Skip to main content

mango-fruit

നല്ല റബ്ബറൈസ്ഡ് പ്രതലവും വെള്ളയും മഞ്ഞയും അടയാളങ്ങളുമുള്ള ഒരു ഉള്‍റോഡ്. നല്ല വൃത്തി. തിരക്ക് തീരെയില്ല.ഇടയ്ക്കിടയ്ക്ക് പാടങ്ങള്‍. കൃഷിയില്ലെങ്കിലും കളപ്പച്ച. സെഡാന്‍ കാറോടിക്കുന്നത് ഒരു ഡോക്ടര്‍. അങ്ങനെ ഓടിച്ചു പോകുമ്പോള്‍ നടുറോഡില്‍ ഒരു മാങ്ങ വീണുകിടക്കുന്നു. വേണമെങ്കില്‍ കാറ് നിര്‍ത്തി എടുക്കാവുന്നതായിരുന്നു. പക്ഷേ എന്തെങ്കിലുമൊക്കെ ചിന്തിക്കുന്നതിനു മുന്‍പ് ഡോക്ടര്‍ കാറിന്റെ ടയര്‍ ആ മാങ്ങയുടെ മുകളിലേക്ക് കയറ്റി അതു പരത്തിക്കഴിഞ്ഞിരുന്നു. ഒരു വന്‍ അപകടത്തിന് സാക്ഷ്യം വഹിച്ച തരത്തിലുള്ള സ്വാഭാവിക ഭാവപ്രകടനം വന്നു പോയി.

 

ഡോക്ടര്‍: എന്തു പറ്റി

സഹയാത്രികന്‍: ഡോക്ടര്‍ ആ മാങ്ങയുടെ പുറത്ത് അറിഞ്ഞോണ്ട് കയറ്റിതാണോ?

ഡോ: സത്യം പറഞ്ഞാല്‍ അതെ. ആ റോഡില്‍ അവനൊറ്റയ്ക്ക് അങ്ങനെ കിടക്കുന്ന കണ്ടപ്പോ ബലൂണ്‍ ചവിട്ടിപ്പൊട്ടിക്കാനെന്ന പോലൊരു കൗതുകം എന്നിലുണ്ടായി എന്നത് നേരാണ്.

സ.യാ: എന്തായാലും അതിത്തിരി ക്രൂരമായിപ്പോയില്ലേ

ഡോ: ഞാന്‍ കയറ്റിയില്ലെങ്കില്‍ എനിക്കു പിന്നാലെ വരുന്ന ആരെങ്കിലും കയറ്റിയിരിക്കും.

സ.യാ: ഇപ്പോള്‍ ഡോക്ടറുടെ പിന്നില്‍ വാഹനങ്ങളൊന്നും വരുന്നില്ല. അടുത്ത വാഹനം വരുന്നതിനു മുന്‍പ് അത് ചിലപ്പോള്‍ ഒരു കുട്ടിയോ അല്ലെങ്കില്‍ മാങ്ങ തിന്നാന്‍ താല്‍പ്പര്യമുള്ള ആരെങ്കിലും എടുത്തുകൂടെന്നും ഇല്ലായിരുന്നു.

ഡോ: അതു നിഷേധിക്കുന്നില്ല. എന്നിരുന്നാലും നാം ഡ്രൈവു ചെയ്യുമ്പോള്‍ എത്രയോ പഴവര്‍ഗ്ഗങ്ങള്‍ ഇങ്ങനെ റോഡില്‍ അരഞ്ഞു കിടക്കുന്നതു കാണാം.

 

സ.യാ: അതു ശരി തന്നെ. സംശയമില്ല. അങ്ങനെ പലരും ചെയ്യാറുണ്ടാകാം, എന്നുവച്ച് നാം അതുപോലെയാകണമെന്നുണ്ടോ. ആ മാങ്ങ ഒരു ഭക്ഷണസാധനമാണ്. മനുഷ്യനുള്‍പ്പടെയുളള ജീവികള്‍ക്ക്. ഇപ്പോള്‍ കാക്കയ്ക്ക് പോലും ആ മാമ്പഴം വേണ്ട വിധം തിന്നാന്‍ പറ്റാതായില്ലേ. പ്രകൃതി നാമുള്‍പ്പടെയുള്ളവര്‍ക്ക് തന്ന ഭക്ഷണമാണ് ഡോക്ടറുടെ ഒരു നിമിഷ നേരത്തെ കൗതുകത്തില്‍ നഷ്ടമായത്. ആ ഒരു മാങ്ങ ഇവ്വിധം റോഡില്‍ പഴുത്തു വീഴണമെങ്കില്‍ പ്രകൃതി എത്രമാത്രം ശ്രദ്ധ അതില്‍ ചെലുത്തിയിട്ടുണ്ടാകണം. എത്ര വര്‍ഷത്തെ ആ മരത്തിന്റെ തപസ്യയുടെ ഫലമാണ് ആ മാമ്പഴം. ആ വൃക്ഷത്തെ സംബന്ധിച്ചിടത്തോളം അതിന്റെ സൃഷ്ടിയും സന്തതിയുമാണത്. മാത്രവുമല്ല, എനിക്ക് ആ മാമ്പഴം എടുക്കണമെന്നുണ്ടായിരുന്നു. അത് ഡോക്ടറുമായി പങ്കു വയ്ക്കണമെന്നുമുണ്ടായിരുന്നു. പക്ഷേ കാഴ്ചയില്‍ പെടുന്നതിനും അത് പറയാന്‍ തുടങ്ങുന്നതിനും മുന്‍പ് ഡോക്ടര്‍ അതിനെ പൊട്ടിച്ചു പരത്തിക്കളഞ്ഞു. ഞാനാ മാവിനെ ഒന്നു നോക്കി. പഴയ മാവാണ്. ഒരു പക്ഷേ ഇന്ന് കേരളത്തില്‍ വിഷമില്ലാത്ത ഒരു മാമ്പഴം കഴിക്കൂ എന്നു പറഞ്ഞ്  യഥാര്‍ത്ഥ മാമ്പഴത്തിന്റെ രുചിയറിയാന്‍ ആ മാവ് നമ്മുടെ മുമ്പിലേക്ക് എറിഞ്ഞതുമാകാം.
    
ഡോക്ടര്‍ പെട്ടെന്ന് കാര്‍ നിര്‍ത്തി. അദ്ദേഹം അല്‍പ്പനേരം ചിന്തയിലാണ്ടതിനു ശേഷം സുഹൃത്തിന്റെ മുഖത്തേക്കു നോക്കി.

ഡോ: വാസ്തവത്തില്‍ ഞാന്‍ ചെയ്തത് സംസ്‌കാരമില്ലാത്ത നടപടിയായിപ്പോയി. ഈ ഒരു തലം ഞാനോര്‍ത്തിരുന്നില്ല. ആ ശീലം ഇല്ലായിരുന്നു എന്നു വേണം പറയാന്‍.സ.യാ: ഒരു യഥാര്‍ത്ഥ ആയുര്‍വേദ ഡോക്ടറായിരുന്നു താങ്കളുടെ സ്ഥാനത്തെങ്കില്‍ അദ്ദേഹം അതിന്റെ മുകളിലൂടെ കാര്‍ കയറ്റില്ലായിരുന്നു. അദ്ദേഹം അതില്‍ ഭക്ഷണത്തിനുപരി ഔഷധം കൂടി കാണുമായിരുന്നു. മാമ്പഴം ഒരേ സമയം ആരോഗ്യവും ഔഷധവുമാണ്. ഡോക്ടറുടെ കുറ്റമല്ല അതോര്‍ക്കാതെ പോയത്. നിങ്ങളുടെ പഠനപാതയുടെ പ്രത്യേകതയാണ്. ആധുനികവൈദ്യശാസ്ത്ര പഠനത്തിന്റെ തുടക്കത്തില്‍ തന്നെ നിങ്ങളുടെ ശ്രദ്ധ പ്രകൃതിയില്‍ നിന്നു തിരിക്കുന്നു. പിന്നെ നിങ്ങള്‍ രാസവസ്തുക്കളുടെ ലോകത്തിലാണ്. അവ പോലും പ്രകൃതിയില്‍ നിന്ന് എടുക്കുന്നതാണെന്ന ധാരണയില്ലാതെയാണ് ആധുനികവൈദ്യശാസ്ത്രം പഠിച്ചു പുറത്തിറങ്ങുന്നവര്‍ ചിന്തിക്കുന്നത്. അതുകൊണ്ടാണ് ചാനല്‍ ചര്‍ച്ചകളിലൊക്കെ ചില ആധുനിക വൈദ്യശാസ്ത്ര സംഘടനാ നേതാക്കള്‍ ആയുര്‍വേദത്തെ ശാസ്ത്രീയ ചികിത്സാക്രമമെന്നു പോലും സമ്മതിക്കാന്‍ തയ്യാറാവാതെ സംസാരിക്കുന്നത്. അത് ക്രമേണ വ്യക്തിയേയും സ്വാധീനിക്കുന്നു. അതാണ് പലപ്പോഴും ആധുനിക ഡോക്ടര്‍മാരില്‍ രോഗിയുടെ മുഖത്തോ കണ്ണിലോ നോക്കി സംസാരിക്കാന്‍ പറ്റാത്തവരാക്കി മാറ്റുന്നത്. ആരോഗ്യമാണ് ഭിഷഗ്വരന്റെ ലക്ഷ്യമെങ്കില്‍ ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും ആ വ്യക്തിയുടെ ചിന്താധാരയും പെരുമാറ്റവും ആ സ്വാധീനം നിഴലിക്കുന്നതാകും. അതുകൊണ്ടാണ് ചില മഹാ ആയുര്‍വേദ വൈദ്യന്‍മാര്‍ പ്രകൃതിയെ ഔഷധക്കാഴ്ചയായി പോലും കാണുന്നത്. രോഗി ഏതു ദേശത്തുനിന്നു വരുന്നു, ഏതു വിധമാണ് വീടിന്റെ ദര്‍ശനം എന്നിവ ആരാഞ്ഞതിനു ശേഷം രോഗവിവരം മനസ്സിലാക്കി മനസ്സിനെയും ശരീരത്തേയും കണ്ട് ചികിത്സിച്ച് രോഗിയെ ആരോഗ്യവാനാക്കി മാറ്റുന്നത്. ആയുര്‍വേദം അതുകൊണ്ടാണ് ആരോഗ്യശാസ്ത്രമായും അലോപ്പതി ചികിത്സാ ശാസ്ത്രവുമായി മാറുന്നത്.

 

ഡോ: ശ്ശെ,

സ.യാ: എന്തു പറ്റി

ഡോ: എന്തു പറയാനാ. താങ്കളെന്റെ ഉറ്റ സുഹൃത്താണ്. പക്ഷേ എന്തോ നമ്മള്‍ തമ്മില്‍ ഒരു നിമിഷം കൊണ്ട് വല്ലാതെ അകന്നതു പോലെ തോന്നുന്നു. ശരിയാ, ഞാനൊരു മഹാവൃത്തികേടാണ് ചെയ്തത്.

സ.യാ: എനിക്ക് താങ്കള്‍ ഒട്ടും അകന്നതായി തോന്നുന്നില്ല. മറിച്ച് കൂടുതല്‍ അടുത്തതായി തോന്നുന്നു. കാരണം അത്രയക്ക് അടുപ്പമില്ലെങ്കില്‍ നമ്മളിങ്ങനെ ഉള്ള് തുറന്ന് സംസാരിക്കുമോ. ഇവിടിപ്പോള്‍ വിഷമിക്കാനായി ഒന്നുമുണ്ടായിട്ടില്ല. താങ്കള്‍ വിഷമിക്കേണ്ട കാര്യവുമില്ല. ഓരോ മുഹൂര്‍ത്തവും നമ്മെ ഓരോന്നു പഠിപ്പിക്കുന്നുണ്ട്. ആ മാമ്പഴം താങ്കളോടുള്ള സ്‌നേഹം കൊണ്ടായിരിക്കും അവിടെ അങ്ങനെ വന്നു കിടന്നത്. അതു വീഴാനും അതിന്റെ മേല്‍ വണ്ടി കയറാനും കാരണമായതുകൊണ്ടല്ലേ, ഇതുവരെ നമ്മള്‍ സംസാരിച്ചിട്ടില്ലാത്ത ഒരു വിഷയം ഇപ്പോള്‍ സംസാരിക്കാനിടയായത്. ഞാനൊരു നിമിത്തമായെന്നേ ഉള്ളു..ഒന്നുമില്ലെങ്കിലും ഇനിമുതല്‍ മാമ്പഴം താങ്കള്‍ കാണുമ്പോള്‍ ആ രംഗം ഓര്‍മ്മയില്‍ വരും. ഏതെങ്കിലുമൊരു ഫലം റോഡില്‍ കാണുമ്പോഴും താങ്കളിതോര്‍ക്കും. എത്രയോ മാമ്പഴങ്ങള്‍ അളിഞ്ഞു പോകുന്നു. അതുപോലെ ഇതിനെയും കണ്ടാല്‍ മതി. അത് പഠിപ്പിച്ച പാഠം പഠിക്കുന്ന പക്ഷം. എത്രയോ രോഗികളെ കൈകാര്യം ചെയ്യുന്നതില്‍ നിന്നാണ് നിങ്ങള്‍ നിങ്ങളുടെ ചികിത്സാവൈഭവം നേടുന്നത്. അതുപൊലെ ഈ മാമ്പഴത്തേയും കണ്ടാല്‍ അതിന്റെ ജന്മം സഫലമായി. ഒരു പക്ഷേ ആ മാവ് ഇതുവരെ പ്രദാനം ചെയ്ത എല്ലാ മാമ്പഴത്തേക്കാളും സഫലമായ മാമ്പഴം മായിരിക്കുമത്. മാമ്പഴ രക്തസാക്ഷി.

 

ഡോ: ഞങ്ങളുടെ പഠന സംസ്‌കാരം സൃഷ്ടിച്ചതിനെ തിരുത്താന്‍ ജന്മം കൊണ്ട മാമ്പഴ രക്തസാക്ഷി. അല്ലേ.

സ.യാ: അത് ഡോക്ടര്‍ക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. ഈ ലോകത്തെ ഓരോ വ്യക്തിയും ഓരോ ഭാവത്തിലാണ് സ്വീകരിക്കുന്നത്. താങ്കളുടെ അദ്ധ്യാപകര്‍ പഠിപ്പിക്കാന്‍ മറന്നു പോയ പാഠം ആ മാമ്പഴം പഠിപ്പിച്ചതായും കാണാം. അതു വഴി ആ അറിവിന്റെ മാധുര്യം താങ്കളുടെ പിന്നാലെ വരുന്നവരിലേക്കു പകരാന്‍ അവസരമൊരുങ്ങിയാല്‍ ആ മാമ്പഴത്തിന്റെ ജന്മസാഫല്യം എന്തായിരിക്കും. ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണപ്പോള്‍ അറിവാണ് ലഭിച്ചതെങ്കില്‍ ഡോക്ടര്‍ ആ മാമ്പഴത്തെ രക്തസാക്ഷിയാക്കിയതുവഴി ലഭിച്ചത് അലിവായിരിക്കും. അറിവിനേക്കാള്‍ മുകളിലാണ് അലിവിന്റെ സ്ഥാനം.
      
നല്ലൊരു മാമ്പഴം രുചിച്ച ഭാവത്തോടെ സുഹൃത്തിനെ നോക്കിയ ശേഷം ഡോക്ടര്‍ ഉന്മേഷത്തോടെ ഗിയറിട്ട് വീണ്ടും കാറെടുത്തു.