Skip to main content

Sardar Vallabhai Patel statue, Modi, Rahul

ഇന്ത്യയിലെയും ലോകത്തിലെയും ഏറ്റവും ഉയരം കൂടിയ പ്രതിമ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റേതായി. പ്രതിമയുടെ വലിപ്പം മാനദണ്ഡമാവുകയാണെങ്കില്‍ ഗാന്ധിജി പട്ടേലിനേക്കാള്‍ ചെറുതായിരിക്കുന്നു. സ്വതന്ത്ര്യ ഇന്ത്യയില്‍ നെഹ്‌റു കാലഘട്ടത്തിന് ശേഷം പട്ടേലിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് കാണിച്ച മൗനം ബി.ജെ.പി വാചാലമാക്കിയിരിക്കുന്നു. ഗാന്ധിജി കണ്ട ഇന്ത്യയുടെ കാഴ്ചയോട് ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു പട്ടേലിന്റെ കാഴ്ചയും. എന്നാല്‍ നെഹ്‌റുവിന്റേത് പാശ്ചാത്യ കണ്ണടയിലൂടെയുള്ള ഇന്ത്യയുടെ വികസന കാഴ്ചയായിരുന്നു.

 

 

സംശയമില്ല, നൂറ് ശതമാനം എല്ലാ അര്‍ത്ഥത്തിലും ഭാരതീയനായിരുന്നു സര്‍ദാര്‍ വല്ലഭായി പട്ടേല്‍. എന്നിട്ടും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മഹാത്മാ ഗാന്ധിജിക്ക് സ്വീകാര്യനായത് നെഹ്‌റു ആയിരുന്നു. പട്ടേലിന്റെ സര്‍വ്വ ശ്രേഷ്ഠതകളും ഗാന്ധിജിക്ക് സ്വീകാര്യമായിരുന്നെങ്കിലും തെല്ലും അയവും വിട്ടുവീഴ്ചയുമില്ലാത്ത പട്ടേലിന്റെ ചിരി നിഴലിക്കാത്ത മുഖം തന്നെയായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നതില്‍ നെഹ്‌റുവുമായി താരതമ്യം ചെയ്തപ്പോള്‍ ഗാന്ധിജിക്കുണ്ടായ വൈമനസ്യം.

 

 

നെഹ്‌റുവും പട്ടേലും പരസ്പരം പോരടിച്ചുകൊണ്ട് ഒരേ മന്ത്രിസഭയില്‍ തുടര്‍ന്നെങ്കിലും രണ്ട് പേരിലും അഖണ്ഡമായി നിന്നിരുന്ന ഒരു ഘടകമുണ്ടായിരുന്നു. അത് ഇന്ത്യ ആയിരുന്നു. ആ അഖണ്ഡ ഘടകമാണ് ഇരുവരെയും പരസ്പര ബഹുമാന്യതയിലും നിലനിര്‍ത്തിയത്. പട്ടേല്‍ പ്രതിമയിലൂടെ ബി.ജെ.പി ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മറുപടി പറയാന്‍ നന്നേ ബുദ്ധിമുട്ടേണ്ടി വരും. ഗാന്ധിജിയുടെ രാഷ്ട്രീയത്തോട് ചേര്‍ന്ന് നിന്നിരുന്ന രാഷ്ട്രീയമായിരുന്നു പട്ടേലിന്റേത്. ആ പട്ടേലിനെ പ്രതിഷ്ഠയിലൂടെ ബി.ജെ.പി തങ്ങളോട് ചേര്‍ത്തിരിക്കുന്നു. എഴുത്തിലൂടെയല്ലാതെ പ്രതിമയിലൂടെ ബി.ജെ.പിയും പ്രധാനമന്ത്രിയും പുതിയ ചരിത്രത്തെ സൃഷ്ടിക്കുകയും പഴയതിനെ ഇളക്കുകയും ചെയ്യുന്നു. കോണ്‍ഗ്രസ് ഈ ചരിത്രമാറ്റത്തോട് എങ്ങിനെ പ്രതികരിക്കുന്നു എന്നുള്ളതാണ് നിര്‍ണായകമാകാന്‍ പോകുന്നത്.