മനോരമയുടെ 'കനിവില്ലാത്ത' തലവാചകം

Glint Staff
Sat, 06-04-2019 03:21:24 PM ;

manorama lead

പത്രമാണെങ്കിലും മറ്റ് മാധ്യമമാണെങ്കിലും അതിന് മനുഷ്യന് മസ്തിഷ്‌കമെന്നപോലെ അനിവാര്യമാണ് പത്രാധിപത്യം. പത്രാധിപനില്ലാത്ത മാധ്യമലോകത്തിന്റെ ഏറ്റവും ഒടുവിലത്തെ ഒരു ഉദാഹരണമാണ് മലയാളമനോരമയില്‍ ഏപ്രില്‍ അഞ്ചിന് ഒന്നാം പേജില്‍ വന്നിരിക്കുന്ന വാര്‍ത്ത. 'കനിവില്ലാതെ സൂര്യന്‍: രണ്ട് മരണം' എന്നാണ് തല വാചകം. ഈ ഒരു തലവാചകത്തിന്‌ പൈങ്കിളിയുടെ തലത്തില്‍ രണ്ട് മരണങ്ങള്‍ക്ക് സൂര്യന്‍ കാരണമായി എന്ന അര്‍ത്ഥം വേണമെങ്കില്‍ വായനക്കാരുടെ ഉള്ളില്‍ ഉണര്‍ത്താന്‍ പറ്റും. കാരണം രണ്ട് പേരുടെ മരണമാണ്. അതേ സമയം, നിസ്സാരമെന്ന് തോന്നാമെങ്കിലും ആ തലവാചകം വായനക്കാരിലും സമൂഹത്തിലും അങ്ങേയറ്റം വിനാശകരവും  ശാസ്ത്രബോധത്തിന് വിരുദ്ധവുമായിട്ടുള്ള ഒരു അവോബധം അവരറിയാതെ തന്നെ സൃഷ്ടിക്കുന്നു.

 

സൂര്യന്‍ ഇല്ലെങ്കില്‍ ഭൂമി തന്നെയില്ല. ഈ തലവാചകമെഴുതിയ ആ ലേഖകന്റെയോ/എഡിറ്ററുടെയോ കൈ അനങ്ങണമെങ്കിലും അദ്ദേഹത്തിന് സൂര്യന്റെ കനിവില്ലാതെ പറ്റില്ല. ഒരു ഗ്ലാസ് ചായ എടുത്താല്‍ അതിനകത്തുള്ള ഓരോ തുള്ളിയും സൂര്യന്റെ ഓരോ രൂപത്തിലുള്ള ഭാവങ്ങളാണ്. അത് നാം കഴിക്കുന്ന ഭക്ഷണമായാലും വെള്ളമായാലും.  ഇന്ന് കേരളത്തില്‍ കൊടും ചൂടനുഭവിക്കുന്നുണ്ടെങ്കില്‍, സൂര്യതാപം ഏറ്റ് ആളുകള്‍ മരിക്കുന്നു എങ്കില്‍ അത് സൂര്യന്റെ പ്രശ്‌നംകൊണ്ടല്ല. മറിച്ച് നമ്മുടെ പശ്ചിമഘട്ടങ്ങള്‍ വെട്ടിവെളുപ്പിച്ച് റബ്ബര്‍ എസ്റ്റേസ്റ്റുകളാക്കി മാറ്റിയതും കോണ്‍ക്രീറ്റ് സൗധങ്ങളുണ്ടാക്കികയതും പാടങ്ങളും ചതുപ്പുകളും കുളങ്ങളും തോടുകളും എല്ലാം നികത്തി അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി പ്രകൃതിയെ നശിപ്പിച്ചതുമാണ് സമശീതോഷ്ണമായിരുന്ന കേരളത്തില്‍ ഇത്തരമൊരു അവസ്ഥയുണ്ടാകാന്‍ കാരണം.

 

പ്രകൃതിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമ്മുടെ അസൂത്രകരെയും രാഷ്ട്രീയ നേതൃത്വത്തെയും ഒക്കെ നയിക്കുന്നതില്‍ പൈങ്കിളി മാധ്യമപ്രവര്‍ത്തനവും ചില്ലറയല്ല സ്വാധീനിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തില്‍ ഈ സൂര്യതാപം ഏല്‍ക്കുന്നത് സൂര്യനില്‍ നിന്നാണെങ്കിലും പരോക്ഷമായി നമ്മുടെ തന്നെ പ്രവൃത്തിയാണ് അതിന് പിന്നില്‍. മാധ്യമലോകത്തിന്റെ ഉത്തരവാദിത്വമില്ലായ്മയും അതില്‍ പെടുന്നു. ഇവിടെയാണ് ധിഷണാശാലികളും ശാസ്ത്രബോധവുമുള്ളവരുമായ പത്രാധിപരെ സമൂഹത്തിന് ആവശ്യമാണെന്ന് ഒന്നുകൂടി ബോധ്യപ്പെടുന്നത്. അതിന്റെ അഭാവമാണ് 'കനിവില്ലാതെ സൂര്യന്‍' എന്ന നിസാരമെന്ന് തോന്നാവുന്ന ഈ തലവാചകം.

 

 

 

 

Tags: