ശ്രീദേവിയുടെ അഭിനയ ജീവിതത്തിലെ ഒരു രാഗ വിസ്താരമായിരുന്നു അവരുടെ ദേവരാഗം എന്ന മലയാള സിനിമയിലെ തുടക്കം മുതല്‍ അവസാനം വരെയുള്ള നിമിഷങ്ങള്‍. ആ സിനിമയില്‍ നായകന്‍, നായിക പറഞ്ഞ കഥയ്ക്ക് ആവശ്യമായ ഒരു ഘടകം മാത്രമായിരുന്നു. ഒരു ശരാശരി സ്ത്രീ കടന്നു പോകാത്ത അനുഭവങ്ങളെ കോര്‍ത്തിണക്കുന്ന കഥയെയാണ് ആ സിനിമ കൈകാര്യം ചെയ്തത്. അതാകട്ടെ ബ്രാഹ്മണ സമുദായത്തില്‍ വൈദിക ധാര്‍ഷ്ട്യത്താല്‍ നിലനിന്നിരുന്ന ഒരു ചടങ്ങും. സംവിധായക പ്രതിഭയായിരുന്ന യശ്ശശരീരനായ ഭരതന്‍ പറഞ്ഞ ഏറ്റവും ശക്തമായ ഇതിവൃത്തമായിരുന്നു അത്. വേദ സത്യങ്ങള്‍ അന്ധമായി ആചാരത്തിലൂടെ അനുഷ്ടിക്കുമ്പോള്‍, മനുഷ്യന്‍ അര്‍ത്ഥമില്ലാത്ത നിസ്സഹായ ജീവികളായി പരിണമിക്കുന്ന ദുരാചാരത്തിനെതിരെ ഭരതന്‍ പിടിച്ച കണ്ണാടിയായിരുന്നു ദേവരാഗം. അന്ധവിശ്വാസത്തെയും അനാചാരത്തെയും ഉടച്ച് വേദപ്രോക്ത മധുരം മലയാളിയെ ഊട്ടിയതുമായിരുന്നു ദേവരാഗം എന്ന ചലച്ചിത്രം.
ആ സിനിമയുടെ അതിസങ്കീര്‍ണ്ണമായ നൂല്‍പ്പാല കഥാകഥന രേഖയിലൂടെയായിരുന്നു ശ്രീദേവിക്ക് നടക്കേണ്ടിയിരുന്നത്. സ്‌ത്രൈണതയുടെ മനോജ്ഞ ഭാവത്തിന്റെ ശൃംഗ ബിന്ദുവിന്റെ അനാവരണത്തോടെയാണ് ദേവരാഗം തുടങ്ങുന്നത്. ശശികല ചാര്‍ത്തിയ ദീപാവരണം എന്നു തുടങ്ങുന്ന ഗാനത്തോടെ. ആ ഗാനത്തെ കേള്‍വിയിലൂടെയല്ല മറിച്ച് ആ ദേവിയുടെ നൃത്തച്ചുവടുകളിലൂടെയും ഭാവത്തിലൂടെയുമാണ് കാണികളിലേക്ക് സന്നിവേശിക്കപ്പെട്ടത്.
സ്‌ത്രൈണതയുടെ 'ബുദ്ധ 'ഭാവ സൗന്ദര്യമായിരുന്നു പ്രണയ രംഗങ്ങളില്‍ ശ്രീദേവി പുറത്തെടുത്തത്. പാരമ്പര്യത്തില്‍ ഉറച്ച് നിന്നുകൊണ്ട് ജ്ഞാനത്തിന്റെ ധൈര്യം പ്രകടമാക്കിയ മലയാള സിനിമയിലെ എക്കാലത്തേയും ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു അത്. ആചാരത്തിന്റെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍, ധൈര്യം കൈമോശം വന്ന പുരുഷന്റെ മുമ്പില്‍ സ്‌നേഹത്തിന്റെ പേരില്‍ ത്യാഗത്തിനു തയ്യാറാകുന്ന സ്ത്രീ. ഒട്ടും സുഷിരം വീഴാത്ത ആചാര അറയ്ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ വേദജ്ഞാനിയുടെ മകള്‍, പ്രണയിക്കുന്ന പുരുഷനുമായി തെല്ലും കുറ്റബോധമില്ലാതെ ആനന്ദലഹരിയില്‍ രാഗലയം പോലെ ശാരീരികമായി ഒന്നാകുന്നു. ആ പ്രണയ സമ്മാനത്തെ ഉദരത്തില്‍ പേറിക്കൊണ്ട് മറ്റൊരാളുടെ ഭാര്യയാകേണ്ടി വരുന്നു. അയാളുടെ മരണശേഷം ശേഷക്രിയയുടെ ഭാഗമായി ശവുണ്ടിയുണ്ണാനെത്തിയ ഭ്രഷ്ടനാക്കപ്പെട്ട ബ്രാഹ്മണന്‍ തന്റെ മകന്റെ അച്ഛനാണെന്നു കാണുമ്പോള്‍ അതുറക്കെ പ്രഖ്യാപിച്ച് ശവുണ്ടിച്ചോറ് തട്ടിത്തെറിപ്പിക്കുന്ന ശ്രീദേവിയുടെ കഥാപാത്രം. ഒരേ സമയം സമൂഹത്തിനുള്ളില്‍ നില്‍ക്കുകയും അവിടെ നിന്നു കൊണ്ട് സമൂഹത്തിന്റെ ജീര്‍ണ്ണതകളെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സ്ത്രീ.
അടിമുടി സ്ത്രീയെന്ന സ്വാതന്ത്ര്യത്തില്‍ രൂപപ്പെട്ട കഥാപാത്രമായിരുന്നു അത്. ജ്ഞാനം പ്രയോഗിക്കുന്ന വൈദികനായ തന്റെ കാമുകന് ജ്ഞാനം ധൈര്യം പകര്‍ന്ന് നല്‍കാതിരുന്നത് ആ സിനിമയുടെ ഒരു പ്രസ്താവനയായിരുന്നു. അയ്യായിരം വര്‍ഷം പഴക്കമുള്ള രാജ്യത്തിന്റെ സംസ്‌കാരം എങ്ങനെ, എന്തുകൊണ്ട് ജീര്‍ണ്ണിച്ചു എന്നുള്ളതിനുള്ള ഉത്തരം. അതിന്റെ തിരുത്തല്‍ സ്ത്രീയിലൂടെ. അതും ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ .
ജ്ഞാനത്തിന്റെയും സൗന്ദര്യത്തിന്റെയും, സൗന്ദര്യം തന്നെയാകുന്ന ക്ഷമയുടെയും, അതേ സമയം രൗദ്രം കൈക്കൊള്ളേണ്ട നിമിഷവും ഏതെന്നു കാണിക്കുന്ന ഉത്ബുദ്ധയായ സ്ത്രീ കഥാപാത്രത്തെയാണ് അവര്‍ ദേവരാഗത്തില്‍ കാഴ്ചവച്ചത്. വര്‍ത്തമാനകാലത്തെപ്പോലെ യുദ്ധോത്സുകനായ അജ്ഞാനിയും അവിവേകിയും കുറ്റവാസനയാല്‍ നയിക്കപ്പെടുന്നവനുമായ പുരുഷന്റെ സ്വഭാവവൈകൃതങ്ങള്‍ പ്രകടിപ്പിച്ച് അതാണ് സ്ത്രീ ശാക്തീകരണം എന്ന തോന്നലില്‍ ഉറഞ്ഞു തുള്ളുന്ന കഥാപാത്രമായിരുന്നില്ല അത്. അതുകൊണ്ടു തന്നെ ആ സിനിമയുടെ അന്ത്യത്തില്‍ സ്ത്രീയും പുരുഷനും കൂടുതല്‍ അകലുന്നതിനു പകരം ശ്രുതി ചേര്‍ന്ന ദേവരാഗമായി ,പ്രണയമായി മാറുന്നു. ഇന്ത്യന്‍ സിനിമയില്‍ അഭിനയത്തില്‍ ഇത്ര വെല്ലുവിളി നേരിടേണ്ടി വന്നിട്ടുള്ള കഥാപാത്രങ്ങള്‍ വിരളമാണ്. മലയാളത്തില്‍ 26 സിനിമകളിലഭിനയിച്ചിട്ടുണ്ടെങ്കിലും ശ്രീദേവിയുടെ അഭിനയ മുഹൂര്‍ത്ത സ്മാരകമായി ദേവരാഗത്തെ കാലം പ്രതിഷ്ഠിക്കുമെന്നുറപ്പാണ്.
അഭിനയത്തിന്റെ സൂക്ഷ്മാംശ പ്രയോഗമായിരുന്നു ശ്രീദേവിയുടെ അഭിനയകലയുടെ സവിശേഷത. അതാവശ്യപ്പെടുന്ന സിനിമകളില്‍ ശ്രീദേവി തന്നെയായിരിക്കും നായികയും നായകനുമായി കഥയെ കൊണ്ടുപോവുക. ഒരിടവേളയ്ക്കു ശേഷം ശ്രീദേവി അഭിനയിച്ച ഹിന്ദി സിനിമ ഇംഗ്ലീഷ് വിംഗ്ലീഷും അതിനുദാഹരണം. ഇംഗ്ലീഷ് പഠനവും അതിന്റെ അഭാവം വരുത്തുന്ന അപകര്‍ഷതാബോധത്തിലുടെയും ഒക്കെയാണ് ആ സിനിമ അവസാനം വരെ പുരോഗമിക്കുന്നത്. എന്നാല്‍ അതല്ല അതിലെ കഥാതന്തു മറിച്ച് ഭാര്യാഭര്‍തൃ ബന്ധം അഥവാ കുടുംബ ജീവിതത്തിലെ കാണാത്തുരുത്തുകള്‍ കാണിക്കുന്നതായിരുന്നു. അവസാനത്തെ ഒരു രംഗത്തിലൂടെയാണ് ആ സിനിമ അതിന്റെ കഥ പറയുന്നത്. അതു പറയുന്നതാകട്ടെ ശ്രീദേവിയും, ഒരിമവെട്ട് പാളുകയാണെങ്കില്‍ പോലും വഴുതിപ്പോകുമായിരുന്ന രംഗം. ഇംഗ്ലീഷ് വിംഗ്ലീഷ് വന്‍ വിജയമായി. പതിവ് ബോളിവുഡ് സിനിമാ ശൈലിയില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായിക്കൊണ്ട് .
മനുഷ്യാവസ്ഥകളുടെ അതിസൂക്ഷ്മ ഭാവങ്ങളിലുടെ ഭാവുകത്വത്തിന്റെ ചിറകിലേറ്റി പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോയി കാണാലോകങ്ങള്‍ പരിചയപ്പെടുത്തിയ ആ അതുല്യ അഭിനേത്രി അരങ്ങൊഴിഞ്ഞു. ഇന്ത്യന്‍ പ്രേക്ഷകരുടെ തീരാനഷ്ടമല്ല ശ്രീദേവി. മറിച്ച് നമുക്ക് ലഭിച്ച മഹാ ലാഭമാണവര്‍. ആ ലാഭം നമ്മുടെ മുമ്പില്‍ അവശേപ്പിച്ച് പോയ ശ്രീദേവിക്ക് നമുക്ക് നന്ദി പറയാം. അതിലൂടെ നമുക്ക് സ്വയം ബഹുമാനിക്കാം. ഒരു വലിയ നാടകത്തിലെ അവസാന രംഗത്തിലൂടെ അവര്‍ അതിസൂക്ഷ്മവും അതിശക്തവുമായി നമ്മെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു, രംഗബോധമില്ലാതെ കടന്നു വരുന്ന കോമാളിയെക്കുറിച്ച്. ഒരിക്കല്‍ കൂടി ശ്രീദേവിക്ക് നന്ദി.