ഷംസീറിന് ശാസ്ത്രാവബോധം തീരെയില്ല. കുറ്റം പറഞ്ഞിട്ട് കാര്യമില്ല കമ്മ്യൂണിസ്റ്റുകാർക്ക് അതിന് കഴിയില്ല. കാരണം അവർ പരിമിതബുദ്ധികളാണ്. ഏത് ഇസത്തിൻ്റെ അതിരുകൾക്കുള്ളിൽ പെട്ടവരുടെയും അവസ്ഥ അതാണ്. അതിനകത്തു നിന്നേ അവർക്ക് ചിന്തിക്കാനാകൂ.ശാസ്ത്രവും ശാസ്ത്രാവബോധവും രണ്ടാണ്.ശാസ്ത്രത്തെ അറിഞ്ഞ് അതിൻ്റെ പ്രയോഗത്തിലെ ശാസ്ത്രീയതയെ കുറിച്ചുള്ള തെളിഞ്ഞ അറിവാണ് ശാസ്ത്രാവബോധം. പേരിനെങ്കിലും അതുണ്ടായിരുന്നെങ്കിൽ ഷംസീറിൻ്റെ ഈ മിത്ത് പരാമർശം ഈ അജ്ഞതാ വ്യാപനത്തിലും അനാവശ്യ കോലാഹലത്തിലും കലാശിക്കില്ലായിരുന്നു. കുറഞ്ഞ പക്ഷം എന്താണ് മിത്ത്, മിത്തിന് മനുഷ്യ സമൂഹത്തിലുള്ള പ്രസക്തി, മിത്തുകളുടെ സൗന്ദര്യം, ശക്തി, ഇവയൊക്കെയറിയുമ്പോഴാണ് മിത്തിൻ്റെ പിന്നിലെ ശാസ്ത്രം പിടി കിട്ടുകയുള്ളു.പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദനും മീത്തെന്തെന്നറിയില്ല. മിത്തിനെ മിത്തായി കാണണമെന്ന് അദ്ദേഹം. അദ്ദേഹത്തിനു തന്നെ അറിയാത്തത് മറ്റുള്ളവർ കാണുക എങ്ങനെ? ആത്യന്തിക സത്യത്തെ അടിസ്ഥാനമാക്കി ജീവിതം സുഖകരമാക്കാനുള്ള ശാസ്ത്രത്തെ ഗുഹ്യമാക്കി അഥവാ മൂടിവച്ചിട്ടുള്ള അതി മനോഹരമായ പൊതിയാണ് ഗണപതി രൂപം. ഷംസീറിനും എം.വി.ഗോവിന്ദനും സുകുമാരൻ നായർക്കും, കെ.സുധാകരനുമൊക്കെ പൊതി മാത്രമേ കാണാൻ കഴിയുന്നുള്ളു. ഇക്കൂട്ടരിൽ ഗണപതിയെ അങ്ങേയറ്റം വികലവും വികൃതവുമാക്കുന്ന നടപടിയായിപ്പോയി സുകുമാരൻ നായരുടേത്. ശാസ്ത്രമായാലും അവബോധമായാലും ഭക്തിയായാലും എന്തിനും വ്യക്തിക്ക് ആധാരമായി ജാഗ്രതയിലാകേണ്ടത് ശ്രദ്ധയാണ്. ശ്രദ്ധയോടെ എന്തിലേർപ്പെട്ടാലും വിഘ്നങ്ങളെ അഥവാ തടസ്സങ്ങളെ അവസരങ്ങളാക്കി മനുഷ്യൻ വിജയിക്കും. ആ വിഘ്നേശ്വരമിത്തായ ഗണപതിയെ സുകുമാരൻ നായർ അശ്രദ്ധയുടെ വിഗ്രഹമാക്കി തെരുവിലിറക്കിയത് പൊറുക്കാവുന്നതിലുമപ്പുറം.ഇടക്കിടയ്ക്ക് ചോംസ്കി നാമജപം നടത്തുന്നവരുൾപ്പടെയുള്ള മാധ്യമനായകർക്ക് മിത്തുമറിയില്ല, ഗണപതിയും അയ്യപ്പനുമൊക്കെ അനാചാര പ്രതീകങ്ങളെന്ന് കരതുന്നവരായാതിനാലും സുകുമാരൻ നായരുൾപ്പടെയുള്ളവർക്ക് നല്ല കുശി. എന്തായാലും വിനായകനെ പരിചയപ്പെടാൻ കിട്ടിയ അവസരം. വിടാൻ ഉദ്ദേശിക്കുന്നില്ല. തുടരും. ഭീഷണിയാണ്.
Thu, 03-08-2023 05:35:17 PM ;