Skip to main content
ഫോര്‍ട്ടലേസ

കൊളംബിയയെ പരാജയപ്പെടുത്തി ആതിഥേയരായ ബ്രസീല്‍ സെമി ഫൈനലില്‍ കടന്നു. യൂറോപ്യന്‍ ശക്തികളുടെ പോരാട്ടത്തില്‍ ഫ്രാന്‍സിനെ മറികടന്ന ജര്‍മ്മനിയാണ് സെമിയില്‍ ബ്രസീലിന്റെ എതിരാളികള്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ബ്രസീല്‍ കൊളംബിയയെ തകര്‍ത്തത്. തുടക്കം മുതല്‍ തന്നെ ആക്രമണ ഫുട്‌ബോളിന്റെ മനോഹാരിത പുറത്തെടുത്ത മഞ്ഞപ്പടയ്ക്ക് വേണ്ടി ഏഴാം മിനിറ്റില്‍ തന്നെ നായകന്‍ തിയാഗോ സില്‍വ ലക്ഷ്യം കണ്ടു. സൂപ്പര്‍ താരം നെയ്മറിന്റെ കോര്‍ണര്‍ കിക്കാണ് സില്‍വ വലയിലേക്ക് വഴിതിരിച്ചുവിട്ടത്.

 

അറുപത്തിയൊന്‍പതാം മിനിറ്റില്‍ ഡേവിഡ് ലൂയിസാണ് ബ്രസീലിന്റെ രണ്ടാം ഗോള്‍ നേടിയത്. ഹള്‍ക്കിനെ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന്‍ 30 വാര അകലെ നിന്നും ലൂയിസ് തൊടുത്ത ഫ്രീകിക്കില്‍ നിന്നുമായിരുന്നു ലൂയിസിന്റെ മനോഹരമായ ഗോള്‍. മത്സരം അവസാനിക്കാന്‍ ഇരുപത് മിനിറ്റുള്ളപ്പോള്‍ കൊളംബിയയുടെ ബാക്കയെ ഗോളി സെസാര്‍ ബോക്‌സിന് മുന്നില്‍ ചവുട്ടി വീഴ്ത്തിയതിന് കൊളംബിയയ്ക്ക് പെനാല്‍റ്റി. കിക്കെടുത്ത ജെയിംസ് റോഡ്രിഗസിന് പിഴച്ചില്ല. ഇതോടെ ഗോള്‍ഡന്‍ ബൂട്ടിന് വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന റോഡ്രിഗസിന് 5 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളായി. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും മഞ്ഞക്കാര്‍ഡ് കണ്ട നായകന്‍ തിയാഗോ സില്‍വയ്ക്ക് സെമിയില്‍ കളിക്കാനാകില്ല.

 

 

ക്വാര്‍ട്ടര്‍ മത്സരത്തിനിടെ പരിക്കേറ്റ ബ്രസീലിന് സൂപ്പര്‍ താരം നെയ്മര്‍ ടൂര്‍ണമെന്റില്‍ കളിക്കാനാകില്ല. കളിയുടെ എണ്‍പത്തിയെട്ടാം മിനിട്ടില്‍ കൊളംബിയന്‍ പ്രതിരോധതാരം സുനികയുടെ ഫൗളില്‍ നട്ടെല്ലിന് പരിക്കേറ്റ നെയ്മറിനെ സ്ട്രെക്ച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. ഉടനെ ആശുപത്രിയിലേയ്ക്ക് മാറ്റിയ നെയ്മറെ സ്‌കാനിങ് ഉള്‍പ്പടെയുള്ള അടിയന്തിരമായ പരിശോധനകള്‍ക്ക് വിധേയനാക്കി. നെയ്മറുടെ പരിക്ക് ഗുരുതരമാണെന്നും വേദനയ്ക്ക് ഇപ്പോഴും ശമനമില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചതെന്ന് ബ്രസീലിയന്‍ കോച്ച് ലൂയി ഫിലിപ്പെ സ്‌കോളാരി പറഞ്ഞു.