തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിലെ ഉള്‍പ്പാര്‍ട്ടി തര്‍ക്കത്തില്‍ ജനറല്‍ സെക്രട്ടറി വി.കെ ശശികല തന്‍റെ മേല്‍ക്കൈ ഉറപ്പിച്ചു. കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം ചൊവ്വാഴ്ച രാത്രി നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഇന്ന്‍ വിളിച്ചുചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ 134 പാര്‍ട്ടി എം.എല്‍.എമാരില്‍ 131 പേരും പങ്കെടുത്തു. പന്നീര്‍സെല്‍വം പാര്‍ട്ടിയേയും മുന്‍ മുഖ്യമന്ത്രി ജയലളിതയേയും വഞ്ചിച്ചതായി യോഗത്തില്‍ ശശികല കുറ്റപ്പെടുത്തി.
തന്നെ നിര്‍ബന്ധിച്ചു രാജിവെയ്പ്പിക്കുകയായിരുന്നുവെന്നും ജയലളിതയുടെ മരണശേഷം അധികാരമേറ്റതിനു പിന്നാലെ തന്നെ അപമാനിക്കാന്‍ തുടങ്ങിയിരുന്നതായും ഒ. പന്നീര്‍സെല്‍വം ആരോപിച്ചിരുന്നു. തന്നെ അറിയിക്കാതെയാണ് ശശികലയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞടുത്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സഭയില്‍ വിശ്വാസപ്രമേയത്തിനുള്ള അവസരം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
യോഗത്തിന് ശേഷം എം.എല്‍.എമാരെയെല്ലാം ഒരു ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. തമിഴ്‌നാടിന്റെ അധിക ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു ഇതുവരെ ചെന്നൈയില്‍ എത്താത്തതിനാല്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനുള്ള അവകാശവാദം ഉന്നയിക്കാന്‍ ശശികലയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ വിഷയത്തില്‍ പാര്‍ട്ടി എം.പിമാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കാണുന്നുണ്ട്.
ശശികല പ്രതിയായ സ്വത്ത് സമ്പാദന കേസില്‍ അടുത്തയാഴ്ച വിധി പറയുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ വിധി വരാതെ ശശികലയെ മുഖ്യമന്ത്രിയാക്കരുതെന്ന് ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.