മൂന്നാറിലെ 10 പഞ്ചായത്തുകളില്‍ ഈ മാസം 21ന് ഹര്‍ത്താല്‍. മൂന്നാറിലും കൊട്ടക്കമ്പൂരിലും കൈയേറ്റങ്ങള്‍ക്കും അനധികൃത നിര്‍മ്മാണങ്ങള്‍ക്കുമെതിരെ റവന്യൂ, വനം വകുപ്പുകള്‍ എടുക്കുന്ന നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മൂന്നാര്‍ സംരക്ഷണ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ സി.പി.ഐയെ ഒഴിവാക്കിയാണ് മൂന്നാര്‍ സംരക്ഷണ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
കൊട്ടക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് എം.പി ഉള്‍പ്പടെയുള്ള കൈയേറ്റക്കാരുടെ പട്ടയം കഴിഞ്ഞ ദിവസം ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയിരുന്നു. സി.പി.ഐയുടെ റവന്യൂ, വനം വകുപ്പുകള്‍ക്കെതിരായ സമരത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികള്‍, വ്യാപാരികള്‍, ഹൈറേഞ്ച് സംരക്ഷണ സമിതി എന്നിവരെ കൂട്ടുപിടിച്ചാണ് സമിതിയുടെ പ്രക്ഷോഭം.
സമരങ്ങള്‍ എല്ലാവര്‍ക്കും നടത്താമെന്നും റവന്യൂ വകുപ്പിന്റെ നടപടികള്‍ കര്‍ഷക വിരുദ്ധമല്ലെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. കൈയേറ്റത്തിനെതിരെ നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.