Skip to main content
ഡമാസ്കസ്

എതിരാളികള്‍ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ചിട്ടും തന്റെ ഭരണം അവസാനിപ്പിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദ്. കഴിഞ്ഞ രണ്ടുവര്‍ഷമായി സിറിയയില്‍ തുടരുന്ന കലാപത്തെ വിപ്ലവമെന്ന് വിശേഷിപ്പിക്കാനാവില്ലെന്നും അസ്സാദ് പ്രതികരിച്ചു. ഔദ്യോഗിക പത്രമായ അല്‍-തവ്ര വ്യാഴാഴ്ച പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് അസ്സാദിന്റെ അഭിപ്രായ പ്രകടനങ്ങള്‍.

 

സിറിയന്‍ പ്രതിപക്ഷമായ സിറിയന്‍ ദേശീയ സഖ്യം പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിനായി തുര്‍ക്കിയയിലെ ഇസ്താംബുളില്‍ സമ്മേളിച്ചിരിക്കുന്ന അവസരത്തിലാണ് അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ പിന്തുണയുള്ള സഖ്യം ആഭ്യന്തര കലഹം കാരണം രണ്ടുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് നേതൃയോഗം ചേരുന്നത്.

 

സിറിയയെ അസ്ഥിരപ്പെടുത്താനായി പാശ്ചാത്യ രാജ്യങ്ങളും ചില അറബ് രാജ്യങ്ങളും ചേര്‍ന്ന്‍ നടത്തുന്ന ഗൂഡാലോചനയുടെ ഫലമാണ് കലാപമെന്ന് അസ്സാദ് ആരോപിച്ചു. സൈനിക ഇടപെടല്‍ മാത്രമാണ് ഇനി ഈ രാജ്യങ്ങള്‍ക്ക് മുന്നില്‍ അവശേഷിക്കുന്ന മാര്‍ഗ്ഗമെന്നും അസ്സാദ് ചൂണ്ടിക്കാട്ടി.

 

അഭിമുഖത്തില്‍ ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തെ പിന്തുണച്ച അസ്സാദ്, പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള മൊഹമ്മദ്‌ മൊര്‍സിയുടെ പുറത്താകല്‍ രാഷ്ട്രീയ ഇസ്ലാമിന്റെ അന്ത്യമെന്ന്‍ വിശേഷിപ്പിച്ചു. രാഷ്ട്രീയവും വിഭാഗീയവുമായ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മതത്തെ ഉപയോഗിക്കുന്നവര്‍ ലോകത്തെവിടെയായാലും പരാജയപ്പെടുമെന്ന് അസ്സാദ് പറഞ്ഞു.

 

2011 മാര്‍ച്ചില്‍ കലാപം തുടങ്ങിയതിന് ശേഷം സിറിയയില്‍ 93,000 പേരെങ്കിലും കൊല്ലപ്പെട്ടാതായാണ് കണക്കുകള്‍. ലക്ഷക്കണക്കിന്‌ പേര്‍ അഭയാര്‍ഥികളായി. പ്രസിഡന്റ് അസ്സാദിനെതിരെ സമാധാനപരമായി തുടങ്ങിയ പ്രക്ഷോഭം പിന്നീട് തുറന്ന ആഭ്യന്തര യുദ്ധമായി മാറുകയായിരുന്നു.

Tags