കോഴിക്കോട് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി. തുടര്‍ന്ന് ഇത്തരത്തില്‍ തിരുത്തലിന് തയ്യാറാവുന്ന ഏക പ്രസ്ഥാനം ഡി.വൈ.എഫ്.ഐ ആണെന്ന് മാധ്യമങ്ങളില്‍ എപ്പോഴും സാന്നിധ്യമറിയിക്കുന്ന ഡി.വൈ.എഫ്.ഐ പ്രസിഡന്റായ എ.എ റഹീം അവകാശപ്പെട്ടു. അതായത് തങ്ങളുടെ പ്രസ്ഥാനത്തില്‍പെട്ടവര്‍ ക്വട്ടേഷന്‍ സംഘത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് പുറത്താക്കിയതിനെ അദ്ദേഹം ഒരു അവസരമായി, തങ്ങളുടെ പ്രസ്ഥാനത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിച്ചിരിക്കുകയാണ്. എന്തുകൊണ്ട് ഈ ക്വട്ടേഷന്‍ സംഘാംഗങ്ങളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞില്ല എന്നുള്ളത് റഹീമിനോട് മാധ്യമങ്ങളുടെ ഭാഗത്ത് നിന്ന് ചോദ്യം ഉണ്ടാവുകയോ അദ്ദേഹം ഉത്തരം പറയുകയോ ചെയ്യുന്നില്ല.
സ്വന്തം പ്രസ്ഥാനത്തിലെ ക്വട്ടേഷന്‍ അംഗങ്ങളുടെ സാന്നിധ്യത്തെ തിരിച്ചറിയാന്‍ ശേഷിയില്ലാത്ത സംഘടനയ്ക്ക് എങ്ങനെ ഒരു രാഷ്ട്രീയ കക്ഷിയായി തുടരാന്‍ കഴിയും എന്നുള്ള ചോദ്യവും ഇവിടെ ഉന്നയിക്കപ്പെടേണ്ടതുണ്ട്. ഈ പുറത്താക്കിയവരിലൂടെ സി.പി.എമ്മിലെ മുഴുവന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും പുറത്താക്കപ്പെട്ടു എന്ന് അവകാശപ്പെടാന്‍ സാധിക്കുമോ. ഇത്തരത്തില്‍ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് എ.എ റഹീമും സി.പി.എം നേതൃത്വവും കേരള ജനതയോട് മറുപടി പറയേണ്ടതുണ്ട്. എന്തുകൊണ്ട് ക്വട്ടേഷന്‍ സംഘങ്ങള്‍ സി.പി.എമ്മിനെ, ഡി.വൈ.എഫ്.ഐയെ അല്ലെങ്കില്‍ എസ്.എഫ്.ഐയെ ഒരു താവളമാക്കി കണ്ടെത്താന്‍ കാരണമാകുന്നു എന്നുള്ളത് ഈ സംഘടനകളുടെ നേതാക്കള്‍ ആലോചിക്കേണ്ടതുണ്ട്. വിദ്യാര്‍ത്ഥി പ്രസ്ഥാനം മുതല്‍ യുവജന പ്രസ്ഥാനം മുതല്‍ പാര്‍ട്ടി തലത്തില്‍ വരെ ഈ ശൃംഖലയുടെ സാന്നിധ്യമുണ്ട് എന്നത് പാര്‍ട്ടി യാഥാര്‍ത്ഥ്യ ബോധത്തേടെ സമീപിച്ചില്ല എങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ വളരെ ഗുരുതരമായിരിക്കും.