കണ്ണൂർ കേരളത്തെ അസ്വസ്ഥമാക്കുന്നു. ഒപ്പം അപമാനകരവും. കാരണം അപരിഷ്കൃത സമൂഹത്തിൻറെ ചിത്രമാണ് ഇപ്പോൾ കണ്ണൂർ ഓരോ മലയാളിയുടെയും മനസ്സിൽ ഉണർത്തുന്നത്. ഒരിക്കൽ പാരമ്പര്യത്തിൻ്റെയും കലകളുടേയും സ്നേഹസമ്പന്നരായ മനുഷ്യരുടെ സമൃദ്ധിയിലൂടെയും അറിയപ്പെട്ടിരുന്ന വടക്കേ മലബാർ പ്രദേശമായിരുന്നു കണ്ണൂർ. ഇന്ന് കണ്ണൂർ എന്ന് കേൾക്കുമ്പോൾ ചോരയുടെ മണം. തമ്മിൽ കൊല്ലുന്ന ഒരു സമൂഹമായി കണ്ണൂർ മാറിയിരിക്കുന്നു. വിവാഹചടങ്ങിൽ പോലും ബോംബെറിഞ്ഞ് ആൾക്കാരെ കൊല്ലാൻ നോക്കുന്ന ആളുകളുടെ ഇടം. കണ്ണൂരിൽ നിന്നുള്ള ഇത്തരം വാർത്തകൾ മലയാളിയെ അസ്വസ്ഥമാക്കി തുടങ്ങിയിട്ട് നാളേറെയായി. ഇതിനെതിരെ കണ്ണൂരിൽ നിന്ന് ഒരു ജനകീയ മുന്നേറ്റം അല്ലെങ്കിൽ പൊതുജനാഭിപ്രായം ഉരുത്തിരിഞ്ഞു വന്നില്ല എന്നുള്ളതാണ് ഏറ്റവും വലിയ ആശ്ചര്യമാകുന്നത്. ഇപ്പോൾ ഹരിദാസ് എന്ന സിപിഎം പ്രവർത്തകൻ. ഞായറാഴ്ച അർദ്ധരാത്രിയിൽ ഒന്നരയ്ക്കാണ് 54 കാരനായ ഹരിദാസിനെ വീട്ടിലെത്തി അയാളെ ഇരുപതോളം വെട്ടുകൾ വെട്ടിക്കൊലപ്പെടുത്തിയത്. എത്ര കുടുംബങ്ങളാണ് ഈ വിധം കണ്ണൂരിൽ അനാഥമായത്. ഹരിദാസിൻ്റെ കൊലപാതകം മലയാളിയെ കൂടുതൽ അസ്വസ്ഥമാക്കുന്നു . കാരണം പകരക്കൊല കണ്ണൂരിൻ്റെ സ്വഭാവമാണ്