Skip to main content

 

ഏവരുടെയും അടുക്കളയില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് വെളുത്തുള്ളി. ഏതാണ്ടെല്ലാ കറികളിലൂടേയും നാമെല്ലാവരും ഇവ ദിവസവും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നു. കറികള്‍ക്ക് സ്വാദ് കൂട്ടുന്നതിലുപരി ഇതിന്റെ ഔഷധഗുണമാണ് ഇതിനെ കറിയുടെ അവശ്യ ഘടകമാക്കുന്നത്‌. അതിപുരാതനകാലം മുതല്‍ക്കേ ഭാരതീയര്‍ വെളുത്തുള്ളി ഉപയോഗിച്ചുവരുന്നു. മുഹമ്മദ്‌ നബി അനുയായികളോട് വെളുത്തുള്ളി തിന്നുവാന്‍ നിര്‍ദേശിച്ചതായി കാണുന്നുണ്ട്.

 

വെളുത്തുള്ളിയുടെ ശാസ്ത്രീയ നാമം അല്ലിയം സാറ്റിവം (Allium sativum) എന്നാണ്‌. ഇത് അലിയാസീ (Alliaceae)എന്ന സസ്യകുടുംബത്തിൽ പെടുന്നു. വെളുത്തുള്ളിച്ചെടി സാധാരണ 50-60 സെന്റീമീറ്റര്‍വരെ ഉയരം വയ്ക്കും. നീണ്ട്‌ മാംസളമായ ഇലകള്‍ 2-3 സെന്റിമീറ്റര്‍ വീതിയില്‍ പരന്നതാണ്‌. തണ്ടിന്റെ അഗ്രഭാഗത്ത്‌ വെള്ളനിറത്തില്‍ പൂക്കള്‍ കുലകളായി   ഉണ്ടാവുന്നു. ഇന്ത്യയില്‍ മദ്ധ്യ പ്രദേശ്, ഉത്തര്‍ പ്രദേശ്, ഗുജറാത്ത്‌, രാജസ്ഥാന്‍, മഹാരാഷ്ട്ര, ഒഡിഷ, കർണ്ണാടകം, തമിഴ്‌നാട്‌ എന്നിവിടങ്ങളിലും കേരളത്തില്‍ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിലും (വട്ടവട ഗ്രാമം) വെളുത്തുള്ളി കൃഷി ചെയ്തുവരുന്നു. വെളുത്തുള്ളിയുടെ കാണ്ഡമാണ് ഉപയോഗിക്കുന്നത്. ഇവ  ബള്‍ബ്‌ ആകൃതിയിലാണ് കാണുന്നത്. വെളുത്ത സ്തരങ്ങളില്‍ പൊതിഞ്ഞ അനവധി ചെറിയ അല്ലികള്‍ (cloves) അടങ്ങിയതാണ് വെളുത്തുള്ളിയുടെ കാണ്ഡം.

 

വളരെയധികം രോഗങ്ങള്‍ക്കും പ്രതിവിധിയാണ് വെളുത്തുള്ളി. പനി, കഫക്കെട്ട്, ചുമ എന്നിവക്ക് ഉത്തമ ഔഷധമാണിത്. വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുള്ള അല്ലിന്‍ (വെളുത്തുള്ളി ചതച്ചു കുറച്ചു നേരം വെക്കുമ്പോള്‍ അല്ലിന്‍ അല്ലാസിന്‍ എന്ന രാസവസ്തുവാകുന്നു), അല്ലിസിന്‍, ഗന്ധകം അടങ്ങിയ അല്ലൈല്‍ സള്‍ഫൈറ്റ്, സെലിനിയം എന്നിവയും  വിറ്റാമിനുകളായ A, B, C, E എന്നിവയുമാണ്‌ വെളുത്തുള്ളിയെ ഒരു രോഗ പ്രതിരോധ വസ്തുവായും മരുന്നായും മാറ്റുന്നത്. വെളുത്തുള്ളിക്കുള്ള രൂക്ഷമായ ഗന്ധത്തിനു കാരണവും അതില്‍ ഗന്ധകം അടങ്ങിയ  മൂലകങ്ങള്‍ ഉള്ളതാണ്.

 

വെളുത്തുള്ളി ഹൃദയസംബന്ധിയായ രോഗങ്ങൾക്കായി പ്രത്യേകം പരിഗണിച്ചു വരുന്നു. വെളുത്തുള്ളിക്ക്‌ HDL (നല്ല) കൊളസ്‌ട്രോളിന്റെ ഉല്‍പ്പാദനത്തെ തടയാതെ LDL (ദോഷം) കൊളസ്‌ട്രോള്‍ കുറയ്ക്കുവാനുള്ള കഴിവുണ്ട്‌. വെളുത്തുള്ളി, രക്ത ധമനികളില്‍ രക്തം കട്ട പിടിക്കുന്നത് (പ്ലേററ്ലററ് അടിഞ്ഞുകൂടി ബ്ലോക്ക് ഉണ്ടാകാതെ) തടഞ്ഞ് രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. ഇതുമൂലം അമിത രക്തസമ്മര്‍ദ്ദം ഒഴിവകുന്നു. നിത്യേന ഏതാനും വെളുത്തുള്ളി അല്ലികള്‍ ഭക്ഷിക്കുന്നത്‌ അതിരക്തസമ്മര്‍ദ്ദം തടുക്കുന്നതിനും ഹൃദയാരോഗ്യത്തിനും ഉത്തമമാണ്‌.

 

വെളുത്തുള്ളിയുടെ മറ്റു ഉപയോഗങ്ങള്‍

 

ന്യൂമോണിയ, ദഹനക്കേട്‌, കുടല്‍ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍, സന്ധിവാതം, തൊണ്ടവേദന, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ആസ്ത്മ മുതലായവയ്ക്ക് വെളുത്തുള്ളി ഉത്തമമാണ്.

 

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലാസിന്‍ ഒരു ആന്റി ബയോട്ടിക്കായി പ്രവര്‍ത്തിക്കുന്നതിനാല്‍ ബാക്ടീരിയകളേയും വൈറസുകളേയും ഒന്നും വളരാന്‍ അനുവദിക്കുകയില്ല. അതിനാല്‍ മോശം ഭക്ഷണം കഴിച്ചുണ്ടാകുന്ന ഭക്ഷ്യവിഷബാധക്ക് വെളുത്തുള്ളി ഒരൌഷധമായി ഉപയോഗിക്കാം.

 

വെളുത്തുള്ളി പ്രമേഹ രോഗികളില്‍ ഇന്‍സുലിന്‍ ഉല്‍പ്പാദനം ത്വരിതപ്പെടുത്തി രക്തത്തില്‍ പഞ്ചസാരയുടെ അളവിനെ ക്രമപ്പെടുത്തുന്നു.

 

വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന അല്ലയില്‍ സള്‍ഫൈഡിന് ക്യാന്‍സര്‍ പ്രതിരോധ ശക്തിയുണ്ട്. അതിനാല്‍ നിത്യേന വെളുത്തുള്ളി കഴിച്ചാല്‍ ക്യാന്‍സര്‍ വരുന്നതിനെ ഏറെക്കുറെ പ്രതിരോധിക്കുവാന്‍ സാധിക്കും.

 

അരിമ്പാറ നീക്കംചെയ്യുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. പല്ലുവേദന ചെവിവേദന എന്നിവക്കും വെളുത്തുള്ളി ഉത്തമമാണ്. അമിതവണ്ണം കുറക്കുന്നതിനും വെളുത്തുള്ളി ഉപയോഗിക്കാം.

 

വെളുത്തുള്ളി ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമെങ്കിലും കഴിച്ചുകഴിയുമ്പോള്‍ ഇതിന്റെ രൂക്ഷമായ ഗന്ധം ശ്വാസത്തിലും വിയര്‍പ്പിലും അനുഭവപ്പെടുന്നത് അരോചകമായി തോന്നാം. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കാന്‍ ആസ്പിരിന്‍ (aspirin) പോലുള്ള മരുന്നു കഴിക്കുന്നവര്‍ വളരെ സൂക്ഷിച്ചു മാത്രമേ നിത്യവും വെളുത്തുള്ളി ഉപയോഗിക്കാവൂ. വെളുത്തുള്ളിക്ക് രക്തത്തിന്റെ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവുള്ളതിനാല്‍ അമിത രക്തസ്രാവം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

  

ചുരുക്കത്തില്‍, അടുക്കളയില്‍ നിസ്സാരമായിട്ടാണ് വെളുത്തുള്ളിയെ ഇതുവരെ കണ്ടിരുന്നതെങ്കില്‍ ഇനിമുതല്‍ കൂടുതല്‍ ഗൗരവത്തോടെ കാണാം.