Skip to main content

കേരളത്തിൽ പൊതുവേ നിലവിലുള്ള സാമൂഹികാന്തരീക്ഷത്തിൻ്റെ ഇരകൂടിയാണ് ആലുവയിൽ കൊല ചെയ്യപ്പെട്ട ചാന്ദ്നി . പോലീസിൻ്റെ ജാഗ്രതയുടെ ശക്തമായ സാന്നിദ്ധ്യമുണ്ടെങ്കിൽ മാത്രമേ കുറ്റവാസനയുള്ളവർ ഒരു പരിധിവരെ അതിൽ നിന്ന് പിന്മാറി നിൽക്കുകയുള്ളു. സമൂഹം വലുതായി ശ്രദ്ധിക്കില്ല എന്ന ബോധവും അസഫാക്ക് ആലത്തിനെ പട്ടാപ്പകൽ ഇത്തരമൊരു കുറ്റകൃത്യത്തിലേക്കു നയിക്കാൻ കാരണമായിട്ടുണ്ട്. ബോധപൂർവ്വം കരുതിക്കൂട്ടി നടത്തിയ ആ കുറ്റകൃത്യത്തിൽ അഫ്സാക്ക് എത്ര ലാഘവത്തോടെയാണ് ഏർപ്പെട്ടതെന്നത് അത് സാക്ഷ്യപ്പെടുത്തുന്നു.ആ സാഹചര്യസൃഷ്ടിക്ക് കേരളത്തിലെ മാധ്യമങ്ങളും ,വിശേഷിച്ചും ചാനലുകൾ, ആക്ടിവിസ്റ്റുകളും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.അതിപ്പോഴും തുടരുന്നു. അഫ്സാക് ഈ കുറ്റകൃത്യത്തിലേർപ്പെട്ട ദിവസം തന്നെ പീഡനക്കേസ്സുകളിൽ പെട്ട് നിരവധി പേർ എറണാകുളം ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അറസ്റ്റിലായിട്ടുണ്ട്. അത്തരം കേസുകൾ ദിനംപ്രതിയെന്നോണം കേരളത്തിൽ വർധിച്ചു വരുന്നു. അഞ്ചുവയസ്സുകാരിയെ ബലാൽസംഗം ചെയ്തതുപോലെ അസാധാരണ സംഭവമാണ് ചെറായിയിൽ തൊണ്ണൂറുകാരി മുത്തശ്ശിയെ പീഡിപ്പിച്ച ഇരുപത്തിയാറുകാരൻ്റെ പ്രവൃത്തി . കേരള സമൂഹം ഒരു നിസ്സഹായാവസ്ഥ ഇന്നു നേരിടുന്നു.