ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള് സംരക്ഷിക്കേണ്ടത് ആവശ്യമാണ്. സാംസ്കാരികമായി ആ വിഭാഗങ്ങളുടെ സര്‍ഗാത്മകമായ പുരോഗതി അത് ഉറപ്പ് വരുത്തും. തലമുറകളായി സഞ്ചിതമായി അവരില് നിക്ഷിപ്തമായിക്കിടക്കുന്ന അറിവുകളിലൂടെ തനിക്കും താനിടപെടുന്ന ലോകത്തിനും ഹാനികരമാകാത്ത വിധം ഇടപെട്ട് ജീവിക്കുന്നതിന് അത് അനിവാര്യമാണ്. പൊതുസമൂഹത്തിനും അത് ആവശ്യമാണ്. മുഖ്യധാരയുടെ ശക്തിയുടെ വര്‍ധനയില്‍ അതു കരുത്തു പകരും. അതേസമയം സമൂഹത്തേയും പ്രകൃതിയേയും ഒരേപോലെ ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന വിഷയങ്ങളില് തീരുമാനമുണ്ടാകുമ്പോള് അത് ആ വിഷയത്തിന്റെ പ്രസക്തിയിലൂന്നിയായിരിക്കണം. ദൗര്‍ഭാഗ്യവശാല് മാതൃഭാഷാ പഠനം സംബന്ധിച്ച സുപ്രീംകോടതി വിധിയില് അത് നഷ്ടമായിരിക്കുന്നു.
ആറു മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം മൗലിക അവകാശമാക്കിയ ഭരണഘടനാ ഭേദഗതിയുടെ സാധുതയെ കുറിച്ചുള്ള ചോദ്യമാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന് മുന്നിലുണ്ടായിരുന്നത്. ഈ ഭേദഗതിയുടെ ചുവടുപിടിച്ച് സ്വകാര്യ-എയ്ഡഡ്-സര്‍ക്കാര്‍ വ്യത്യാസമില്ലാതെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 25 ശതമാനം സീറ്റു സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ചെയ്തിരിക്കുന്നത് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ബാധകമാകില്ലെന്ന് സുപ്രീം കോടതി വിധിച്ചു. ഒപ്പം, പഠനമാധ്യമം സാധിക്കുന്നിടത്തോളം മാതൃഭാഷയായിരിക്കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദ്ദേശവും കോടതി തള്ളുകയായിരുന്നു. മാതൃഭാഷ കുട്ടികളില് അടിച്ചേല്‍പ്പിക്കാനാവില്ലെന്നും പഠനമാധ്യമം തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കുട്ടികള്‍ക്ക് ഉണ്ടെന്നും സുപ്രീം കോടതി പ്രഖ്യാപിച്ചു. അതേസമയം, ഭേദഗതികള്‍ സാധുവാണെന്ന് കണ്ടെത്തിയ കോടതി നിയമത്തിലെ നിബന്ധനകള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബാധകമാണെന്നും കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, മുന്‍പിലുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തുന്ന വിശകലനത്തിലൂടെ തീര്‍പ്പ് കല്‍പ്പിക്കേണ്ട ഒന്നല്ല വിദ്യാഭ്യാസം പോലുള്ള വിഷയങ്ങളിലുണ്ടാവേണ്ട തീരുമാനം. പ്രാപഞ്ചിക വീക്ഷണവും പ്രാദേശിക സമന്വയവും വ്യക്തിയുടെ വികാസവും ഉപജീവനവും എല്ലാം അടങ്ങിയിരിക്കുന്ന വിഷയമാണ് അത്. അത്തരം ഒരു വിഷയത്തെ ബാധിക്കുന്ന കാര്യത്തില് തീരുമാനമെടുക്കേണ്ടത് ന്യൂനപക്ഷാവകാശവുമായി ബന്ധപ്പെട്ട കാര്യം തീരുമാനിക്കുമ്പോഴാകരുത്.
ഇന്ന് വിദ്യാഭ്യാസവും കുടുംബവും, സമൂഹവും പ്രകൃതിയും പരിസ്ഥിതിയും നിലനില്‍പ്പ് സംബന്ധിച്ച വെല്ലുവിളി നേരിടുന്ന ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. വിദ്യാഭ്യാസത്തിനെ വെറും ഉല്‍പ്പന്നമായാണ് ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള് കാണുന്നത്. വിവിധ വിദ്യാഭ്യാസ മേളകളിലെത്തിയാല് അതറിയാന് കഴിയും. ഓരോ സ്ഥാപനങ്ങളും അവിടെ പങ്കെടുക്കുന്നത് തങ്ങളുടെ പ്രൊഡക്ട്സിന്റെ പ്രദര്‍ശനവുമായാണ്. സാമൂഹികമായി സംഭവിച്ചിരിക്കുന്ന ദിശാബോധമില്ലായ്മയാണ് ഇതിന്റെയല്ലാം അടിസ്ഥാന കാരണമെന്ന തിരിച്ചറിവ് ഈ സാഹചര്യത്തില്‍ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അത്തരമൊരു ഘട്ടത്തിലാണ് കച്ചവടത്തിന്റെ പോലും നീതിബോധമില്ലാത്ത വിധം വിദ്യാഭ്യാസക്കച്ചവടം നടത്തുന്ന ശക്തികളുടെ കൈയിലേക്ക് അവര്‍ക്ക് തോന്നും വിധം വിദ്യാഭ്യാസത്തെ വിനിയോഗിക്കാന് സുപ്രീം കോടതി വിധി അവസരമൊരുക്കിയിരിക്കുന്നത്.
മാതാപിതാക്കള്‍ക്ക് പോലും തങ്ങളുടെ കുട്ടി എങ്ങനെയാണ് പഠിക്കേണ്ടത്, എന്താണ് പഠിക്കേണ്ടത് എന്ന് തിരിച്ചറിയാനോ, അതിന്റെ അടിസ്ഥാനത്തില് തീരുമാനമെടുക്കാനോ കഴിയാത്തതാണ് വര്‍ത്തമാന സമൂഹം. അവിടെയാണ് സുവ്യക്തമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള നിയമങ്ങളും നിബന്ധനകളും രാഷ്ട്രത്തിന്റെ ഭാഗത്ത് നിന്ന്‍ ആവശ്യമായി വരുന്നത്. അത്തരത്തില് ഒന്നാണ് മാതൃഭാഷ സംബന്ധിച്ച വിദ്യാഭ്യാസ അവകാശ നിയമത്തിലെ നിര്‍ദ്ദേശം. വെറും ഭാഷാപ്രയോഗം മാത്രമല്ല, മാതൃഭാഷയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നത്. ഒരു സംസ്കൃതിയുടെ പോഷകങ്ങളുടെ അതിസൂക്ഷ്മതലങ്ങളുടെ അനായാസവും സര്‍ഗാത്മകവുമായ കൈമാറ്റമാണ്. വ്യക്തിയുടെ വികാസവും പരിസ്ഥിതിയുടെ നിലനില്‍പ്പും വ്യക്തിയുടെ ഉപജീവനവും എല്ലാം ഉള്‍ക്കൊള്ളുന്ന സമഗ്ര വികസനം അപ്പോഴാണ് സംഭവിക്കുക. ഇപ്പോള് കാണുന്നത് അതിന്റെ അഭാവത്തില് സംഭവിച്ചു കൊണ്ടിരിക്കുന്ന അപഭ്രംശങ്ങളാണ്. രണ്ട് മാസം പ്രായമുള്ള കുഞ്ഞും എണ്‍പത്തിത്തിരണ്ട് വയസ്സുള്ള മുത്തശ്ശിയും പീഡിപ്പിക്കപ്പെടുന്ന വര്‍ത്തമാന കാലത്തില് ആ കുറ്റകൃത്യം ചെയ്തവരെ ശിക്ഷിക്കുന്നതിലൂടെ മാത്രമല്ല, ഇത്തരം വിഷയങ്ങളില് പരിഹാരം തേടേണ്ടത്. കുട്ടികള് എങ്ങിനെ വളര്‍ത്തപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു എല്ലാം. ഇത് പ്രാഥമികമായി രക്ഷിതാക്കളുടെ ചുമതലയാണെങ്കിലും അപകടം വരാതിരിക്കത്തക്ക വിധം കുട്ടികള് വളര്‍ന്നു വരുന്നു എന്ന്‍ ഉറപ്പുവരുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. അതിന്റെ കടയ്ക്കലാണ് സുപ്രീം കോടതിയുടെ വിധിയിലൂടെ വെട്ടേറ്റിരിക്കുന്നത്. കുട്ടികളാണ് തെരഞ്ഞെടുക്കേണ്ടതെന്നുള്ള കോടതിയുടെ നിരീക്ഷണം ബാലിശമായിപ്പോയി എന്നും പറയേണ്ടിരിക്കുന്നു.