Skip to main content
സിഡ്നി

mh 370 serch area

 

കാണാതായ മലേഷ്യന്‍ ജെറ്റ് വിമാനം എം.എച്ച് 370-നായുള്ള തിരച്ചില്‍ പുതിയ പ്രദേശത്ത് നടത്തും. ഉപഗ്രഹ വിവരങ്ങള്‍ കൂടുതലായി വിശകലനം ചെയ്ത് തീരുമാനിച്ചതാണ് പുതിയ തിരച്ചില്‍ മേഖലയെന്ന്‍ തിരച്ചിലിന് നേതൃത്വം കൊടുക്കുന്ന ആസ്ത്രേലിയ അറിയിച്ചു. ആസ്ത്രേലിയയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്ന്‍ തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 1,800 കിലോമീറ്റര്‍ വരുന്ന പ്രദേശത്താണ് തിരച്ചില്‍ നടത്തുകയെന്ന്‍ ആസ്ത്രേലിയയുടെ ഉപപ്രധാനമന്ത്രി വാറന്‍ ടസ് അറിയിച്ചു.

 

മാര്‍ച്ച് എട്ടിന് രാത്രിയാണ് മലേഷ്യയിലെ ക്വലാലമ്പൂരില്‍ നിന്ന്‍ ചൈനയിലെ ബീജിങ്ങിലേക്ക് പോകുകയായിരുന്ന എം.എച്ച് 370 ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായത്. ജീവനക്കാരടക്കം 239 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതിലധികവും ചൈനക്കാരാണ്‌. അഞ്ച് ഇന്ത്യാക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

 

വിമാനത്തിലെ ഉപകരണങ്ങളില്‍ നിന്നെന്ന്‍ കരുതപ്പെട്ട വിവിധ സിഗ്നലുകളുടെ അടിസ്ഥാനത്തില്‍ കടലിനടിയിലടക്കം വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സിഗ്നലുകള്‍ വിമാനത്തില്‍ നിന്നാകാന്‍ സാധ്യതയില്ലെന്നും അപകടം നടന്ന സമയത്ത് വിമാനം സ്വയം നിയന്ത്രണ പൈലറ്റ്‌ സംവിധാനത്തില്‍ ആയിരുന്നിരിക്കാമെന്നുമാണ് അധികൃതര്‍ വിശദീകരിക്കുന്നത്.

 

പുതിയ തിരച്ചില്‍ ആഗസ്തില്‍ തുടങ്ങുമെന്ന് ആസ്ട്രേലിയ അറിയിച്ചു. ഇത് ഒരു വര്‍ഷം വരെ നീണ്ടുനില്‍ക്കാമെന്ന് ആസ്ത്രേലിയന്‍ അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനകം തന്നെ വ്യോമചരിത്രത്തില്‍ ഏറ്റവും ചെലവേറിയ തിരച്ചിലാണ് വിമാനത്തിനായി നടന്നത്.