Skip to main content

 

വേനൽ കനത്തിരിക്കുന്നു. പത്തുമണിക്കപ്പുറം കത്തുന്ന വെയിൽ. പുറത്തേക്കിറങ്ങുന്നത് പോയിട്ട് പുറത്തേക്ക് നോക്കാൻ പോലും വയ്യ. വൈകുന്നേരമായാലോ? ആകാശം മൂടി മേഘങ്ങൾ. ഒരു കുഞ്ഞിക്കാറ്റുപോലുമില്ല. എരിപൊരി സഞ്ചാരം. തണുത്ത ഷവറിനു കീഴെ നാഴികകൾ നിന്നാലും തീരാത്ത പരവേശം. കാണുന്നവർക്കൊക്കെ പറയാൻ ഒരു കാര്യം മാത്രം. "എന്തൊരു ചൂടാ?!" ഒരു പേമാരി പെയ്യാൻ, മേനിയും മേദിനിയും കുളിരാൻ ആരും കൊതിക്കുന്നു. 

 

കുറേക്കാലമായി 'ഔദ്യോഗിക സാഹിത്യം' മാത്രം പാരായണം ചെയ്ത് വറുതിയിലാണ്ടുപോയ എന്നിലേക്ക് ഇടിവെട്ടി പെയ്തിറങ്ങിയ ഹർഷവർഷമാണ് മനോജ് കുറൂരിന്റെ "നിലം പൂത്തു മലർന്ന നാൾ"

 

മനോജ് കവിയാണ്. ഈ നോവലിൽ തുളുമ്പുന്നതും കവിത തന്നെ. ഖസാക്കിന്റെ ഇതിഹാസത്തിനു ശേഷം ഭാഷാനുഭവപ്രധാനമായ ഉജ്വല ആവിഷ്ക്കാരം എന്നാണ്‌ ഈ പുസ്തകത്തെ കുറിച്ച് 'നോവൽ തിണയുടെ കാവൽമരം' എന്ന പഠനത്തിൽ പി.രാമൻ പറയുന്നത്. 

 

തമിഴാണ് മലയാളിയുടെ പഴമ എന്ന് പലയിടങ്ങളിലും പണ്ഡിതർ പറഞ്ഞു വച്ചിട്ടുണ്ടെങ്കില്ലും, ഭാഷയെ സംസ്കൃതത്തോട് ചേർത്തു നിർത്താൻ തന്നെയായിരുന്നു താത്പര്യം. എന്തൊക്കെത്തന്നെയായാലും ആ പഴമയുടെ അടയാളങ്ങൾ നമ്മിലെല്ലാവരിലും ലീനമായി കിടക്കുന്നുണ്ട്. അതിന്റെ വെളിവാകലാണ് മനോജിന്റെയീ നോവൽ. ഈ നോവൽ വീണ്ടും വീണ്ടും വായിക്കണമെന്നും, കലർപ്പില്ലാത്ത മലയാളം വീണ്ടും വീണ്ടും അനുഭവിക്കണമെന്നും എനിക്ക് തോന്നുന്നത് ഒരുപക്ഷെ എന്നിൽ പറ്റിച്ചേർന്നു പോയ പഴമ പറിഞ്ഞു പോകാൻ വിസമ്മതിക്കുന്നത് കൊണ്ടാകാം! നാഗരികതയുടെ അഴുക്ക് ചെകിളകൾ പറിച്ചുകളഞ്ഞാൽ എന്നെ ഞാൻ കാണുന്നത് പാണരുടെയും കൂത്തരുടേയും കൂടെ ഉപജീവനത്തിനായി ദീർഘയാത്ര പോവുന്ന സംഘാംഗമായിട്ടാണ്. എന്റെ ജീനുകളിലെവിടെയോ, ഈ നോവൽ പണ്ടേക്കുപണ്ടേ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. 

 

ഈ നോവൽ ഒരു പ്രയാണത്തിന്റെ കഥയാണ്. പാണരും കൂത്തരും (പാട്ട് പാടുന്നും, നൃത്തം ചെയ്യുന്നതും തൊഴിലായവർ) ഒരു നാൾ, തങ്ങളുടെ വറുതി മാറ്റാൻ കെൽപ്പുള്ള അരചനെ കണ്ട് അദ്ദേഹത്തെ വാഴ്ത്തിപ്പടാൻ, തങ്ങളുടെ കലാനൈപുണി പ്രദർശിപ്പിച്ച് അംഗീകാരം നേടാൻ പുറപ്പെടുന്നു. ആയിരത്തി എഴുന്നൂറ് വർഷങ്ങക്ക് മുമ്പ്. ചേരചോഴ പാണ്ടിയൻമാർ നാടു വാണിരുന്ന കാലം. 

 

മൂന്ന് എഴുത്തുകളായി ഈ നോവലിനെ മനോജ് കുറൂർ വിഭജിച്ചിരിക്കുന്നു. കൊലുമ്പൻ, ചിത്തിര, മയിലൻ എന്നിങ്ങനെ. നോവലിലെ പ്രധാന കഥാപാത്രങ്ങളാണിവർ. ഓരോ ഭാഗവും അവരവരുടെ കാഴ്ചപ്പാടിലൂടെ അനാവൃതമാവുന്നു. 

 

തിരിച്ചെത്തുമെന്നുറപ്പില്ലാത്ത പുറപ്പാടിനെ വർണ്ണിച്ചു കൊണ്ട് കൊലുമ്പൻ കഥയാരംഭിക്കുന്നു. മയിലന്റെ ആത്മസംഘർഷങ്ങളിലും, 'മരക്കലത്തി'ലേറിയുള്ള അവന്റെ  വിദേശ സഞ്ചാരത്തിലും കഥ അവസാനിക്കുന്നു. ഈ പുറപ്പാടുകൾക്കിടയിൽ കുന്നിലും മലയിലും തട്ടി, കാട്ടിലും കാട്ടാറിലും ചിതറി, വെള്ളിയോളമുലച്ച് ഒഴുകുകയാണ് ശുദ്ധ മലയാളത്തിന്റെ കാട്ടരുവി.

 

ചില വാചകങ്ങൾ വായിച്ചു കഴിയുമ്പോൾ മുന്നോട്ട് പോകാനാവാതെ നിന്ന് പോവുന്നു. വിരസത കൊണ്ടല്ല. സൗന്ദര്യാധിക്യത്താൽ. "മടലിൽ നിന്ന് വഴുക നാരുകൾ കീറിയെടുക്കുമ്പോഴുള്ള ഒച്ചയിൽ ഒരു കരച്ചിൽ ഉള്ളിൽ നിന്നുയരുന്നത് ഞാനറിഞ്ഞു." ചില വാക്കുകൾക്ക് അർത്ഥം തിരഞ്ഞ്, പുസ്തകാന്തത്തിലെ 'മൊഴിയറിവി'ലേക്ക്  പോകേണ്ടി വരുന്നു. നൂൽ എന്നാലർത്ഥം ഗ്രന്ഥമെന്നാണെന്നും, ദു:ഖത്തിന്, തുയിർ എന്ന് പര്യായമുണ്ടെന്നും പുത്തനറിവ് നിറയുന്നു. അത്യപൂർവമായ വായനാനുഭവം. ശക്തരായ കഥാപാത്രങ്ങൾ എന്ന വിശേഷണം ഇതിലെ ചന്തനും, മയിലനും, ചിത്തിരക്കും, ചീരക്കും കൊലുമ്പനുമൊന്നും ചേരില്ല. ഇവർ സ്നേഹം പോലെ സ്നിഗ്ദ്ധമായ ഒന്നാൽ നമ്മുടെ നെഞ്ചിൽ പറ്റിപ്പിടിക്കുന്നു. ഖസാക്കിലെ രവിയും മയമൂനയും അപ്പുക്കിളിയും  പോലെ. ബാല്യകാലസഖിയിലെ മജീദിനെയും സുഹറയെയും പോലെ. 

 

ഈ നോവലിന്റെ ചരിത്രപരതയെ കുറിച്ചോ കഥയുടെ നാൾവഴികളെ കുറിച്ചോ ഉപന്യസിക്കാൻ എനിക്ക് കഴിവില്ല. സംഘകാലം എന്നത് സ്കൂൾ കാലത്തെ പുസ്തകത്താളിലെ മറവിയാണെനിക്ക്. ഒന്നറിയാം. മലയാളത്തനിമയാർന്ന വിവരണത്തിലൂടെ, ബിംബങ്ങളിലൂടെ, കാലത്തിന്റെ പഴക്കവും അക്കാലത്തിന്റെ സംസ്കാരവും ആയാസലേശമെന്യേ കഥാകാരൻ പകർന്നു തരുന്നു. പഴയ നാട്ടുപാതയിലൂടെ, അന്വേഷിയായി വായനക്കാരനും യാത്രയാവുന്നു. അരുവികളിൽ കുളിച്ചും വിപിനങ്ങളിൽ പുളച്ചും വനഫലങ്ങൾ രസിച്ചും പടനിലങ്ങളിൽ ത്രസിച്ചും പാട്ടു പാടി, കൂത്താടി, പുത്ര ദു:ഖത്തിൽ തപിച്ച്,  ബന്ധു നഷ്ടത്തിൽ നൊന്ത്, വിശന്ന്, നിറഞ്ഞ്, അങ്ങനെ ... യാത്രക്കിടയിൽ പലദേശങ്ങൾ, കൂട്ടങ്ങൾ, നാടുവാഴികൾ, സംഘകാലത്തെ മഹാകവികൾ ...

 

സംസ്കൃതാക്ഷരങ്ങൾ തീർത്തുമൊഴിവാക്കി, ദ്രാവിഡാക്ഷരങ്ങൾ (ഖരവും, അനുനാസികവും പിന്നെ യ ര ല വ ള ഴ റ എന്നിവയും) മാത്രമാണ് ഈ ഗ്രന്ഥരചനക്ക് ഉപയോഗിച്ചിരിക്കുന്നത് എന്നത് അത്ഭുതകരമാണ്.

 

വാദ്യകലാവിശാരദൻ കൂടിയായ കഥാകാരൻ ഒരു മേളത്തിന്റെ ഇഴുക്കവും മുറുക്കവും അയക്കവും ഈ നോവലിൽ സന്നിവേശിപ്പിച്ചിരിക്കുന്നു. മേളം തീർന്നാലും തലയ്ക്കുള്ളിൽ അതിന്റെ ഹുങ്കാരം ശേഷിക്കുന്നു. കൃത്യമായും അങ്ങനെയല്ലെങ്കിലും ഒരു കരിയിലക്കാറ്റിന്റെ മർമ്മരം പോലെ സുഖദമായ ഒന്ന് ഈ നോവലും ഉള്ളിൽ ശേഷിപ്പിക്കുന്നു. 

 

ഇത് ഒരു സാധാരണക്കാരന്റെ വായനക്കുറിപ്പാണ്. ഈ പുസ്തകത്തെ കുറിച്ച് പണ്ഡിതോചിതങ്ങളായ ലേഖനങ്ങൾ വേണ്ടുവോളമുണ്ടായിട്ടുണ്ട്. നോവലിനെ കറിച്ചുള്ള വിശദപഠനം,  പി.രാമന്റേത്, പുസ്തകത്തിൽ തന്നെ ചേർത്തിട്ടുണ്ട്..

 

ഞാൻ വിരമിക്കുന്നു... ഒരുവട്ടം കൂടി നിലം പൂത്തു മലർന്ന നാളുകളിലേക്ക് യാത്രയാവാൻ...


suresh babu എച്ച്.ഡി.എഫ്.സി ബാങ്ക് ഉദ്യോഗസ്ഥനാണ് സുരേഷ് ബാബു