കെ.ആര്‍ ഗൗരിയമ്മയ്ക്ക് വയസ്സ് 97. അവരുടെ ജീവിതം തന്നെ കേരളത്തിനു വേണ്ടി സമർപ്പിക്കപ്പെട്ടത്. കേരള രാഷ്ട്രീയത്തിന്റെ നിർണ്ണായക തിരിവുകളിൽ ഗൗരിയമ്മയുടെ പങ്ക് ചരിത്രം. ഇന്നും അവർ രാഷ്ട്രീയത്തിൽ സക്രിയം. കേരളപ്പിറവിക്കു മുൻപേ തിരഞ്ഞെടുപ്പുകളിൽ മത്സരം തുടങ്ങിയ ഗൗരിയമ്മ തെരഞ്ഞെടുപ്പിൽ പങ്കെടുക്കാതെ എല്ലാം നോക്കിയിരിക്കുന്നതാകുന്നു 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്. അതും വ്രണിതഹൃദയയായി.
മനുഷ്യനുവേണ്ടി മനുഷ്യനിൽ നിന്ന് ഗൗരിയമ്മയോളം പീഡനങ്ങളനുഭവിച്ചിട്ടുള്ളവർ വിരളം. ഇന്നും അവർ കേരളത്തിലെ രാഷ്ട്രീയക്കാരിൽ നിന്നും തികച്ചും വ്യത്യസ്തയായി ആലപ്പുഴയിലെ വീട്ടിൽ സാധാരണ സ്ത്രീയെ പോലെ ജീവിക്കുന്നു. രാഷ്ട്രീയത്തിൽ നിന്ന് അഴിമതിയിലൂടെ ഒരു പൈസ പോലും കുടുംബത്തിലേക്കു കൊണ്ടുവന്നിട്ടില്ലാത്ത വ്യക്തിയാണ് ഗൗരിയമ്മ. ഒരുപക്ഷേ വർത്തമാനകാല രാഷ്ട്രീയത്തിൽ അവരെ ഏറ്റവും വ്യതിരിക്തയായ വ്യക്തിയാക്കുന്നത് അതാകാം. എല്ലാ മനുഷ്യനും വ്യക്തിപരമായ ചില സവിശേഷതകളുണ്ടാകും. ഗൗരിയമ്മയും അതിൽ നിന്ന് അന്യയല്ല. അൽപ്പം മുൻശുണ്ഠിയും പിടിവാശിയും. പിന്നെ പരിഗണനയും പ്രതീക്ഷയും. ഇവ രണ്ടും ഗൗരിയമ്മയുടെ വ്യക്തിത്വത്തിലെ ഘടകങ്ങളാണ്. ഇ.എം.എസ്സ് മന്ത്രിസഭയിൽ മന്ത്രിയായിരിക്കുമ്പോൾ ഗർഭിണിയായ ഗൗരിയമ്മയോട് യാത്ര ഒഴിവാക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതാണ്. എന്നാൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ അവർ ആ നിർദ്ദേശം അവഗണിച്ച് ആന്ധ്രയിലേക്ക് പോയി കേരളത്തിനാവശ്യമായ അരി കൊണ്ടുവരാനുള്ള ഏർപ്പാട് ചെയ്യുകയാണുണ്ടായത്.അന്നും ഇന്നും ഗൗരിയമ്മയുമായി സംസാരിക്കുമ്പോൾ മറ്റുള്ളവരെക്കുറിച്ചുള്ള ചിന്തയാണ് അവരുടെ ജീവിതത്തെ നയിക്കുന്നത്.
രാഷ്ട്രീയപരമായി ഏതു ചേരിയിൽ നിൽക്കുന്നുവെന്നതൊന്നും വ്യക്തിപരമായ ബന്ധങ്ങളിൽ ഗൗരിയമ്മയ്ക്ക് വിഷയമായിരുന്നില്ല. അതുപോലെ പൊതുവായ നല്ല കാര്യങ്ങൾ രാഷ്ട്രീയം നോക്കാതെ അംഗീകരിക്കുകയും പിന്തുണയ്ക്കുകയും വേണമെന്നുള്ളതും അവരുടെ എന്നത്തേയും സമീപനമായിരുന്നു. ഇന്നും വികസനകാര്യങ്ങളിൽ രാഷ്ട്രീയം കലർത്തരുത് എന്നുള്ളത് മുദ്രാവാക്യമായി അവർ ഉയർത്തിപ്പിടിക്കുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി കെ. കരുണാകരനെ രാഷ്ട്രീയമായി ഏറ്റവുമധികം എതിർക്കുകയും നേരിടുകയും ചെയ്തിട്ടുള്ള വ്യക്തിയായിരുന്നു ഗൗരിയമ്മ. അതേസമയം, ഏറ്റവും അടുത്ത സുഹൃത്തുമായിരുന്നു ഗൗരിയമ്മയ്ക്ക് കരുണാകരൻ. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു പ്രതിസന്ധി ഘട്ടത്തിൽ കരുണാകരൻ പ്രതിപക്ഷത്തായിരുന്ന ഗൗരിയമ്മയെ കാണാൻ വരണമെന്നു പറഞ്ഞു. അപ്പോൾ തന്റെ വീട്ടിൽ വരുന്നത് ഒഴിവാക്കി മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ വച്ച് ഗൗരിയമ്മ കരുണാകരനെ കാണുകയാണുണ്ടായത്. കരുണാകരൻ നിയമസഭയ്ക്ക് അകത്തായാലും പുറത്തായാലും ഗൗരിയമ്മയോട് എതിർപക്ഷത്തായിരുന്നപ്പോഴും അല്ലാത്തപ്പോഴും അങ്ങേയറ്റം ബഹുമാനത്തോടെയേ പെരുമാറിയിട്ടുള്ളു. അത് ഗൗരിയമ്മ ഇന്നും അനുസ്മരിക്കുന്ന കാര്യങ്ങളിലൊന്നാണ്.
ഈ പെരുമാറ്റത്തിലെ പരിഗണന ഗൗരിയമ്മയെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. ഇത് വ്യക്തിപരമാണ്. കേരളത്തിന്റെ ചരിത്ര നിർമ്മിതിയിൽ നേരിട്ട് ഇടപെട്ട് 1948 മുതൽ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു വരുന്ന അവർക്ക് അവരുടെ പ്രഭാവ കാലത്ത് അത് അധികാരത്തിന്റെ പേരിൽ ധാരാളം കിട്ടിയിട്ടുണ്ട്. അതിലൂടെ ആ സ്വഭാവ സവിശേഷത കൂടുതൽ കരുത്താർജ്ജിച്ചിട്ടുണ്ടാകും. അപ്പോഴും അവരുടെ സ്നേഹസമ്പന്നമായ മനസ്സ് എപ്പോഴും പ്രകടമായിരുന്നു. സ്നേഹിക്കുന്നവരുടെ മേൽ ആധിപത്യസ്വഭാവത്തോടും അധികാരത്തോടും പെരുമാറുക, ആതിഥ്യ മര്യാദകൊണ്ട് വീർപ്പുമുട്ടിക്കുക. ഇതൊക്കെ മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും എല്ലാം പതിവാണ്. ഇന്നും ഗൗരിയമ്മയുടെ ആലപ്പുഴയിലെ വീട്ടിൽ ചെല്ലുന്നവർക്ക് അതറിയാൻ കഴിയും. പരിഗണന കൊടുക്കുന്നതിൽ പിശുക്കു കാണിക്കാത്ത ഗൗരിയമ്മയ്ക്ക് അതു കിട്ടാതെ വരുമ്പോൾ മുറിവേൽക്കുന്നു. അവർ സന്യാസിനിയല്ല, സാധാരണ സ്ത്രീയാണ്.
അറുപതുകളിൽ ഗൗരിയമ്മ മന്ത്രിയായിരിക്കുമ്പോൾ തന്റെ കാർ തടഞ്ഞുകൊണ്ട് ഒരു പയ്യൻ ജാഥ നയിച്ചു വന്നു. കൂടെയുണ്ടായിരുന്നവർ പറഞ്ഞുകൊടുത്തു, അത് ഉമ്മൻ ചാണ്ടിയാണെന്ന്. അന്നാണ് ഗൗരിയമ്മ ഉമ്മൻ ചാണ്ടിയെ ആദ്യമായി കാണുന്നത്. ആ കാഴ്ച ഇന്നും ഗൗരിയമ്മയുടെ മനസ്സിൽ പച്ചപിടിച്ചു നിൽക്കുന്നു. ഇത്തവണ യു.ഡി.എഫ് അധികാരത്തിലേറി നിയമസഭ നടക്കുന്ന ഒരവസരത്തിൽ ഉമ്മൻ ചാണ്ടിയെ കാണാൻ ഗൗരിയമ്മ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോയി. അവിടെ അവർക്ക് ആറ് മണിക്കൂർ നേരം കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ അവരെ മനസ്സിലാക്കിയ ഒരു സർക്കാർ സെക്രട്ടറി ബഹുമാനത്തോടെ അവരെ വിളിച്ചുകൊണ്ടുപോയി അവരുടെ മുറിയിലിരുത്തി. ഇക്കാര്യം ഗൗരിയമ്മയിൽ നിന്നുതന്നെ കേൾക്കപ്പെട്ടിട്ടുള്ളതാണ്. യു.ഡി.എഫ് വിടുന്നതിലേക്ക് നയിച്ച ഒരു ഘടകം ഈ അവഗണനയും അപമാനവുമാകാമെന്നാണ് ഗൗരിയമ്മയെ കുഞ്ഞമ്മയെന്ന് വിളിച്ച് ബന്ധം പുലർത്തുന്ന പലരും പറയുന്നത്. ഉമ്മൻ ചാണ്ടിയുടെ സ്ഥാനത്ത് കരുണാകരനായിരുന്നുവെങ്കിൽ അഞ്ചു മിനിട്ടുപോലും ഗൗരിയമ്മയ്ക്ക് അവിടെ കാത്തിരിക്കേണ്ടി വരില്ലായിരുന്നു. ഒരുപക്ഷേ അവരെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു തന്നെ വരുത്തിക്കില്ലായിരുന്നു.
തന്റെയും കൂടെ ജീവിതം ഹോമിച്ച് കെട്ടിപ്പെടുത്ത പ്രസ്ഥാനമായ സി.പി.എമ്മിലേക്ക് തിരിച്ചു വന്നപ്പോഴും ഗൗരിയമ്മയുടെ പ്രതീക്ഷ അർഹിക്കുന്ന പരിഗണനയായിരുന്നു. പാർട്ടിയെന്ന നിലയിലെ പരിഗണനയേക്കാൾ വ്യക്തിപരമായ പരിഗണന. എ.കെ.ജി സെന്ററിൽ സീറ്റ് വിഭജന ചർച്ചകൾ നടക്കുമ്പോൾ ഗൗരിയമ്മയുടെ ജെ.എസ്.എസ്സിന്റെ സാധ്യതകളും സാധ്യത ഇല്ലായ്മയുമൊക്കെ സംബന്ധിച്ച് മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നുണ്ടായിരുന്നു. തന്റെ പാർട്ടിയുടെ സ്വാധീനം എത്രയുണ്ടെന്നുള്ളത് രാഷ്ട്രീയം നന്നായി അറിയാവുന്ന ഗൗരിയമ്മയ്ക്കറിയാം. എന്നിരുന്നാലും ഗൗരിയമ്മയ്ക്ക് സി.പി.ഐ.എമ്മിൽ പ്രതീക്ഷയുണ്ടായിരുന്നു. ഗൗരിയമ്മയുടെ പ്രതീക്ഷയെ സഫലീകരിക്കാൻ ഇടതുമുന്നണിക്ക് കഴിയില്ലെന്നുള്ളത് നേരിട്ട് സി.പി.ഐ.എം നേതാക്കൾക്ക് ഗൗരിയമ്മയോട് പറയാൻ മടി. അതറിയിക്കുന്നതിന് അവർ കണ്ട വഴി ഗൗരിയമ്മയോടൊപ്പമുള്ള അഡ്വ. ഗോപനോട് എ.കെ.ജി സെന്ററിലേക്ക് ചെല്ലാൻ ഒരു പാർട്ടി നേതാവ് പറഞ്ഞു. ഇത് ഗൗരിയമ്മയോട് ചെല്ലാൻ പറഞ്ഞതാകും എന്നു കരുതി അഡ്വ. ഗോപൻ ഗൗരിയമ്മയേയും കൂട്ടി എ.കെ.ജി സെന്ററിലെത്തി. അപ്പോഴാണ് പാർട്ടി സെക്രട്ടറി കോടിയേരിയും മറ്റും ഗൗരിയമ്മ വരുന്ന കാര്യം അറിഞ്ഞത്.
എ.കെ.ജി സെന്ററിലെത്തിയ ഗൗരിയമ്മ താമസിയാതെ ആലപ്പുഴ ജില്ലയിൽ തങ്ങൾക്ക് ലഭിക്കേണ്ട സീറ്റുകളെ കുറിച്ച് ചർച്ച തുടങ്ങി. പാർട്ടി നേതാക്കൾ ഒടുവിൽ ഗൗരിയമ്മയോട് കാര്യം പറഞ്ഞ് തിരിച്ചയച്ചു. ഇത് വിളിച്ചുവരുത്തി തന്നെ അപമാനിച്ചു എന്ന നിലയിൽ ഗൗരിയമ്മയ്ക്ക വല്ലാത്ത മുറിവായി. ആ മുറിവിന്റെ തീക്ഷ്ണതയിലാണ് ആറ് സീറ്റിൽ സ്വതന്ത്രരെ നിർത്തി മത്സരിപ്പിക്കുമെന്ന് ഗൗരിയമ്മ എ.കെ.ജി സെന്ററിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ പ്രഖ്യാപിച്ചത്.
വ്രണിതഹൃദയയായിരുന്നപ്പോഴാണ് മുൻപ് ജെ.എസ്.എസ് നേതാവും ഇപ്പോൾ ബി.ഡി.ജെ.എസ് നേതാവുമായ അഡ്വ. രാജൻ ബാബു എത്തിയത്. ഗൗരിയമ്മയെ ഗവർണ്ണറാക്കാമെന്നും അവരുടെ കൂടെയുള്ളവർക്ക് ബോർഡ് സ്ഥാനങ്ങളുമൊക്കെ ബി.ജെ.പി സർക്കാറിനെക്കൊണ്ട് നൽകിക്കാമെന്നും രാജൻ ബാബു വാഗ്ദാനം നൽകി. ഗൗരിയമ്മ എല്ലാം കേട്ടു. ഗൗരിയമ്മ ഉന്നയിക്കുന്ന അതേ പ്രശ്നങ്ങളാണ് ബി.ജെ.പിയും കേരളത്തിൽ ഉയർത്തിപ്പിടിക്കുന്നതെന്ന് രാജൻ ബാബു പറഞ്ഞു. മോദി വരുമ്പോൾ ആ വേദിയിൽ ഗൗരിയമ്മയെ ഇരുത്തിക്കൊണ്ട് പ്രഖ്യാപനവുമൊക്കെ നടത്താമെന്നും രാജൻ ബാബു പറഞ്ഞു. ഒടുവിൽ ഗൗരിയമ്മ പറഞ്ഞു, ബി.ജെ.പി വർഗ്ഗീയതയിൽ ഊന്നിയ പാർട്ടിയാണ്. ആ പാർട്ടിയോടൊപ്പമൊന്നും നിൽക്കാനാകില്ലെന്ന്.
ഗൗരിയമ്മയുടെ വ്യക്തിപരമായ സ്വഭാവ സവിശേഷത അറിയാവുന്ന സി.പി.ഐ.എം നേതാക്കളില്‍ ഒരാളാണ് എം.എ ബേബി. അതുകൊണ്ടാണ് മതേതരനാണെങ്കിലും, മകന്റെ കല്യാണത്തിന് പോലും ഹിന്ദു ആചാരങ്ങൾ ഉപേക്ഷിച്ച, ബേബി ഗൗരിയമ്മയ്ക്ക് സാരിയും വാങ്ങി വിഷുവിന് കാണാനെത്തിയത്. ആ കാഴ്ചയിൽ തന്നെ ഗൗരിയമ്മയുടെ പരിഭവം ഏതാണ്ട് ഇല്ലാതായതുപോലെയായെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. തൊട്ടു പിന്നാലെ കോടിയേരി ബാലകൃഷ്ണനുമെത്തി. അദ്ദേഹം ഏതാണ്ട് അരമണിക്കൂറിലേറെ ഗൗരിയമ്മയുമായി സംസാരിച്ചിരുന്നു. ഗൗരിയമ്മ മണ്ടത്തരം കാണിക്കാതെ നോക്കണമെന്ന് അവരോട് അടുപ്പമുള്ള സി.പി.ഐ.എമ്മുകാർക്ക് കോടിയേരി നിർദേശം നൽകി. അവരെ മേയ് മാസത്തിൽ ചില പ്രചാരണ യോഗങ്ങളിൽ പങ്കെടുപ്പിക്കണമെന്നും കോടിയേരി നിർദ്ദേശം നൽകിയിട്ടുണ്ടത്രെ.
വായിക്കുക: മായാത്ത കാഴ്ചപ്പാടുകൾ
ഒരു ജനതയ്ക്ക് വേണ്ടി സ്വന്തം ജീവിതം കാണിക്കയർപ്പിച്ച ഗൗരിയമ്മയ്ക്ക് അൽപ്പം പരിഗണന കൊടുക്കാൻ സി.പി.ഐ.എം തയ്യാറാവേണ്ടതാണ്. ആ പാർട്ടിയിൽ ആരെങ്കിലും ഇന്ന് നേതാക്കളായി തുടരുന്നുവെങ്കിൽ അവർ ഈ സ്ത്രീയുടെ ജീവിതംകൊണ്ടു പാകിയ പടവുകളിലാണ് നിൽക്കുന്നത്. കോടിയേരി ബാലകൃഷ്ണൻ സീറ്റ് ചർച്ച നടക്കുന്ന സമയത്തോ അല്ലെങ്കിൽ കഴിഞ്ഞ സമയത്തോ ആലപ്പുഴയിലെ വീട്ടിൽ വന്ന് ഗൗരിയമ്മയോട് ആ വിവരം പറയേണ്ടതായിരുന്നു. പൊതു രംഗത്തെ നേതാക്കളുടെയും പ്രസ്ഥാനങ്ങളുടെയും പെരുമാറ്റങ്ങളും ചില ചടങ്ങുകളും സാംസ്കാരിക ചിഹ്നങ്ങളായി മാറാറുണ്ട്. അതുകൊണ്ടാണ് നല്ല കീഴ്വഴക്കങ്ങൾ പൊതുരംഗത്തു നിൽക്കുന്നവർ കാട്ടണമെന്ന് പറയുന്നത്. ഒരു നേതാവ് അവരുടെ വീട്ടിലെത്തി കാര്യങ്ങൾ ധരിപ്പിച്ചിരുന്നുവെങ്കിൽ അത് മറ്റൊരു ചരിത്രമായി മാറുമായിരുന്നു. തൊണ്ണൂറ്റി ഏഴാം വയസ്സിലെ കേരളത്തിലെ ഒരമ്മയുടെ മുറിവേറ്റ ഹൃദയത്തിന്റെ കരച്ചിലും നീറ്റലും കേരളത്തിനു കാണേണ്ടി വരില്ലായിരുന്നു.