സിറിയയില്‍ ഹോംസ് നഗരത്തില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ സ്തംഭിച്ചു. വിമതരുടെ നിയന്ത്രണത്തിലുള്ള നഗരത്തെ കഴിഞ്ഞ ഒന്നര വര്‍ഷമായി സര്‍ക്കാര്‍ സൈന്യം വളഞ്ഞു ഉപരോധിക്കുന്നതിനെ തുടര്‍ന്ന് സാധാരണക്കാര്‍ അവശ്യവസ്തുക്കള്‍ ലഭിക്കാതെ ദുരിതത്തിലാണ്. അതിനിടെ, ജനീവയില്‍ പ്രസിഡന്റ് അസ്സാദിന്റേയും വിമതരുടേയും പ്രതിനിധികള്‍ തമ്മില്‍ യു.എന്‍ ആഭിമുഖ്യത്തില്‍ നടക്കുന്ന സമാധാന ചര്‍ച്ചയിലും പുരോഗതിയില്ല.
ഹോസില്‍ ഒഴിപ്പിക്കല്‍ എത്രയും പെട്ടെന്ന് പുനരാംഭിക്കേണ്ടത് നിര്‍ണ്ണായകമാണെന്ന് യു.എന്‍ പ്രാദേശിക മേധാവി യാക്കൂബ് എല്‍ ഹില്ലോ ആവശ്യപ്പെട്ടു. ഹോംസില്‍ നടത്തിയ സന്ദര്‍ശനത്തെ ‘നരകത്തില്‍ ഒരു ദിവസം’ എന്നാണ് എല്‍ ഹില്ലോ വിശേഷിപ്പിച്ചത്.
അസ്സാദിനെതിരെയുള്ള കലാപത്തിന്റെ പ്രമുഖകേന്ദ്രമായ ഹോംസിലെ പഴയ നഗരത്തില്‍ ഇപ്പോഴും നൂറുകണക്കിന് സാധാരണക്കാര്‍ കുടുങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ച നിലവില്‍ വന്ന മൂന്ന്‍ ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തലിനെ തുടര്‍ന്ന്‍ 1,100 പേരെ ഇവിടെ നിന്ന്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ ഒഴിപ്പിച്ചിരുന്നു. വെടിനിര്‍ത്തല്‍ ബുധനാഴ്ച വരെ നീട്ടിയെങ്കിലും ചൊവാഴ്ച ഭൗതിക ബുദ്ധിമുട്ടുകളാല്‍ ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഒഴിപ്പിക്കല്‍ തുടരുന്നത് സംബന്ധിച്ചും ഹോംസിലേക്ക് മരുന്നും ഭക്ഷണവും എത്തിക്കുന്നത് സംബന്ധിച്ചും ചൊവാഴ്ച മുഴുവന്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമൊന്നുമായില്ല.
അതിനിടെ, ജനീവയില്‍ നടക്കുന്ന സമാധാന ചര്‍ച്ചയുടെ രണ്ടാം ദിവസമായ ചൊവ്വാഴ്ച പ്രസിഡന്റ് അസ്സാദിന്റേയും വിമതരുടേയും പ്രതിനിധികള്‍ തമ്മില്‍ നേരിട്ടു ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ പുരോഗതിയില്ലെന്ന് യു.എന്‍ മധ്യസ്ഥന്‍ ലഖ്ദര്‍ ബ്രാഹിമി അറിയിച്ചു. കഴിഞ്ഞ മാസം നടന്ന ആദ്യഘട്ട ചര്‍ച്ചയിലും ഇരുകൂട്ടരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. സിറിയയിലെ ഭരണമാറ്റം സംബന്ധിച്ചാണ് ചര്‍ച്ച.
മൂന്ന്‍ വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഒരു ലക്ഷത്തില്‍ അധികം പേര്‍ കൊല്ലപ്പെടുകയും 90 ലക്ഷത്തില്‍ അധികം പേര്‍ ഭവനരഹിതരാകുകയും ചെയ്തതായാണ് യു.എന്‍ കണക്കുകള്‍.