ബുദ്ധി വര്‍ഗ്ഗീയതയ്ക്ക് വളവും വെള്ളവുമാകുന്ന വഴി

Glint staff
Sat, 29-07-2017 04:14:52 PM ;

intelligence

വളരെ ബുദ്ധിമാനായ ഒരു റിട്ടേയേര്‍ഡ് സാങ്കേതിക വിദഗ്ധന്‍. വളരെ വലിയ ഉന്നത സ്ഥാനം വഹിച്ച വ്യക്തി. പ്രായത്തിന്റെ പൊതു ബുദ്ധിമുട്ടുകളൊന്നുമില്ല. ബുദ്ധി ഇപ്പോഴും വളരെ കൂര്‍മ്മം തന്നെ. ഒന്നാംതരം നിരീശ്വരവാദി. ശാസ്ത്രത്തോട് മൗലികവാദസമാന വിശ്വാസം. കണ്ണിന് ചെറിയ ചില പ്രശ്‌നങ്ങള്‍. ദൂരെയുള്ളത് കണ്ണട വച്ചാലും അത്രയങ്ങ് വ്യക്തമാകില്ല. എന്നാല്‍ അത് പകല്‍  ഡ്രൈവ് ചെയ്യുന്നതിനൊന്നും തടസ്സമാകുന്നില്ല. രാത്രി ഡ്രൈവിംഗ് തനിക്ക് ബുദ്ധിമുട്ടാണെന്ന് ബുദ്ധി ഉപദേശിച്ചതിനാല്‍ എന്തു വന്നാലും രാത്രയില്‍ ഡ്രൈവ് ചെയ്യുകയുമില്ല. എല്ലാത്തിനും തന്റെ ബോധ്യത്തെ പ്രമാണമായി അദ്ദേഹം സ്വീകരിക്കുന്നു. ആദ്ധ്യാത്മികത തുടങ്ങിയ കാര്യങ്ങളൊന്നും അദ്ദേഹത്തിന് തെല്ലും താല്‍പ്പര്യമില്ല. അതുമായി നടക്കുന്നവര്‍ ശുദ്ധ മണ്ടത്തരമാണെന്ന് കാണിക്കുന്നതെന്ന ശക്തമായ അഭിപ്രായവും അദ്ദേഹത്തിനുണ്ട്. എന്നിരുന്നാലും കുടുംബാംഗങ്ങളോ മറ്റുള്ളവരോ അത്തരം ആചാരങ്ങളില്‍ മുഴുകുന്നതില്‍ ഒരെതിര്‍പ്പും ഇല്ലെന്നല്ല, എന്തെങ്കിലും തന്നെക്കൊണ്ടുള്ള സഹായങ്ങള്‍ വേണമെങ്കില്‍ ചെയ്തു കൊടുക്കുകയും ചെയ്യും. അതാണ് വ്യക്തിസ്വാതന്ത്ര്യത്തിനും അഭിപ്രായത്തിനും അദ്ദേഹം കല്‍പ്പിക്കുന്ന പ്രാധാന്യവും അദ്ദേഹത്തിന്റെ ജനായത്തബോധവും.         

 

അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ബുദ്ധിയെ അല്ലാതെ ഒന്നിനെയും ആശ്രയമില്ല. അതുകൊണ്ടു തന്നെ അദ്ദേഹം കൂടുതല്‍ ആശ്രയിക്കുന്നതും അലോപ്പതി മരുന്നുകളെയും ചികിത്സാരീതികളെയുമാണ്. ഹോമിയോപ്പതിയൊക്കെ അന്ധവിശ്വാസമാണെന്നുള്ള അഭിപ്രായം പോലും അദ്ദേഹത്തിനുണ്ട്. യുവതലമുറയെക്കാള്‍ ഇന്റര്‍നെറ്റില്‍ സജീവമായിട്ടുള്ള ഇദ്ദേഹം തന്റെ അഭിപ്രായങ്ങള്‍ക്കനുസൃതമായ പഠന റിപ്പോര്‍ട്ടുകള്‍ സമാഹരിക്കുകയും ചെയ്യും. ഇന്ത്യയിലെ തന്നെ നിര്‍ണ്ണായക തസ്തികകളിലിരുന്നവരാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും . റിട്ടയര്‍ ചെയ്ത അവരെല്ലാം ഗ്രൂപ്പില്‍ ചൂടന്‍ ചര്‍ച്ചകളുമായി എപ്പോഴും സജീവവും.
     

 

കണ്ണിന്റെ ചെറിയ പ്രശ്‌നമുള്ളതിനാല്‍ റോഡ് മുറിച്ചുകടക്കാന്‍ അദ്ദേഹത്തിന് അല്‍പ്പം സാങ്കേതികബുദ്ധിമുട്ടുണ്ട്. കാരണം ദൂരെ നിന്നുള്ള വാഹനങ്ങളുടെ വേഗത്തെ അറിയുന്നതിലും അവയുടെ ദൂരം കണക്കു കൂട്ടുന്നതിലും അല്‍പ്പം ബുദ്ധിമുട്ട്. യഥാര്‍ഥത്തില്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എന്നാല്‍ തന്റെ ബുദ്ധി കാഴ്ച പര്യാപ്തമല്ല എന്ന് പറഞ്ഞിരിക്കുന്നതിനാലാണത്. ഒരു ദിവസം ബന്ധുവുമായി തിരക്കുള്ള ഒരു നഗരറോഡ് മുറിച്ചു കടക്കുന്നു. രണ്ടു പേരും റോഡിന്റെ നടുവിലെത്തി. ബന്ധു അദ്ദേഹത്തിന്റെ കൈയ്യില്‍ പിടിച്ചിട്ടുണ്ട്. റോഡിന്റെ പകുതിയെത്തിയപ്പോള്‍ എതിര്‍വശത്തുനിന്നുള്ള വാഹനങ്ങള്‍ അടുത്തായി. അതു പോയതിനു ശേഷം മുറിച്ചുകടക്കാമെന്ന തീരുമാനത്തില്‍ ബന്ധു റോഡിന്റെ നടുവില്‍ നിന്നു. പെട്ടെന്ന് ഒരു കുതിപ്പെന്ന പോലെ ഇദ്ദേഹം ഒറ്റ ഓട്ടം. ഒരു ഇരുചക്രവാഹനക്കാരന്‍ അയാള്‍ ഇദ്ദേഹത്തെ ഇടിക്കാതിരിക്കുന്നതിനും അയാള്‍ വീഴാതിരിക്കുന്നതിനും നന്നേ കഷ്ടപ്പെട്ടു.
          

 

ഇരുചക്രവാഹനക്കാരന്‍ നിര്‍ത്തിയതിനാല്‍ ബന്ധുവും മുറിച്ചു കടന്നു. ഇരുചക്രവാഹനക്കാരനു വല്ലാത്ത ദേഷ്യം വന്നു. എന്തോ പറയാനായി നാവുയര്‍ത്തിയതാണ്. പക്ഷേ അദ്ദേഹത്തിന്റെ ചിരിക്കുന്ന മുഖവും ഡൈ ചെയ്യാത്ത തലയും കണ്ടപ്പോള്‍ അയാളുടെ മുഖത്തും അറിയാതെ ഒരു ബഹുമാന ലക്ഷണം. അയാള്‍ ഒന്നും പറയാതെ വാഹനം മുന്നോട്ടെടുത്തു. എന്തായാലും വല്ലാത്ത പണിയാണ് പറ്റിച്ചതെന്ന് ബന്ധു പറഞ്ഞപ്പോള്‍, ' അതു റോഡിന്റെ നടുവിലായിപ്പോയില്ലേ. അവിടെ നിന്നാല്‍ ഇടിച്ചു വീഴുമെന്ന് പേടിച്ചു പോയി' എന്നായിരുന്നു ഒരു വമ്പന്‍ തമാശ ഒപ്പിച്ച മട്ടില്‍ ഇദ്ദേഹത്തിന്റെ മറുപടി. ' എന്നിരുന്നാലും ഒരാള്‍ ഗൈഡ് ചെയ്യുമ്പോള്‍ അയാളെ വിശ്വസിക്കുകയല്ലേ വേണ്ടത്' എന്ന് ബന്ധു സ്‌നേഹപൂര്‍വ്വം ആരാഞ്ഞപ്പോള്‍ അതുതന്നെയാണ് വേണ്ടതെന്നു അദ്ദേഹം പറഞ്ഞു. കാരണം അത്തരം കാര്യത്തില്‍ ഒരു സംശയവുമില്ല.
         

 

നല്ല നര്‍മ്മബോധവുമുള്ള ആളാണ് ഇദ്ദേഹം. റോഡ് മുറിച്ചു കടന്നതിനു ശേഷം അദ്ദേഹത്തിനു ഒരു ഫോണ്‍ വന്നു. സംസാരിച്ചു തുടങ്ങിയപ്പോള്‍ അദ്ദേഹം മറുതലയ്ക്കുള്ള ആളോട് പറയുന്നതു കേട്ടു, നിങ്ങള്‍ക്ക് ആള് മാറിപ്പോയിയെന്ന്. ഇല്ലെന്ന് മറുതലയ്ക്കല്‍ നിന്നു പ്രതികരണം വന്നപ്പോള്‍ അദ്ദേഹം തന്റെ പ്രായം  പറഞ്ഞു. മറുതലയക്ക്ല്‍ നിന്ന് നന്ദിയോടെ ഫോണ്‍ വച്ചു. ഏതോ ഇന്‍ഷുറന്‍സ് കമ്പനിപ്രതിനിധിയാണ് വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു.നര്‍മ്മബോധം,  സാമൂഹ്യവിഷയങ്ങളില്‍ തല്‍പ്പരന്‍, രാഷ്ട്രീയ വീക്ഷണം, സകലവിധ വിഭാഗീയതകള്‍ക്കും അതീതമായി ചിന്ത പുലര്‍ത്തുന്ന വ്യക്തി, സാഹിത്യതല്‍പ്പരന്‍ ,സത്യസന്ധമായി ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയ വ്യക്തി , അതു ജീവിതത്തിലും പിന്തുടരുന്നയാള്‍. അങ്ങനെയുളള വ്യക്തി തന്റെ ബുദ്ധിയെ ആശ്രയിക്കുന്നതില്‍ തെറ്റു പറയാനാകില്ല. ആധ്യാത്മികതയുടെ ലക്ഷ്യവും ഈ ഗുണങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും മെച്ചം വരുത്തുക എന്നതു തന്നെ.
        

 

എന്നിട്ടും അദ്ദേഹം   റോഡ് മുറിച്ചു കടക്കുന്ന നേരം അറിയാതെ ഒന്നു പേടിച്ചു. തീരുമാനമെടുത്തത് പേടിയിലായിപ്പോയി. ഭാഗ്യത്തിന് അപകടത്തില്‍ നിന്നു രക്ഷപെട്ടു. അമിതമായി സ്വന്തം ബുദ്ധിയെ ആശ്രയിക്കുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് അദ്ദേഹത്തിലുണ്ടായ പേടി. റോഡിലെ കാഴ്ചകള്‍ വ്യക്തമായി കാണാന്‍ കഴിയുന്ന ബന്ധുവിന്റെ ഒപ്പമാണ് റോഡ് മുറിച്ചു കടക്കുന്നത്. അവിടെ പ്രായത്തില്‍ താഴെയാണെങ്കിലും ബന്ധു വഴികാട്ടുകയാണ്. വഴി കാട്ടുന്നവര്‍ക്കു മാത്രമേ വഴി ബോധ്യമുണ്ടാവുകയുള്ളു. അതിനാല്‍ വഴികാട്ടുന്നവരെ പിന്തുടരുമ്പോള്‍ അവരെ പിന്തുടരുക എന്നത് പിന്തുടരുന്നവരില്‍ അവശ്യം വേണ്ട ഘടകമാണ്. അതേ സമയം സംശയങ്ങള്‍ പ്രകടിപ്പിക്കാം. പ്രകടിപ്പിക്കുകയും വേണം. മറിച്ച് വഴികാട്ടുന്നവരുടെ നിര്‍ദ്ദേശത്തിനു കാത്തു നില്‍ക്കാതെ സ്വന്തം നിലയില്‍ തീരുമാനമെടുത്തു മുന്നില്‍ ഇതാ അവസരം എന്നു കണ്ട് തീരുമാനമെടുത്താല്‍ അപകടം ഉറപ്പാണ്. അപകടത്തില്‍ പെടാതിരിക്കുന്നത് വിരളമായ സന്ദര്‍ഭങ്ങളിലാകും.
      

 

ഏതു കാര്യത്തിനും ഇതു ബാധകമാണ്. ജീവിതത്തില്‍ മൊത്തത്തില്‍ . വഴികാട്ടുന്നവര്‍ക്ക് വഴി വ്യക്തവുമായിരിക്കണം.ഇവിടെ സംഭവിച്ചത് അദ്ദേഹത്തിന്റെ ബുദ്ധിയെ എല്ലാത്തിനും അന്ധമായി ആശ്രയിക്കുന്നത് ഒരു മൗലികവാദ സ്വഭാവം കൈവരിച്ചു. അത് അദ്ദേഹത്തില്‍ സ്വതസിദ്ധമായ ചില സ്വഭാവങ്ങളെ സൃഷ്ടിച്ചിട്ടുണ്ടാകാം. പെട്ടെന്ന് റോഡിന്റെ നടുവിലായപ്പോള്‍ അദ്ദേഹത്തിന്റെ ബുദ്ധി കാര്യങ്ങള്‍ കണക്കു കൂട്ടി ഒരു തീരുമാനത്തിലെത്തി. ബുദ്ധി തീരുമാനിച്ചുകഴിഞ്ഞാല്‍ അതാണ് ശരി എന്ന ശക്തമായ ബോധ്യമാണ് അദ്ദേഹത്തിന്റെ ഉപബോധമനസ്സില്‍ ഉള്ളത്. ആ നിമിഷത്തില്‍ ഉപബോധമനസ്സില്‍ നിന്നു വന്ന ആ തള്ളലിലാണ് ബുദ്ധിയുടെ ആജ്ഞ പ്രകാരം, അവ്വിധം ബന്ധുവിന്റെ കൈയ്യയില്‍ നിന്ന് അല്‍പ്പം ബലത്തോടെ വിടുതല്‍ വരുത്തി റോഡ് മുറിച്ചു കടന്നത്. തൊട്ടടുത്ത നിമിഷം താന്‍ ചെയ്തത് ശരിയല്ല എന്നും അദ്ദേഹത്തിനു ബോധ്യം വന്നു.
    

 

വിശകലനം ചെയ്യാന്‍ മനുഷ്യന്‍ ഉപയോഗിക്കേണ്ടതാണ് ബുദ്ധി. അതിന് ബുദ്ധിയെ ആശ്രയിക്കുക തന്നെ വേണം. മറിച്ച്  ആ വിശകലനബുദ്ധിയെ ജീവിതം ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ അത് ചിലപ്പോള്‍ തെറ്റിദ്ധാരണകളിലേക്ക് നയിക്കും. ആ തെറ്റിദ്ധാരണകളാണ് മറ. മറയില്‍ തെളിച്ചം നശിക്കും. ആ തെളിച്ചം നശിക്കുമ്പോള്‍ ബുദ്ധിക്കും മനസ്സിലാകാത്ത കാര്യത്തിലേക്കാണ് താന്‍ നീങ്ങുന്നതെന്ന് അറിയുമ്പോഴാണ് അറിയാത്ത ഭാവിയെക്കുറിച്ച് ഓര്‍ത്ത് വ്യക്തിക്ക് പേടിയുണ്ടാകുന്നത്. ബുദ്ധിയില്‍ തെല്ലും മരണഭീതിയില്ലാത്ത ഇദ്ദേഹത്തിന്റെ ഉപബോധമനസ്സ് പേടിയില്‍ നിന്നു വിമുക്തമല്ല. ആ പേടിയെ ഒഴിവാക്കുന്നതിന് ബുദ്ധിയെയും മനസ്സിനെയും ഉപയോഗിക്കുന്ന വഴിയാണ് യഥാര്‍ഥ ആധ്യാത്മികതയുടേത് എന്ന് ഇദ്ദേഹത്തോടു പറഞ്ഞാല്‍ അദ്ദേഹം സമ്മതിച്ചു തരില്ല. ബുദ്ധിക്കും അപ്പുറത്തേക്കു പോകുന്നതാണ് ആധ്യാത്മികതയുടെ വഴിയെന്നു പറഞ്ഞാല്‍ ഇദ്ദേഹത്തിനു സ്വീകാര്യമല്ല.

 

കാരണം ബുദ്ധിയുമായി അദ്ദേഹത്തിന്റെ മമത അത്രയ്ക്കാണ്. ആ മമതയില്‍ നിന്നുള്ള മുക്തിയിലൂടെയാണ് ധൈര്യം വരുന്നതെന്ന് പറഞ്ഞാല്‍ അദ്ദേഹം ഒരു നര്‍മ്മം പൊട്ടിച്ച് ബുദ്ധിയെ സിംഹാസനത്തിലിരുത്തും. അപ്പോള്‍  ബുദ്ധിക്കിരിക്കാന്‍ സിംഹാസനം വേണ്ടേ? എങ്കില്‍ ആ സിംഹാസനം എന്ത്? എന്നൊക്കെ അദ്ദേഹത്തോടു  ചോദിച്ചാല്‍ അദ്ദേഹം പറയും ഇത്തരം കാര്യങ്ങള്‍ ചിന്തിക്കുന്നത് അനാവശ്യമായ കാര്യങ്ങളാണെന്ന്. അദ്ദേഹം അറിയുന്നില്ല അദ്ദേഹം ജീവിക്കുന്നത് ആധ്യാത്മികതയുടെ ഗുണവശങ്ങളോടെയാണെന്ന് . കടുത്ത വിശ്വാസികളേക്കാള്‍ എത്രയോ മുകളില്‍.എന്നാല്‍ അതറിയാതെ പോകുന്നു.കാരണം ആരാധനാലയങ്ങളില്‍ പോകുന്ന വിശ്വാസികളുടെ വിശ്വാസരീതികളിലൂടെയാണ് അദ്ദേഹം ആരാധനാലയങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സംസ്‌കാരത്തെ അറിയുന്നത്. ഇതാണ് മിക്ക നിരീശ്വരവാദികളും യുക്തി വാദികളും നേരിടുന്ന കെണി. ഈ കെണിയില്‍ ബുദ്ധിമതികള്‍ അകപ്പെട്ടതാണ് മതങ്ങളുടെ ബാഹ്യചിഹ്നങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെ തങ്ങളുടെ ലാഭത്തിനുവേണ്ടി മതങ്ങളെ ഉപയോഗിക്കാന്‍ കഴിയുന്നതും വര്‍ഗ്ഗീയ ചിന്തകള്‍ക്കും സ്പര്‍ധകള്‍ക്കും വളവും വെള്ളവും നല്‍കുന്നതും.

 

Tags: