മൂന്നര വയസ്സുകാരന്‍. ആശാനു തക്കത്തിന് ഒരു ബ്ലേഡ് കൈയ്യില്‍ കിട്ടി. പലപ്പോഴും മുതിര്‍ന്നവരുടെയടുത്ത് ചോദിച്ചിട്ട് കിട്ടാതിരുന്നത്. കാരണം പറഞ്ഞുകൊണ്ടാണ് മുതിര്‍ന്നവര്‍ ബ്ലേഡ് മൂപ്പര്‍ക്ക് കൊടുക്കാതിരുന്നത്. കിട്ടില്ലെന്നറിഞ്ഞതോടു കൂടി മൂപ്പര്‍ക്ക് അത് സംഘടിപ്പിക്കാനുള്ള വ്യഗ്രതയും വര്‍ദ്ധിച്ചു. അങ്ങനെയിരുന്നപ്പോഴാണ് ഒരു പുതിയ ബ്ലേഡ് തുറന്ന അവസ്ഥയില്‍ ഇദ്ദേഹത്തിന്റെ കൈയ്യില്‍ കിട്ടിയത്. കിട്ടിയ പാടെ അതെടുത്തു കളി തുടങ്ങി. കൈയ്യില്‍ കിട്ടിയതൊക്കെ മുറിച്ചു. ഇടയ്ക്ക് ടിയാന്‍ ഓടിക്കൊണ്ട് അവന്റെ അമ്മയുടെ അടുത്തെത്തി മുറിവെണ്ണ തിരക്കി. അപ്പോഴേക്കും അവന്‍ നിന്നയിടം ചോരവീണൊഴുകിത്തുടങ്ങി. ഇടുതകൈയ്യുടെ ചൂണ്ടുവിരല്‍ അത്യാവശ്യം ആഴത്തില്‍ തന്നെ മുറിഞ്ഞിരിക്കുന്നു.
പിന്നീട് അവന്റെ അച്ഛനുമമ്മയും മറ്റുള്ളവരുമെല്ലാം ഈ രംഗം കൗതുകപൂര്‍വ്വം വിവരിക്കുകയുണ്ടായി. ചെറിയ കാര്യത്തിനു പോലും കരയുന്ന ഈ വിരുതന്‍ കൈ ആഴത്തില്‍ മുറിഞ്ഞിട്ടും കരഞ്ഞില്ലെന്നു മാത്രമല്ല, മുഖത്ത് വേദനയുടെ ലക്ഷണം പോലും കാണിച്ചില്ലത്രെ. സംഗതി മുതിര്‍ന്നവര്‍ക്ക് പറഞ്ഞും ഓര്‍ത്തും രസിക്കാന്‍ പറ്റിയ വിഷയമാണ്. എന്നാല്‍ എന്തുകൊണ്ടാകും അവന്‍ കരയാതിരുന്നതും വേദന മുഖത്ത് കാണിക്കാതിരുന്നതും. മൂന്നര വയസ്സിനുള്ളില്‍ നാം നമ്മുടെ സമൂഹത്തെ അവന്റെയുള്ളിലേക്ക് അടിച്ചുകയറ്റുന്നതില്‍ വിജയിച്ചുവെന്നതാണ് അതു നല്‍കുന്ന സൂചന. കുട്ടികളായാലും മുതിര്‍ന്നവരായാലും വേദനിച്ചാല്‍ അതനുസരിച്ചു പ്രതികരിക്കും. മുതിര്‍ന്നവര്‍ മനസ്സിനു വേദനിച്ചാല്‍ കരയും. കുട്ടികള്‍ ശരീരം വേദനിച്ചാലോ മുറിഞ്ഞാലോ കരയും. ഇവിടെ ഈ മൂന്നര വയസ്സുകാരന്‍ കരയാതിരുന്നത് കൈ മുറിഞ്ഞതിന്റെ കാരണം അവന്‍ തന്നെയാണ് എന്നതുകൊണ്ടാണ്. വേദനയെന്ന അനുഭവത്തെ വേദനയായി കാണുന്ന കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത അവനില്‍ നിന്നും അകന്നു തുടങ്ങിയിരിക്കുന്നു. കുറ്റം സ്വന്തം കൈയ്യില്‍ നിന്ന് സംഭവിച്ചതാണ്. അതിനാല്‍ ശാരീരികവേദന സഹിക്കുന്നതിനേക്കാള്‍ അവനെ സംബന്ധിച്ചിടത്തോളം വേദനയുളവാക്കുന്നതാണ് തന്നെ കുറ്റപ്പെടുത്തുമ്പോഴെന്ന് അവന്‍ അറിയുന്നു. അതിനാല്‍ കുറ്റം തന്റേതാണ്.ആ കുറ്റത്തെ തന്നാല്‍ കഴിയുന്ന വിധം മറച്ചു പിടിക്കാനുള്ള വൃഥാ ശ്രമത്തിന്റെ ഫലമാണ് അവന്‍ കരയാതിരുന്നതും വേദനാഭാവം കാണിക്കാതിരുന്നതും.
ഈ മൂന്നവര വയസ്സുകാരന് അവന്‍ ചെയ്ത കുറ്റത്തെക്കുറിച്ച് ബോധം, അതായത് കുറ്റബോധം. കുറ്റം ചെയ്യുന്നവരെ കുറ്റപ്പെടുത്തുന്നതാണ് അവന്‍ ചുറ്റുപാടുകളില്‍ നിന്ന് പരിചയിച്ചിട്ടുള്ളത്. അതിനാല്‍ അവന്‍ തന്നെ പ്രാഥമികമായി അവനെ കുറ്റപ്പെടുത്തിക്കഴിഞ്ഞു. അതു തന്നെ അവന് സഹിക്കാന്‍ കഴിയുന്നില്ല. അതിനു പുറമേ മറ്റുള്ളവരുടെ ഭാഗത്തുനിന്നുള്ള കുറ്റപ്പെടുത്തലുകള്‍ അവന് ആലോചിക്കാന്‍ കഴിയുന്നില്ല. സ്വയം കുറ്റബോധം അനുഭവപ്പെടുന്നതും വേദനയെ ഉള്ളില്‍ നിക്ഷേപിക്കലാണ്. നിക്ഷേപിക്കപ്പെടുന്നതെന്തും പലിശസഹിതം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. ഏതു മാര്‍ഗ്ഗത്തിലൂടെയാണെങ്കിലും വേദന വേദനയായി തന്നെയായിരിക്കും വേദനാബാങ്കില്‍ വന്നു ചേരുക. വേദന അനുഭവിക്കുന്നവര്‍ എപ്പോഴും അവരുടെ അനുഭവത്തില്‍ നിന്നേ ചുറ്റുപാടുകളോടും ലോകത്തോടും അനുനിമിഷം പ്രതികരിച്ചുകൊണ്ടിരിക്കുക. ഇങ്ങനെയുള്ളവരെ നയിക്കുന്ന പ്രധാന ഘടകം മറ്റുള്ളവരെ വേദനിപ്പിക്കുന്ന വിധമായിരിക്കും. സ്വയം കുറ്റം കണ്ടെത്തുന്നവര്‍ സ്വാഭാവികമായും മറ്റുള്ളവരിലും കുറ്റം കണ്ടെത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യും. എന്നാല്‍ മറ്റുള്ളവര്‍ കുറ്റപ്പെടുത്തുന്നത് ആരും സ്വാഗതം ചെയ്യാറില്ല. വ്യക്തികള്‍ തമ്മിലുള്ള ബന്ധങ്ങള്‍ നശിക്കുന്നതിനും സംഘട്ടനങ്ങള്‍ ഉണ്ടാവുന്നതിനുമൊക്കെ അതു വഴിവയ്ക്കുന്നു.
സ്വയം കുറ്റബോധം അനുഭവിക്കുന്നതിനുള്ള കാരണം സമൂഹത്തിന്റെ ചില കാഴ്ചപ്പാടുകളും ചിട്ടകളുമാണ്. അതേ മാനദണ്ഡം മറ്റുള്ളവരിലും പ്രയോഗിക്കുന്നതിനാലാണ് വളരെ യുക്തിപരമായി ഒരാള്‍ മറ്റൊരാളെ കുറ്റപ്പെടുത്തുന്നത്. സ്വീകാര്യമല്ലാത്തെ എന്തു കണ്ടാലും ആരിലെങ്കിലും കുറ്റം ചുമത്തുക എന്നത് ക്രമേണ പലരിലും ശീലവും ആകും. ഇതിന്റെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്നു മാത്രം. കൈ ആഴത്തില്‍ മുറിഞ്ഞിട്ടും ആ വേദനയെ ഈ മൂന്നരക്കാരന്‍ അടക്കാനും മറയ്ക്കാനും ശ്രമിച്ചത്, മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാതെ പെരുമാറി തന്റെ കൈയ്യില്‍ നിന്നു വന്ന വീഴ്ചകൊണ്ടാണ് അത് സംഭവിച്ചത് എന്ന ബോധത്തിലാണ്. കുഞ്ഞുങ്ങള്‍ വളരുമ്പോള്‍ കാര്യങ്ങള്‍ രക്ഷിതാക്കളില്‍ നിന്നു മറയ്ക്കാനും കളവുകള്‍ പറയാനുമൊക്കെ കാരണമാകുന്നതും ഈ സാമൂഹ്യ വൈറസ് അവരില്‍ പ്രവര്‍ത്തിക്കുന്നതിനാലണത്.
ഈ മൂന്നര വയസ്സുകാരന്റെ മുറിഞ്ഞ വിരലില്‍ മരുന്നു പുരട്ടുന്നതൊടൊപ്പം ഈ കുട്ടിയുടെ അച്ഛനമ്മമാര്‍ വിചാരിച്ചാല്‍ അവന്റെ ഉള്ളില്‍ വേദനയുണ്ടാകാതെ സൂക്ഷിക്കാന്‍ കഴിയും. ഇങ്ങനെയാണ് ഓരോ അനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നും, അടുത്ത പ്രവാശ്യം ബ്ലേഡോ അതുപോലുള്ള സാധനങ്ങളോ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട രീതിയും പറഞ്ഞുകൊടുക്കാം. ഇത്തരം വസ്തുക്കളുമായി കളിക്കാന്‍ താല്‍പ്പര്യം ജനിക്കുമ്പോള്‍ മുതിര്‍ന്നവര്‍ അടുത്തിരുന്നു കുട്ടിയുടെ ദേഹം മുറിയാത്ത വിധം അതുവച്ചു കളിക്കാന്‍ അനുവദിച്ചാല്‍ കുട്ടിയില്‍ ഒരേ സമയം അനേകം ആരോഗ്യകരമായ സ്വഭാവഘടകങ്ങളുടെ ബീജാവാപം നടക്കും. അതുവഴി കുട്ടി ഇത്തരം ഉപകരണങ്ങള്‍ ശ്രദ്ധയോടെ ഉപയോഗിക്കുമെന്നു മാത്രമല്ല, എന്തും ആത്മവിശ്വാസത്തോടെ തന്റെ രക്ഷിതാക്കളോടു പറയാനും ശീലിക്കും.അങ്ങനെയുള്ള രക്ഷിതാക്കള്‍ എന്തെങ്കിലും അരുതെന്നു പറഞ്ഞാല്‍ ഏറിയ പക്ഷവും കുട്ടി അത് അനുസരിക്കുകയും ചെയ്യും. കാരണം തനിക്ക് അപകടമില്ലാത്ത സംഗതിയാണെങ്കില്‍ തന്റെ രക്ഷിതാക്കള്‍ അതനുവദിക്കുമെന്ന ഉറപ്പ് ആ കുട്ടിക്കുണ്ടാവും. വളരെ സൂക്ഷ്മമായ ഇത്തരം നിമിഷങ്ങളിലൂടെയാണ് കുട്ടികളുടെ വൈകാരികതയും വ്യക്തിത്വവും സ്വഭാവവും ഒക്കെ രൂപപ്പെടുക. വ്യക്തിയില്‍ വേദനയുടെ അളവു കുറയുന്നതനുസരിച്ച് ആ വ്യക്തി കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്ന വ്യക്തിയായി വരും. അത്തരക്കാര്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും അവരെ ബഹുമാനിക്കുന്നതിലൂടെ സ്വയം ബഹുമാനിതരാവുകയും ചെയ്യും.