Skip to main content
കീവ്

ukraine protestrsഉക്രൈയ്നിലെ ക്രിമിയ മേഖലയിലെ സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഞായറാഴ്ച ഹിതപരിശോധന നടക്കാനിരിക്കേ ഉക്രയിന്റെ റഷ്യന്‍ അനുകൂല കിഴക്കന്‍ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇരുഭാഗത്തുമുള്ള 40-ഓളം പേര്‍ക്ക് പരിക്കേറ്റു. ഉക്രൈന്‍ അതിര്‍ത്തിയില്‍ 8000 സൈനികരെ പുതിയതായി റഷ്യ വിന്യസിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ പോര്‍വിമാനങ്ങളുടെ പരിശീലനം നടത്താനും റഷ്യ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഹിത പരിശോധനയ്ക്ക് ഒരുദിവസംമാത്രം അവശേഷിക്കേ ക്രിമിയന്‍ മേഖല സംഘര്‍ഷഭരിതമാണ്.

 

ഉക്രൈനിലെ ഇടപെടലിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിന് യു.എസും റഷ്യയും ലണ്ടനില്‍ ചര്‍ച്ച നടത്തി. യു.എസ്.വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ സെക്രട്ടറി സെര്‍ജി ലാവറോവും തമ്മിലാണ് ചര്‍ച്ച നടത്തിയത്. വളരെ കടുപ്പമേറിയ സാഹചര്യമാണ് മുന്നിലുള്ളതെന്നും ഉക്രൈനിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ലാവറോവ് പറഞ്ഞു. ക്രിമിയന്‍ മേഖല റഷ്യയോട് കൂട്ടിച്ചേര്‍ത്താല്‍ ഗുരുതര പ്രത്യഘാതം നേരിടേണ്ടിവരുമെന്ന് കെറിയും വ്യക്തമാക്കി.

 

ഉക്രൈയിന്‍ പ്രശ്‌നം ചര്‍ച്ചചെയ്യുന്നിതിന് യു.എന്‍ രക്ഷാസമിതിയുടെ അടിയന്തരയോഗം ന്യൂയോര്‍ക്കില്‍ ചേര്‍ന്നു. റഷ്യന്‍ ഫെഡറേഷനോട് ചേരണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ക്രിമിയയിലെ ജനങ്ങളുടെ അവകാശമാണെന്ന് ഐക്യരാഷ്ട്രസഭയിലെ റഷ്യയുടെ അംബാസഡര്‍ യോഗത്തില്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശത്തിന്റെ ഇരയാണ് തന്റെ രാജ്യമെന്ന് പ്രധാനമന്ത്രി ആര്‍സെനി യാത്സെന്യൂക് രക്ഷാസമിതിയില്‍ പ്രസംഗിച്ചതിന് പിന്നാലെയാണ്ഈ വിശദീകരണം.