Skip to main content

കേന്ദ്രസര്‍ക്കാരിന്റെ ദേശീയ ധനസമാഹരണ പദ്ധതിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ധനസമാഹരണം എന്താണെന്ന് രാഹുലിന് അറിയുമോയെന്ന് നിര്‍മലാ സീതാരാമന്‍ ചോദിച്ചു. കൈക്കൂലി വാങ്ങി  രാജ്യത്തെ വിഭവങ്ങള്‍ വിറ്റുതുലച്ചത് കോണ്‍ഗ്രസാണെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

ദേശീയ ധനസമാഹരണ പദ്ധതി അനാവരണം ചെയ്തതിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനമാണ് രാഹുല്‍ ഉന്നയിച്ചിരുന്നത്. പദ്ധതി കഴിഞ്ഞ 70 കൊല്ലം ഭരിച്ച സര്‍ക്കാരുകള്‍ ഉണ്ടാക്കിയ നേട്ടങ്ങളെ നശിപ്പിക്കുന്നതിനായി രൂപപ്പെടുത്തിയതാണെന്നും ഇന്ത്യയുടെ രത്‌നങ്ങളെയാണ് മോദി സര്‍ക്കാര്‍ വിറ്റു തുലയ്ക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തിയിരുന്നു.

നാല് വര്‍ഷം കൊണ്ട് ആറ് ലക്ഷം കോടി രൂപ മൂല്യം വരുന്ന ആസ്തികള്‍ വിറ്റഴിക്കാനാണ്  ദേശീയ ധനസമാഹരണ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഭാഗമായി റോഡുകള്‍, റെയില്‍വേ, വിമാനത്താവളം, ഗ്യാസ് ലൈനുകള്‍ തുടങ്ങിയവയുടെ ഓഹരികളാണ് വിറ്റഴിക്കുക.