Skip to main content

ranji panicker

എതിര്‍ക്കുന്നവന്റെ നെഞ്ചിലേക്ക് നിറയൊഴിയുന്ന ഓരോ വെടിയൊച്ചയിലും വരാനിരിക്കുന്ന ഒരു അപകടകാലത്തിന്റെ മുന്നറിയിപ്പുണ്ട്. തോല്‍പ്പിക്കാനാവാത്തതിനെ തോക്കുകൊണ്ട് തീര്‍ക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍  ഒന്നിനെയും ശ്വാശ്വതമായി അവസാനിപ്പിച്ചിട്ടില്ല. ഗൗരി മരിക്കുകയല്ല മനുഷ്യ മനസ്സുകളില്‍ ഇനിയുള്ള കാലം സ്മരിക്കപ്പെടുകയാണ് ! ഗൗരി തുടങ്ങി വയ്ക്കുകയും തുടര്‍ച്ചയാവുകയുമാണ്. ഗാന്ധി, പന്‍സാരെ, കല്‍ബുര്‍ഗി, ധബോല്‍ക്കര്‍, ഗൗരി.... പുതിയ പേരുകള്‍ ഓരോന്നായി എഴുതിച്ചേര്‍ക്കപ്പെടുമ്പോള്‍ അറ്റുപോകുന്നത്  അവരുയര്‍ത്തിയ ശബ്ദമല്ല, അവര്‍ ഉയര്‍ത്തിപ്പിടിച്ച ആശയവുമല്ല. അവരുടെ നെഞ്ചിലേക്ക് തോക്കു ചൂണ്ടിയവനു നേര്‍ക്കു നീളുന്നത് തിരിച്ചൊരു നിറതോക്കുമല്ല,  ആയിരങ്ങളുടെ പതിനായിരങ്ങളുടെ കോടാനുകോടി മനുഷ്യരുടെ കൈകള്‍...

gauri lankesh

ഒരു വെടിയൊച്ചയ്ക്കും നിശബ്ദമാക്കാനാവാത്തവിധം മുഴങ്ങുന്നത്  ഒരായിരം പതിനായിരം കോടാനുകോടി കണ്ഠങ്ങള്‍... എതിര്‍ ശബ്ദം മുഴങ്ങിയ കഴുത്തിനെ നിങ്ങള്‍ക്കു വെടിവച്ചു തുളയ്ക്കാം. അതില്‍നിന്നുയര്‍ന്ന ശബ്ദത്തെ ഏത് പീരങ്കികൊണ്ട് തുളയ്ക്കും നിങ്ങള്‍?  ഏത് ശരീരത്തെയും നിങ്ങള്‍ക്ക് വെടിയുണ്ടകൊണ്ട് നിശ്ചലമാക്കാം. പക്ഷേ മൂന്നേമൂന്നു വിരലുകള്‍കൊണ്ട് കൊത്തിവച്ച ഏതുവാക്കിനെയാണ് നിങ്ങള്‍ക്ക് വെടിയുണ്ടകൊണ്ട് ചിതറിക്കാനാവുക?
 

എല്ലാ വെടിയൊച്ചകളും അമര്‍ന്നു കഴിഞ്ഞാലും ഉറക്കെയുറക്കെ മുഴങ്ങുന്നുണ്ടാവും 'ഹേ..... റാം' എന്ന തളര്‍ന്നു മെല്ലിച്ച ചോരയുണങ്ങാത്ത ശബ്ദം. അത് ഗൗരിയിലും പ്രതിധ്വനിക്കുന്നുണ്ട്. എത്ര ചെവികൊട്ടിയടച്ചാലും അതു നിങ്ങളുടെ തലച്ചോറിനുള്ളില്‍ നിലയ്ക്കാത്ത തീവണ്ടിപോലെ കൂകിപ്പാഞ്ഞുകൊണ്ടേയിരിക്കും.