Skip to main content
തിരുവനന്തപുരം

sree padmnabhaswamy temple

 

തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണചുമതല സുപ്രീം കോടതി നിര്‍ദേശ പ്രകാരം ഒന്നാം ജില്ലാ പ്രിന്‍സിപ്പല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി ഇന്ദിര ഏറ്റെടുത്തു. കുടുംബാഗങ്ങളോടൊപ്പം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ അവര്‍ ക്ഷേത്രത്തിന്റെ താക്കോല്‍ കൈമാറണമെന്നാവശ്യപ്പെട്ട് രാജകുടുംബത്തിന് കത്തയച്ചു. ഭരണസമിതി അധ്യക്ഷയായി ചുമതലയേല്‍ക്കാനുള്ള സുപ്രീം കോടതിയുടെ നിര്‍ദ്ദേശം വെള്ളിയാഴ്ച കോടതിയില്‍ നിന്നും കൈപ്പറ്റിയിട്ടുണ്ട്. നിത്യാദി ഉപയോഗത്തിനുള്ള പൂജാ ഉപകരണങ്ങളും ആഭരണങ്ങളും സൂക്ഷിക്കുന്ന ഇ, എഫ് നിലവറകളൊഴികെയുള്ളവയുടെ താക്കോല്‍ ജില്ലാ ജഡ്ജിക്ക് കൈമാറണമെന്നാണ് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

 


ജില്ലാ ജഡ്ജിയെയാണ് ഭരണസമിതി ചെയര്‍മാനായി കോടതി നിര്‍ദ്ദേശിച്ചത്. ഇദ്ദേഹം ഹിന്ദുവല്ലെങ്കില്‍ അടുത്ത മുതിര്‍ന്ന അംഗത്തിന് ചുമതല നല്‍കണമെന്നായിരുന്നു കോടതി നിര്‍ദ്ദേശം. ഇത് പ്രകാരമാണ് ജില്ലാ ജഡ്ജി സുനില്‍ തോമസ് കഴിഞ്ഞാല്‍ മുതിര്‍ന്ന ജുഡീഷ്യല്‍ ഓഫീസറായ കെ.പി ഇന്ദിരക്ക് ചുമതല നല്‍കിയത്. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ അതേപടി അംഗീകരിച്ചാണ് സുപ്രീം കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്.

 


തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണസമിതിയെ ക്ഷേത്രത്തിന്റെ ഭരണം ഏല്‍പ്പിക്കണമെന്നാണ് സുപ്രീം കോടതി വ്യാഴാഴ്ച പുറത്തിറക്കിയ ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയത്. പുതിയ ഭരണസമിതിയില്‍ ജില്ലാ ജഡ്ജിയെക്കൂടാതെ ക്ഷേത്ര തന്ത്രി, മേല്‍ശാന്തി എന്നിവരാണ് ഉള്ളത്. പ്രധാന തന്ത്രി തരണനല്ലൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ്. മേല്‍ശാന്തി മരുതംപാടി നാരായണന്‍ പദ്മനാഭനാണ്. മറ്റ് രണ്ടുപേരെ നിയോഗിക്കാനുള്ള ചുമതല സമിതി അധ്യക്ഷനാണ്. ഇതില്‍ ഒരാളെ സര്‍ക്കാരുമായി കൂടിയാലോചിച്ച് വേണം നിര്‍ദേശിക്കാന്‍ എന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.