Skip to main content

 

കൊച്ചി നഗരത്തിനുള്ളിലെ ഉള്‍പ്രദേശമായ വെണ്ണല . ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ പലരും ഈ വഴി വരാറുണ്ട്. ധാരാളം ഇടറോഡുകളുള്ള പ്രദേശം,വഴികള്‍ക്ക് കാര്യമായ വീതിയില്ല.ഒരു ദിവസം രാവിലെ ഡ്രൈവര്‍ജി വെണ്ണലയിലെ ഒരു ഇടറോഡിലുടെ കാറില്‍ പോകുന്നു. ഒരു വളവ് കഴിഞ്ഞപ്പോള്‍ രണ്ടു ബൈക്ക് യാത്രികര്‍.ചെറുപ്പക്കാര്‍ .

 

കൊച്ചി നഗരത്തിനുള്ളിലെ ഉള്‍പ്രദേശമായ വെണ്ണല . ട്രാഫിക് കുരുക്ക് ഒഴിവാക്കാന്‍ പലരും ഈ വഴി വരാറുണ്ട്. ധാരാളം ഇടറോഡുകളുള്ള പ്രദേശം,വഴികള്‍ക്ക് കാര്യമായ വീതിയില്ല.ഒരു ദിവസം രാവിലെ ഡ്രൈവര്‍ജി വെണ്ണലയിലെ ഒരു ഇടറോഡിലുടെ കാറില്‍ പോകുന്നു. ഒരു വളവ് കഴിഞ്ഞപ്പോള്‍ രണ്ടു ബൈക്ക് യാത്രികര്‍.ചെറുപ്പക്കാര്‍. അവര്‍ രണ്ടു ബൈക്കും സമാന്തരമായി അധികം വേഗതയില്ലാതെ ഓടിച്ചു സംസാരിച്ചുകൊണ്ടു പോകുന്നു. ആ പ്രദേശവാസികള്‍ ആണെന്നുള്ളത് അവരുടെ ശരീരഭാഷ വെളിവാക്കി. കാല്‍നടക്കാരും ഇല്ല. ഒന്നു രണ്ടു ചെറിയ കടകള്‍ കാണാം. ഗ്രാമ്യമായ അന്തരീക്ഷം. ഡ്രൈവര്‍ജിയുടെ കാര്‍ തൊട്ടുപിന്നിലുണ്ടെന്ന് അവര്‍ മനസ്സിലാക്കി. എന്നിട്ടും കാറിനു പോകാന്‍ ഇടം തരാതെ അവര്‍ അറിഞ്ഞ ലക്ഷണം കാണിക്കാതെ യാത്ര തുടര്‍ന്നു. ആ പ്രദേശത്തെ നിശബ്ദത തകരാത്ത രീതിയിലും അവര്‍ക്ക് അലോസരമുണ്ടാകാത്ത വിധവും ഡ്രൈവര്‍ ജി ചെറുതായി ഹോണ്‍ ചെയ്തു.ങേ... ഹെ.... അവരതറിഞ്ഞ ലക്ഷണം കാട്ടിയില്ല. അവരെ മറികടന്നു പോകാന്‍ സ്ഥലവുമില്ല. 'എന്തൊരു മര്യാദയില്ലായ്മയാണ്  ഇവര്‍ കാണിക്കുന്നത്. തിണ്ണമൂച്ചിന്റെ അഹങ്കാരം ' ഈ വാചകങ്ങള്‍ ഉള്ളില്‍ രൂപം കൊണ്ടത് ഡ്രൈവര്‍ ജി അറിഞ്ഞു. എങ്കിലും അമര്‍ത്തി ഹോണ്‍ ചെയ്യാന്‍ തോന്നിയില്ല. അങ്ങനെ ചെയ്യുന്ന പക്ഷം അവരത് നല്ല ശകാരമോ തെറിയോ ആയി പരിഭാഷപ്പെടുത്തി മനസ്സിലാക്കും. ഇങ്ങനെ പൊതുനിരത്തില്‍ വാഹനമോടിക്കുന്ന ഡ്രൈവര്‍ ജി മാര്‍ ഉടക്കാനും സാധ്യതയുണ്ട്. എന്തായാലും അതിന് തെല്ലും ഈ ഡ്രൈവര്‍ജിക്ക് താല്‍പ്പര്യമില്ല.

 

എ.സിയുടെ തണുപ്പ് അപര്യാപ്തമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഈ ഡ്രൈവര്‍ ജിയുടെ ശരീരം ചൂടായി. അവര്‍ സമാന്തര രേഖകളായി യാത്ര തുടര്‍ന്നു. ടപ്പോ! ഒരു കുഞ്ഞു ഹമ്പില്‍ കാര്‍ കയറി മുമ്പോട്ടു തെറിച്ചു. ഉണക്കത്തേങ്ങയ്ക്കുള്ളില്‍ കൊപ്ര കുലുങ്ങും പോലെ
ഡ്രൈവര്‍ജിയുടെ മസ്തിഷ്‌ക്കം ഇളകിയ അനുഭവം. അതിന്റെ പ്രചണ്ഡത നട്ടെല്ലിലൂടെ സഞ്ചരിക്കുന്നതുമറിഞ്ഞു. ശരീരമാസകലം അസ്വസ്ഥമായി. കാര്‍ നിര്‍ത്തി അല്‍പ്പനേരം വിശ്രമിക്കണമെന്ന് ഡ്രൈവര്‍ജിക്ക് തോന്നി. ഒഴിഞ്ഞ നിരത്തായതിനാല്‍ മെല്ലെ ഓടിച്ച് ഓട്ടത്തിനിടയില്‍ വിശ്രമിച്ചു. അപ്പോഴേക്കും ബൈക്കുകളിലെ സമാന്തര ഡ്രൈവര്‍ജിമാര്‍ സംഭാഷണം പൂര്‍ത്തിയാക്കി വേഗം വിട്ടു പോയി.
            

 

ബുദ്ധിക്കു മുന്നില്‍ ഇരുട്ടിന്റെ കര്‍ട്ടന്‍ വീണതാണ് ഡ്രൈവര്‍ ജി അനുഭവിച്ച ശാരീരിക അസ്വസ്ഥതയുടെ കാരണം. ദേഷ്യമെന്ന വികാര തിരശ്ശീല. മറവന്നാല്‍ മുന്നിലുള്ളത് കാണാതെ വരും. ഭാഗ്യത്തിന് ഒഴിഞ്ഞ റോഡായതുകൊണ്ട് മറ്റ് വാഹനങ്ങളുമായി മുട്ടി അപകടമുണ്ടായില്ല. ചിലപ്പോള്‍ ഡ്രൈവര്‍ജിമാരുടെ ചിന്ത പല വഴിക്കു പോയി ശ്രദ്ധയ്ക്ക് മറതീര്‍ക്കും. അപകടങ്ങളില്‍ മിക്കതും അതുമൂലം സംഭവിക്കുന്നതാണ്. ആ സമാന്തര ഡ്രൈവര്‍ജിമാര്‍ മാറില്ല എന്നുറപ്പായാല്‍ മറ്റാതിരിക്കാന്‍ ശ്രമിക്കുന്നതായിരുന്നു നല്ലത്. ശ്രദ്ധയോടെ അവരുടെ പിന്നില്‍ പോയിരുന്നുവെങ്കില്‍ അവസരം  കിട്ടുന്ന സ്ഥലത്തു വച്ച് വിദഗ്ധമായി മറികടക്കാമായിരുന്നു. ബാഹ്യമായ കാര്യങ്ങള്‍ ഡ്രൈവര്‍ജിമാര്‍ ശ്രദ്ധിക്കേണ്ടതാണ്.

 

വാഹനവുമായി റോഡിലിറങ്ങുന്നവര്‍ എല്ലാവരും ഡ്രൈവര്‍ജിമാരാണ്. അതിനാല്‍ ഡ്രൈവര്‍ജിമാരായി മാത്രം പ്രതിരിക്കാനും ഓര്‍ക്കേണ്ടതുണ്ട്. ആ ഓര്‍മ്മയുണ്ടയാല്‍ റോഡില്‍ ഡ്രൈവര്‍ജിക്ക് ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടാവുകയുള്ളൂ. ഡ്രൈവിംഗ് .അങ്ങനെ ഡ്രൈവ് ചെയ്താല്‍ 'ശാന്തവും സമാധാനവുമായി എത്തേണ്ട ലക്ഷ്യസ്ഥാനത്ത് എത്തും. ഇതുകൊണ്ടാണ് മാര്‍ഗ്ഗമാകണം ലക്ഷ്യമെന്നു പറയുന്നത്. നല്ലൊരു ശതമാനം ഡ്രൈവര്‍ ജിമാരെങ്കിലും ആ വിധം വാഹനമോടിക്കുകയാണെങ്കില്‍ അപകടങ്ങളും ഗതാഗതക്കുരുക്കുകളും ഗണ്യമായി കുറയ്ക്കാന്‍ കഴിയും. എന്തായാലും ഈ ഡ്രൈവര്‍ജിയുടെ ഹമ്പ് കയറ്റവും കുതിക്കലും അവിടം കൊണ്ടുതീര്‍ന്നില്ല. ഉഗ്രന്‍ വേദനദാതാവായ സ്‌പോണ്ടിലോസിസ് അഥവാ പിടലി വേദനയായി മാറുകയും ചെയ്തു. തിരിച്ചറിയാന്‍ കഴിയാത്ത, ജീവിതത്തില്‍ ഒരിക്കല്‍ പോലും മുഖം കണ്ടിട്ടില്ലാത്ത രണ്ട് അജ്ഞാത സമാന്തര ഡ്രൈവര്‍ജിമാരോട് ദേഷ്യം വന്ന് കാഴ്ച മറഞ്ഞതിനുള്ള ശിക്ഷയായി, ഇപ്പോള്‍ വേദന മാറി.  ആ വേദനയും അതിന്റെ കാരണവും ഇപ്പോള്‍ ഈ ഡ്രൈവര്‍ജിക്ക് നിരത്തില്‍ മധുരാനുഭവങ്ങളുടെ നിമിഷങ്ങള്‍ അനുനിമിഷം സമ്മാനിക്കുന്നുണ്ട്. മറ വരാവുന്ന നിമിഷങ്ങളില്‍ തെളിച്ചത്തിന്റെ തിളക്കമായാണ് ആ മധുരം അറിയാന്‍ കഴിയുന്നത്.