Skip to main content

Tourism

പാണ്ഡവൻ പാറകൾ പലതുണ്ടാവാം. ആലപ്പുഴയിലെ ചെങ്ങന്നൂരിൽ, തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ. അങ്ങിനെ. എന്നാൽ ഞാൻ പറയുന്നത് തെൻമലയ്ക്കടുത്ത് ഉറുകുന്നിലുള്ള പാണ്ഡവൻപാറയെ പറ്റിയാണ്.

 

തെൻമലയിൽ നിന്ന്‍ പുനലൂരിലേക്കുള്ള വഴിയിൽ ഒറ്റക്കൽ ജംഗ്ഷനിൽ നിന്ന്‍ വലത്തോട്ട് തിരിഞ്ഞും ഉറുകുന്നിൽ നിന്ന്‍ വലത്തോട്ട് തിരിഞ്ഞും ഈ പാറയിലേക്ക് കയറാം. പുനലൂർ ഭാഗത്തു നിന്നാണ് വരുന്നതെങ്കിൽ ഉറുകുന്നിൽ നിന്ന്‍ തിരിയുക. ക്ഷേത്രഭണ്ഡാരം കാണുന്നിടത്തു നിന്ന്‍ പാണ്ഡവൻ പാറയിലേക്കുള്ള കയറ്റം തുടങ്ങുന്നു. ഇടയ്ക്കുള്ള വാട്ടർടാങ്കിൽ നിന്ന്‍ ഒരു കന്നാസ് വെള്ളമെടുക്കുക. അതൊരു ഉപകാരമാണ്. എന്തായാലും കയറുകയല്ലേ. ക്ഷേത്രത്തിലെ നിത്യാവശ്യങ്ങൾക്കുളള വെള്ളത്തിന്റെ ഒരു പങ്ക് നമ്മളും എത്തിക്കുന്നു എന്നൊരുപകാരം.

 

മുകളിൽ മനോഹരമായ ഒരു കൊച്ചുക്ഷേത്രം കാണാം. ശിവപാർവ്വതീ ക്ഷേത്രം. പാണ്ഡവർ വനവാസകാലത്ത് ഇവിടെ താമസിച്ചിരുന്നുവെന്നും അന്നും വിളക്ക് വെച്ചാരാധിച്ചിരുന്നുവെന്നും ഐതിഹ്യം. പാറമുകളിലൊരു കാൽപാദവും കാണാം.

 

ഇനി നിങ്ങളൊരു യുക്തിവാദിയാണെങ്കിൽ ക്ഷേത്രവും ഐതിഹ്യവുമെല്ലാം വിടുക. ചുറ്റുവട്ടത്തേക്ക് നോക്കുക. പ്രകൃതീശ്വരിയുടെ ആ വിശാലമായ സന്നിധിയിലും ഒന്നു കൈകൂപ്പി പോവും. കിഴക്ക് തെൻമലക്കാടും കല്ലടയാറും. പടിഞ്ഞാറ് ചെറുമലനിരകളുടെ ആരോഹണാവരോഹണങ്ങൾ. പിന്നെ കല്ലടകനാലും കണ്ണറപാലങ്ങളും. വടക്ക് മറ്റൊരു കുന്നിന്റെ പള്ളയിൽ കൊല്ലം ചെങ്കോട്ട റെയിൽപാത. അത് ബ്രോഡ്‌ഗേജ് ആക്കികൊണ്ടിരിക്കുന്നതിനാൽ ഇപ്പോൾ പാതയിൽ ട്രെയിനില്ല. ട്രെയിനോട്ടം തുടങ്ങിയാൽ അതും നല്ലൊരു കാഴ്ചയാവും. കുളത്തൂപ്പുഴയിൽ ശ്രീലങ്കൻ അഭയാർഥികൾ തീർത്ത എണ്ണപ്പനത്തോട്ടവും ഒറ്റക്കൽ റെയിൽവേ സ്‌റ്റേഷനും ഇവിടെ നിന്നാൽ കാണാം.

 

പാറയുടെ അൽപം താഴെയായൊരു കുരിശടിയും ഉണ്ട്. ക്രിസ്ത്യൻ തീർഥാടന കേന്ദ്രമാണിത്. കുന്നിൻ പള്ളയിൽ നിന്നുള്ള ഗുഹ പാറയുടെ മറ്റേ അറ്റംവരെ നീളുന്നുണ്ടെന്ന്‍ പരിസരവാസികൾ പറയുന്നു. അതിനകത്തായിരുന്നു അജ്ഞാതവാസം എന്നും കഥകൾ ധാരാളം. അജ്ഞാതവാസവും പാണ്ഡവരെ കണ്ടെത്താനുള്ള ദുര്യോധനാദികളുടെ തിരച്ചിലുമെല്ലാം കഥ പോലെ മനസിലെത്തും. എപ്പോള്‍ പോയാലും കുഴപ്പമൊന്നുമില്ലെങ്കിലും ഇപ്പോള്‍ പോകണമെന്ന്‍ പറഞ്ഞത് വെറുതെയല്ല. മഴയിൽ അൽപ്പം വഴുക്കലെല്ലാം ഉണ്ടാവുമെങ്കിലും നിറഞ്ഞ പുഴയും ഡാമും കാണുന്നതിന്റെ മഴസുഖം ഇപ്പോള്‍ മാത്രമേ കിട്ടൂ.