Skip to main content
പാരിസ്

 

സിറിയയിലെ ആഭ്യന്തരകലാപം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ പിടിയിലായി കഴിഞ്ഞ പത്ത് മാസമായി ബന്ദികളായി കഴിഞ്ഞിരുന്ന നാല് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് മോചനം. നിക്കോളസ് ഹെനിന്‍, പിയറി ടോറസ്, എഡ്വൗഡ് ഏലിയാസ്, ദിദിയര്‍ ഫ്രാങ്കോയിസ് എന്നി പത്രപ്രവര്‍ത്തകരെ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ വെച്ചാണ് കണ്ടെത്തിയത്. കണ്ണും കൈയും കെട്ടിയ നിലയില്‍ തുര്‍ക്കി സൈന്യം ഇവരെ കണ്ടെത്തുകയായിരുന്നു എന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാന്‍കോയിസ് ഹൊളണ്ടെ അറിയിച്ചു.

 


2013 ജൂണില്‍ ഇവരെ സിറിയന്‍ ജിഹാദി ഗ്രൂപ്പുകളായ സ്റ്റേറ്റ് ഓഫ് ഇറാഖും, ദ് ലെവന്റുമാണ് തട്ടികൊണ്ടു പോയി ബന്ധികളാക്കിയത്. ഫ്രഞ്ച്-ജര്‍മ്മന്‍ റിപ്പോര്‍ട്ടര്‍ പിയറി ടോറസ്, ഒരു മാഗസിനില്‍ ജോലി ചെയ്യുന്ന നിക്കോളസ് ഹെനിന്‍ എന്നിവരെ ജൂലൈയിലാണ് തട്ടികൊണ്ടുപോയത്. എഡ്വൗഡ് ഏലിയാസ്, ദിദിയര്‍ ഫ്രാങ്കോയിസ് എന്നിവരെ അലപ്പോയിലേക്കുള്ള വഴിയില്‍ വെച്ചാണ് തട്ടികൊണ്ടുപോയത്.

 


മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന രാജ്യമാണ് സിറിയ. 2011 മാര്‍ച്ചില്‍ ആഭ്യന്തരയുദ്ധം തുടങ്ങിയ ശേഷം ഏതാണ്ട് ഇതുവരെ 60 ഓളം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 30 വിദേശമാധ്യമ പ്രവര്‍ത്തകരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.

Tags