ബോസ്റ്റണ്‍: യു.എസ്സിലെ ജനപ്രിയ സ്പോര്‍ട്സ് മത്സരങ്ങളില്‍ ഒന്നായ ബോസ്റ്റണ്‍ മാരത്തോണില്‍ സ്ഫോടനം. മൂന്നു പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച നടന്ന മത്സരത്തിന്റെ ഫിനിഷിംഗ് ലൈനിലാണ് രണ്ടു സ്ഫോടനങ്ങള്‍ നടന്നത്.
സ്ഫോടനത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ലെന്ന് പ്രസിഡന്റ് ബരാക് ഒബാമ ടെലിവിഷന്‍ സംപ്രേഷണത്തില്‍ പറഞ്ഞു. എന്നാല്‍ ‘ആരാണിത് ചെയ്തതെന്നും എന്തിനാണിത് ചെയ്തതെന്നും’ കണ്ടെത്തുമെന്ന് ഒബാമ പറഞ്ഞു. വസ്തുതകള്‍ ലഭ്യമാകുന്നതിന് മുമ്പ് നിഗമനങ്ങളില്‍ എത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയികള്‍ ഫിനിഷിംഗ് ലൈന്‍ കടന്നതിനു ശേഷമായിരുന്നു സ്ഫോടനങ്ങള്‍. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ അപ്പോഴും നഗരത്തില്‍ ഓടുന്നുണ്ടായിരുന്നു. 27,000 പേരാണ് മാരത്തോണില്‍ പങ്കെടുത്തത്.
വിവിധ നഗരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. ബോസ്റ്റണ്‍ പോലീസ് കൂടുതല്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.