Skip to main content
ഡമാസ്കസ്

bashar al assadസിറിയയില്‍ ജൂണ്‍ മൂന്നിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവിലെ പ്രസിഡന്റ് ബാഷര്‍ അല്‍-അസ്സാദ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പാര്‍ലിമെന്റ് സ്പീക്കര്‍ മൊഹമ്മദ്‌ അല്‍-ലഹമാണ് അസ്സാദിന്റെ സ്ഥാനാര്‍ഥിത്വ വാര്‍ത്ത അറിയിച്ചത്.

 

അസ്സാദിനെ പുറത്താക്കുക എന്ന ലക്ഷ്യവുമായി പാശ്ചാത്യ രാഷ്ട്രങ്ങളുടേയും സൗദി അറേബ്യ അടക്കമുള്ള പേര്‍ഷ്യന്‍ ഗള്‍ഫ് രാഷ്ട്രങ്ങളുടേയും പിന്തുണയോടെ നടക്കുന്ന ആഭ്യന്തര യുദ്ധം നാലാം വര്‍ഷത്തിലേക്ക് കടന്ന വേളയിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

 

എന്നാല്‍, അസ്സാദ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. അസ്സാദിനെ കൂടാതെ മറ്റ് ആറു പേരും സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 22-നാണ് തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു തുടങ്ങിയത്.

 

ഇപ്പോഴും രൂക്ഷമായി തുടരുന്ന ആഭ്യന്തര കലാപത്തില്‍ ഒന്നര ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെടുകയും ജനസംഖ്യയുടെ മൂന്നിലൊന്ന് പേര്‍ ഭവനരഹിതരാകുകയും ചെയ്തതായാണ് കണക്കുകള്‍. ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ വിമതര്‍ ശക്തിയായി എതിര്‍ത്തിട്ടുണ്ട്.

 

അച്ഛനും പ്രസിഡന്റുമായിരുന്ന ഹഫീസ് അസ്സാദിന്റെ മരണത്തെ തുടര്‍ന്ന്‍ 2000-ത്തില്‍ ഏകകണ്ഠമായാണ് സിറിയയിലെ പാര്‍ലിമെന്റ് ബാഷര്‍ അല്‍-അസ്സാദിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. 2007-ലും അസ്സാദ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.   

Tags