി: പേടിയാണ് അപകടം. മാധ്യമപ്രവര്‍ത്തകരൊക്കെ ധൈര്യശാലികളല്ലെ.

മാധ്യ: എനിക്കുറങ്ങുന്ന കാര്യം ആലോചിക്കുമ്പോഴും പേടിയാകുന്നു സ്വാമിജി.

യതി: നാളെയും അവധിയല്ലേ. ഏതെങ്കിലും മാളില്‍ പോയി കുറച്ചു സമയം ചെലവഴിക്കുക. പിന്നെ നല്ല സിനിമകളുണ്ടെങ്കില്‍ കാണുക. പറ്റുമെങ്കില്‍ കുറച്ചു ദിവസത്തേക്ക് മാധ്യമപ്രവര്‍ത്തനത്തില്‍ നിന്നൊന്നു മാറി നിന്ന്, നല്ല കവിത വായിക്കുകയോ, രവിവര്‍മ്മയടുടേതു പോലുള്ള പെയിന്റിംഗുകള്‍ കാണുകയോ ചെയ്ത് കുറച്ച് സൗന്ദര്യം കടത്തിവിടാന്‍ ശ്രമിച്ചാല്‍ മതി. നല്ല വനിതാ സുഹൃത്തുക്കളുണ്ടെങ്കില്‍ അവരുമായി കുറച്ചു സമയം ചെലിവിടുക. പിന്നെ ധ്യാനം പരിശീലിക്കണമെന്നു തോന്നുമ്പോള്‍ കുഞ്ഞുപണിക്കനെ ബുദ്ധിമുട്ടിക്കേണ്ട. നേരേ പോന്നാമതി. നമുക്ക് ശരിയാക്കാം.

 

Tags: