Skip to main content

അന്തരിച്ച തമിഴ്‌നാട്‌ മുഖ്യമന്ത്രി ജെ. ജയലളിതയുടെ ദീര്‍ഘകാല സുഹൃത്ത് വി.കെ ശശികല (61) തമിഴ്‌നാട്‌ മുഖ്യമന്ത്രിയാകും. ഞായറാഴ്ച ചേര്‍ന്ന എ.ഐ.എ.ഡി.എം.കെ എം.എല്‍.എമാരുടെ യോഗം ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.

 

നിലവിലെ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വമാണ് ശശികലയുടെ പേര് നിര്‍ദ്ദേശിച്ചത്. യോഗത്തിന് പിന്നാലെ പന്നീര്‍സെല്‍വം തന്റെ രാജിയും പ്രഖ്യാപിച്ചു. തമിഴ്‌നാട്‌ ഗവര്‍ണറുടെ അധിക ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു എത്തിച്ചേരുന്ന മുറയ്ക്ക് ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ചയോ ശശികല സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

 

ജയലളിതയുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ അവര്‍ വഹിച്ചിരുന്ന ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ശശികലയെ തെരഞ്ഞെടുത്തിരുന്നു. ഇതോടെ വൈകാതെ മുഖ്യമന്ത്രി പദത്തിലേക്കും അവര്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.