അമേരിക്കയില്‍ നിന്ന് സംസ്‌കാരം ശേഖരിക്കാനെത്തിയ മലയാളി അമ്മയും മകളും

ഗ്ലിന്റ് ഗുരു
Sat, 18-01-2020 03:15:45 PM ;

 

വീണ. അമേരിക്കയില്‍ നിന്ന് അമ്മയ്‌ക്കൊപ്പം കൊച്ചിയിലെത്തി എട്ടാം ക്ലാസ്സില്‍ ചേര്‍ന്നു; നഗരത്തിലെ പ്രധാന സ്‌കൂളില്‍. എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നതെങ്കിലും പ്ലസ് ടൂവിന് പഠിക്കുന്ന പഠിക്കുന്ന കുട്ടിയായിട്ടാണ് പലരും കണക്കാക്കുന്നത്. വീണയുടെ അച്ഛന്‍ അമേരിക്കയില്‍ ശാസ്ത്രജ്ഞന്‍. അമ്മ കമ്പ്യൂട്ടര്‍ വിദഗ്ധയായിരുന്നു. വീണ ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയില്‍. വീണയില്‍ കേരളത്തിന്റെ സംസ്‌കാരം പ്രവേശിപ്പിക്കാനാണ് അച്ഛന്‍ അമേരിക്കയില്‍ നിന്നുകൊണ്ട് അമ്മയെയും മകളെയും നാട്ടിലേക്ക് വിട്ടത്. ആദ്യമൊക്കെ വീണയ്ക്കും ഉത്സാഹമായിരുന്നു. നാട്ടിലെത്തി വീട്ടില്‍ വന്ന് സംഗീതം പഠിപ്പിക്കുന്ന അദ്ധ്യാപകനെ വരെ അമ്മ കണ്ടെത്തി. മാത്രമല്ല, എവിടെയെല്ലാം ഉത്സവങ്ങളും അതുപോലുള്ള ചടങ്ങുകളുമുണ്ടോ അവിടെയെല്ലാം അമ്മ വീണയുമായി എത്തി സംസ്‌കാരം പ്രവേശിപ്പിക്കാന്‍ ശ്രദ്ധിച്ചു. ആറ് മാസം കഴിഞ്ഞിട്ടും വീണയ്ക്ക് ഒരു കൂട്ടുകാരിയേയോ കൂട്ടുകാരനേയോ സ്വന്തം ക്ലാസ്സില്‍ നിന്നോ സ്‌കൂളില്‍ നിന്നോ ലഭിച്ചില്ല. 

 പതിനൊന്നു വയസ്സും പതിനേഴ് വയസ്സിന്റെ ശരീരപുഷ്ടിയുമുള്ള വീണയെ ഒറ്റയ്ക്ക് പുറത്തേക്ക് വിടാനും അമ്മയ്ക്ക് പേടി. ദിവസവും അവര്‍ ടി വിയില്‍ വാര്‍ത്ത ശ്രദ്ധിക്കുമ്പോഴും രാവിലെ പത്രം വായിക്കുമ്പോഴും അവര്‍ പീഡന വാര്‍ത്തകള്‍ പരതുന്ന സ്വഭാവക്കാരിയായി. തന്റെ മകള്‍ എപ്പോള്‍ വേണമെങ്കിലും എവിടെ വച്ചും പീഡിപ്പിക്കപ്പെടാമെന്ന ഒരു തോന്നല്‍ അമ്മയെ പിടികൂടി. ആ പേടിയാകട്ടെ അമേരിക്കയില്‍ നിന്ന് വീണയുടെ അച്ഛന്‍ ഇടയ്ക്കിടെ കൂട്ടിക്കൊണ്ടുമിരുന്നു. വീഡിയോകാള്‍ വിളിച്ച് സ്വീകാര്യമല്ലാത്ത പെരുമാറ്റങ്ങള്‍ വന്നാല്‍ എങ്ങനെയാണ് പെരുമാറേണ്ടെതന്ന ട്യൂഷനും അച്ഛന്‍ കൊടുക്കാറുണ്ടായിരുന്നു. അമ്മ ഒരു പെപ്പര്‍ സ്‌പ്രേയും സംഘടിപ്പിച്ചു. അതു സൂക്ഷിക്കുന്നതിനായി യൂണിഫോമില്‍ ഒരു രഹസ്യ അറ ആരും കാണാത്ത വിധം അവര്‍ തുന്നിപ്പിടിപ്പിക്കുകയും ചെയ്തു. രാവിലെ എന്തൊക്കെ മറന്നാലും വീണയുടെ അമ്മ ഈ പെപ്പര്‍ സ്േ്രപ ഉറപ്പായിട്ടും യൂണിഫോമിനുള്ളില്‍ നിക്ഷേപിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു ദിവസം വീണ ആത്മാര്‍ത്ഥമായി അമ്മയോടു ചോദിച്ചു, ഇത്രയും പാടുപെടേണ്ട ആവശ്യമെന്താണ് ഒരു തോക്ക് സംഘടിപ്പിച്ചു കൊടുത്താല്‍ പോരേ എന്ന്. അതു കേട്ടതും വീണയുടെ അമ്മയുടെ നില ആകെ തെറ്റി. തനിക്ക് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത കാര്യം പതിനൊന്നു കാരിയായ തന്റെ മകള്‍ ചിന്തിക്കാന്‍ കാരണം അമേരിക്കന്‍ സംസ്‌കാരം അവളില്‍ കുടിയേറിക്കഴിഞ്ഞുവെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് അമേരിക്കയിലുള്ള ഭര്‍ത്താവുമായുള്ള അവരുടെ വീഡിയോ കാളുകളുടെ എണ്ണം കൂടി .അമ്മയുടെ  മകളോടുള്ള അവരുടെ പെരുമാറ്റത്തില്‍ ഒരു സാംസ്‌കാരിക യുദ്ധാന്തരീക്ഷം വന്നു. യൂണിഫോമില്‍ നിന്നിറങ്ങിയാല്‍ വീണയുടെ ഇഷ്ടവേഷം ഇറക്കം കുറഞ്ഞ ഷോട്‌സാണ്. ഒരു ദിവസം വീണ പുറത്തു പോയിട്ട് വീട്ടിലെത്തുമ്പോള്‍ മുകളിലത്തെ നിലയിലെ ബാല്‍ക്കണിയില്‍ വീണ നില്‍ക്കുന്നു. വേഷം ഷോട്‌സ്. കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നുകൊണ്ട് മുകളിലേക്കു നോക്കിയപ്പോള്‍ അവരുടെ നോട്ടം ശരിക്കും വീണയുടെ ഷോട്‌സില്‍ കുടുങ്ങി. വീടിനുള്ളില്‍ കയറി വീണയെ കര്‍ക്കശമായ സ്വരത്തില്‍ വിളിച്ചു. എന്നിട്ടു പറഞ്ഞു ഇതിടുന്നതിനേക്കാള്‍ നല്ലത് ഒന്നുമിടാതെ നില്‍ക്കുന്നതാണെന്ന്. അത് കേട്ട മാത്രയില്‍ വീണ ആ ഷോട്‌സ് വലിച്ചൂരിയെറിഞ്ഞിട്ട് മേശപ്പുറത്തിരുന്ന പാത്രങ്ങളും മറ്റും വലിച്ച് തറയിലെറിഞ്ഞ് പൊട്ടിച്ചു. ശരിക്കും ഭ്രാന്തിയെപ്പോലെ പെരുമാറി. 

 പിറ്റേ ദിവസം വീണയും അമ്മയും സ്‌കൂളിലേക്കു പോയി. ഓപ്പണ്‍ ഹൗസായിരുന്നു. എല്ലാ അദ്ധ്യാപകരും വീണയുടെ പഠനത്തേക്കാള്‍ അവളുടെ സ്വഭാവത്തെക്കുറിച്ചാണ് പരാതി പറഞ്ഞത്. സ്‌കൂളിലെ കൗണ്‍സിലറും വീണയുടെ അമ്മയെ കണ്ടു. വീണയെ ഒരു സൈക്കോളജസ്റ്റിനെ കാണിക്കണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് ഇരുവരും സ്‌കൂളിലെ പ്രിന്‍സിപ്പല്‍ നിര്‍ദ്ദേശിച്ച സൈക്കോളജസ്റ്റിനെ കണ്ടു. വീണയ്ക്കല്ല , വീണയുടെ അമ്മയ്ക്കാണ് കൗണസലിംഗും ചികിത്സയും വേണ്ടതെന്ന് സൈക്കോളജിസ്റ്റ് കണ്ടെത്തി. വീണയില്‍  ബൈപോളാര്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ വികസിക്കാന്‍ സാധ്യതയുണ്ടെന്നും സൈക്കോളജിസ്റ്റ് മുന്നറിയിപ്പു നല്‍കി. അമേരിക്കയില്‍ നിന്ന് വീണയുടെ അച്ഛന്‍ പരമാവധി വീഡിയോ ട്യൂഷന്‍ കൊടുക്കാന്‍ നോക്കി. ട്യൂഷനില്‍ തനിക്ക് തെല്ലും താല്‍പ്പര്യമില്ലെന്ന് വീണ അച്ഛനോട് ഒരിക്കല്‍ തുറന്നു പറഞ്ഞു. അതോടെ അച്ഛനും തനിക്ക് പരിചയമില്ലാത്ത വീണയെ പരിചയപ്പെട്ടു. സൈക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശപ്രകാരം വീണയില്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ അമ്മ ശ്രദ്ധിക്കുകയും തന്റെ ഭര്‍ത്താവിനെ ഉപദേശിക്കുകയും ചെയ്തു. കേരള സംസ്‌കാരം പ്രവേശിപ്പിക്കാന്‍ വന്ന അമ്മയുടെയും അവരെ നാട്ടിലേക്കയച്ച അച്ഛന്റെയും മുഖ്യവിഷയമിപ്പോള്‍ സംസ്‌കാരമല്ല. ഏതു സംസ്‌കാരമായാലും വീണയെയും അമമയെയും തമ്മില്‍ തല്ലില്ലാതെ കൊണ്ടുപോവുക എന്നതായി. ഒടുവില്‍ സൈക്കോളജിസ്റ്റ് നിര്‍ദ്ദേശിച്ചു, ഒന്നുകില്‍ വീണയുടെ അച്ഛന്‍ നാട്ടില്‍ വന്ന് ഒപ്പം താമസിക്കണം. അല്ലെങ്കില്‍ അമ്മയും മകളും തിരിച്ച് അമേരിക്കയിലേക്ക് പോകണം. ഒടുവില്‍ അമേരിക്കയിലേക്ക് തന്നെ തിരിച്ചു പോകാന്‍ തീരുമാനമായി. വീണയുടെ അമ്മാവനെത്തി വില്ല ഒഴിയാനും നാട്ടിലെ ഇടപാടുകളൊക്കെ തീര്‍പ്പാക്കാനും സഹായിച്ചു. അപ്പോള്‍ വീണയ്ക്ക് ഒരുപാധി. അവള്‍ അമ്മയോടൊപ്പം അമേരിക്കയ്ക്ക് പോകില്ല. അവള്‍ക്ക് നേരത്തെ ഒററയ്ക്ക് പോകണം. ്അമ്മാവനും അമ്മൂമ്മയും ഒക്കെ ആവുന്നതു പറഞ്ഞു നോക്കി. രക്ഷയില്ല. ഒടുവില്‍ അമേരിക്കയില്‍ നി്ന്ന് അച്ഛന്‍ നാട്ടിലെത്തി അമ്മയേയും മകളേയും കൂട്ടി അമേരിക്കയ്ക്ക് പറന്നു.

 

Tags: