എ.ഐ.എ.ഡി.എം.കെയുടെ എം.എല്‍.എമാരെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. റിസോര്‍ട്ടുകളില്‍ താമസിപ്പിച്ചിരിക്കുന്ന പാര്‍ട്ടിയുടെ 120-ല്‍ അധികം എല്‍.എല്‍.എമാര്‍ ബുധനാഴ്ച മുതല്‍ പുറംലോകവുമായി ബന്ധപ്പെടുന്നില്ല. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഉത്തരവ്. എം.എല്‍.എമാര്‍ സ്വന്തം ഇഷ്ടപ്രകാരം എം.എല്‍.എ ഹോസ്റ്റലില്‍ കഴിയുകയാണെന്ന ഇന്നലത്തെ പ്രസ്താവന തെറ്റായിരുന്നെന്ന് സര്‍ക്കാര്‍ വക്കീല്‍ ഇന്ന്‍ കോടതിയില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.കെ ശശികല എം.എല്‍.എമാരെ ബന്ദിയാക്കി വെച്ചിരിക്കുകയാണെന്ന് കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം ആരോപിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ 134 എം.എല്‍.എമാരില്‍ അഞ്ച് പേര്‍ പന്നീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. പാര്‍ട്ടി പ്രസീഡിയം ചെയര്‍മാനായ ഇ. മധുസൂദനന്‍ അടക്കം ഏതാനും മുതിര്‍ന്ന നേതാക്കളും പന്നീര്‍സെല്‍വത്തിനൊപ്പമുണ്ട്. 20-ഓളം എം.എല്‍.എമാര്‍ തടങ്കലില്‍ സൂക്ഷിക്കുന്നതില്‍ പ്രതിഷേധിച്ച് ഉപവാസത്തിലാണെന്നും പന്നീര്‍സെല്‍വം വിഭാഗം ആരോപിക്കുന്നു. ഇത് സത്യമാണെങ്കില്‍ ഗൌരവകരമാണെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്.
എന്നാല്‍, ഈ ആരോപണം നിഷേധിച്ച് ശശികല അനുകൂലികളായ ഏതാനും എം.എല്‍.എമാര്‍ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം പന്നീര്‍സെല്‍വവും ശശികലയും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടിരുന്നു. തന്നെ പിന്തുണച്ചുകൊണ്ടുള്ള എം.എല്‍.എമാരുടെ പട്ടിക ശശികല ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, പിന്തുണ തെളിയിക്കാന്‍ അഞ്ച് ദിവസം വേണമെന്ന് പന്നീര്‍സെല്‍വം ആവശ്യപ്പെട്ടിട്ടുണ്ട്. ഗവര്‍ണറുടെ നിര്‍ണ്ണായകമായ തീരുമാനം കാത്തിരിക്കുകയാണ് ഇരുപക്ഷവും.