Skip to main content

 asifa

ഭാരതം, ക്ഷേത്രം, ക്ഷേത്രസംസ്‌കാരം, മതം, രാഷ്ട്രീയം, മനുഷ്യന്‍,എന്നീ സംജ്ഞ ഇന്ത്യയില്‍ അതിന്റ ജീര്‍ണതയുടെ അളവുകാണിക്കുന്നു ആസിഫയിലൂടെ. കാശ്മീര്‍ താഴ്‌വരയില്‍ കാടിന് നടുവില്‍ പേടിയറിയാതെ നിഷ്‌കളങ്കതയുടെ അശ്വമേധം നടത്തിയ, കഷ്ടിച്ച് കണ്ണും കാതും ഉറയ്ക്കുകമാത്രം ചെയ്ത ആസിഫ ഭാരതത്തിന്റെ പൂജാമുറിയില്‍ അബോധാവസ്ഥയില്‍ കൂട്ടബലാത്സംഗത്തിനിരയായി വിഗ്രഹമൊളിഞ്ഞിരിക്കുന്ന കരിങ്കല്ലുകൊണ്ട് കൊലചെയ്യപ്പെട്ടപ്പോള്‍ മനുഷ്യരാശിയുടെ ആത്മാവ് തന്നെയാണ് കിടുങ്ങിയത്. ഭാരതം മാത്രമല്ല. മതവും, രാഷ്ട്രീയവും, ആചാരങ്ങളും, വിശ്വാസങ്ങളുമെല്ലാം തന്നെ ജന്തുലോകത്തില്‍ നിന്ന് മനുഷ്യനെ മനുഷ്യനാക്കാനുള്ളതാണ്. മനുഷ്യന്‍ മനുഷ്യനാകാത്തപക്ഷം ജന്തുവിന്റെ അന്തസ്സില്‍പോലും എത്തില്ല, മറിച്ച് പിശാചായി മാറും.

 

കാരണം മതം പഠിപ്പിക്കുന്നു മനുഷ്യന്‍ മനുഷ്യനായാല്‍  അവനും ( അവളും ) ദൈവമാകുന്നു എന്ന്. ദൈവത്തിന്റെ നിലയിലേക്കുയരാന്‍ കഴിയാത്തവര്‍ക്ക് അതിനുള്ള പാത കാട്ടിക്കൊടുക്കുക എന്ന ബോധതലത്തില്‍ നിന്നാണ് മതങ്ങള്‍ ഉണ്ടായിട്ടുള്ളത്. എല്ലാ മതങ്ങളും അതേ സാരം തന്നെയാണ് ഉദ്‌ഘോഷിക്കുന്നത്. ആ സാരമറിയാത്ത നിസ്സാരന്മാര്‍ സൃഷ്ടിക്കുന്ന ജുഗല്‍ബന്ധിയാണ് മതവും രാഷ്ട്രീയവും കലര്‍ത്തിയുള്ള മസാലച്ചേരുവ. ആ മസാലയുടെ സാന്നിധ്യം അധികരിച്ച വിഭവം കഴിക്കുമ്പോള്‍ ഒടുവിലുണ്ടാകുന്ന അര്‍ബുദത്തിന്റെ ഇരയും കൂടിയാണ് ആസിഫ .

 

ആസിഫയ്ക്കിനി നീതിയുടെ ആവശ്യമില്ല. ജനായത്ത സംവിധാനത്തില്‍ പങ്കെടുക്കാതെയുള്ള എല്ലാ മുറവിളികളും കഴുത കാമം കരഞ്ഞു തീര്‍ക്കുന്നതുപോലെയാണ്. ആസിഫയ്ക്കിനി ആരും ഒപ്പം നില്‍ക്കേണ്ടതുമില്ല. വ്യക്തിനിഷ്ഠമായ  വൈകാരിക ആസ്വാദനത്തിനപ്പുറത്തേക്ക് അത്തരം ഒപ്പം പ്രഖ്യാപിക്കലുകള്‍ കവിഞ്ഞു നില്‍ക്കുന്നില്ല. ഈ സാഹചര്യത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ മുഖത്തോട് മുഖം നോക്കി നേരിടുക എന്നുള്ളതാണ് അടിയന്തര ആവശ്യം.

 

മൃതദേഹത്തിനരികിലെ ചാക്കാല കരച്ചില്‍ പോലെയുള്ള ഫെയ്‌സ്ബുക്ക് മോങ്ങല്‍ കൊണ്ട് ഇതിന് പരിഹാരമുണ്ടാകുന്നില്ല. പക്ഷേ ചിലപ്പോള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ ചിലര്‍ക്ക് ഉണ്ടായേക്കാം. ആ നേട്ടങ്ങള്‍ ഇനിയും ആസിഫമാരെ സൃഷ്ടിക്കുക തന്നെ ചെയ്യും, സംശയം വേണ്ട. കത്തുവ സംഭവം ഉയര്‍ത്തുന്ന ചില അടിസ്ഥാന ചോദ്യങ്ങളുണ്ട് എന്താണ് ഹിന്ദുമതം? ആരാണ് ഹിന്ദു? അതുപോലെ തന്നെയുള്ള പ്രസക്തമായ ചോദ്യം തന്നെയാണ് എന്താണ് ഇസ്ലാം മതം? ആരാണ് യഥാര്‍ത്ഥ ഇസ്ലാം? അതുപോലെ മറ്റ് മതങ്ങളുടെ കാര്യവും.

 

മതം ഇത്രയും സാന്നിധ്യത്തില്‍ ഭാരതത്തെ അസ്വസ്ഥമാക്കുമ്പോള്‍ മതത്തിന്റെ വഴിയിലൂടെയല്ലാതെ ഭാരതത്തിന് സ്വാസ്ഥ്യവും ലഭിക്കില്ല. വെറും കാവി ഉടുത്തതുകൊണ്ടോ, നെറുകയില്‍ ചന്ദനമിട്ടതുകൊണ്ടോ, ക്ഷേത്രത്തില്‍ പോയി പൂജ ചെയ്തതുകൊണ്ടോ ആരും ഹിന്ദുവാകുന്നില്ല. അതായത് ആചാരങ്ങള്‍ മാത്രം അന്ധമായി ആചരിച്ചാല്‍ മതത്തിന്റെ വെളിച്ചം ആരിലും വീഴില്ല പകരം അന്ധകാരത്തില്‍ നിന്ന് അന്ധകാരത്തിലേക്ക് പോവുകയേ ഒള്ളൂ. കത്തുവ സംഭവം ആസിഫയുടെ ദുരന്തത്തിനപ്പുറം ഭാരത സംസ്‌കാരത്തിന്റെ ശ്രീകോവില്‍ അഥവാ പൂജാമുറി മലിനപ്പെടുത്തുകയും കൂടിയാണ് ചെയ്തിരിക്കുന്നത്. അവിടെ ആ ശ്രീകോവിലില്‍ ശുദ്ധികലശം ചെയ്ത് പൂജാമുറി ആക്കാത്തിടത്തോളം കാലം ഭാരതത്തിന്റെ എല്ലാ ശ്രീകോവിലുകളും ഇത്തരം അന്ധകാര കരിന്തിരികളാല്‍ പുകഞ്ഞുകൊണ്ടിരിക്കും.