ഇരുപതാമത് ഫുട്ബാള്‍ ലോകകപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് വ്യാഴാഴ്ചയോടെ സമാപനമായി. നിലവിലെ ചാമ്പ്യന്‍ സ്പെയിന് അടക്കം 16 ടീമുകള്‍ക്ക് ബ്രസീലില്‍ നിന്ന് മടക്കയാത്ര. ശനിയാഴ്ച തുടങ്ങുന്ന പ്രീ-ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ മുതല്‍ ഇനിയുള്ള ഓരോ കളിയിലും ജയം അല്ലെങ്കില്‍ മരണം മാത്രം ടീമുകളുടെ മുന്നില്‍.
അഖില ദക്ഷിണ അമേരിക്കന്‍ മത്സരങ്ങളുമായാണ് രണ്ടാം റൌണ്ടിന് തുടക്കമാകുക. ആദ്യമത്സരത്തില്‍ ബ്രസീല്‍ ശനിയാഴ്ച ചിലിയെ നേരിടും. അന്ന് തന്നെയാണ് കൊളംബിയ ഉറുഗ്വയെ നേരിടുക. എന്നാല്‍ ടീമിന്റെ നേടുംതൂണായ സുവാരസിന് നേരെ ഫിഫ സ്വീകരിച്ച അച്ചടക്ക നടപടി ഉറുഗ്വയ്ക്ക് ഇതിനകം തന്നെ വന്‍ തിരിച്ചടിയായി. ഗ്രൂപ്പ് മത്സരത്തില്‍ ഇറ്റലിയുടെ ജോര്‍ജിയോ ചെല്ലിനിയുടെ തോളില്‍ കടിച്ച സുവാരസിനെ ഉറുഗ്വ ദേശീയ ടീമിന്റെ ഒന്‍പത് കളികളില്‍ നിന്നും അടുത്ത നാല് മാസത്തേക്ക് സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതടക്കം ഫുട്ബാള്‍ സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഫിഫ വിലക്കിയിരിക്കുകയാണ്.
ജൂണ്‍ 29 ഞായറാഴ്ച ഹോളണ്ട് മെക്സിക്കോയേയും കോസ്റ്ററിക്ക ഗ്രീസിനേയും നേരിടും. മരണഗ്രൂപ്പെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഗ്രൂപ്പ് ഡിയില്‍ ഇറ്റലി, ഇംഗ്ലണ്ട്, ഉറുഗ്വ എന്നീ മുന്‍ ലോകചാമ്പ്യന്മാരെ തോല്‍പ്പിച്ച കോസ്റ്ററിക്ക ലോകകപ്പിലെ കറുത്ത കുതിരകള്‍ ആയിക്കഴിഞ്ഞു. മൂന്ന് കളികളില്‍ പത്ത് ഗോളുകളുമായി ആദ്യ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച ഹോളണ്ടും മികച്ച ഫോമിലാണ്.
ജൂണ്‍ 30 തിങ്കളാഴ്ച ഫ്രാന്‍സ് ആഫ്രിക്കന്‍ ചാമ്പ്യന്മാരായ നൈജീരിയയേയും ജര്‍മ്മനി ആദ്യമായി ലോകകപ്പ് രണ്ടാം റൗണ്ടില്‍ കടന്ന ആഫ്രിക്കന്‍ ടീം അള്‍ജീരിയയേയും നേരിടും. അവസാന പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ജൂലൈ ഒന്ന് ചൊവ്വാഴ്ച അര്‍ജന്റീന സ്വിറ്റ്സര്‍ലന്‍ഡിനേയും ബെല്‍ജിയം യു.എസിനേയും നേരിടും.
അമേരിക്കന്‍ ടീമുകളുടെ മേധാവിത്വമാണ് ആദ്യറൗണ്ടില്‍ പ്രകടമായത്. ദക്ഷിണ അമേരിക്കയില്‍ നിന്ന് ആതിഥേയരായ ബ്രസീലടക്കം ലോകകപ്പില്‍ കളിക്കുന്ന ആറു രാഷ്ട്രങ്ങളില്‍ അഞ്ചും മധ്യ-വടക്കേ അമേരിക്കയില്‍ നിന്ന് യോഗ്യത നേടിയ നാല് ടീമുകളില്‍ മൂന്നും രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. യൂറോപ്പില്‍ നിന്ന് എത്തിയ 13 ടീമുകളില്‍ ആറു ടീമുകള്‍ മാത്രമാണ് രണ്ടാം റൗണ്ടില്‍ കടന്നത്. ആഫ്രിക്കയെ പ്രതിനിധീകരിച്ച അഞ്ച് ടീമുകളില്‍ രണ്ടു ടീമുകള്‍ അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഏഷ്യന്‍ ടീമുകള്‍ എല്ലാം ആദ്യ റൗണ്ടില്‍ പുറത്തായി.