Skip to main content

പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക വേഷം ധരിച്ച് പരിപാടിയില്‍ പങ്കെടുത്തതില്‍ ഉത്തര്‍പ്രദേശ് കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക വേഷത്തിലെത്തിയതിനെതിരെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ജില്ലാ കോടതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചിരിക്കുന്നത്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 140 വകുപ്പ് പ്രകാരം സൈനികരുടെ വസ്ത്രം ധരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് നോട്ടീസില്‍ പറയുന്നു. അഭിഭാഷകനായി രാകേഷ് നാഥ് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്. ഡിസംബറില്‍ ഇക്കാര്യം ആവശ്യപ്പെട്ട് കോടതിക്ക് മുന്നിലെത്തിയിരുന്നെങ്കിലും അധികാരപരിധിയില്‍ ഉള്‍പ്പെടുന്ന വിഷയമല്ലെന്ന് അറിയിക്കുകയായിരുന്നു. കേസ് മാര്‍ച്ച് രണ്ടിന് കോടതി പരിഗണിക്കും.

സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സൈനിക വേഷത്തിലെത്തിയത്. നൗഷേര സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള സൈനികര്‍ക്കൊപ്പമായിരുന്നു ഇത്തവണ ദീപാവലി ആഘോഷം. പ്രധാനമന്ത്രിയായല്ല കുടുംബാംഗം എന്നനിലയിലാണ് താനെത്തിയതെന്നായിരുന്നു സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്.