Skip to main content

 flood-onam

ഔദ്യോഗിക ഓണാഘോഷം വേണ്ടെന്ന് സര്‍ക്കാര്‍ നിശ്ചയിച്ചു. വളരെ ഉചിതമായ കാര്യം. എന്നാല്‍ കഴിഞ്ഞ നൂറ് കൊല്ലത്തെയെടുത്താല്‍ മലയാളി തിമിര്‍ത്താഘോഷിക്കേണ്ട ഓണക്കാലമാണിത്. കാരണങ്ങള്‍ ഒരുപാടുണ്ട്. ഒരു കാര്യം മാത്രം തല്‍ക്കാലം ഓര്‍ക്കാം. ഇത്രയും വലിയ ദുരന്തത്തില്‍ നിന്ന് വളരെ കുറച്ച് പരിക്കുകളുമായി മലയാളി തിരിച്ചുവരുന്നു. മലയാളിയുടെ ഓണമാണത്. തീര്‍ച്ചയായും നമ്മളില്‍ കുറേ പേര്‍ വിട്ടുപോയിട്ടുമുണ്ട്.

 

ദേശീയോത്സവമായ ഓണം ഒരു സമൂഹ്യ ഉത്സവമാണ്. ഒരു സമൂഹം ഒന്നിച്ച് സന്തോഷത്തിലേര്‍പ്പെടുന്നു. ഏതാനും വര്‍ഷങ്ങളായി മലയാളി ഓണം ആഘോഷിക്കാറുണ്ടെങ്കിലും സന്തോഷിക്കാറുണ്ടായിരുന്നില്ല. മലയാളിയുടെ ആഘോഷത്തിന് രണ്ട് മുഖങ്ങളായിരുന്നു. ഒന്ന് കമ്പോളത്തിലേക്ക് കാശിറക്കി ആവശ്യമുള്ളതും ഇല്ലാത്തതുമായ സാധനങ്ങള്‍ വാങ്ങിക്കൂട്ടുക. രണ്ട് അതിനിരട്ടി കാശ് മദ്യത്തിന് ചിലവഴിച്ച് ഓണ ദിവസങ്ങളില്‍ ബോധംകെട്ട് കിടക്കുക. ഇത് രണ്ടും സംഭവിക്കുന്നത് മലയാളി ഓണമെന്താണ് എന്ന് അറിയാത്തതിന്റെ അജ്ഞതമൂലമാണ്. ആ ഓണത്തിലേക്കാണ് മലയാളിയുടെ സര്‍വ്വദോഷങ്ങളെയും പിടിച്ചുകുലുക്കി ഉണര്‍ത്തിക്കൊണ്ട് പ്രളയം 2018 കടന്ന്‌പൊയ്‌ക്കൊണ്ടിരിക്കുന്നത്.

 

ഈ ഓണം എങ്ങിനെ തിമിര്‍ത്ത് ആഘോഷിക്കണമെന്നല്ലേ?  പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട. നിലവില്‍ മലയാളി ഓണാഘോഷത്തിലേര്‍പ്പെട്ടിരിക്കുകയാണ്. കാരണം പ്രളയദുരിതത്തില്‍ പെടാത്ത മലയാളികള്‍ സുഖവും സന്തോഷവും എന്തെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന നിമിഷങ്ങളാണിപ്പോള്‍. സഹജീവിയെ എത്ര സഹായിച്ചിട്ടും മതിവരാത്ത മനസ്സുമായി ഓടി നടക്കുന്ന മലയാളിയാണെവിടെയും. സമൂഹത്തിലാണെങ്കിലും സാമൂഹ്യമാധ്യമങ്ങളിലാണെങ്കിലും, കാണുന്ന കൈകളെല്ലാം തന്നെ സഹായ ഹസ്തങ്ങള്‍. ആ കൊടുക്കലില്‍ നിന്നാണ് മലയാളി ഓണം അറിയുന്നത്. അതേറ്റുവാങ്ങുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ മലയാളികളും വിഷാദരല്ല. ഒരുപക്ഷേ ലോകത്ത് വിഷാദമനുഭവിക്കാതെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ ഇവിടെ മാത്രമായിരിക്കാം ഉണ്ടാവുക. കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ പുതിയ സൗഹൃദങ്ങള്‍കൊണ്ടും ഓണക്കളികള്‍കൊണ്ടും ലഹരി പകരുന്നു. അതുപോലെ എന്തൊക്കെ നഷ്ടം വന്നാലും ജീവന്‍ തിരിച്ചു കിട്ടിയതിന്റെ സന്തോഷമാണ് ക്യാമ്പിലുള്ളവരിലും കാണുന്നത്.

 

പുത്തനുടുപ്പുകളും, പായസം കൂട്ടിയുള്ള സദ്യയുമൊക്കെ പണ്ട് ഓണക്കാലത്തിന്റെ പ്രത്യേകതകളായിരുന്നു. ആ പ്രത്യകതകളുടെ മാനദണ്ഡം വച്ച് നോക്കിയാല്‍ ഇന്ന് മലയാളിക്ക് ദിവസവും ഓണമാണ്. അതേപോലെ വസ്ത്രം വാങ്ങലും. ഉണ്ണാനും ഉടുക്കാനും യഥേഷ്ടമുള്ള മലയാളിയുടെ സന്തോഷം തേടലായിരുന്നു കമ്പോളത്തില്‍ പൊടിക്കലും മദ്യത്തില്‍ മുങ്ങലും. ഇക്കുറി ഓണത്തിന് കമ്പോളത്തില്‍ പൊടിക്കാനുള്ള കാശും മദ്യത്തിലൊഴുക്കാനുള്ള കാശും നമ്മുടെ ദുരിതാശ്വാസക്യാമ്പുകളിലുള്ള സഹോദരങ്ങളുടെ ആവശ്യത്തിലേക്ക് സംഭാവന ചെയ്യുകയാണെങ്കില്‍ അതില്‍പരം ആഘോഷം ഒരു മലയാളിക്കുമുണ്ടാകില്ല. ഓണത്തിന് സദ്യയും ചുറ്റുവട്ടവും ഒക്കെയാകട്ടെ. എന്നാല്‍ നമുക്ക് ആവശ്യമില്ലാത്ത വസ്തുക്കളും തുണിത്തരങ്ങളും മദ്യവും വാങ്ങുന്നത് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. അങ്ങിനെ വന്നാല്‍ ഒരു ശരാശരി മലയാളി കുടുംബത്തിന് കുറഞ്ഞത് 5000 രൂപയെങ്കിലും ദുരിതബാധിതര്‍ക്കായി ഓണസമ്മാനം നല്‍കാന്‍ കഴിയും. അങ്ങിനെ കൊടുക്കുന്നവര്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ സുഖമുള്ള ആഘോഷപൂര്‍വ്വമായ തിമിര്‍ത്ത ഓണമായി 2018ലെ ഓണം ചരിത്രമാകും.