Skip to main content

 

സാമാന്യമായ മര്യാദകൾ പാലിക്കാൻ ഏവരും ബാധ്യസ്ഥരാണ്. സമൂഹത്തിന്റെ ഗതിയെ ഉറപ്പുവരുത്തുന്നത് അതാണ്. അതിന് ഭംഗം വരുമ്പോഴാണ് ഒരാൾക്ക് മറ്റൊരാളുടെ പ്രവൃത്തി അലോസരവും തടസ്സവുമൊക്കെയായി മാറുന്നത്. വിശാലാർഥത്തിലുള്ള ആ കാഴ്ചപ്പാടിന്റെ വ്യക്തമായ പ്രായോഗിക പ്രയോഗമാണ് നിയമങ്ങളിലൂടെ ഉറപ്പാക്കുന്നത്. മര്യദകൾ തെറ്റിക്കുന്നത് നിയമലംഘനമാകുന്നു. അത് ലംഘിക്കുന്നവർ ശിക്ഷാർഹരും. ഈ നിയമത്തിന്റെ വ്യക്തമായ പരിധിക്കുള്ളിൽ വരാത്ത കാര്യങ്ങളുമുണ്ട്. അവിടെയും സാമാന്യ മര്യാദകൾ മനുഷ്യയുക്തിക്ക് ചേർന്ന വിധം പ്രയോഗിക്കേണ്ടത് പരിഷ്‌കൃത സമൂഹത്തിന്റെ ബാധ്യതയാണ്. ആ മേഖലയെ നോക്കിയാണ് ഒരു സമൂഹത്തിന്റെ സാംസ്‌കാരികമായ ഔന്നത്യം എത്രയുണ്ടെന്ന് നിശ്ചയിക്കപ്പെടുന്നത്. കാരണം അവിടെ നിയമത്തേക്കാൾ സ്വയം നിശ്ചയിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നകാര്യങ്ങളാണ് സ്ഥിതിഗതി നിയന്ത്രിക്കുന്നത്. മാധ്യമപ്രവർത്തനം ആ മേഖലയിലാണ് പെടുന്നത്. തെഹൽക്ക സ്ഥാപക  പത്രാധിപർ തരുൺ തേജ്പാൽ തന്റെ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വാർത്ത വന്നതിനു ശേഷം ദേശീയ മാധ്യമങ്ങൾ എന്നു കരുതപ്പെടുന്ന ഡല്‍ഹി കേന്ദ്രീകൃത ഇംഗ്ലീഷ് മാധ്യമങ്ങളുടെ പ്രവർത്തനം നോക്കിയാൽ മനസ്സിലാകുന്നത് ആധുനിക സാങ്കേതികത്വവും ആംഗലേയഭാഷയും കൈകാര്യം ചെയ്യുന്ന സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ നിലകൊള്ളുന്ന ഇംഗ്ലീഷ് മാധ്യമങ്ങൾ സാംസ്‌കാരികമായി വളരെ പിന്നോക്കാവസ്ഥയിലാണെന്നാണ്.

 

തരുൺ തേജ്പാൽ ചെയ്ത കുറ്റം മര്യാദയുടെ ലംഘനമാണ്. അദ്ദേഹത്തിന്റെ ആക്രമണത്തിന് ഇരയായ യുവതി പറയുന്നതു പ്രകാരമാണെങ്കിൽ  അദ്ദേഹം ചെയ്ത കുറ്റം അങ്ങേയറ്റം അപലപനീയം തന്നെ സംശയമില്ല. അന്വേഷണവും നടക്കുന്നു. ഇപ്പോൾ അദ്ദേഹം അറസ്റ്റിലുമായി. വിഷയം വർത്തമാന പശ്ചാത്തലത്തിൽ വിപണന സാധ്യതയുള്ളതിനാൽ ഒരു പരിധിവരെ ആംഗലേയ മാധ്യമങ്ങൾ കൊണ്ടാടുന്നത് മനസ്സിലാക്കാം. അതിനും പരിധി ഉണ്ടാവണം. അദ്ദേഹം ചെയ്ത കുറ്റത്തിന് തക്കതായ ശിക്ഷ ലഭിക്കത്തക്ക നിയമമാണ് ഇപ്പോൾ നിലവിലുള്ളത്. അതിനെത്തുടർന്നാണ് അദ്ദേഹം അറസ്‌ററിലായതും. രാജ്യത്തെ നിയമവ്യവസ്ഥ കൽപ്പിക്കുന്ന ശിക്ഷയേക്കാൾ ഭയാനകമാണ് ഇവിടുത്തെ മാധ്യമങ്ങളിലൂടെ ഏൽപ്പിക്കപ്പെടുന്നത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ശിക്ഷ നിർണ്ണയിക്കുക. ആരോപിതമായ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തേജ്പാലിന് ആ ശിക്ഷ ലഭിക്കുകയും ചെയ്യും. അതിന് പുറമേയാണ് മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ഇതിനകം ലഭ്യമായിരിക്കുന്ന ശിക്ഷ. അദ്ദേഹത്തിന്റെ കാൽപ്പനികമായ പലവിധമുള്ള ചിത്രങ്ങൾ ഒരേ സമയം കൊടുത്തും പല ദൃശ്യങ്ങളുടേയും ആവർത്തനവുമൊക്കെ വാർത്തയെ ഹരമുള്ളതാക്കി മാറ്റുന്നതിനുള്ള മേമ്പൊടികളാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആംഗലേയ മാധ്യമങ്ങളിലൂടെ തേജ്പാലിന് ലഭിച്ച ശിക്ഷയെ അദ്ദേഹത്തിനു നിയമ വ്യവസ്ഥയിലൂടെ കിട്ടുന്ന ശിക്ഷയുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ വലുതാണ്. തന്റെ പ്രവൃത്തിയാണ് തേജ്പാലിന് ഇതിന് അവസരമൊരുക്കിയതെങ്കിലും ഏത് കൊടിയ കുറ്റവാളിയും മനുഷ്യനാണെന്നുള്ള പരിഗണന അത്യന്താപേക്ഷിതമാണ്. അതാണ് ജയിലുകളിൽപോലുമുള്ള പരിഗണനകൾ. അത് മനുഷ്യാവകാശമാണ്. ആ മനുഷ്യാവകാശത്തിന് തേജ്പാലിനും അർഹതയുണ്ട്. സ്ഥാപനങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളിലേർപ്പെടുമ്പോൾ അത് സമൂഹശ്രദ്ധയിൽ കൊണ്ടുവരാൻ ബാധ്യസ്ഥപ്പെട്ടവരാണ് മാധ്യമങ്ങൾ. ആ മാധ്യമങ്ങൾ തന്നെ  കൊടിയ മനുഷ്യാവകാശ ലംഘനം നടത്തുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്. ഒരു ഇരയെ കിട്ടിയപ്പോൾ  കടന്നാക്രമിക്കുന്ന ഒടുങ്ങാത്ത ആവേശം  ആംഗലേയ മാധ്യമങ്ങളുടെ ഈ വാർത്ത കൈകാര്യം ചെയ്യലിൽ പ്രകടമായി. വല്ലാത്ത രക്തദാഹം പോലെ.

 

തേജ്പാൽ തന്റെ സഹപ്രവർത്തകയോട് കാട്ടിയ അതേ ആക്രമണത്തിന്റെ വർധിതമായ ആക്രമണ സ്വഭാവമാണ് ആംഗലേയ മാധ്യമങ്ങൾ പ്രകടമാക്കിയത്. സ്ത്രീകളുടെ അവകാശ സംരക്ഷണത്തിലുള്ള ആംഗലേയ മാധ്യമങ്ങളുടെ ആർജ്ജവമല്ല ആ വാർത്തയുടെ കൈകാര്യം ചെയ്യലിലൂടെ കണ്ടത്. വിപണനോദ്ദേശ്യവും മറ്റു താൽപ്പര്യങ്ങളുമാണ്. ഇതേ മാധ്യമ സംസ്‌കാരം തന്നെയാണ് തേജ്പാലിനേയും നയിച്ചത്. മറിച്ച് തെഹൽക്ക ബാഹ്യമായി കൊട്ടിഘോഷിച്ച ആദർശങ്ങൾക്കനുസരിച്ച് അതിന്റെ അമരക്കാർ പ്രവർത്തിച്ചിരുന്നുവെങ്കിൽ ഇത്തരത്തിലൊരു സംഭവം ഉണ്ടാവില്ലായിരുന്നു. ആ സംസ്‌കാരത്തിന്റെ വർധിത രൂപം തന്നെയാണ് ഈ വാർത്ത കൈകാര്യം ചെയ്യുന്നതിലൂടെയും കാണുന്നത്. അദ്ദേഹത്തിന്റെ മനുഷ്യാവകാശത്തിനു പുറമേ അദ്ദേഹത്തിനും ഒരു കുടുംബം ഉണ്ട് എന്നുള്ളത് സമൂഹവും മാധ്യമങ്ങളും വിസ്മരിക്കാൻ പാടില്ലാത്തതാണ്. അദ്ദേഹത്തിന്റെ ഭാര്യ, മകൾ, ഉറ്റ മറ്റു ബന്ധുക്കൾ എന്നിവർ ഈ വാർത്താ കൈകാര്യത്തിലൂടെ അനുഭവിക്കേണ്ടിവരുന്ന സംഘർഷങ്ങളും  നിസ്സഹായതയും ഗതികേടും കണക്കിലെടുക്കേണ്ടതാണ്. അവരും മനുഷ്യർ തന്നെ. അതു കാണിക്കുന്നവർ ഓർക്കുന്നില്ലെങ്കിൽ കാണുന്നവർ ഓർക്കേണ്ട സമയമാണ്.