സിറിയയിലെ രാസായുധ ശേഖരം അന്താരാഷ്‌ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതു സംബന്ധിച്ച പ്രമേയത്തിന് ഐക്യരാഷ്ടസഭ സുരക്ഷാസമിതിയുടെ അംഗീകാരം. പതിനഞ്ചംഗ രക്ഷാ സമിതി യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സിറിയയുടെ പക്കലുള്ള രാസായുധം മുഴുവനും അന്താരാഷ്‌ട്ര നിയന്ത്രണത്തില്‍ കൊണ്ട് വരാനാണ് തീരുമാനം. റഷ്യ മുന്നോട്ടു വച്ച നിര്‍ദേശമാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്.
അതേസമയം പ്രമേയം നടപ്പാക്കുന്നതില്‍ സിറിയ അലംഭാവം കാട്ടിയാല്‍ യു.എന്‍ എന്ത് നടപടികള്‍ കൈക്കൊളളുമെന്ന് വ്യക്തമാക്കുന്നില്ല. എങ്കിലും യു.എന്‍ പ്രമേയം സിറിയ തളളുകയാണെങ്കില്‍ സൈനിക നടപടിയടക്കമുളളവയുമായി മുന്നോട്ട് പോകാന്‍ യു.എന്‍ ചാര്‍ട്ടറില്‍ വ്യവസ്ഥയുണ്ട്. യു.എന്‍ പ്രമേയത്തില്‍ റഷ്യയും യു.എസ്സും ധാരണയിലെത്തിയതോടെ രണ്ടരവര്‍ഷത്തെ അനിശ്ചിതത്വത്തിന് വിരാമമായി.
കാലതാമസം വരുത്താതെ സിറിയ പ്രമേയം നടപ്പാക്കാന്‍ തയ്യാറാകണമെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ പറഞ്ഞു. ശക്തമായ നയതന്ത്ര ഇടപെടല്‍ സാധ്യമായതായാണ് പ്രമേയം വ്യക്തമാക്കുന്നതെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. ആയുധങ്ങള്‍ നശിപ്പിക്കാനുള്ള നടപടികള്‍ നവംബറില്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.