2014 ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ച ദിവസമായ ഇന്ന് ബി.ജെ.പി തങ്ങളുടെ പ്രകടന പത്രിക പുറത്തിറക്കി. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി കഴിഞ്ഞ ജനുവരിയില്‍ അവതരിപ്പിച്ച വികസന നയത്തിന്റെ ചുവടുപിടിച്ചുള്ളതാണ് പ്രകടന പത്രിക. അതേസമയം, രാമക്ഷേത്രം, പൊതു സിവില്‍ കോഡ്, 370-ാം വകുപ്പ് തുടങ്ങിയ വിഷയങ്ങളിലെ പാര്‍ട്ടിയുടെ ഹിന്ദുത്വ നിലപാടുകള്‍ പ്രകടന പത്രിക ആവര്‍ത്തിക്കുന്നു.
വിലക്കയറ്റം, അഴിമതി, നയങ്ങളിലും തീരുമാനങ്ങളെടുക്കുന്നതിലുമുള്ള മരവിപ്പ്, സര്‍ക്കാര്‍ സേവനങ്ങളുടെ മോശം വിതരണം, സര്‍ക്കാറില്‍ നഷ്ടപ്പെടുന്ന വിശ്വാസ്യത, തൊഴിലും സംരംഭകത്വവും എന്നിവയാണ് അടിയന്തര പരിഗണന നല്‍കുമെന്ന് പാര്‍ട്ടി വാഗ്ദാനം ചെയ്യുന്ന പ്രധാന വിഷയങ്ങള്‍.
ധനകാര്യ സ്വയംഭരണം, സംസ്ഥാനങ്ങളുടെ പ്രാദേശിക കൗണ്‍സിലുകള്‍ എന്നിവയിലൂടെ കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ മെച്ചപ്പെടുത്തും. പീപ്പിള്‍-പബ്ലിക്-പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പുകളിലൂടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കിയും പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് പാര്‍ലിമെന്റിലും സംസ്ഥാന നിയമസഭകളിലും 33 ശതമാനം സംവരണം കൊണ്ടുവരുമെന്നും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്.
മുസ്ലിം സമുദായത്തിലെ വലിയൊരു പങ്കും ഇപ്പോഴും ദാരിദ്ര്യത്തില്‍ കഴിയുകയാണെന്ന് ചൂണ്ടിക്കാട്ടുന്ന പ്രകടന പത്രിക ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് തുല്യ അവസരം ഉറപ്പ് നല്കുന്നു. ചെറുപ്പക്കാര്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവേചനമില്ലാതെ തൊഴിലും വിദ്യാഭ്യാസവും, ദേശീയ മദ്രസ ആധുനികീകരണ പദ്ധതി, ഉര്‍ദു ഭാഷയുടെ സംരക്ഷണവും പ്രോത്സാഹനവും തുടങ്ങിയവയാണ് പ്രകടന പത്രിക ഈ വിഷയത്തില്‍ മുന്നോട്ടുവെക്കുന്ന ചില പ്രധാന വാഗ്ദാനങ്ങള്‍.
ജമ്മു-കശ്മീര്‍ സംസ്ഥാനത്തിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്ന് പ്രകടന പത്രിക പറയുന്നു. എന്നാല്‍, ബന്ധപ്പെട്ട എല്ലാവരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും പാര്‍ട്ടി വ്യക്തമാക്കുന്നു.
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഭരണഘടനാപരമായ ചട്ടക്കൂടില്‍ നിന്നുകൊണ്ട് എല്ലാ സാധ്യതകളും തേടുമെന്ന് പ്രകടന പത്രിക പറയുന്നു. ഗോസംരക്ഷണത്തിന് നിയമ ചട്ടക്കൂട് ഉണ്ടാക്കും. ലിംഗപരമായ തുല്യത ഉറപ്പ് വരുത്താന്‍ പൊതു സിവില്‍ കോഡ് കൊണ്ടുവരുമെന്നും പാര്‍ട്ടി പറയുന്നു.