മലയാളിയുടെ പ്രതികാര ദാഹത്തെ ശമിപ്പിച്ച് സർക്കാർ ദുരന്തത്തെ അവസരമാക്കി മാറ്റുന്നു
ഒരു ദുരന്തം ഉണ്ടാവുമ്പോൾ മലയാളി സമൂഹത്തിന് പെട്ടെന്ന് പൊന്തി ഉയരുക പ്രതികാരദാഹമാണ്. ആ ദാഹത്തെ താൽക്കാലികമായി ശമിപ്പിക്കുന്നത് സർക്കാരിന് ആ ദുരന്തത്തിൽ നിന്ന് അനായാസം പുറത്തുവരാൻ പറ്റുന്നു.ഒപ്പം ആ ദുരന്തത്തെ സർക്കാർ തങ്ങളുടെ പ്രതിച്ഛായ വർദ്ധനയ്ക്ക് ഉപയോഗിക്കുകയും ചെയ്യുന്നു. ഈ സമീപകാലത്ത് ഉണ്ടായ എല്ലാ ദുരന്തങ്ങളിലും കാണുന്ന കാഴ്ച ഇതാണ് .
ഏറ്റവും ഒടുവിലത്തെ ദുരന്തമാണ് കൊല്ലം തേവലക്കര സ്കൂളിലെ മിഥുൻ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചത്. ആ കുട്ടി യഥാർത്ഥത്തിൽ ഷോക്കേറ്റ് മരിക്കാൻ കാരണം തങ്ങൾക്ക് എന്തുമാകാം എന്ന സിപിഎം പാർട്ടിയുടെ ഒരു പൊതു ധാരണയാണ് . മിഥുൻ മരിച്ച സ്കൂളിൻറെ മാനേജ്മെൻറ് സിപിഎമ്മിന്റേതാണ്. അതുകൊണ്ടുതന്നെ അവിടെ ഒരു വിധ നിയമങ്ങളും പ്രസക്തമാകുന്നില്ല. സ്കൂൾ ബിൽഡിങ്ങിന് ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നു, 110 കെ വി ലൈന് ആവശ്യമായ ഉയരമില്ലാതെ സ്കൂളിൻറെ മുകളിലൂടെ വലിക്കപ്പെടുന്നു. ആ ലൈന് തൊട്ടു താഴെ ശക്തമായ കാറ്റടിച്ചാൽ പോലും മേൽക്കൂരയിൽ മുട്ടാവുന്ന വിധം ഷീറ്റ് കൊണ്ടുള്ള ഷെഡ് പണിയുന്നു. ഇതെല്ലാം കണ്ടിട്ട് നിശബ്ദമായി നിൽക്കേണ്ടിവരുന്ന സ്കൂൾ അധ്യാപകരും.
ഈ സ്ഥിതിയാണ് കേരളത്തിലെ എല്ലാ രംഗങ്ങളിലും ഇന്ന് കാണുന്നതും അവിടെയെല്ലാം ഇത്തരം ദുരന്തങ്ങൾ നിത്യ സംഭവമായി മാറുന്നതും . മിഥുന്റെ മരണത്തിൽ സ്കൂളിലെ പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്തതോടുകൂടിഈ വിഷയത്തിലുള്ള സമൂഹത്തിൻറെ താൽക്കാലിക പ്രതികാരദാഹം ശരിക്കുമെന്ന് സർക്കാരിന് അറിയാം. ഒപ്പം ചില്ലറ സഹായധനവും കൂടി ആ കുട്ടിയുടെ കുടുംബത്തിന് നൽകുന്നതോടെ അത് ഗവൺമെൻറ് പ്രതിച്ഛായ വർദ്ധനയ്ക്ക് കാരണവുമായി മാറുന്നു.
